ഇതാണോ ജനമൈത്രി? യൂത്ത് കോൺഗ്രസ് നേതാവിന് നേരെ പൊലീസിന്റെ മൂന്നാംമുറ, ദൃശ്യങ്ങൾ പുറത്ത്
text_fieldsസുജിത്തിനെ മർദിക്കുന്ന സി.സി ടി.വി കാമറ ദൃശ്യങ്ങൾ
കുന്നംകുളം: പൊലീസ് ഭീഷണിയെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ ക്രൂരമർദനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്താണ് ക്രൂര മർദനത്തിനിരയായത്.
രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. തൃശൂര്‍ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നത്. സ്റ്റേഷനിൽ ഇയാളെ എത്തിച്ചത് മുതൽ പൊലീസ് സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്‍റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്. എസ്.ഐ. നുഹ്മാനും സി.പി.ഒമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും ചേർന്ന്
മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പോലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്.ഐ.ആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയിൽ പോലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തി. സംഭവത്തിൽ സുജിത് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട്, കോടതി നിർദ്ദേശപ്രകാരമെടുത്ത കേസ് വിചാരണ ഘട്ടത്തിലാണ്.
സംഭവത്തിന് പിന്നാലെ, വിവരാവകാശ നിയമപ്രകാരം പ്രകാരം സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വൈകിക്കുകയായിരുന്നു. ഇതോടെയാണ് സുജിത് സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.
നേരത്തെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന കെ.സി. സേതു സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലും സുജിത്തിന് മർദ്ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. എസ്.ഐ. നുഹ്മാനും സി.പി.ഒമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും ചേർന്ന് സുജിത്തിനെ മർദിച്ചതിന് സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.