യൂത്ത് കോൺഗ്രസ്-എസ്.എഫ്.ഐ സംഘർഷം: കാരണം കൂകിവിളിയെന്ന് പൊലീസ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി തലസ്ഥാന നഗരിയിലുണ്ടായ യൂത്ത് കോൺഗ്രസ്-എസ്.എഫ്.ഐ സംഘർഷത്തിന് കാരണമായത് യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽനിന്ന് എസ്.എഫ്.ഐ പ്രവർത്തകർ കൂകി വിളിച്ചതാണെന്ന് പൊലീസ് റിപ്പോർട്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പന്തം കൊളുത്തി പ്രകടനം കടന്നുപോകുമ്പോഴായിരുന്നു സംഭവത്തിന്റെ തുടക്കം. ആ സമയം ഹോസ്റ്റലിൽ വൈദ്യുതിയുണ്ടായിരുന്നില്ല.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയിലെ പന്തം കത്തിയതോടെ ഹോസ്റ്റലിൽനിന്ന് ആദ്യം കൂകി വിളിച്ചു. തുടർന്ന് ഇരുകൂട്ടരും പരസ്പരം കൂകി. പിന്നാലെയാണ് കുപ്പിയേറും പന്തമേറും പരസ്പരമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യഘട്ട സംഘർഷം പൊലീസ് ഇടപെട്ട് പരിഹരിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പാളയം ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന പ്രചാരണത്തെ തുടർന്നാണ് വീണ്ടും സംഘർഷമുണ്ടായത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘമായെത്തി യൂനിവേഴ്സിറ്റി കോളജിന് മുന്നിലും അകത്തുമുണ്ടായിരുന്ന കൊടികളും ബാനറുകളും നശിപ്പിച്ചു. തുടർന്ന് ഹോസ്റ്റൽ ഭാഗത്തേക്ക് നീങ്ങി. ഇതിനിടയിൽ ഹോസ്റ്റലിൽനിന്ന് കല്ലേറുണ്ടായി. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റെങ്കിലും ആരും നിലവിൽ ചികിത്സയിലില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും നേതാക്കളും ഇടപെട്ട് പിന്തിരിപ്പിച്ചു. എന്നാൽ, ഹോസ്റ്റലിൽ തമ്പടിച്ച എസ്.എഫ്.ഐ പ്രവർത്തകർ പിൻമാറാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസിന് ഹോസ്റ്റലിലേക്ക് കയറേണ്ടിവന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്-കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വെവ്വേറെ കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന നേതാക്കളുൾപ്പെടെ പ്രതികളാണ്. എന്നാൽ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അതിനിടെ, ഡി.സി.സി ഓഫിസ് ആക്രമിച്ച കേസിലെ മുഖ്യപ്രതിയെയും ബി.ജെ.പി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലെ പ്രതികളെയും ബി.ജെ.പി ദേശീയ നേതാവ് പി.കെ. കൃഷ്ണദാസിന്റെ വാഹനം ആക്രമിച്ച കേസിലെ പ്രതികളെയും പിടികൂടാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

