മുഖ്യമന്ത്രിയുടെ വസതിയിലേക്ക് 19ന് യൂത്ത് ലീഗ് മാർച്ച്
text_fieldsകോഴിക്കോട്: അഴിമതി, കെടുകാര്യസ്ഥത, ക്രിമിനൽ പൊലീസ് എന്നിവയാണ് സംസ്ഥാന സർക്കാറിന്റെ മുഖമുദ്രയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സെപ്റ്റംബർ 19ന് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയതിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് നീക്കിയ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് കിട്ടാത്ത പരിഗണനയാണ് എ.ഡി.ജി.പിക്ക് ലഭിക്കുന്നത്. കളമശ്ശേരി ബോംബ് സ്ഫോടനം, മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരായ പരാതി എന്നിവയടക്കമുള്ള യൂത്ത് ലീഗിന്റെ പരാതികളിൽ അന്വേഷണം വേണം. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുകയും കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികളെ ജയിലിലടക്കുകയും വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസുമായി തെറ്റിയപ്പോഴാണ് പി.വി. അൻവർ പലതും തുറന്നുപറയുന്നത്. താമിർ ജിഫ്രി ലോക്കപ്പിൽ കൊല്ലപ്പെട്ടപ്പോഴും താനൂർ ബോട്ടപകട വേളയിലുമെല്ലാം അൻവർ മൗനം പാലിക്കുകയായിരുന്നു. സ്പീക്കർ പദവി മറന്നാണ്, എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എ.എൻ. ഷംസീർ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രഷറർ പി. ഇസ്മായിൽ, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, ടി.പി.എം. ജിഷാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.