ദേശീയപാതയിലെ ആക്രമണം: നടുക്കം വിട്ടുമാറാതെ മലയാളി യുവാക്കള്‍
text_fieldsപട്ടിമറ്റം: സേലം-കൊച്ചി ദേശീയപാതയില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിനിരയായതിന്റെ നടുക്കം വിട്ടുമാറാതെ മലയാളി യുവാക്കള്‍. എറണാകുളം പട്ടിമറ്റം സ്വദേശി അസ്ലമും സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. കൊല്ലാന്‍ ലക്ഷ്യമിട്ടാണ് മൂന്ന് വാഹനങ്ങളിലായെത്തിയ സംഘം വന്നതെന്ന് ഇരുവരും പറയുന്നു. കേരള രജിസ്ട്രേഷനിലുള്ള മൂന്ന് വാഹനങ്ങളിലെത്തിയവരാണ് ആക്രമിച്ചത്.
ഇരുമ്പുവടിയും മറ്റായുധങ്ങളും ഉപയോഗിച്ച് കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് അസ്ലം പറഞ്ഞു. എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. സ്തബ്ധനായി ഇരുന്നുപോയ അസ്ലമിനോട് കാറെടുക്കാന്‍ താനാണ് പറഞ്ഞതെന്നും ചാള്‍സ് വ്യക്തമാക്കുന്നു. വാഹനം ആക്രമിക്കപ്പെടുമ്പോൾ അതിലുണ്ടായിരുന്ന ഓഫിസിലെ ജീവനക്കാർ കരയുകയായിരുന്നു. മനഃസാന്നിധ്യം വീണ്ടെടുത്ത് വണ്ടിയെടുത്തതുകൊണ്ടാണ് ജീവന് തിരിച്ചുകിട്ടിയതെന്നും യുവാക്കള്‍ പറയുന്നു.
കുറഞ്ഞ വിലക്ക് കിട്ടുമെന്നതിനാൽ കമ്പനിയുടെ ആവശ്യത്തിനായി കമ്പ്യൂട്ടര്‍ വാങ്ങാനാണ് കാറിൽ ബംഗളൂരുവിലേക്ക് പോയത്. ഓഫിസിലെ രണ്ട് ജീവനക്കാരും സുഹൃത്തുമാണ് ഒപ്പമുണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് ഇവിടെനിന്ന് പോയി വ്യാഴാഴ്ചയാണ് തിരിച്ചത്. തിരിച്ചുവരുന്ന വഴിക്ക് കോയമ്പത്തൂര്‍ കഴിഞ്ഞ് വാളയാറിന് ഏകദേശം 20 കിലോമീറ്റര്‍ മുമ്പ് മധുക്കരയെന്ന സ്ഥലത്താണ് സംഭവമുണ്ടായത്.
നാട്ടിലെത്തിയശേഷം കുന്നത്തുനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പൊലീസ് പരാതി മുഖവിലക്കെടുക്കാൻ തയാറായില്ല. തമിഴ്നാട് പൊലീസ് കാണിച്ച ഗൗരവംപോലും കേരള പൊലീസ് കാണിച്ചില്ല. ഇവരുടെ വാഹനം തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലായതിനാൽ കേരള പൊലീസിന്റെ സഹായം ആവശ്യമാണെന്ന് യുവാക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.