എന്തിനാ പ്രതിഷേധിക്കുന്നേ, അടുത്ത പെരുന്നാളിന് ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ? -കന്യാസ്ത്രീകളുടെ അറസ്റ്റിൽ യൂഹാനോൻ മാർ മിലിത്തിയോസ്
text_fieldsതിരുവനന്തപുരം: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. കന്യാസ്ത്രീകളെ അറസ്റ്റിൽ വ്യാപക പ്രതിഷേധം എന്ന പത്രവാർത്ത പങ്കുവെച്ച്, എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നാണ് യൂഹാനോൻ മാർ മിലിത്തിയോസ് ചോദിക്കുന്നത്.
എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ? -എന്ന് അദ്ദേഹം ചോദിക്കുന്നു. ക്രൈസ്തവ സഭകൾ ബി.ജെ.പിയുമായി അടുക്കാൻ ശ്രമിക്കുന്നതിനെ നിശിതമായി വിമർശിക്കുന്ന മെത്രപ്പൊലീത്തയാണ് യുഹാനോൻ മാർ മിലീത്തിയോസ്.
സംഭവത്തിൽ പ്രതിഷേധിക്കാത്ത ബിഷപ്പുമാരെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. അരമനയിൽ കയറിയിരുന്ന് പ്രാർഥിച്ചാൽ മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഛത്തീസ്ഗഢിൽ ബജ്റങ് ദൾ പ്രവർത്തകർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ ഗുരുതര കുറ്റമാണ് ചുമത്തിയതെന്ന വിവരം പുറത്തുവന്നു. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയായും സിസ്റ്റർ വന്ദന രണ്ടാം പ്രതിയായും 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ദുർഗിൽ റെയിൽവേ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റങ് ദൾ സംഘം കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഒപ്പമുണ്ടായിരുന്ന കുട്ടികൾ ക്രിസ്ത്യാനികളാണെന്നും മാതാപിതാക്കളുടെ പൂർണ്ണ അനുവാദത്തോടെയാണ് കുട്ടികൾ പോയതെന്നും സിസ്റ്റർ പ്രീതിയുടെ കുടുംബം പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.