‘കോളജ് ജീവിതത്തിലെ അവസാന ദിവസമാണെനിക്ക്, അവൾ പുറത്തുതന്നെ നിൽപുണ്ടായിരുന്നു. സമരസപ്പെടാനില്ലാത്ത ഒരു കാലം പിറകിൽ പിന്നെയും ഇങ്ക്വിലാബ് വിളിക്കുന്നു’
text_fieldsവര: വി.ആർ. രാഗേഷ്
അവസാന ബെഞ്ചിലെ ജനലഴിയിലൂടെ നേരെ നോക്കിയാൽ മഴനനഞ്ഞ് നിൽക്കുന്ന വാക. അപ്പുറം ഗ്രൗണ്ടിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു. താഴെ ക്ലാസ് മുറിയിൽ അവളും ഈ മഴ കാണുന്നുണ്ടാകണം. എന്‍റെ സീറ്റും അവളുടെ സീറ്റും ജനലരികിലാണ്.
വരാന്ത നനഞ്ഞു നിൽക്കുന്നു. ബെല്ലടിച്ചാൽ അവളും വരാന്തയിലേക്കെത്തും. ഞങ്ങൾക്കിടയിൽ മഴ ഇഷ്ടം നിറച്ച് പെയ്യും. മാഷുടെ സ്മിതിയൻ തിയറി കാതുകളിലേക്കെത്താതെ മഴ കവരുന്നു. അവളും പാതി ഓർത്തെടുക്കാത്ത പീരിയോഡിക് ടേബിളിൽ മഴ നിറച്ച് നിൽക്കുന്നുണ്ടാകും.
സഫിയ... കോളജിന്‍റെ ആദ്യ ദിനത്തിലും ഇതുപോലൊരു പെരുമഴ പെയ്തു. ലീലാക്ക് പൂക്കൾകൊണ്ട് ഞെറിതുന്നിയ കടും വയലറ്റ് നിറമുള്ള ചുരിദാറിൽ അതേ നിറത്തിലുള്ള കുട ചൂടി റോഡരികിലെ ചീനിച്ചോട്ടിൽ അപരിചിതമായ ചുറ്റുപാടുകളെ നോക്കി നിസ്സഹായമായി നിൽക്കുമ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.
‘‘ഹലോ?...’’
‘‘നിന്നോടാണ്’’
‘‘ഉം...’’
‘‘എന്താ ക്ലാസിലേക്ക് പോകാത്തെ?’’
‘‘ആരേയും പരിചയം ഇല്ല. അറിയുന്നോർ ആരേലും ഉണ്ടെങ്കിൽ ഒന്നിച്ചു പോകാന്നു കരുതീട്ടാ’’ -അവൾ പതിഞ്ഞൊരൊച്ചയിൽ മറുപടി പറഞ്ഞു. മുകളിൽ സീനിയർ ഭാവങ്ങളോടെ ഞാനടക്കം കുറെ പേർ ഇവരെപ്പോലെയുള്ള ഫസ്റ്റ് ഇയർ കുട്ടികളെ കാത്തുനിൽക്കുന്നുണ്ട്.
‘‘ഏതാ ഡിപ്പാർട്മെന്‍റ്’’
‘‘കെമിസ്ട്രി’’
‘‘പോരൂ, ഞാൻ ആക്കിത്തരാം’’
‘‘വേണ്ട’’
‘‘എന്നാ കുട താ, നീ വരേണ്ട’’
‘‘അപ്പൊ ഞാനോ?’’
‘‘അതോണ്ടാ പറഞ്ഞെ, കൂടെ വരാൻ’’
‘‘ഉം’’ -ശബ്ദം കുറഞ്ഞ സമ്മതത്തോടെ അവൾ കുട നീട്ടി.
‘‘നീ പിടിച്ചാ മതി, സീനിയർ ആകുന്ന അന്ന് പിടിപ്പിക്കാം’’ -ഞാനൽപം ഗൗരവം കാണിച്ചു.
ആകാശവലുപ്പമുള്ള ചീനിച്ചില്ലകളിൽ മഴ പിന്നെയും ശക്തിയോടെ തലതല്ലിക്കൊണ്ടിരുന്നു. ഞങ്ങൾ അദ്യമായി ഒരുമിച്ച് നടക്കുകയാണ്. ഞങ്ങൾക്ക് ചുറ്റും മഴ കളിയാക്കുകയോ കൈകൊട്ടുകയോ എന്നറിയാതെ പെയ്തുകൊണ്ടിരുന്നു. കോളജിലേക്കെത്തുന്ന വഴി വിശാലമായ മൈതാനമാണ്. ഞങ്ങളും മഴയും മാത്രമുള്ള ഇടം.
ചില ഒച്ചവെക്കലുകൾ പടിയിറങ്ങിയെത്തുന്നു. അത് അവളെ നന്നായി പേടിപ്പിക്കുന്നുമുണ്ട്.
‘‘ന്താ പേര്?’’
‘‘സഫിയ’’
മനസ്സിൽ എന്‍റെ പേരുമായി ഞാനതൊന്ന് ഇണക്കി നോക്കി. കൊള്ളാം ചേർച്ചയൊക്കെയുണ്ട്. ഞാൻ ഒന്ന് പുഞ്ചിരിച്ചു.
‘‘ങ്ങളെന്തേ ചിരിക്കണേ?’’
ഞൊടിയിടയിൽ നഷ്ടമായ ഗൗരവം തിരിച്ചെടുത്തു.
‘‘ഹേയ്, അതൊന്നുമില്ല’’
ഞങ്ങൾ നടത്തം തുടർന്നു. ദൈവം പ്രതിഷേധിച്ചതാണോ എന്നറിയില്ല. പൊടുന്നനെ ഒരു മിന്നലും ഇടിയും കടന്നുപോയി. നടന്നാൽ എത്താത്ത വഴിക്ക് നീളം കുറഞ്ഞപോലെ തോന്നുന്നുണ്ട്.
‘‘മെല്ലെ നടന്നാ മതി, ഞാൻ നനയുന്നുണ്ട്’’ -ഉള്ളിൽ പ്രേം നസീറും പുറത്ത് ബാലൻ കെ. നായരുമായി ഞാനൊരു ഓർഡറിട്ടു.. കള്ളമാണെന്നറിഞ്ഞിട്ടും അവൾ അത് അനുസരിച്ചു.
‘‘വീടെവിടെയാ നിന്‍റെ?’’
‘‘മുക്കത്ത് തന്നെ’’
‘‘ആരേലും ചോദിച്ചാ ന്‍റെ പെങ്ങളാന്ന്, അല്ലേൽ വേണ്ട ന്‍റെ കുടുംബാന്ന് പറഞ്ഞാ മതി. ആരും ഒന്നും ചെയ്യില്ല’’ -ഞാൻ ഒരു ധൈര്യം കൊടുക്കാൻ ശ്രമിച്ചു. തലക്കുള്ളിൽ ഒരു ഹാജി മസ്താൻ നിറഞ്ഞു.
‘‘ഉം, ഇങ്ങൾ തേർഡ് ഇയറാണോ?’’
‘‘ഉം, ന്തേ?’’
‘‘ഹേ, ഒന്നുല്ല’’
നടത്തം വരാന്തയിലേക്കെത്തുന്നു. വരാന്തയിൽ വലവിരിച്ച് കൂട്ടുകാർ:
‘‘അല്ലെടോ, ഇന്നലെ വേറെ ആളെ കൊടേലാണല്ലോ യ്യി വന്നത്. ഇന്ന് ആളെ മാറ്റിയോ?’’ -കൂട്ടുകാരന്‍റെ സീസണൽ കൗണ്ടർ. ഇതും കൈയീന്ന് പോയെന്നുറപ്പിച്ച് അവളെ ഒന്ന് നോക്കി, അവൾ ചെറുതായൊന്ന് ചിരിച്ചു. അവർ വെറുതെ പറയുകയാണെന്ന് കണ്ണ് ചിമ്മി ഞാൻ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഞാൻ ക്ലാസിലേക്ക് നടന്നു.
‘‘വേം ബുക്ക് വെച്ച് വാ, നല്ല കുട്ട്യാള് വരാണ്ട്’’ -കൂട്ടുകാർ വെറുതെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇപ്പോ വരാന്നു പറഞ്ഞ് കോണിപ്പടി കയറിപ്പോകുന്നതായി കാണിച്ച് തിരിച്ച് കൂട്ടുകാർ കാണാതെ താഴെ വരാന്തയിൽ തിരിച്ചെത്തി. കൂട്ടുകാർ സഫിയയെ വട്ടമിട്ടിരിക്കുന്നു. ‘‘ന്താ പേര്?’’ -പൊലീസുകാരേക്കാളും ഗൗരവമുള്ള ചോദ്യങ്ങളുമായി കൂട്ടുകാർ. ‘‘സഫിയ’’ -അവൾ ഭയന്നുത്തരം നൽകി.
‘‘ന്താ ഒരു പാട്ടൊക്കെ പാടിപ്പോയാലോ, ക്ലാസിലേക്ക് ആദ്യ ദിവസല്ലേ?’’
അവൾ പേടിച്ചിട്ടാണോ, മഴ തട്ടിയിട്ടാണോ എന്നറിയില്ല, നന്നായി വിറക്കുന്നത് ഞാൻ കണ്ടു. വരാന്തയുടെ ഇങ്ങേ തലക്കൽനിന്ന് ഞാൻ കൈവീശി പേടിക്കേണ്ട എന്ന് ധൈര്യം കൊടുത്തു. അവൾ അത് കാണുന്നുണ്ടായിരുന്നു.
‘‘ന്തേ പാടൂലേ?’’
‘‘ഞാൻ ഹാഷ്മിന്‍റെ കുടുംബാ’’ -അവൾ ആത്മവിശ്വാസത്തോടെ അതിന് ഉത്തരം പറഞ്ഞു.
‘‘ഹ ഹ... ഡോ എല്ലാരും വരീ, ഹാഷ്മിന്‍റെ കുടുംബക്കാരിനെ കിട്ടീണ്’’ കൂട്ടുകാർ പക പലിശ വെച്ച് വീട്ടുകയാണ്. എന്നോടുള്ള കൂട്ടുകാരുടെ സ്നേഹം അന്നാണ് ഞാൻ കണ്ടത്. ഒരു പാട്ട് മാത്രം പാടി പോകേണ്ട കുട്ടി മിമിക്രി, കഥാപ്രസംഗം, ബൈക്കോടിക്കുന്നത്, തവള ഫാഷൻ ഷോ ചെയ്യുന്നത് ഒക്കെ കാണിക്കേണ്ടിവന്നു.
അവൾ കരഞ്ഞുകൊണ്ട് ക്ലാസിലേക്കോടി. കൂട്ടുകാർ കാണാതെ ഞാൻ അവളുടെ അടുത്ത് ചെന്ന് ‘‘സാരെല്ല’’. അവൾ മറുപടി ഒന്നും തന്നില്ല. ‘‘ഇതൊക്കെ ഒരു രെസല്ലേ’’. അവൾ കണ്ണൊന്ന് തുടച്ചു. ബെല്ലടിക്കാറായി. ‘‘ഞാൻ ഇന്‍റർവെല്ലിന് വരാം’’. മറുപടി കാക്കാതെ ഞാൻ ക്ലാസിലേക്കോടി.
ഇന്നും അന്ന് പെയ്ത അതേ മഴയാണ് ചുറ്റും. കോളജ് ജീവിതത്തിലെ അവസാന ദിവസമാണെനിക്ക്. ബെല്ലടിച്ചു, ഞാൻ സഫിയയുടെ ക്ലാസിലേക്ക് നടന്നു. അവൾ പുറത്തുതന്നെ നിൽപുണ്ടായിരുന്നു. അന്നത്തെ അതേ വയലറ്റ് കുട. ഇനി ആ പടികളിൽ ഞങ്ങൾ ഒപ്പമിരിക്കില്ല. ആ വരാന്തകളെ ഞങ്ങൾ പങ്കുവെക്കില്ല. ഇനി ഒരു വർഷക്കാലം കൂടി ഞങ്ങളിൽ പെയ്തു പോകില്ല.
അവൾ കുട നിവർത്തി. ആ കുടയിൽ ഞാനും കയറി. പിറകിൽ കേട്ടാലും മടുക്കാത്ത കാമ്പസ് നിലവിളികൾ നനഞ്ഞ പൂമരം. സമരസപ്പെടാനില്ലാത്ത ഒരു കാലം പിറകിൽ പിന്നെയും ഇങ്ക്വിലാബ് വിളിക്കുന്നു. അന്ന് ഒരുമിച്ച് പടിയിറങ്ങുമ്പോൾ മാത്രം ആ മഴയുടെ അർഥം എനിക്ക് മനസ്സിലായി, അവൾക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.