നവോത്ഥാന പാതയിൽ മുന്നോട്ടുപോകാൻ കഴിയാത്തവരായി മലയാളി മാറുന്നുണ്ട് -ഡോ. സെബാസ്റ്റ്യൻ പോൾ
text_fieldsഡോ. സെബാസ്റ്റ്യൻ പോൾ (മുൻ എം.പി, ചിന്തകൻ)
കേരളപ്പിറവിക്കുശേഷം അത്ഭുതകരമായ മാറ്റം സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ട്. എല്ലാം തൃപ്തികരമല്ലായിരിക്കാം. എങ്കിലും വിദ്യാഭ‍്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സംഭവിച്ചത് വലിയ മാറ്റങ്ങളാണ്.
കേരള മാതൃകയെന്ന് വിളിച്ചാലും ഇല്ലെങ്കിലും പല മേഖലകളിലും ശുഭോദർക്കമായ വളർച്ച കൈവരിക്കാൻ ഏഴു ദശകംകൊണ്ട് നമുക്ക് കഴിഞ്ഞിട്ടുണ്ട്. പണ്ടത്തെ അത്ര വിപുലമായിട്ടല്ലെങ്കിലും കാർഷികവൃത്തി ഇന്നും കേരളത്തിലുണ്ട്. ആധുനിക കൃഷിരീതികൾ നടപ്പാക്കാനുള്ള പരിശ്രമങ്ങളും നടന്നുവരുന്നു.
കേരളം രൂപവത്കരിക്കപ്പെടാനുള്ള ഒരുക്കം കുറേ കാലമായി ഇവിടെയുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ നാം അതിനായുള്ള തയാറെടുപ്പിലായിരുന്നു. ഭൗതിക വളർച്ച മാത്രമല്ല, സാമൂഹിക വിപ്ലവം സംസ്ഥാന രൂപവത്കരണത്തിലൂടെ യാഥാർഥ‍്യമാകണം എന്ന ചിന്ത ഇവിടെയുണ്ടായിരുന്നു.
നാം അന്ന് വരെ ക്രോഡീകരിച്ചുകൊണ്ടുവന്ന പുരോഗതി കൂടുതൽ ഭാവനാപൂർണമായി മുന്നോട്ടുകൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞു. അത് വമ്പിച്ച സർഗാത്മക പ്രവർത്തനമായിരുന്നു. അതിന്‍റെ ഗുണം കേരളത്തിന് ലഭിച്ചിട്ടുമുണ്ട്.
അതേസമയം, പല തരത്തിലുള്ള ആശങ്കകൾ ഇന്ന് നമുക്കുണ്ട്. നാം വിഭാവന ചെയ്ത തരത്തിലാണോ സംസ്ഥാനത്തിന്‍റെ വളർച്ച എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ സ്വാഭാവികമായി ഉയർന്നുവരുന്നുണ്ട്. അവക്കെല്ലാം നാം ഉത്തരം കണ്ടെത്തുകയും വേണം.
നമ്മെ പിന്നോട്ടു നയിക്കാൻ ശ്രമിക്കുന്ന ശക്തികൾ പ്രബലരാണ്, അവരുടെ പരിശ്രമം വിജയിക്കാൻ പാടില്ല. ആ വിലയിരുത്തൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും നാം ക്രിയാത്മകമായി നടത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിന്‍റെ നവോത്ഥാനം മാനവികതയിൽ അധിഷ്ഠിതമായിരുന്നു. എന്നാൽ, ഇപ്പോൾ നവോത്ഥാന പാതയിൽ മുന്നോട്ടുപോകാൻ കഴിയാത്ത ജനവിഭാഗമായി ചിലപ്പോഴൊക്കെ മലയാളികൾ മാറുന്നുണ്ട്. സാമുദായിക സൗഹാർദം, മതസൗഹാർദം, സഹകരണം, സ്നേഹം എന്നീ മൂല്യങ്ങളിലൊക്കെ വലിയ രീതിയിലുള്ള കുറവ് വന്നുകൊണ്ടിരിക്കുകയാണ്. സോഷ‍്യൽ മീഡിയയിൽ വർഗീയ പ്രചാരണം വർധിച്ചിരിക്കുകയാണ്.
ആധുനികതയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെട്ട് മുന്നേറാനുള്ള ശേഷി നമുക്കുണ്ടാകണം. അത് പുതുതലമുറക്ക് ഉണ്ടുതാനും. അവർക്ക് ആ പാതയിൽ വളരാനും മുന്നേറാനുമുള്ള പ്രാപ്തി ഉണ്ടാക്കിക്കൊടുക്കാനുള്ള പരിശ്രമവും ഉണ്ടാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

