Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പവർഫുളാണ് പവർ ബി.ഐ’ -അറിയാം, ഡേറ്റ അനാലിസിസിലെ പവർ ബി.ഐയെ കുറിച്ച്

text_fields
bookmark_border
ലോകത്ത്​ ​ട്രെൻഡിങ്ങായി നിലനിൽക്കുന്ന കരിയർ ഓപ്​ഷൻകൂടിയാണ്​ ഡേറ്റ അനാലിസിസ്​. അതിൽ പ്രധാനമാണ്​ മൈക്രോസോഫ്​റ്റ്​ 2015ൽ ലോഞ്ച്​ ചെയ്ത പവർ ബി.ഐ
‘പവർഫുളാണ് പവർ ബി.ഐ’ -അറിയാം, ഡേറ്റ അനാലിസിസിലെ പവർ ബി.ഐയെ കുറിച്ച്
cancel

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഏറ്റവും വിലപിടിപ്പുള്ളത്​ എ​ന്താണെന്ന്​ ചോദിച്ചാൽ, അതിന്​ ഒരു ഉത്തരം മാത്രമേയുള്ളൂ, അത്​ ഡേറ്റയാണ്​. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും സാങ്കേതികവിദ്യകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഇന്ധനമാണ് ഡേറ്റകൾ.

തീരുമാനമെടുക്കൽ മെച്ചപ്പെടുത്താനും പുതിയ ഉൽപന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കാനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും ഉപഭോക്തൃ അനുഭവം വ്യക്തിഗതമാക്കാനും ഡേറ്റയിൽനിന്ന് ധനസമ്പാദനം നടത്താനും ഡേറ്റ അനിവാര്യമാണ്​.

ഡേറ്റയുടെ വിപണനവും സാധ്യതകളും ലോകത്ത്​ ആവശ്യമേറിയതാണ്​. അതുകൊണ്ടുതന്നെ ലോകത്ത്​ ​ട്രെൻഡിങ്ങായി നിലനിൽക്കുന്ന കരിയർ ഓപ്​ഷൻകൂടിയാണ്​ ഡേറ്റ അനാലിസിസ്​. അതിൽ പ്രധാനമാണ്​ മൈക്രോസോഫ്​റ്റ്​ 2015ൽ ലോഞ്ച്​ ചെയ്ത പവർ ബി.ഐ (Power BI).

വിവിധ സ്രോതസ്സുകളിൽനിന്നുള്ള ഡേറ്റ ദൃശ്യവത്​കരിക്കാനും വിശകലനം ചെയ്യാനുമുള്ള മൈക്രോസോഫ്റ്റിന്‍റെ ബിസിനസ് അനലിറ്റിക്സ് സേവനമാണ് പവർ ബി.ഐ. ഡേറ്റാധിഷ്ഠിത തീരുമാനങ്ങൾ എടുക്കാൻ ഓർഗനൈസേഷനുകളെ സഹായിക്കാൻ ഇന്‍ററാക്ടിവ് ഡാഷ്‌ബോർഡുകൾ, റിപ്പോർട്ടുകൾ, ഡേറ്റ വിഷ്വലൈസേഷനുകൾ എന്നിവ എളുപ്പത്തിൽ തയാറാക്കാൻ ഇവയിലൂടെ സാധിക്കും.

എങ്ങനെ കരിയർ തിരഞ്ഞെടുക്കാം?

ഇന്നത്തെ വേഗമേറിയ ഡിജിറ്റൽ ലോകത്ത്, ബിസിനസുകൾ മത്സരക്ഷമത നിലനിർത്തുന്നത് ഡേറ്റാധിഷ്ഠിത തീരുമാനമെടുക്കലിലൂടെയാണ്. ഇതിന്​ ഏറ്റവുമധികം സാധ്യതകൾ നൽകുന്ന കരിയർ ഓപ്​ഷനാണ്​ പവർ ബി.ഐ. ബി.ഐ എന്നതുകൊണ്ട്​ ഉദ്ദേശിക്കുന്നത്​ ബിസിനസ് ഇന്‍റലിജൻസാണ്​.

ബിസിനസ്​ മേഖലയിൽ പവർ ബി.ഐ ഒരു ജനപ്രിയ ഉപകരണമായതിനാൽ ഇതിന്‍റെ സാധ്യതകളും നിരവധിയാണ്​. പ്രത്യേകിച്ച്​ മിഡിൽ ഈസ്റ്റ്​ രാജ്യങ്ങളിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകൂടിയാണ്​.

വർഷങ്ങളായി ഡേറ്റകൾ എക്സൽ ഷീറ്റുകളുടെ സഹായത്തോടെയാണ്​ അനലൈസ്​ ചെയ്തിരുന്നതെങ്കിൽ ഇന്ന്​ എ.ഐ ടൂളുകൾ ഉപയോഗിച്ച്​ വിപുലമായ ഡേറ്റ ദൃശ‍്യവത്കരണവും റിപ്പോർട്ടിങ്​ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നത്​ കൂടുതൽ പ്രവചനാത്മകവും പ്രവർത്തനക്ഷമവുമായ ഡേറ്റ അനലിറ്റിക്സുകൾ നൽകാൻ കാരണമാകുന്നു.

എന്തുകൊണ്ട് പവർ ബി.ഐയിൽ കരിയർ?

2025ൽ ആഗോള ബിസിനസ് ഇന്‍റലിജൻസ് വിപണി 33.3 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ​. അതുകൊണ്ടുതന്നെ പവർ ബി.ഐയിലെ ഒരു കരിയർ നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, കമ്പനികൾ ഡേറ്റാധിഷ്ഠിത തീരുമാനമെടുക്കലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വൈദഗ്ധ്യമുള്ള പവർ ബി.ഐ പ്രഫഷനലുകൾക്കുള്ള ആവശ്യം വർധിക്കുകയേയുള്ളൂ.

ഉദാഹരണത്തിന്,​ ആമസോൺ, ഫ്ലിപ്​കാർട്ട്​ പോലുള്ള വൻകിട സ്ഥാപനങ്ങൾക്കുള്ളിൽ വലിയ ഡേറ്റ സെറ്റുകൾ ശേഖരിക്കുന്നതിലും ക്രമീകരിക്കുന്നതിലും ഡേറ്റ അനലിസ്റ്റുകൾ മുൻപന്തിയിലാണ്.

ബിസിനസ് തീരുമാനങ്ങളെ സ്വാധീനിക്കുന്നതിന് അവർ ഡേറ്റ ശുദ്ധീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. ഇതുവരെയുള്ള വിറ്റുവരവിൽനിന്ന് ഒരുമാസത്തെയോ ഒരു ദിവസത്തെയോ ഒരു ഉൽപന്നത്തിന്‍റെ വിറ്റുവരവ്​ കണക്കാക്കാനും അതുപോലെ ഓരോ​ പ്രായത്തിലുള്ള ഉപഭോക്താക്കൾ എന്തുതരം ഉൽപന്നങ്ങളാണ്​ തിരയുന്നതെന്നും എളുപ്പത്തിൽ കണ്ടെത്താൻ പവർ ബി.ഐയുടെ സഹായത്തോടെ സാധിക്കും. അതിനാൽ, വേണ്ട സമയത്ത്​ വേണ്ടരീതിയിൽ തീരുമാനമെടുക്കാൻ ഇതിലൂടെ സാധിക്കുകയും ചെയ്യും.

ശക്തമായ തൊഴിൽ സാധ്യതകൾ

ബിസിനസുകൾ തീരുമാനങ്ങളെടുക്കുന്നതിന് ഡേറ്റയെ കൂടുതലായി ആശ്രയിക്കുന്നതിനാൽ, വൈദഗ്ധ്യമുള്ള പവർ ബി.ഐ പ്രഫഷനലുകളുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. പവർ ബി.ഐ കഴിവുകൾക്ക് വിവിധ മേഖലകളിൽ ഉയർന്ന ഡിമാൻഡാണ്.

വൈദഗ്ധ‍്യം നേടുന്നവർക്ക് ധാരാളം തൊഴിലവസരങ്ങളും തൊഴിൽ സുരക്ഷയും ഇത് വാഗ്ദാനം ചെയ്യുന്നു. പ്രാവീണ്യമുള്ള പ്രഫഷനലുകൾക്ക് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ശരാശരി വാർഷിക ശമ്പളം 78,000 ഡോളറാണ്​ (68 ലക്ഷത്തോളം ഇന്ത്യൻ രൂപ).

ശരിയായ പരിശീലനവും പ്രതിബദ്ധതയും ഉണ്ടെങ്കിൽ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ മേഖലയുടെ മുൻനിരയിൽ നിങ്ങൾക്ക് സ്വയം സ്ഥാനം പിടിക്കാനും പവർ ബി.ഐയിൽ വിജയകരവും സംതൃപ്തവുമായ ഒരു കരിയർ കെട്ടിപ്പടുക്കാനും കഴിയും. ഇന്ത്യയിൽതന്നെ ഒരു പവർ ബി.ഐ ഡെവലപ്പർക്ക്​ വാർഷിക ശമ്പളം 10 ലക്ഷത്തിലധികമാണ്​. ​

പ്രധാന തൊഴിൽ സാധ്യത

1. ഡേറ്റ അനലിസ്റ്റ്

2. ബിസിനസ് ഇന്‍റലിജൻസ് (BI) അനലിസ്റ്റ്

3. സാമ്പത്തിക വിശകലന വിദഗ്ധൻ

4. ഡേറ്റ വിഷ്വലൈസേഷൻ സ്പെഷലിസ്റ്റ്

5. പവർ ബി.ഐ കൺസൽട്ടന്‍റ്

6. പവർ ബി.ഐ ഡെവലപ്പർ

7. മാർക്കറ്റിങ്​ അനലിസ്റ്റ്

പവർ ബി.ഐ പ്രഫഷനലാകാൻ

​പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതുമുതൽ പവർ ബി.ഐ പഠനം കരിയറായി തിരഞ്ഞെടുക്കാം. എന്നിരുന്നാലും കോഴ്​സ്​ ബന്ധപ്പെട്ടിരിക്കുന്നത്​ ബിസിനസ്​ മേഖലയിലായതിനാലും ഒട്ടുമിക്ക ബിസിനസ്​ സ്ഥാപനങ്ങളിലേക്കുള്ള യോഗ്യത ബിരുദ പഠനമായതിനാലും ഡി​ഗ്രി പഠനശേഷം പവർ ബി.ഐയിൽ കരിയർ കണ്ടെത്തുന്നതാകും ഉചിതം.

ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ എന്നിങ്ങനെ ഡിഗ്രി കോഴ്​സുകൾക്ക്​ ശേഷമാണെങ്കിൽ കരിയറിൽ കൂടുതൽ നേട്ടം കൈവരിക്കാനും സാധിക്കും.

കോഴ്​സ്​ പഠിക്കാൻ മൈക്രോസോഫ്റ്റിന്‍റെ 90 മിനിറ്റ് ദൈർഘ്യമുള്ള PL-300 പരീക്ഷ പാസാകേണ്ടതുണ്ട്. പവർ ബി.ഐയുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ നാലു മുതൽ ആറ് ആഴ്ചവരെ എടുത്തേക്കാം. എന്നിരുന്നാലും, പഠിക്കാൻ എടുക്കുന്ന സമയം നിങ്ങളുടെ മുൻകാല അനുഭവത്തെയും പഠനത്തിനായി നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും.

പ്രധാനമായും ഓൺലൈൻ പ്ലാറ്റ്​ഫോമുകളുടെ സഹായത്താലാണ്​ കോഴ്​സുകൾ നടത്തുന്നത്​. ഓഫ്​ലൈനായും കേരളത്തിലെ പവർ ബി.ഐ പരിശീലന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്​. PL-300 മൈക്രോസോഫ്റ്റ് പവർ ബി.ഐ സർട്ടിഫിക്കേഷൻ പരിശീലനത്തിന് ഏകദേശം 20,000 മുതൽ 25,000 രൂപവരെ ചെലവുവരും.

കോഴ്സുകൾ

● പവർ ബി.ഐയിലെ ഡേറ്റ മോഡലിങ്​: മൈക്രോസോഫ്റ്റ് കോഴ്സ്

● പവർ ബി.ഐയിലെ ക്രിയേറ്റിവ് ഡിസൈനിങ്​: മൈക്രോസോഫ്റ്റ് കോഴ്സ്

● അഡ്വാൻസ്ഡ് മൈക്രോസോഫ്റ്റ് പവർ ബി.ഐ

● പവർ ബി.ഐ സർട്ടിഫിക്കേഷൻ

കേരളത്തിലെ പരിശീലന സ്ഥാപനങ്ങൾ

1. ജി-ടെക് കമ്പ്യൂട്ടർ എജുക്കേഷൻ പെരുമ്പാവൂർ, തൃപ്പൂണിത്തുറ, പാലക്കാട്

2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ അക്കൗണ്ടന്‍റ്സ് ഇടപ്പള്ളി

3. നെറ്റ്‌വർക്ക് അക്കാദമി കടവന്ത്ര

4. എഡ്യൂർ കാക്കനാട്, തിരുവനന്തപുരം

5. റാഡിക്കൽ ടെക്നോളജീസ് പാലാരിവട്ടം

6. ടെക്മിൻഡ്സ് കൊച്ചിയിലെ ഇൻഫോപാർക്ക്

7. ആസ്പയർ ഐ.ടി അക്കാദമി കലൂർ

8. ആക്സൽ കമ്പ്യൂട്ടർ അക്കാദമി കലൂർ

9. ട്യൂട്ടേഴ്സ്ബോട്ട് കൊച്ചി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - know about Power BI
Next Story