Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_right‘2030ന് ശേഷം പല...

‘2030ന് ശേഷം പല തൊഴിൽമേഖലകളും അപ്രത്യക്ഷ‍മായേക്കാം. അപ്പോൾ എന്തു പഠിച്ചാലാണ് തൊഴിൽ കിട്ടുക‍?’ -അറിയാം, പുതിയ കാലത്തെ വിദ്യാഭ‍്യാസ-കരിയർ സാധ‍്യതകൾ

text_fields
bookmark_border
‘2030ന് ശേഷം പല തൊഴിൽമേഖലകളും അപ്രത്യക്ഷ‍മായേക്കാം. അപ്പോൾ എന്തു പഠിച്ചാലാണ് തൊഴിൽ കിട്ടുക‍?’ -അറിയാം, പുതിയ കാലത്തെ വിദ്യാഭ‍്യാസ-കരിയർ സാധ‍്യതകൾ
cancel

പഠനം എന്നത് കേവലം തൊഴിൽ നേടാനുള്ള മാർഗം മാത്രമാണെന്ന ചിന്ത അപ്രസക്തമായേക്കാവുന്ന കാലത്തേക്കാണ് നമ്മൾ പ്രവേശിച്ചിരിക്കുന്നത്.

ഭാവിയിലേക്ക് വേണ്ടി പഠിക്കുക എന്ന അവസ്ഥ മാറി വർത്തമാനത്തിൽ ജീവിക്കാനാവശ്യമായ നൈപുണികൾ അതത് സമയത്ത് തന്നെ ആർജിച്ചെടുക്കേണ്ട സാഹചര്യങ്ങളിലേക്കാണ് സാങ്കേതിക വിദ്യയുടെ വളർച്ചയുടെ വേഗത നമ്മെ എത്തിച്ചിരിക്കുന്നത്.

ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ മെഷീൻ ലേണിങ് പ്രഫ. മൈക്കൽ എ. ഓസ്ബോണും എ.ഐ ആൻഡ് വർക്ക് വിഭാഗത്തിലെ പ്രഫ. കാൾ ബെനഡിക്റ്റ് ഫ്രേയും ചേർന്ന് 2017ൽ നടത്തിയ പഠനത്തിൽ അടുത്ത 15 വർഷത്തിനിടെ നിലവിലുള്ള 47 ശതമാനം തൊഴിലുകളും അപ്രത്യക്ഷമാകുമെന്ന് പ്രവചിച്ചിരുന്നു.

അക്കാലത്ത് മിക്കവരും അവിശ്വസിച്ചിരുന്ന ഈ പ്രവചനം യാഥാർഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്സ്, മെഷീൻ ലേണിങ് തുടങ്ങിയ മേഖലയിലെ കുതിപ്പ് വ്യവസായ മേഖലയിൽ വൻ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഏതൊക്കെ മേഖലയിലാണ് ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും കടന്നുവരുക എന്നും ഭാവിയിലെ തൊഴിലുകൾ എന്തൊക്കെയാവും എന്നും വിദ്യാർഥികൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

2030 പല രീതിയിലും സാങ്കേതിക രംഗത്തെ വൻ വഴിത്തിരിവായിരിക്കും എന്ന് പലരും നിരീക്ഷിക്കുന്നുണ്ട്. ഇത് എങ്ങനെയായിരിക്കുമെന്ന് കൃത്യമായി പ്രവചിക്കുക അത്ര എളുപ്പമല്ല. സാങ്കേതിക വിദ്യയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്.

നിലവിലെ പ്രവണതകളെയും പുരോഗതികളെയും അടിസ്ഥാനമാക്കി ഭാവിയിൽ എന്തു തരം നൈപുണികളാണ് സ്വായത്തമാക്കേണ്ടത് എന്നും ഏതു മേഖലയിലെ പഠനമാണ് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക എന്നും ചില ഊഹങ്ങൾ നടത്താൻ മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂ. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.

ഓട്ടോമേഷൻ വിപ്ലവം

ഒരുകാലത്ത് മനുഷ്യർ ചെയ്തിരുന്ന ജോലികൾ സ്വയം നിയന്ത്രിത യന്ത്രങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്നതാണ് ഓട്ടോമേഷൻ വിപ്ലവം. നൽകപ്പെട്ട പ്രോഗ്രാമുകൾ നൽകുന്നതിന് പകരം സാഹചര്യങ്ങളെ പഠിച്ച് സന്ദർഭാനുസരണം പ്രവർത്തിക്കാൻ സാധിക്കുന്ന, നിർമിതബുദ്ധിയെ അടിസ്ഥാനപ്പെടുത്തി സ്വയം പഠിക്കുന്ന യന്ത്രങ്ങൾ വന്നതാണ് ഈ വിപ്ലവത്തിലേക്ക് നയിച്ചത്.

സൂപ്പർമാർക്കറ്റിൽ ഉപഭോക്താവിന് സ്വയം ചെയ്യാവുന്ന ചെക്ക്ഔട്ട് കിയോസ്‌ക്കുകൾ മുതൽ ഉപഭോക്തൃ സേവനം കൈകാര്യം ചെയ്യുന്ന എ.ഐ പവേർഡ് ചാറ്റ്ബോട്ടുകൾ വരെ ഇന്ന് ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്.


ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) സൃഷ്ടിക്കുന്ന വഴിത്തിരിവുകൾ

2030ഓടെ ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ് (AGI) സർവസാധാരണമാവുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്ന ഏതൊരു ബൗദ്ധിക ജോലിയും ചെയ്യാൻ കഴിയുന്ന എ.ഐയുടെ വികസനമാണ് എ.ജി.ഐ. നിർദിഷ്ട ജോലികൾ മാത്രം ചെയ്യുന്ന Narrow AIക്കു പകരം മനുഷ്യരെ പോലെ എന്തും ചിന്തിച്ച് ചെയ്യാൻ കഴിയുന്ന നിർമിതബുദ്ധിയിലധിഷ്ഠിതമായ റോബോട്ടുകൾ വരുമെന്നർഥം.

നാമിപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പോലെ ഭാവിയിലെ മനുഷ്യർ വിവിധതരം റോബോട്ടുകൾ ഉപയോഗിക്കുന്നവരായി മാറുമെന്ന് മലയാളി ശാസ്ത്രജ്ഞൻ ഡോ. അച്യുത് ശങ്കർ അഭിപ്രായപ്പെടുന്നുണ്ട്. മുറി വൃത്തിയാക്കുന്ന റോബോട്ടുകൾ ഇപ്പോൾതന്നെ വീട്ടിലെത്തിക്കഴിഞ്ഞല്ലോ.

ഇനി കൃഷിയടക്കം ചെയ്യുന്ന റോബോട്ടുകൾ വൈകാതെ എത്തും. പിന്നീട് അത് നമുക്ക് ഓരോ സമയത്തും എടുക്കേണ്ട തീരുമാനങ്ങൾ വരെ നിർദേശിക്കുന്ന, ഒരു പ്രൈവറ്റ് സെക്രട്ടറി ആയി വരെ പ്രവർത്തിക്കുന്ന ഒന്നായി മാറും.

മെറ്റാവേഴ്സിന്റെ പുതിയ ലോകം

വെർച്വൽ റിയാലിറ്റി (VR), ഓഗ്മെന്‍റഡ് റിയാലിറ്റി (AR), ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് സാങ്കേതിക വിദ്യകൾ എന്നിവയിൽ ഉണ്ടാകുന്ന വളർച്ച ഡിജിറ്റൽ, ഭൗതിക ലോകങ്ങളുടെ വേർതിരിക്കാൻ കഴിയാത്ത വിധത്തിലുള്ള സംയോജനം സാധ്യമാക്കും.

ഡിജിറ്റൽ പരിതഃസ്ഥിതിയെ യാഥാർഥ്യ പ്രതീതി സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് മാറ്റാനും കൃത്രിമമായ എന്നാൽ കൃത്രിമത്വം അനുഭവപ്പെടാത്ത ഒരുതരം വെർച്വൽ ലോകം. റിയാലിറ്റിയും വെർച്വാലിറ്റിയും പരസ്പരബന്ധിതമായ ഡിജിറ്റൽ പ്രപഞ്ചം എന്നാണ് മെറ്റാവേഴ്സിനെ വിശേഷിപ്പിക്കുന്നത്.

ഭൗതിക, ഡിജിറ്റൽ ലോകങ്ങളെ വേർതിരിവില്ലാതാക്കി പല സാഹചര്യങ്ങളെയും സുഗമമായ അനുഭവത്തിലേക്ക് ഉയർത്തുന്ന ഒരു ലോകം സൃഷ്ടിക്കാൻ മെറ്റാവേഴ്സിന് സാധിക്കും. ഇത് വിദ്യാഭ്യാസ രീതികളെ ഒക്കെ അട്ടിമറിച്ചേക്കാം.

സ്പേസിനെ കുറിച്ച് സ്പേസിൽ പോയി പഠിക്കുന്ന അനുഭവത്തിന് സമാന അനുഭവങ്ങൾ കുട്ടികൾക്ക് ലഭിക്കുന്ന സാഹചര്യം വരും.

ക്വാണ്ടം കമ്പ്യൂട്ടറുകളുടെ പുത്തൻ വഴികൾ

ക്വാണ്ടം മെക്കാനിക്സിന്‍റെ സഹായത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന സൂപ്പർ കമ്പ്യൂട്ടറുകളുടെ വരവ് നമ്മുടെ ജീവിതരീതികളെ തന്നെ മാറ്റിമറിച്ചേക്കാം. ഒരേസമയം നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന ഇത്തരം കമ്പ്യൂട്ടറുകൾ നിലവിലെ പരമ്പരാഗത കമ്പ്യൂട്ടറുകൾക്ക് പ്രായോഗികമായി അസാധ്യമായ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമ്മെ സഹായിക്കും.

മരുന്നുകളുടെ ഗവേഷണങ്ങളിലും ക്രിപ്റ്റോഗ്രഫി, കാലാവസ്ഥാ മോഡലിങ് തുടങ്ങിയ മേഖലകളിലും വിപ്ലവം സൃഷ്ടിക്കാൻ ഇത്തരം കമ്പ്യൂട്ടറുകൾക്ക് കഴിയും.

കാലാവസ്ഥയും സുസ്ഥിര വികസനവും

വരാനിരിക്കുന്ന കാലത്തേക്ക് വലിയ വളർച്ച ഉണ്ടാവാൻ സാധ്യതയുള്ള മേഖലയാണ് ക്ലീൻ എനർജി, ഫ്യൂഷൻ പവർ തുടങ്ങിയ മേഖലകൾ. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാത്തതും സുസ്ഥിര വികസനം സാധ്യമാക്കുന്നതുമായ ഊർജോൽപാദന ചിന്തകൾ ഇന്ന് തന്നെ സജീവമാണ്.

സോളാർ എനർജി പോലുള്ളവയുടെ ചെലവു കുറക്കാൻ സാധിച്ചാൽ ഇപ്പോഴുള്ള ഫോസിൽ ഇന്ധന ഊർജ സംവിധാനങ്ങൾതന്നെ അപ്രത്യക്ഷമായേക്കാം. ഹൈബ്രിഡ് കൃഷി രീതികൾ, സുസ്ഥിര ജല ചാക്രിക ശുദ്ധീകരണ സംവിധാനങ്ങളുടെ വികാസം തുടങ്ങിയ മേഖലകളിൽ ഇപ്പോൾതന്നെ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്.


പുതിയ തൊഴിൽ മേഖലകൾ

ഇന്ത്യ പോലെ പൊതു മേഖലകൾ ശക്തമായ ചില രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നത് പൊതുമേഖലയാണ്. അതുപോലെ സ്വകാര്യ മേഖലയും വൻ തോതിൽ തൊഴിൽ സാധ്യതകൾ തുറന്നുനൽകുന്നുണ്ട്. എന്നാൽ, ഇപ്പോൾ ഉയർന്നുവന്ന പ്രധാന തൊഴിൽ മേഖലയാണ് സോഷ്യൽ സെക്ടർ. എൻ.ജി.ഒകളുടെ പ്രവർത്തനങ്ങളും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയും (CSR) ശക്തമായിക്കൊണ്ടിരിക്കുന്നു.

സി.എസ്.ആർ മാനേജർ തുടങ്ങി വളന്‍റിയർ കോഓഡിനേറ്റർ വരെ നീണ്ട തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ വരുന്നത്. സാമൂഹിക സേവന മനോഭാവവും സംഘാടന പാടവവുമാണ് ഇത്തരത്തിലുള്ള തൊഴിലുകൾക്ക് അഭികാമ്യം.

ക്വാർട്ടേണറി സെക്ടർ എന്ന് അറിയപ്പെടുന്ന മറ്റൊരു മേഖല ഗവേഷണമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals) അടിസ്ഥാനമാക്കിയുള്ള വിവിധതരം ഗവേഷണങ്ങൾ ഈ മേഖലയിൽ വരും. ജ്ഞാനം, നൂതന ചിന്താശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ജോലികളാണ് ഈ മേഖലയിൽ ഉണ്ടാവുക. ഗവേഷണ വികസനം, വിദ്യാഭ്യാസം, കൺസൽട്ടിങ് തുടങ്ങിയ ബൗദ്ധിക അന്വേഷണങ്ങളുമായി ബന്ധപ്പെട്ടവയായിരിക്കും ഈ മേഖലയിലെ തൊഴിലുകൾ.

എന്തു പഠിക്കണം? എങ്ങനെ പഠിക്കണം?

പഠനത്തിന്‍റെ ലക്ഷ്യം അടിസ്ഥാനപരമായി ജോലി നേടുക എന്നതാണെങ്കിൽ എന്തു പഠിക്കണം എന്നതിൽ വലിയ ആശങ്കകളാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്തു പഠിച്ചാലാണ് തൊഴിൽ കിട്ടുക എന്നോ തൊഴിൽ കിട്ടാൻ താൻ എന്തു പഠിക്കണമെന്നോ ഉള്ള സാമ്പ്രദായിക ചോദ്യം തിരുത്താൻ സമയമായിരിക്കുന്നു. ഈ ചിന്ത മേൽ കൊടുത്ത ഭാവിസാധ്യതകളെ കുറിച്ചുള്ള അന്വേഷണം നമ്മിൽ ഉണ്ടാക്കേണ്ടതുണ്ട്.

വരുന്ന ഭാവിയിൽ പരിശോധിക്കപ്പെടുക സിദ്ധിയും (Competence) പ്രകടനപരമായ കഴിവുകളും (Performance) ആവും എന്ന കാര്യത്തിൽ സംശയമില്ല. കേവല ഓർമ പരിശോധനയും പരീക്ഷകൾക്ക് ലഭിച്ച മാർക്കുകളും സർട്ടിഫിക്കറ്റുകളും വിലയിരുത്തി ജോലി നൽകുന്ന സ്ഥാപനങ്ങൾ ഒരുപക്ഷേ പി.എസ്.സി പോലുള്ളവയേ ഇപ്പോൾ തന്നെയുള്ളൂ എന്നാണ് തോന്നുന്നത്.

എന്തു പഠിക്കണം എന്ന ചോദ്യത്തിന് ഓരോരുത്തരും തങ്ങൾക്ക് കഴിവും താൽപര്യവും അഭിരുചിയുമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കണം എന്നായിരിക്കും ഉത്തരം. ഈ ഉത്തരത്തിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്ന് ഏതു മേഖലയിലും ഉയർന്ന കഴിവുകളും പ്രാപ്തിയും ഉള്ളവർക്കെല്ലാം ജോലി ലഭിക്കുന്നുണ്ട് എന്നതാണ്.

തങ്ങൾ തിരഞ്ഞെടുക്കുന്ന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താൽപര്യവും അഭിരുചിയുമാണ് പ്രധാനം. താൽപര്യമുള്ള വിഷയമാണ് പഠിക്കാൻ തിരഞ്ഞെടുക്കേണ്ടത് എന്ന് പറയാനുള്ള മറ്റൊരു കാരണം വരാൻ സാധ്യതകളുള്ള തൊഴിലുകളുടെ വൈവിധ്യമാണ്. ഏതു വിഷയം പഠിച്ചാലും ആ മേഖലയിൽതന്നെ തൊഴിൽ നേടാൻ പാകത്തിന് സാധ്യതകളുണ്ട്.

സയൻസ് വിഷയങ്ങളിലധിഷ്ഠിതമായ സ്ട്രീം തിരഞ്ഞെടുക്കുന്നവർക്ക് ആ മേഖലയിൽ തന്നെ പുതിയ തൊഴിൽ മേഖലകൾ കടന്നുവരും. ഓട്ടോമേഷൻ ശക്തിപ്പെടുമ്പോൾ തൊഴിൽ നഷ്ടം ഉണ്ടാവും എന്ന് പറയുന്നതിനപ്പുറം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.

എ.ഐ ഡേറ്റാ ശാസ്ത്രജ്ഞർ, എ.ഐ എൻജിനീയർമാർ, സൈബർ സുരക്ഷാ വിദഗ്ധർ, പ്രോംപ്റ്റ് എൻജിനീയർ, മെഷീൻ ലേണിങ് എൻജിനീയർ, റോബോട്ടിക് എൻജിനീയർ, എൻ.എൽ.പി എൻജിനീയർ, ഓട്ടോണമസ് ഡിവൈസ് ഡെവലപർ, ഗെയിമിങ് ​െഡവലപർ തുടങ്ങിയ ഒട്ടേറെ മേഖലകൾ എ.ഐ, ഓട്ടോണമസ് ഉൾപ്പെടെ വ്യാപകമാവുന്നതോടെ തൊഴിൽരംഗത്ത് കടന്നുവരും.

മാനവിക വിഷയങ്ങളായ കല, മനഃശാസ്ത്രം, സംരംഭകത്വം തുടങ്ങിയ മേഖലകൾ മനുഷ്യന്‍റെ അവബോധത്തെയും സർഗാത്മകതയെയും വളരെയധികം ആശ്രയിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഓട്ടോമേഷൻ സാധ്യത കുറഞ്ഞതും മനുഷ്യരെ കൂടുതൽ ആവശ്യം വരുന്നതുമായ ഒരു മേഖലയായി അവ മാറും.

ഇ-കോമേഴ്സ്, ഡിജിറ്റൽ മാർക്കറ്റിങ്, സോഷ്യൽ ഗവേണൻസ്, ഫിൻ ടെക് അനലിസ്റ്റ്, അന്താരാഷ്ട്ര പ്രോപർട്ടി മാനേജർ, ബിസിനസ് ഡേറ്റാ അനലൈസർ തുടങ്ങിയ നവീന മേഖലകളാണ് കോമേഴ്സ് സ്ട്രീമിൽ താൽപര്യമുള്ള വിദ്യാർഥികളെ കാത്തിരിക്കുന്നത്.

പ്രധാനപ്പെട്ട ചില സ്ട്രീമുകൾ മാത്രമാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടത്. ഒരു കുട്ടിക്ക് ഏറ്റവും ശോഭിക്കാൻ കഴിയുന്ന മേഖല ഏതാണോ ആ മേഖലയിൽ ഉന്നതപഠനം സാധ്യമാക്കണം എന്നാണ് ഇതിന്‍റെ ആകെയുള്ള സാരം. ചിത്രം വരക്കാൻ താൽപര്യമുള്ള കുട്ടികളെ ആനിമേഷൻ മെറ്റാവേഴ്സ് കാത്തിരിക്കുന്നുണ്ട്.

ക്ലാസിൽ നടത്തിയ കുത്തിവരകൾ തന്‍റെ തൊഴിലാക്കി മാറ്റിയ ‘ഡൂഡിൽ ബോയ്’ എന്നറിയപ്പെടുന്ന ജോ വെയ്ൽ ഏതു മേഖലക്കും ഒരു മാർക്കറ്റുണ്ട് എന്നതിന് തെളിവാണ്. നമ്മൾ നിർമിക്കുന്ന ഏതൊരു പ്രൊഡക്ടിനും ഗ്ലോബൽ മാർക്കറ്റുണ്ട്. ഡെലിവെറി റോബോട്ടുകൾ വ്യാപകമാവുന്നതോടെ ഓരോ വ്യക്തിയും കച്ചവട സ്ഥാപനമായി മാറിയേക്കാം. അതിൽ നമ്മുടെ എല്ലാതരം കഴിവുകളും നൈപുണികളും വിൽക്കാൻ സാധിക്കും.

താൽപര്യങ്ങൾ തിരിച്ചറിയുക

ഒരാൾക്ക് ഒരു പ്രത്യേക മേഖലയിൽ എത്രത്തോളം വിജയിക്കാൻ കഴിയുമെന്നത് പ്രധാനമായും ആ വ്യക്തിയുടെ താൽപര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഉയർന്ന മത്സരസ്വഭാവം കാണിക്കുന്ന വ്യക്തികൾക്കാണ് ഏതു മേഖലയിലും തൊഴിൽ നേടാൻ സാധിക്കുക.

താൽപര്യമുള്ള വിഷയങ്ങളും മേഖലകളും കൂടുതൽ ഉയരത്തിലേക്ക് എത്താൻ സഹായിക്കും. ഓരോ വ്യക്തിയുടെയും താൽപര്യങ്ങളാണ് അവരുടെ പാഷനുകൾ നിശ്ചയിക്കുന്നത്. പ്രതിഫലനാത്മക ചിന്ത, വ്യത്യസ്ത പ്രവർത്തനങ്ങൾ പരീക്ഷിക്കൽ, കുട്ടിക്കാലത്ത് താൽപര്യം കാണിച്ച മേഖലകൾ ഓർത്തുനോക്കൽ എന്നിവ താൽപര്യങ്ങളെ തിരിച്ചറിയാൻ നമ്മെ സഹായിക്കും.

അറിവാർജിക്കലാണ് നിലനിൽപിനാധാരം

2030ന് ശേഷം അപ്രത്യക്ഷമായേക്കാം എന്നു പറയുന്ന പ്രധാനപ്പെട്ട ഒരു മേഖല നിർമാണമാണ്. ഗതാഗതം, കാർഷിക മേഖല, ക്ലറിക്കൽ ജോലികൾ തുടങ്ങിയവയാണ് മറ്റു മേഖലകൾ. ഓട്ടോമേഷൻ വ്യാപകമാവുന്നതോടെ മനുഷ്യരുടെ കായികാധ്വാനം ആവശ്യമുള്ള തൊഴിലുകൾ എല്ലാം യന്ത്രങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയും എന്നർഥം.

പകരം വരുന്നതാവട്ടെ ബുദ്ധികൊണ്ട് ചെയ്യാൻ പറ്റുന്ന തൊഴിലുകൾ ആവും. മദ്രാസ് ഐ.ഐ.ടിയിൽ പഠിച്ചിറങ്ങിയ ഒരു വിദ്യാർഥിക്ക് ആഗോള ഓഹരി വ്യാപാരസ്ഥാപനമായ ജയ്ൻ സ്ട്രീറ്റ് വാഗ്ദാനംചെയ്ത വാർഷിക ശമ്പളം 4.3 കോടിയാണ്. അവർക്ക് വേണ്ടതാവട്ടെ ആ വിദ്യാർഥിയുടെ നൂതനാശയങ്ങളും. മനുഷ്യരുടെ ചിന്താശേഷിയുടെ വിലയാണ് ഇത് സൂചിപ്പിക്കുന്നത്.

സാധാരണ ചിന്തകൾ നടത്താനും തീരുമാനങ്ങളെടുക്കാനും മെഷീൻ ലേണിങ് സംവിധാനങ്ങൾക്ക് സാധിക്കും. എന്നാൽ, വിമർശനാത്മക ചിന്ത (Critical Thinking), നൂതനാശയ രൂപവത്കരണ ചിന്ത (Innovative thinking) എന്നിവ യന്ത്രങ്ങൾ ചെയ്യുന്ന കാലം വിദൂരമാണ്. അതിനാൽ ഗവേഷണാത്മക മനോഭാവത്തോടെയാവണം നമ്മുടെ പഠന സ്വഭാവം രൂപപ്പെടേണ്ടത്.

ഉന്നത വിദ്യാഭ്യാസം: വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടത്

എല്ലാ സാങ്കേതിക വിദ്യയുടെയും ജന്മവും വികാസവും മനുഷ്യകേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ മനുഷ്യരെ വെല്ലുവിളിക്കുന്ന യന്ത്രങ്ങൾ ഉണ്ടാവില്ല. യന്ത്രങ്ങൾക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ലാത്ത കഴിവുകൾ ആർജിക്കാൻ ശ്രമിക്കുക എന്നതാണ് സ്മാർട്ട് കാലത്തെ വെല്ലുവിളികളെ അതിജീവിക്കാനുള്ള മാർഗം.

സർഗാത്മകത, വിമർശനാത്മക ചിന്ത, വൈകാരിക ബുദ്ധി എന്നിവയിൽ യന്ത്രങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കില്ല. പ്രശ്നപരിഹാര നൈപുണി, ആശയവിനിമയ പാടവം, ടീം വർക്ക് പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കഴിവുകൾക്ക് ഭാവിയിൽ ഉയർന്ന ഡിമാൻഡുണ്ടാകും.

ഡിജിറ്റൽ സാക്ഷരത ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. കേവല എന്‍റർടെയിൻമെന്‍റ് ഉപകരണം എന്ന നിലയിൽനിന്ന് മാറ്റി നമ്മുടെ ഡിജിറ്റൽ ഡിവൈസുകളെ ഉപയോഗിച്ച് സ്വയം വളരാനുള്ള അറിവും അവബോധവും സ്വന്തമായി സൃഷ്ടിച്ചെടുക്കുക. കോഡിങ്, ഡിജിറ്റൽ മാർക്കറ്റിങ്, ഡേറ്റ സയൻസ് തുടങ്ങിയ ഏതെങ്കിലും മേഖലകളിൽ ആഡ് ഓൺ കോഴ്സുകൾ ചെയ്യാൻ പറ്റുന്ന സാഹചര്യം പരിശോധിക്കുക.

ഭാവിയിലെ ജോലികൾക്ക് പലപ്പോഴും വ്യത്യസ്ത മേഖലകളിൽനിന്നുള്ള കഴിവുകളുടെ സമന്വയം ആവശ്യമായി വരും. ബയോളജിയെ ഡേറ്റ വിശകലനവുമായി സംയോജിപ്പിച്ചേക്കാം, അതുപോലെ സുസ്ഥിര ഊർജ മേഖലക്ക് എൻജിനീയറിങ്ങിനെ പരിസ്ഥിതി ശാസ്ത്രവുമായി ചേർത്തു മാത്രമേ മുന്നോട്ടുപോകാൻ സാധിക്കൂ.

അതിനാൽ ഇന്‍റർ ഡിസിപ്ലിനറി പഠനങ്ങൾ പിന്തുടരുന്ന വിദ്യാർഥികൾക്ക്, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ ബഹുമുഖ വൈദഗ്ധ‍്യമുള്ള വ്യക്തി എന്ന നിലയിൽ കൂടുതൽ അവസരങ്ങൾ നേടാൻ സാധിക്കും. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ദേശീയ വിദ്യാഭ്യാസ നയം ബഹുമുഖ വിഷയ സമീപനം (Multi disciplinary approach) നിർദേശിക്കുന്നത്.

എല്ലാ സാങ്കേതിക വിദ്യകളുടെയും വരവിനെ എക്കാലത്തും മനുഷ്യർ ആശങ്കയോടെയാണ് കണ്ടിരുന്നത്. തൊഴിൽ നഷ്ടങ്ങളായിരുന്നു അതിൽ പ്രധാന ആശങ്ക. എന്നാൽ, അവ തൊഴിലവസരങ്ങളായിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അതുപോലെ സ്മാർട്ട് കാലത്തും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. അത്തരം പുതിയ അവസരങ്ങൾ ആദ്യം ആർക്ക് നേടാനാവും എന്നതും പ്രധാനമാണ്.

അതിനാൽ അപ്ഡേറ്റായിക്കൊണ്ടിരിക്കുക എന്നതാണ് പുതിയ കാലത്തെ അതിജീവിക്കാനുള്ള മാർഗം. നല്ല അറിവും മുൻകൈയെടുക്കാനുള്ള ശേഷിയുമാണ് ഓട്ടോമേഷൻ യുഗത്തിൽ അഭിവൃദ്ധി പ്രാപിക്കാനുള്ള വഴികൾ. ഭാവിയെ ഭയപ്പെടുകയല്ല പകരം ഭാവിയിലേക്കായി തയാറായി നിൽക്കുക, ഭാവിക്കായി ഒരുങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher educationCareer NewsEducation News
News Summary - modern-day educational and career opportunities
Next Story