‘താൽപര്യവും കഴിവുകളും മനസ്സിലാക്കാതെ കരിയർ തിരഞ്ഞെടുക്കുന്ന അവസ്ഥയിലേക്ക് വിദ്യാർഥികൾ എത്തുന്നു’ -അറിയാം, പുതിയ കാലത്ത് കരിയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsഅവരവർക്ക് ഏറ്റവും ഉചിതമായ കർമമേഖല (കരിയർ) തിരഞ്ഞെടുക്കുക എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഓരോ കുട്ടിക്കും അവന്റെ കർമമേഖല എന്താണെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്.
എന്നാൽ, സ്വന്തം കഴിവുകളും താൽപര്യവും വ്യക്തിത്വവുമൊക്കെ മനസ്സിലാക്കിക്കൊണ്ടുള്ള സ്വയം ബോധം (self awareness) ഉണ്ടാവുന്നതിലൂടെ മാത്രമേ തനിക്ക് ഏറ്റവും യോജിച്ച കരിയറിലേക്ക് ഒരാൾക്ക് എത്താൻ സാധിക്കൂ. ഹൈസ്‌കൂൾ ക്ലാസുകൾ മുതൽ കുട്ടികൾ അവർക്ക് താൽപര്യമുള്ള തൊഴിൽ മേഖലകളെക്കുറിച്ചു സംസാരിച്ചുതുടങ്ങാറുണ്ട്.
കഴിഞ്ഞ തലമുറ ജോലികൾ തിരഞ്ഞെടുക്കുമ്പോൾ സ്വന്തം താൽപര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാനുള്ള അവസരവും സ്വാതന്ത്ര്യവും കുറവായിരുന്നു. കാരണം, കുടുംബത്തിന്റെ ഭാവി ഓർത്തുള്ള ഭയം അവരിൽ ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ സ്ഥിര വരുമാനം കിട്ടുക, ആജീവനാന്തം സാമ്പത്തിക സുരക്ഷിതത്വം ലഭിക്കുക എന്നതിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ഒപ്പം സമൂഹത്തിൽ സ്ഥാനം കിട്ടുക എന്ന ആഗ്രഹവും കൂടി ചേരുമ്പോൾ സർക്കാർ ജോലികൾക്ക് പ്രിയമേറിയിരുന്നു. കൂടാതെ ഡോക്ടർ, എൻജിനീയർ, അധ്യാപനം, ബാങ്കിങ് മേഖലകളിലേക്ക് ആളുകൾ താൽപര്യം കാണിച്ചിരുന്നു.
കുടുംബത്തിന്റെ പരമ്പരാഗത തൊഴിലുകൾ ഏറ്റെടുക്കുന്നതും അന്ന് സാധാരണമായിരുന്നു. ജോലികൾ പെട്ടെന്ന് മാറ്റുക എന്നത് പലപ്പോഴും അസാധ്യമായിരുന്നു. ഇന്നത്തെപ്പോലെ വിവിധ കരിയർ ഓപ്ഷനുകളോ വിവിധ മേഖലകളെക്കുറിച്ചുള്ള അറിവോ അവർക്ക് ലഭ്യമായിരുന്നില്ല.
വർഷങ്ങളോളം ഒരേ ജോലിയിൽ, ഒരേ കമ്പനിയിൽ തുടരുക എന്നതായിരുന്നു അവരുടെ ശീലം. പൊതുവെ ബിസിനസ് എന്നത് റിസ്ക് ആണെന്ന ചിന്ത കാരണം സ്വന്തമായി ബിസിനസ് തുടങ്ങുന്നവർ കുറവായിരുന്നു എന്നുതന്നെ പറയാം.
പുതുതലമുറയുടെ കരിയർ ചോയ്സുകൾ
പുതുതലമുറയുടെ കരിയർ ചോയ്സുകളിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്നത്തെ തലമുറ (ജെൻ സീ) ഡിജിറ്റൽ നേറ്റിവ്സ് എന്നറിയപ്പെടുന്നവരാണ്. തൊട്ടുമുമ്പുള്ള മിലേനിയൽ ജനറേഷനെക്കാൾ ഡിജിറ്റൽ ലോകത്തിലേക്ക് കൂടുതൽ സമ്പര്‍ക്കമുള്ളവരാണവർ. അതിനാൽ, മാതാപിതാക്കളുടെ സ്വാധീനത്തേക്കാൾ സമൂഹ മാധ‍്യമങ്ങളിൽനിന്നും സമപ്രായക്കാരിൽനിന്നും കരിയറിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന തലമുറയാണ് ഇന്നുള്ളത്.
ഇങ്ങനെ പലവിധ സോഴ്സുകളിൽനിന്ന് ഒരുപാട് വിവരങ്ങൾ കിട്ടുന്നതുകൊണ്ടുതന്നെ കരിയറിന്റെ കാര്യത്തിൽ അവർ പലപ്പോഴും ആശയക്കുഴപ്പത്തിലാവുകയും തനിക്ക് ഉചിതമായ കരിയർ തിരഞ്ഞെടുക്കുന്നതിൽ ആശങ്കയും സമ്മർദവും അനുഭവിക്കുകയും ചെയ്യുന്നു. ഇതുകാരണം പലപ്പോഴും സ്വന്തം താൽപര്യവും കഴിവുകളും മനസ്സിലാക്കാതെ കരിയർ തിരഞ്ഞെടുക്കുന്നതിലേക്ക് ഇവർ എത്തിപ്പെടുകയും ചെയ്യുന്നു.
കരിയർ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ
പുതുതലമുറയുടെ കരിയർ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. അതിൽ ഭാവിയിൽ ആ ജോലിയിൽനിന്ന് ലഭിക്കുന്ന ലാഭം, മാതാപിതാക്കളുടെ സ്വാധീനം, ഉയർന്ന ശമ്പളം തുടങ്ങിയ ഘടകങ്ങൾതന്നെയാണ് ഇന്നും കുട്ടികളുടെ കരിയർ തീരുമാനങ്ങളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നവയായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
ചിലർ സ്ഥിരത, സുരക്ഷിതത്വം എന്നതിലുപരി താൽപര്യത്തിനും സ്വാതന്ത്ര്യത്തിനും സമ്മർദമില്ലാതെ ജോലി ചെയ്യാനുള്ള അന്തരീക്ഷത്തിനും മുൻഗണന നൽകുന്നു. പലരും ഒരേ കരിയറിൽ ഉറച്ചിരിക്കാതെ പല കരിയർ മേഖലകൾ പരീക്ഷിക്കാൻ താൽപര്യമുള്ളവരുമാണ്. ഫ്രീലാൻസിങ്, സ്റ്റാർട്ട് അപ്പുകൾ, ക്രിയേറ്റിവ് കരിയറുകൾ എന്നിവക്കാണ് ഇന്നത്തെ തലമുറക്ക് കൂടുതൽ താൽപര്യം.
യൂട്യൂബ് ചാനൽ തുടങ്ങണമെന്നും ഓൺലൈൻ ഗെയ്മർ ആകണമെന്നും വ്ലോഗർ ആകണമെന്നും ആഗ്രഹം പറയുന്നവരും ഏറെയാണ്. എന്നാൽ, അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും കണ്ടെന്റ് സൃഷ്ടിക്കാനും അത് പ്രസന്റ് ചെയ്യാനും വളരെയേറെ ബുദ്ധിമുട്ടുകളും കഠിനാധ്വാനവും വേണമെന്നും ഇവർ മനസ്സിലാക്കുന്നില്ല. പഠനത്തിൽനിന്ന് രക്ഷപ്പെടാനും പഠിക്കാതെത്തന്നെ ഒരുപാട് പണവും പ്രശസ്തിയും സെലിബ്രിറ്റി ഇമേജും ഉണ്ടാക്കാനുള്ള എളുപ്പവഴിയായാണ് ഇവർ ഇത്തരം മേഖലകൾ ആഗ്രഹങ്ങളായി പറയുന്നത്.
കരിയർ തിരഞ്ഞെടുക്കുമ്പോൾ
കരിയർ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഘടകങ്ങൾ:
● താൽപര്യം (Interest)
ഒരു ജോലി ചെയ്യാൻ ഇഷ്ടം തോന്നുകയും ചെയ്യുമ്പോൾ അത് ആസ്വദിക്കാൻ കഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് അതിൽ താൽപര്യം ഉണ്ടെന്ന് പറയാം. താൽപര്യമുണ്ടെന്ന് കരുതി അയാൾ ആ മേഖലയിൽ മികച്ചതാകണമെന്ന് നിർബന്ധമില്ല. അതുപോലെത്തന്നെ ഉയർന്ന മാർക്ക് കിട്ടുന്നു എന്ന് കരുതി അതിൽ താൽപര്യം ഉണ്ടെന്ന് പറയാൻ കഴിയില്ല.
ഉയർന്ന ബൗദ്ധിക നിലവാരമുള്ള കുട്ടികളും കഠിനാധ്വാനം ചെയ്യുന്ന കുട്ടികളും താൽപര്യമില്ലാത്ത വിഷയങ്ങൾക്കുപോലും ഉയർന്ന മാർക്ക് വാങ്ങാറുണ്ട്. താൽപര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. എന്നാലും, ഒരു വ്യക്തിയുടെ സ്ഥിരമായ ചില താൽപര്യങ്ങളുമായി അടുത്തുനിൽക്കുന്നവയായിരിക്കണം കരിയർ.
ഉദാഹരണത്തിന്, യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും താൽപര്യമുള്ള ഒരാൾക്ക് മാത്രമേ വ്ലോഗർ, ഫോട്ടോഗ്രാഫർ അല്ലെങ്കിൽ ടൂർ ഗൈഡ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാനാകൂ. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചുള്ള ജോലികൾ ആ വ്യക്തിക്ക് കൂടുതൽ സംതൃപ്തി നൽകുകയും ആ കരിയറിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
● അഭിരുചി (Aptitude)
ചില ജോലികൾ/ പ്രവൃത്തികൾ മറ്റുള്ളവരേക്കാൾ വിജയകരമായും കാര്യക്ഷമമായും ചെയ്യാൻ ഒരു വ്യക്തിക്കുള്ള സവിശേഷ കഴിവുകളെയാണ് അഭിരുചി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികൾക്ക് ചില വിഷയങ്ങളിൽ ഒരുപാട് കഠിനാധ്വാനം ചെയ്യാതെത്തന്നെ ഉയർന്ന മാർക്ക് കിട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. അത് ആ കുട്ടിക്ക് ആ വിഷയത്തിൽ അഭിരുചി ഉള്ളതുകൊണ്ടാണെന്ന് പറയാം.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ അഭിരുചിയെ സ്വാധീനിക്കാറുണ്ട്. ഗണിത പരിജ്ഞാന ശേഷി (mathematical aptitude), ഭാഷാപരമായ അഭിരുചി (verbal aptitude), കലാപരമായ അഭിരുചി (Artistic aptitude) തുടങ്ങി വിവിധതരത്തിലുള്ള അഭിരുചികൾ ഓരോ വ്യക്തിയിലും കാണാവുന്നതാണ്. കലാപരമായ അഭിരുചി (artistic aptitude) ഉള്ള ഒരാൾക്ക് മാത്രമേ ഗ്രാഫിക് ഡിസൈനർ, അനിമേറ്റർ, ഫാഷൻ ഡിസൈനർ തുടങ്ങിയ മേഖലകളിൽ വിജയിക്കാൻ സാധിക്കൂ. അഭിരുചിക്ക് വിരുദ്ധമായ കരിയറുകളിൽ ജോലി ചെയ്യുന്നവർ സമ്മർദം, മടുപ്പ്, സംതൃപ്തിയില്ലായ്മ, തളർച്ച ഒക്കെ അനുഭവിക്കാൻ സാധ്യത കൂടുതലാണ്.
● വ്യക്തിത്വം (Personality)
ഒരാളുടെ വ്യക്തിത്വവും അയാളുടെ കരിയറും തമ്മിൽ പൊരുത്തപ്പെടേണ്ടതുണ്ട്. സ്വന്തം ഇഷ്ടങ്ങൾ, വികാരങ്ങൾ, സ്വഭാവങ്ങൾ, ശീലങ്ങൾ തുടങ്ങിയവയൊക്കെ സ്വയം നിരീക്ഷിച്ച് അതിനെക്കുറിച്ച് ഒരറിവുണ്ടാക്കുന്നത് വ്യക്തിത്വവുമായി യോജിച്ചുപോകുന്ന കരിയർ തിരഞ്ഞെടുക്കാൻ സഹായകമാകും.
മറ്റുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ഡോക്ടർ, നഴ്സ് തുടങ്ങിയ ജോലികൾ ഉൾപ്പെടുന്ന ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ കഴിയൂ. അതുപോലെ വളരെ അന്തർമുഖനായ വ്യക്തിക്ക് സെയിൽസ് എക്സിക്യൂട്ടിവായോ മാർക്കറ്റിങ് മാനേജറായോ ജോലി ചെയ്യാൻ സാധിക്കില്ല.
● നൈപുണികൾ (Skills)
ഏത് ജോലി ചെയ്യുന്നതിനും വിവിധ തരത്തിലുള്ള നൈപുണികൾ (Skills) ആവശ്യമാണ്. നേതൃപാടവം (Leadership skills), പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് (problem solving skill), തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് (Decision making skill), മറ്റുള്ളവരുമായി ഇടപഴകാനും സംസാരിക്കാനുമുള്ള കഴിവ് (communication skill) തുടങ്ങിയവയൊക്കെ മിക്ക പ്രവർത്തന മേഖലകളിലും വിജയിക്കുന്നതിന് ആവശ്യമായ നൈപുണികളാണ്.
ഇതുകൂടാതെ ശാരീരികമായ കഴിവുകൾ (physical fitness), വികാരങ്ങളെ നിയന്ത്രിക്കുക (emotional management skills) തുടങ്ങിയവയൊക്കെ ചില കരിയറുകളിൽ അത്യാവശ്യമായി വരാറുണ്ട്. ഉദാഹരണത്തിന്, പൊലീസോ പട്ടാളമോ ആകണമെങ്കിൽ ഓടാനും മലകയറാനുമൊക്കെയുള്ള ശരീരിക കഴിവുകൾ അത്യാവശ്യമാണ്. പരിശീലനത്തിലൂടെ ഒരു പരിധി വരെ ആർജിച്ചെടുക്കാവുന്നവയാണ് നൈപുണികൾ.
കരിയർ തിരഞ്ഞെടുക്കുമ്പോൾ അതിനാവശ്യമായ നൈപുണികൾ തനിക്കുണ്ടോ എന്നും പരിശീലനത്തിലൂടെ നേടിയെടുക്കാൻ പറ്റുന്ന നൈപുണികൾ ആണോ അവയെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ചില മേഖലകളിൽ തുടർച്ചയായി ആവശ്യമനുസരിച്ച് നൈപുണികൾ വികസിപ്പിച്ചുകൊണ്ടിരിക്കേണ്ടതായും വരാറുണ്ട്.
ശ്രദ്ധ വേണം, ഇക്കാര്യങ്ങളിൽ
● സമപ്രായക്കാരുടെ സ്വാധീനം കരിയർ മേഖലകളിൽ പോസിറ്റിവും നെഗറ്റിവുമായ ഫലങ്ങൾ ഉണ്ടാക്കാം. കൂട്ടുകാരെ പിരിയാതിരിക്കാൻ അവർ തിരഞ്ഞെടുക്കുന്ന അതേ കോഴ്സ് എടുത്തുപോവുക എന്നത് ശരിയല്ല. സ്വന്തം താൽപര്യത്തിന്റെയും കഴിവുകളുടെയും അടിസ്ഥാനത്തിലാകണം കരിയർ തിരഞ്ഞെടുക്കേണ്ടത്.
● കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ പരിഗണിച്ചുതന്നെയാകണം കോഴ്‌സുകൾ തിരഞ്ഞെടുക്കേണ്ടത്. കുട്ടികൾ പറയുന്നതനുസരിച്ച് കോഴ്സുകളെക്കുറിച്ചും യൂനിവേഴ്സിറ്റികളെക്കുറിച്ചും കൃത്യമായി അന്വേഷിക്കാതെ എടുത്തുചാടി, അവസാനം താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്ന കുടുംബങ്ങളുണ്ട്.
● കുട്ടികളുടെ വ്യക്തിത്വം, താൽപര്യം, അഭിരുചി എന്നിവക്ക് അനുയോജ്യമായ മേഖലതന്നെയാണോ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. കോഴ്സുകൾക്ക് ചേർന്നശേഷം പലപ്പോഴും ആ മേഖല ഈ മൂന്നു ഘടകങ്ങളുമായി ചേരാതെ വരുമ്പോൾ കുട്ടികൾ കോഴ്സ് നിർത്തിപ്പോരുന്ന പ്രവണത കാട്ടാറുണ്ട്.
● കുട്ടികൾ സ്വന്തം കരിയറിനെക്കുറിച്ച് ആഗ്രഹങ്ങളും അഭിപ്രായങ്ങളും പറയുമ്പോൾ പാടേ നിരസിക്കാതെ അവയെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും അതിന്റെ വിവരങ്ങൾ ശേഖരിക്കുകയും ഗുണദോഷ വശങ്ങൾ ചർച്ച ചെയ്യുകയും വേണം. അതിലൂടെ വേണം കോഴ്സ് കുട്ടിക്ക് പറ്റുന്നതാണോ അല്ലയോ എന്നത് അവരെ ബോധ്യപ്പെടുത്താൻ. കൂട്ടുകാരുടെ സമ്മർദത്തിലല്ല തീരുമാനങ്ങളെടുക്കുന്നതെന്ന് ഉറപ്പിക്കുകയും ചെയ്യുക.
● ആൺകുട്ടിയായതിനാൽ നഴ്‌സ് ആകേണ്ട, പെൺകുട്ടിയായതിനാൽ പൈലറ്റ് ആകേണ്ട എന്ന രീതിയിൽ ലിംഗവ്യത്യാസം അവരുടെ കരിയർ തിരഞ്ഞെടുക്കുന്നതിൽ തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കുക.
● മാതാപിതാക്കൾ ആഗ്രഹിച്ചിട്ട് നേടാൻ കഴിയാതെ പോയ ആഗ്രഹങ്ങൾ കുട്ടിയുടെ മേൽ അടിച്ചേൽപിക്കാതിരിക്കുക.
● ഉയർന്ന മാർക്ക് വാങ്ങുന്നവർ പഠിക്കേണ്ടത് സയൻസ് വിഷയങ്ങളാണെന്നും കോമേഴ്സും ഹ്യുമാനിറ്റീസുമൊക്കെ മാർക്ക് കുറഞ്ഞവർക്കുള്ള മേഖലകളാണെന്നുമുള്ള തെറ്റിദ്ധാരണകൾ കുട്ടികളിലേക്ക് നൽകാതിരിക്കുക. കിട്ടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം കരിയർ തിരഞ്ഞെടുത്താൽ തെറ്റുകൾ സംഭവിക്കാം.
● ഒരു സാഹചര്യത്തിലും കുട്ടികളെ നിർബന്ധിച്ച് ഒരു കോഴ്സിനു ചേർക്കാതിരിക്കുക. പഠിച്ചുതുടങ്ങുമ്പോൾ അവർ ഇഷ്ടപ്പെട്ടോളും എന്ന ധാരണ എപ്പോഴും ശരിയാകണമെന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.