Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightMy Storychevron_right‘സംസാരിക്കുന്നവരോട്...

‘സംസാരിക്കുന്നവരോട് ക്ലാസിനു പുറത്തുനിൽക്കാൻ പറഞ്ഞു. അവസാനം ക്ലാസിൽ കുട്ടികൾ ഇല്ലാത്ത അവസ്ഥ’ -ആ കുട്ടികളെ ഈ അധ‍്യാപിക തന്‍റെ വരുതിയിലാക്കിയത് ഇങ്ങനെ

text_fields
bookmark_border
‘സംസാരിക്കുന്നവരോട് ക്ലാസിനു പുറത്തുനിൽക്കാൻ പറഞ്ഞു. അവസാനം ക്ലാസിൽ കുട്ടികൾ ഇല്ലാത്ത അവസ്ഥ’ -ആ കുട്ടികളെ ഈ അധ‍്യാപിക തന്‍റെ വരുതിയിലാക്കിയത് ഇങ്ങനെ
cancel
camera_alt

വര: ഹനീഫ

ഷൊർണൂർ എന്നു പറയുമ്പോൾ റെയിൽവേ ജങ്ഷൻ മാത്രമല്ല, മറ്റൊന്നുകൂടി ഓർക്കാനുണ്ട്. കെ.വി. രാമൻ നായരുടെ ഹൈസ്‌കൂൾ. അവിടെ വർഷങ്ങളുടെ നീണ്ട ഇടനാഴിയിലൂടെ നടന്നപ്പോൾ ഓർമകളുടെ കുത്തൊഴുക്കിൽ തടയുന്നതെന്തൊക്കെയാണ്? വർഷംതോറും മാറുന്ന മുഖങ്ങളുമായി ക്ലാസുകൾ, കൗമാരത്തിന്‍റെ വികൃതികൾ, വിഹ്വലതകൾ, പരിഭവങ്ങൾ, പരാതികൾ, ഒരിക്കൽ സഹപ്രവർത്തകരുടെ ഒരു ഗെയിമിന് (കുതന്ത്രത്തിന്) ഇരയായി മനസ്സുതന്നെ പിടിവിട്ട് ജീവിതത്തിനു മുന്നിൽ പകച്ചുനിന്നത്. അതൊക്കെ ഓർക്കാനല്ല, മറക്കാനാണ് ആഗ്രഹിക്കുന്നത്.

അധ്യാപികയായി നിയമനം ലഭിച്ച ആദ്യനാളുകളിലെ ഒരനുഭവം -ഒരിക്കലും മറക്കാത്ത, ഒരോ കൊല്ലവും പുതിയ ക്ലാസുകളിലേക്ക് കടന്നുചെല്ലാൻ പ്രചോദനമായ ഒരനുഭവത്തിന്‍റെ സാക്ഷ്യപ്പെടുത്തലാണ് ഈ കുറിപ്പ്.

എൺപതുകൾ -സമരങ്ങളും പഠിപ്പുമുടക്കങ്ങളും നിരന്തരം നടന്നിരുന്ന കാലം. ആൺകുട്ടികൾക്കു മാത്രമായുള്ള സ്‌കൂളിൽ രണ്ടും മൂന്നും കൊല്ലക്കാരടങ്ങിയ പിൻനിരകൾ സമൃദ്ധമായൊരു ക്ലാസ് -ഒമ്പത് സി. ആദ്യത്തെ കുറച്ചു ദിവസം കഴിഞ്ഞതോടെ ക്ലാസിന്‍റെ നിയന്ത്രണം എന്നേക്കാൾ മുൻപരിചയമുള്ള അവരുടെ കൈയിലായി.

ചുരുക്കത്തിൽ, മുന്നിലിരിക്കുന്നവർക്കു മാത്രമേ എന്‍റെ ശബ്ദം കേൾക്കൂ എന്നായി അവസ്ഥ. അപ്പോൾ എനിക്കും വാശിയായി. സംസാരിക്കുന്നവരോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു.

അവരുടെ എണ്ണം വർധിച്ചു, ഇരിക്കുന്നവരേക്കാൾ കൂടുതൽ നിൽക്കുന്നവരായി. എന്നിട്ടും നിവൃത്തിയില്ലാതെ, അവരെ ഒഴിവാക്കാൻ ക്ലാസിനു പുറത്തുനിൽക്കാൻ പറഞ്ഞുനോക്കി.

അപ്പോൾ അവർക്കൊരു രസമായി. ഓരോ ബെഞ്ചായി കൂട്ടത്തോടെ ചിരിച്ചുകൊണ്ട് പുറത്തേക്ക്. അവിടെയും തീർന്നില്ല. വരാന്തയിലും ജനലിനടുത്തും നിന്ന് ക്ലാസിലിരിക്കുന്നവരെക്കൂടി വിളിച്ചിറക്കാൻ ശ്രമം തുടങ്ങി.

എന്‍റെ ദേഷ്യം സങ്കടമായി മാറി. വല്ലവരും കണ്ടാലോ എന്ന പേടിയുമുണ്ട്. എങ്ങനെ പിടിച്ചുനിൽക്കണമെന്നറിയാതെ അവരുടെ മുന്നിൽ തോൽക്കാതിരിക്കാൻ ഒരു വഴി കണ്ടെത്തി. ഹെഡ്‌മാസ്റ്ററോട് പറയുമെന്ന ഭീഷണി. അപ്പോഴും ഒരു മാറ്റവുമില്ലെന്നു വന്നപ്പോൾ ഞാൻ ക്ലാസിൽനിന്നിറങ്ങി നേരെ ഓഫിസ് റൂമിലേക്ക് നടന്നു.

ഒരു തുടക്കക്കാരിയുടെ അവസ്ഥ ക്ഷമയോടെ കേട്ട് എച്ച്.എം പിന്നീട് ഷൊർണൂർ നഗരസഭ ചെയർമാനായ സി.പി. ചന്ദ്രശേഖരൻ മാസ്റ്റർ എന്നോടൊപ്പം ക്ലാസിലേക്കു വന്നു. അദ്ദേഹം പ്രവേശിച്ചതോടെ ക്ലാസിൽ സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദ‌ത.

കുട്ടികളോട് സംസാരിച്ച ശേഷം അദ്ദേഹം സ്ഥലം വിട്ടു. ഞാൻ ക്ലാസ് തുടങ്ങി 10 മിനിറ്റു പോലും കഴിഞ്ഞില്ല. ഇപ്പോൾ എന്തായി എന്ന മട്ടിൽ വീണ്ടും പഴയപടി അതങ്ങനെ കഴിഞ്ഞു.

മാസങ്ങൾക്കു ശേഷം ഒരു ദിവസം ഹെഡ്‌മാസ്റ്റർ ഓഫിസിലേക്കു വിളിപ്പിച്ചപ്പോൾ കാര്യമറിയാതെ എങ്കിലും തെല്ലൊരു പരിഭ്രമത്തോടെ ചെന്നു. തലേന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എന്‍റെ കഥ കണ്ട് അഭിനന്ദനമറിയിക്കാനായിരുന്നു വിളിപ്പിച്ചത് (സഹപ്രവർത്തകരിൽ അതിനുള്ള ഹൃദയവിശാലത കാണിച്ചത് അദ്ദേഹം മാത്രമായിരുന്നു). കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു: ക്ലാസ് ശ്രദ്ധിച്ചു; നന്നാവുന്നുണ്ട്.

ഓഫിസിൽനിന്നിറങ്ങുമ്പോൾ പരാതിയുമായി കയറിച്ചെന്ന ദിവസത്തെക്കുറിച്ചാണോർത്തത്. എങ്ങനെ എന്ന ചോദ്യം കറങ്ങിത്തിരിഞ്ഞ് എന്നിൽതന്നെ വീണു. അതിൽനിന്ന് ഞാനൊന്നു മനസ്സിലാക്കി, മറ്റൊരാൾ അടക്കിയിരുത്തിയതുകൊണ്ട് അവരെന്നെ വിലവെക്കില്ല. എന്‍റെ വഴി ഞാൻതന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.

അതൊരു തിരിച്ചറിവായി. പിന്നെ ഉറക്കമില്ലാത്ത രാത്രികളിലൊന്നിൽ ഇരുട്ടിലെ നക്ഷത്രം പോലെ തിളങ്ങിയ വാക്കുകളാണെനിക്കു വഴികാട്ടിയായത്.

നിയമനത്തിനു ശേഷം സ്‌കൂൾ മാനേജറായ കെ.വി. രാമൻ നായർ ആശീർവാദത്തോടെ പറഞ്ഞു: ‘‘കുട്ടികളെ സ്നേഹിക്യാ, നല്ലോണം സ്നേഹിക്യാ. വാശിക്കും ദേഷ്യത്തിനും പകരം വെക്കാവുന്ന രണ്ടക്ഷരം.’’ തുടർന്നങ്ങോട്ട്, അതെനിക്ക് പിടിവള്ളിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school memoriesLifestyle
News Summary - A teacher's classroom memories
Next Story