‘ഉൾനാടൻ ഗ്രാമത്തിലെ ശ്രീധരനുണ്ണി മഴയത്ത് കുടപിടിച്ച് കുടിലിലിരിക്കുന്നു. അത് കേട്ടതോടെ അങ്ങോട്ട് ഞങ്ങൾ പുറപ്പെട്ടു’ -ഒരു ജനപ്രതിനിധിയുടെ ഉറക്കം നഷ്ടമായ ആ രാത്രി
text_fieldsവര: ഹനീഫ
രാത്രി 11 മണി. രാഷ്ട്രീയ ജീവിതത്തിന്റെ ഒരിതൾകൂടി കൊഴിഞ്ഞു. ഉറങ്ങാൻ കിടന്നു. ഇരുൾ മുറ്റി. ചുറ്റും ശാന്തതയെങ്കിലും അതിനെ വെട്ടിച്ച് മഴയുടെ സംഗീതം പെയ്തുകൊണ്ടിരുന്നു.
ഉറക്കം കൺകളിൽ സംഗീതമഴ പെയ്യിച്ചു. ഉറക്കത്തിന്റെ ആരംഭത്തിൽ ചിതറിയ ചിന്തകൾ നോവായി. പല വീടുകളും ശക്തമായ മഴയിൽ വെള്ളം കയറിയിട്ടുണ്ടാവും, മഴ നനയുന്നുണ്ടാവും, പകലിൽ ചെറിയ ചളിക്കെട്ടുകൾ വഴികളിൽ വഴുക്കലായി കണ്ടതാണ് താൻ.
തണുപ്പേറിയ വാതിലുകൾ കനത്തുയരുന്ന മഴവെള്ളക്കെട്ടും അന്തിക്കീരിയുടെ കരച്ചിലും. വീണ്ടും ഉറക്കം കൺകളിൽ കനത്തു. ഫോൺ ബെല്ലടി കേട്ട് ഞെട്ടിയുണർന്നു. അയൽപക്കത്തെ കൂട്ടുകാരൻ സാദിഖാണ്.
ഉൾനാടൻ ഗ്രാമത്തിലെ ശ്രീധരനുണ്ണി മഴയത്ത് കുടപിടിച്ച് കുടിലിലിരിക്കുന്ന കാര്യം സാദിഖ് അറിയിച്ചപ്പോൾ മഴകൊള്ളാതെ സുഖമായി ഉറങ്ങുന്ന എനിക്കത് ഉൾനോവായി മാറി. അങ്ങോട്ട് ഞങ്ങൾ പുറപ്പെട്ടു.
ശ്രീധരൻ താമസിച്ചിരുന്ന കുടിൽ എന്നു പറയാൻ കഴിയില്ല, അതൊരാശ്രയം മാത്രമായിരുന്നു. ഒരു ചോർന്ന മേൽക്കൂര, ചുറ്റും വൃത്തിയില്ലാത്ത മുളക്കറ്റകൊണ്ട് ഒറ്റയടിക്കൂട്ട് പിടിച്ച വെറും ചുമരുകൾ. മഞ്ഞുകാലംപോലെ ചുറ്റും തണുപ്പ്.
ശ്രീധരനും കുടുംബവും അതിനകത്ത് കുടപിടിച്ച് മഴ കൊള്ളാതെ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ സാധന സാമഗ്രികളും രേഖകളുമെല്ലാം നനയുന്നുണ്ടായിരുന്നു.
എന്റെ ഉള്ളൊന്നു നടുങ്ങി. മരുന്നുകളുടെ പട്ടിക, ചീട്ടുകൾ, റേഷൻ കാർഡ് എല്ലാം മഴയുടെ തവിട്ടുവെള്ളത്തിലേക്ക് വീണിരിക്കാം.
ഇതെങ്ങനെയാണ് സംഭവിച്ചത്, ഇത്രനാൾ ശ്രീധരൻ എന്തുകൊണ്ടാണ് എന്നോട് പറയാഞ്ഞത്? അടച്ചുറപ്പുള്ള വീടോ സുരക്ഷയോ പരിചരണമോ ഇല്ലാതെ ഈ പ്രായം വരെ അയാൾ എങ്ങനെ അവിടെ കഴിഞ്ഞു? -എന്‍റെ ഉള്ളിൽ ചോദ്യങ്ങളുടെ പെരുമഴ പെയ്തു.
ശങ്കിച്ചുനിൽക്കാതെ ആ രാത്രിയിൽ സാദിഖുമൊത്ത് ഞാൻ കടയിലേക്ക് ഓടി. പ്ലാസ്റ്റിക് ഷീറ്റ് വിൽക്കുന്ന കടക്കാരനെ വീട്ടിൽ പോയി കൂട്ടി വന്നു.
ഞാനും സാദിഖും കൂടെ കൂരിരുട്ടിൽ മേൽക്കൂരയിൽ കയറി പ്ലാസ്റ്റിക് മേൽക്കൂര കെട്ടി.
ഊർന്നൊലിച്ച മഴവെള്ളം ഗതി മാറി. നനയാതെ ആ രാത്രി അദ്ദേഹവും കുടുംബവും ഉറങ്ങുന്നത് നിർവൃതിയോടെ ഞാൻ നോക്കിയിരുന്നു. ആ രാത്രിയിലാണ് ‘മഴത്തണൽ’ എന്ന ആശയം എന്നിൽ ഉദിച്ചത്. അതൊരു പദ്ധതി അല്ലായിരുന്നു. അത് എന്റെ ഹൃദയത്തിൽനിന്ന് പുറപ്പെട്ട പ്രതികരണമായിരുന്നു. അടുത്ത ദിവസങ്ങളിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചേർത്ത് ഒരു ചെറു കൂട്ടായ്മ സൃഷ്ടിച്ചു. കൂലിപ്പണിക്കാരെ വിളിച്ചു, നാട്ടുകാരെ ചേർത്തു, അങ്ങനെ മഴ നനയുന്ന പല വീടുകളും പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മേയാൻ തുടങ്ങി.
വെള്ളം നനയാതെ രാത്രി ഉറങ്ങാൻ കഴിയുക എന്നത് പലരുടെയും സ്വപ്‌നമായിരുന്നു. പിന്നീട് ശ്രീധരന് ലൈഫ് മിഷൻ ഭവന പദ്ധതിയിലുൾപ്പെടുത്തി വീട് പണിത് നൽകി.
ഓരോ ചുവർ പണിയുമ്പോഴും ഓരോ മേൽക്കൂര കയറ്റുമ്പോഴും ഞങ്ങൾ കണ്ടത് ശ്രീധരന്റെ മുഖത്തെ വെളിച്ചമായിരുന്നു. അദ്ദേഹത്തിന്‍റെ പുതിയ വീട് പൂർത്തിയായി. ലൈഫ് മിഷൻ സഹായം അതിന് പിന്നിൽ വലിയ തുണയായി. എന്നിലെ കവി ഉറക്കെ പാടി.
‘‘ചോർന്ന മേൽക്കൂരയിൽ മഴക്കിണറുകൾ, വീണു കിടന്ന ജീവിതത്തിന് കനൽചൂടുകൾ,
വയസ്സിന്റെ വെടിച്ചുട്ടിൽ വിഴുങ്ങിയ സങ്കടങ്ങൾ,
ഒരു കണ്ണീരും ചിരിയുമായിരുന്നു എന്റെ മഴക്കാഴ്ചകൾ
കുടിലിന്റെ മട്ടിൽനിന്നുയർന്നൊരു ഹൃദയധ്വനി,
നിശ്ശബ്‌ദതയിൽ പെയ്‌തു വീണ ഒരു ചോദ്യമടി:
എന്ത് പിഴച്ചു ഞാൻ?
അതിനൊരുത്തരവായി ഉയർന്നു ഹൃദയമാനവത്വം മഴത്തണൽ.
ഒരു കൈ നീട്ടി, ഒരു സ്വപ്‌നം പണിതു,
കുടിലിൽനിന്നും വീട് വരെ ഒരു യാത്ര, വാക്കുകളില്ലാതെ പറഞ്ഞുപോയ കൃതജ്ഞതയുടെ ദൃശ്യങ്ങൾ,
കണ്ണിൽ പിറന്ന വെളിച്ചം, പുതുതായി പിറന്ന മനുഷ്യൻ’’
‘മഴത്തണൽ’ പദ്ധതി പിന്നീട് കൂടുതൽ ആളുകൾക്ക് അഭയമായി. വർഷങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, ‘മഴത്തണൽ’ എന്നൊരു ശ്രമം എന്റെ ജീവിതത്തെത്തന്നെ രൂപപ്പെടുത്തുകയായിരുന്നെന്ന് ഞാൻ മനസ്സിലാക്കുന്നു. ആയിരം വാക്കുകൾപോലും ബാക്കിവരുമ്പോൾ, ചില ദൃശ്യങ്ങൾ മാത്രമാണ് മനസ്സിൽ മിന്നിപ്പിടിപ്പിക്കുന്നത് -ശ്രീധരൻ പുതിയ വീടിന്റെ നടപ്പുറത്ത് നിൽക്കുന്ന ചിത്രം.
വേദനയുടെ ഭാഷയെ മനസ്സിലാക്കാൻ, അതിനൊരുത്തരം രൂപപ്പെടുത്താൻ, നമുക്ക് കാര്യങ്ങൾ തീർക്കാനാകില്ലെങ്കിലും, ആശ്വാസമെന്ന നിഴൽ നമുക്ക് പകരാം. അതിലേക്കാണ് എന്റെ സഞ്ചാരം. ഒരു രാഷ്ട്രീയക്കാരനെന്നതിലുംമുമ്പേ, ഒരു മനുഷ്യന്റെ മനസ്സു കേൾക്കുന്ന മരവിപ്പിക്കുന്ന മഴയിൽ കുളിരായി കടന്നെത്തിയ ഒരു ഹൃദയം തന്നതിന് ഞാൻ നന്ദി പറയുന്നു.
(വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.