ആറാം വയസ്സിൽ കടലിൽ നീന്തിത്തുടങ്ങി. ഇന്ന് സംസ്ഥാന-ദേശീയ നീന്തൽ മത്സരങ്ങളിലെ മിന്നും താരം... അറിയാം, മത്സ‍്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച സമീർ ചിന്നനെക്കുറിച്ച്
text_fieldsസമീർ ചിന്നൻ
മത്സ‍്യബന്ധന വലയുടെ അറ്റവുമായി വള്ളത്തിൽനിന്ന് ഉൾക്കടലിലേക്ക് എടുത്തുചാടുന്ന ‘ചാട്ടക്കുട്ടി’യുടെ വീട്ടിൽ ഇന്ന് മെഡൽ ‘ചാകര’യാണ്.
ആറാം വയസ്സിൽ കടലിൽ നീന്തിത്തുടങ്ങിയ ആ കുട്ടി ഇന്ന് പ്രഫഷനൽ പരിശീലനവുമൊന്നുമില്ലാതെ സംസ്ഥാന-ദേശീയ നീന്തൽ മത്സരങ്ങളിൽ നേട്ടങ്ങൾ കൊയ്യുകയാണ്. കഴിഞ്ഞ ഡിസംബറിൽ തൃശൂരിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഒളിമ്പിക്സ് ഗെയിംസ് നീന്തൽ മത്സരത്തിൽ ഒന്നാമതെത്തിയാണ് മലപ്പുറം താനൂർ സ്വദേശി സമീർ വീണ്ടും വാർത്തയിൽ ഇടം പിടിച്ചത്.
മത്സ‍്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ചിന്നൻ എന്ന സമീർ ചെറുപ്പം മുതൽ മത്സ‍്യബന്ധനവുമായി ബന്ധപ്പെട്ട തൊഴിലുകളിലേർപ്പെട്ടിരുന്നു.
മികച്ച കരിയർ ലക്ഷ‍്യമിട്ടാണ് ആ നാലാം ക്ലാസുകാരൻ സ്വിമ്മിങ് സ്യൂട്ടണിഞ്ഞത്. 2014ൽ ആദ്യമായി സംസ്ഥാനതല നീന്തൽ മത്സരത്തിൽ പങ്കെടുത്തു. ഇടുക്കിയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടി.
കർണാടകയിലെ ഗുൽബർഗയിൽ നടന്ന ദേശീയ മത്സരത്തിൽ റിലേയിൽ മെഡൽ കരസ്ഥമാക്കിയാണ് നാട്ടിലേക്ക് തിരിച്ചത്. പിന്നീട് സംസ്ഥാന-ദേശീയ തല മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ വാരിക്കൂട്ടി. ഗുൽബർഗയിലും മൈസൂരുവിലും നടന്ന ദേശീയ മീറ്റുകളിൽ മെഡൽ ലഭിച്ചു.
സംസ്ഥാന മീറ്റിൽ ഏഴു തവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അങ്ങനെ ലഭിച്ച മുപ്പതോളം മെഡലുകൾ മത്സ‍്യഗ്രാമമായ കോർമൻ കടപ്പുറത്തെ സമീറിന്‍റെ വീട്ടിലെ ഷെൽഫിനെ അലങ്കരിക്കുന്നു. 2016ൽ തുല്യത പഠനത്തിലൂടെ ഏഴാം ക്ലാസ് പാസായി.
2017ൽ എസ്.എസ്.എൽ.സിയും എഴുതിയെടുത്തു. നിലവിൽ പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ ലൈഫ് ഗാർഡായി സേവനമനുഷ്ഠിക്കുന്നു. പൊതുപ്രവർത്തകൻ കൂടിയായ സമീർ സാമൂഹിക-സാംസ്കാരിക-ജീവകാരുണ‍്യ മേഖലയിൽ സജീവമാണ്.
സ്വിമ്മിങ് ട്രെയിനറാവുകയാണ് ഈ 37കാരന്‍റെ ലക്ഷ‍്യം. മുഹ്സിനയാണ് ഭാര്യ. ഐദിൻ അമാൻ, അയാൻ അമൽ എന്നിവർ മക്കളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.