മഴക്കാലത്ത് ആരോഗ്യം നിലനിർത്താനുള്ള ആയുർവേദ വഴികൾ
text_fieldsനൂറ്റാണ്ടുകളായി ആരോഗ്യസംരക്ഷണ രംഗത്ത് പ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ആയുർവേദം രോഗചികിത്സയിൽ മാത്രമല്ല, രോഗപ്രതിരോധത്തിലും ആരോഗ്യസംരക്ഷണത്തിലും ഫലപ്രദമായ നിരവധി മാർഗങ്ങളാണ് നിർദേശിക്കുന്നത്.
ഒരു വ്യക്തിയുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനം പലപ്പോഴും ആ വ്യക്തി പുലർത്തുന്ന ദിനചര്യകൾക്കനുസൃതമായിരിക്കും. ആരോഗ്യകരമായ ദിനചര്യ സ്ഥിരമായി പിന്തുടരുകവഴി വ്യക്തിയുടെ ശരീരത്തിന്‍റെ മാത്രമല്ല മനസ്സിന്‍റെയും ആരോഗ്യത്തെ മെച്ചപ്പെടുത്താനാവും.
ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ഉണരുന്നതിനും വ്യായാമം ചെയ്യുന്നതിനുമെല്ലാം എല്ലാ ദിവസവും കൃത്യമായ സമയക്രമം പാലിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ദിനചര്യകൾ
● അതിരാവിലെ സൂര്യോദയത്തിനുമുമ്പ് എഴുന്നേൽക്കുന്നതിലൂടെ ശുദ്ധവും ഓക്സിജൻ നിറഞ്ഞതുമായ വായു ശ്വസിക്കാൻ കഴിയുകയും അതുവഴി ദിവസം മുഴുവൻ ശരീരത്തിന്‍റെ ഊർജം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
● ദിവസേനയുള്ള സുഗമമായ വിസർജനങ്ങളും ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. പതിവായ സമയത്ത് നടക്കുന്ന തൃപ്തികരമായ മല-മൂത്ര വിസർജനം വളരെ പ്രധാനപ്പെട്ടതാണ്.
● ഉറക്കമുണർന്നയുടൻ വായ വൃത്തിയാക്കണം. പല്ല്, നാക്ക് എന്നിവ പ്രകൃതിദത്ത മാർഗങ്ങളുപയോഗിച്ച് വൃത്തിയാക്കുകവഴി വായ്ക്കുള്ളിലെ ദോഷകരമായ രോഗാണുക്കളെ ഇല്ലാതാക്കാനാകും.
● വായ ശുചിയാക്കിയശേഷം വായ്ക്കുള്ളിൽ അൽപനേരം നല്ലെണ്ണ നിറച്ചുവെച്ച് പുറത്തേക്ക് തുപ്പിക്കളയുന്നതും രോഗാണുക്കളെ പ്രതിരോധിക്കാനും പല്ലിന്റെയും മോണയുടെയും ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആയുർവേദത്തിൽ ‘കബള’, ‘ഗണ്ഡൂഷ’ എന്നീ പേരുകളുള്ള ഈ ചികിത്സ രോഗപ്രതിരോധശേഷി കൂടുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
● ശരീര ശുചിത്വത്തിന്‍റെ ഭാഗമായി രാവിലെത്തന്നെ കുളിക്കുന്നത് നല്ലതാണ്. ആരോഗ്യമുള്ളവർക്ക് ഇതിന് പുറമെ വൈകുന്നേരവും കുളിക്കാം. അസുഖമൊന്നും ഇല്ലെങ്കിൽ തണുത്തതോ ചൂടുള്ളതോ അല്ലാത്ത മിതശീതോഷ്ണ വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്.
പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും ചെറുചൂടുവെള്ളത്തിലാണ് കുളിക്കേണ്ടത്. ദിവസവും അതിന് കഴിയാത്തവർ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും എണ്ണതേച്ച് കുളിക്കാനും ആയുർവേദം നിഷ്കർഷിക്കുന്നുണ്ട്.
● രാവിലെ എഴുന്നേറ്റയുടൻ ചായ, കാപ്പി തുടങ്ങിയ ഉത്തേജനഘടകങ്ങളടങ്ങിയ പാനീയങ്ങൾക്ക് പകരം ചെറുചൂടുവെള്ളം കുടിക്കാം. ഇത് ശരീരത്തിലെ നിർജലീകരണം തടയുന്നു എന്ന് മാത്രമല്ല, ദഹനപ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും.
● ശരീരത്തിന് ദോഷകരമല്ലാത്ത മികച്ച ഊർജ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതും ദഹനം എളുപ്പമാക്കുന്നതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. കാലാവസ്ഥ, വ്യക്തിയുടെ ആരോഗ്യം, പ്രായം തുടങ്ങിയവ പരിഗണിച്ചായിരിക്കണം ഭക്ഷണത്തിന്‍റെ സ്വഭാവം തീരുമാനിക്കേണ്ടത്. വേനലിൽ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുകയും ആവശ്യത്തിന് ശുദ്ധജലം കുടിക്കുകയും വേണം. അതേസമയം, തണുപ്പ് കാലത്തും മഴക്കാലത്തും ശരീരത്തിൽ ഊഷ്മാവ് ക്രമീകരിക്കുന്ന ചൂടുള്ള സൂപ്പുകൾ പോലുള്ളവയായിരിക്കണം കൂടുതലായി കഴിക്കേണ്ടത്.
● പതിവായ വ്യായാമവും ദിനചര്യയുടെ ഭാഗമാക്കണം. നടത്തം, ശാരീരിക അധ്വാനമുള്ള ജോലികൾ എന്നിവയിൽ ഏർപ്പെടാത്തവർ പ്രത്യേകം വ്യായാമം ചെയ്യേണ്ടതാണ്.
● രാവിലെയോ വൈകുന്നേരമോ യോഗ, പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങൾ, ധ്യാനം, ഇസ്ലാംമത വിശ്വാസികളുടെ നമസ്കാരം എന്നിവ മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണംചെയ്യുന്ന ദിനചര്യകളാണ്.
● എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാനും ഉന്മേഷം നിലനിർത്താനും സഹായിക്കുന്നു. കൂടാതെ ശരീരകോശങ്ങളുടെ പുനരുജ്ജീവനത്തിനും ശരിയായ രീതിയിലുള്ള ഉപാപചയ പ്രവർത്തനങ്ങൾ നടക്കാനും സഹായിക്കുന്നു.
വിശ്രമവും സാമൂഹിക ജീവിതവും
പ്രതിരോധശേഷിയും ശരീരത്തിലെ ഓജസ്സും വർധിപ്പിക്കാൻ ദിനചര്യ ക്രമപ്പെടുത്തുന്നതിനുപുറമെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനാവശ്യമായ സാമൂഹികജീവിതവും ജീവിതശൈലിയുമെല്ലാം ആയുർവേദം നിഷ്കർഷിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് വിശ്രമവും സാമൂഹിക ജീവിതവും.
● വിശ്രമമില്ലാത്ത അമിത ജോലിയും അതുമായി ബന്ധപ്പെട്ട സമ്മർദങ്ങളും ശരീരത്തെ അനാരോഗ്യത്തിലേക്ക് നയിക്കുമെന്നും ഇത് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ആയുർവേദം മുന്നറിയിപ്പ് നൽകുന്നു.
അതിനാൽ ജോലിയോടൊപ്പം വിശ്രമത്തിനും സമയം കണ്ടെത്തേണ്ടതുണ്ട്. വ്യക്തിയുടെ പ്രായത്തിനും ആരോഗ്യാവസ്ഥക്കും അനുസരിച്ച് ജോലിയുടെ സമയം ക്രമീകരിക്കണം. ജോലിക്കിടയിൽ ക്ഷീണം അനുഭവപ്പെട്ടാൽ ആവശ്യത്തിന് വിശ്രമിച്ച ശേഷം ജോലിയിൽ മുഴുകണം. ജോലിക്ക് ശേഷവും വിശ്രമം ആവശ്യമാണ്.
● മാനസികവും വൈകാരികവുമായ ക്ഷേമത്തിന് പോസിറ്റിവ് ബന്ധങ്ങളുടെ പ്രാധാന്യം ആയുർവേദം തിരിച്ചറിയുന്നു. ശക്തമായ സാമൂഹിക ബന്ധങ്ങൾ സമ്മർദം കുറക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും അതുവഴി ദീർഘായുസ്സ് പ്രദാനം ചെയ്യാനും സഹായിക്കും. ഇതിന് കുടുംബവുമായും സുഹൃത്തുക്കളുമായും സമൂഹവുമായുമുള്ള ബന്ധങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കണം.
ഉറക്കം അനിവാര്യം
ശരീരത്തിന് യഥാർഥ വിശ്രമം ലഭിക്കുന്നത് ഉറക്കത്തിലാണ്. നേരത്തേ ഉറങ്ങുകയും ചെയ്യണം. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും കേടുപാട് സംഭവിച്ച കോശങ്ങൾ പുനർനിർമിക്കാനും ഗുണനിലവാരമുള്ള ഉറക്കം അത്യാവശ്യമാണ്. സ്ഥിരമായ ഉറക്കത്തിന്‍റെ കുറവ് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.
എല്ലാ ദിവസവും സ്ഥിരമായ സമയത്ത് ഉറങ്ങാൻ ശ്രമിക്കണം. ഉറങ്ങുന്നതിന് മണിക്കൂറുകൾക്കുമുമ്പ് ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഒരിക്കലും ഉറക്കത്തിന് തൊട്ടുമുമ്പ് വയറുനിറയെ ഭക്ഷണം കഴിക്കരുത്. രാത്രിയിൽ ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നതും ചൂടുള്ള പാൽ കുടിക്കുന്നതും ഉറക്കത്തെ സഹായിക്കും.
ഔഷധങ്ങൾ
രോഗപ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി നിരവധി ഔഷധങ്ങളും ചികിത്സാവിധികളും തലമുറകളായി ആയുർവേദം പിന്തുടർന്നുവരുന്നുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്‍റെ ചൈതന്യം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാനും കഴിയുന്ന പ്രധാന ഔഷധസസ്യങ്ങൾ പരിചയപ്പെടാം...
● അശ്വഗന്ധ: ഈ ഔഷധം മനസ്സിന്‍റെ സമ്മർദം കുറക്കുകയും കോർട്ടിസോളിന്‍റെ അളവ് സന്തുലിതമാക്കുകയും ചെയ്യും. ശരീരത്തിന്‍റെ ഊർജം വർധിപ്പിക്കുകയും ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
● നെല്ലിക്ക: ജീവകം-സി, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയടങ്ങിയതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുകയും ദഹനത്തെ പിന്തുണക്കുകയും ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. യൗവനം നിലനിർത്താൻ ഉപയോഗിച്ചുവരുന്ന ച്യവനപ്രാശം പോലുള്ള ഔഷധങ്ങളിൽ നെല്ലിക്ക കൂടുതലായി അടങ്ങിയിട്ടുണ്ട്.
● തുളസി: ഫലപ്രദമായ അണുനാശിനി കൂടിയാണ് തുളസി. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ ചെറുക്കാനുള്ള ശേഷിക്കുപുറമെ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും ശരീരത്തെ വിഷവിമുക്തമാക്കുകയും ചെയ്യുന്നു.
● മഞ്ഞൾ: നല്ലൊരു ആന്‍റിഓക്‌സിഡന്‍റ് കൂടിയായ ഈ ഔഷധം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. ഇതിലടങ്ങിയ കുർക്കുമിൻ എന്ന രാസവസ്തു നീർക്കെട്ട് ഇല്ലാതാക്കാനും സഹായിക്കും.
● ചിറ്റമൃത്: രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുകയും രക്തം ശുദ്ധീകരിക്കുകയും അണുബാധകളെ ചെറുക്കുകയും ചെയ്യും.
● വേപ്പ്: ശരീരത്തെ വിഷവിമുക്തമാക്കുകയും ചർമാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്ന വേപ്പ് ഫലപ്രദ അണുനാശിനി കൂടിയാണ്.
● ശതാവരി: ആയുർവേദത്തിലെ പ്രധാനപ്പെട്ട ഈ ഔഷധം ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കുകയും പ്രത്യുൽപാദന ശേഷിയും രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കുകയും ചെയ്യുന്നു.
● ത്രിഫല: കടുക്ക, നെല്ലിക്ക, താന്നി എന്നിവ ചേർന്ന ഈ ഔഷധം ശരീരത്തെ വിഷവിമുക്തമാക്കാനും ദഹനശേഷിയും പ്രതിരോധശേഷിയും വർധിപ്പിക്കാനും സഹായിക്കുന്നു.
● വെളുത്തുള്ളി: ഹൃദയാരോഗ്യവും രോഗപ്രതിരോധ പ്രവർത്തനവും വർധിപ്പിക്കുകയും ചെയ്യുന്നതിനുപുറമെ മികച്ച രോഗാണുനാശിനി കൂടിയാണ്.
● ഇഞ്ചി: ശരീരത്തിലെ നീര്, വീക്കം എന്നിവ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും.
വിഷവിമുക്തമാക്കാൻ പഞ്ചകർമ
തെറ്റായ ഭക്ഷണക്രമം, മാനസിക സമ്മർദം, മലിനമായ പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുടെ ഭാഗമായി അടിഞ്ഞുകൂടിയ വിഷവസ്തുക്കളിൽനിന്ന് ശരീരത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന പരമ്പരാഗത ആയുർവേദ ചികിത്സാപദ്ധതിയാണ് പഞ്ചകർമ. വാമന, വിരേചന, വസ്തി, നസ്യ, രക്തമോക്ഷ തുടങ്ങിയ ചികിത്സകൾ ഇതിൽ ഉൾപ്പെടുന്നു. കൃത്യമായ പഥ്യത്തോടെ ഒരാഴ്ചത്തെ ചികിത്സയാണിത്.
രോഗികൾക്കും രോഗമില്ലാത്തവർക്കും പഞ്ചകർമ ചികിത്സ ചെയ്യാം. ആരോഗ്യമുള്ളവർക്ക് ഇത് സുഖചികിത്സയായാണ് നടത്തുക. ആരോഗ്യം നിലനിർത്തുന്നതോടൊപ്പം രോഗപ്രതിരോധശക്തി നിലനിർത്താനും ആയുർവേദത്തിലെ ഏറ്റവും മികച്ച ചികിത്സാവിധിയാണിത്. മഴക്കാലത്തെ കർക്കടക ചികിത്സയും ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.