പാമ്പു കടിയേറ്റാൽ കടിച്ച പാമ്പിനെ പിടിച്ചുകൊണ്ടുവരണോ? -അറിയാം, വിഷജന്തുക്കളുടെ കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsവിഷജന്തുക്കളുടെ കടിയേൽക്കുന്നത് ചിലപ്പോൾ ജീവനുപോലും ഭീഷണിയാകാം. അതിനാൽ ഇതുസംബന്ധിച്ച പ്രാഥമിക ജ്ഞാനവും മുന്‍കരുതലുകളും അത്യന്താപേക്ഷിതമാണ്...
മഴക്കാലം എത്തിയാൽ പാമ്പ്, വണ്ട്, പഴുതാര തുടങ്ങിയ വിഷജീവികളുടെ സാന്നിധ്യം കൂടുന്നു. ഇവയുടെ കടിയേൽക്കുന്നത് ചിലപ്പോൾ ജീവനുപോലും ഭീഷണിയാകാം. അതിനാൽ ഇതുസംബന്ധിച്ച പ്രാഥമിക ജ്ഞാനവും മുന്‍കരുതലുകളും അത്യന്താപേക്ഷിതമാണ്.
എല്ലാ പാമ്പുകടിയിലും വിഷം ശരീരത്തിലേക്ക് കയറില്ല. വിഷമുള്ള പാമ്പാണ് എങ്കില്‍ പോലും, ഇരപിടിച്ച ഉടനെയാണ് പാമ്പ് ഒരാളെ കടിക്കുന്നതെങ്കില്‍, പാമ്പിന്റെ വിഷസഞ്ചിയില്‍ വിഷമുണ്ടാകണം എന്നില്ല. ‘ഡ്രൈ ബൈറ്റ്’ എന്നറിയപ്പെടുന്ന ഇത്തരം പാമ്പുകടികള്‍ അപകടരഹിതമാണ്.
പാമ്പുകടിയേറ്റാൽ
# വിഷപ്പാമ്പാണോ? തിരിച്ചറിയാം:
● വിഷപ്പാമ്പ് കടിച്ചാൽ സാധാരണയായി രണ്ടു സൂചിക്കുത്തുപോലുള്ള അടയാളങ്ങൾ കാണാം. ഇത് പാമ്പിന്റെ വിഷപ്പല്ലുകൾ കൊണ്ടാണ് (100 ശതമാനം അങ്ങനെ കാണണമെന്നില്ല).
● കടിയേറ്റ ഭാഗത്ത് തീവ്രമായ വേദന, നീറ്റൽ, തരിപ്പ്, അല്ലെങ്കിൽ നീല/കറുപ്പ് ചാരനിറം പതിയാം.
# പാമ്പിന്റെ വിഷം ബാധിക്കുന്നത്
പാമ്പിൻ വിഷം വിവിധതരം രാസവസ്‌തുക്കളുടെ സങ്കീർണമിശ്രിതമാണ്. രക്‌തത്തെ ബാധിക്കുന്ന വിഷം (Haemotoxin), നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം (Neurotoxin) എന്നിവയാണ് പ്രധാനതരം വിഷങ്ങൾ.
● നാഡീമണ്ഡലം: രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ - കാഴ്ചമങ്ങൽ, ശ്വാസതടസ്സം അനുഭവപ്പെടാം.
● രക്തമണ്ഡലം: അണലി - രക്തസ്രാവം, നീര് കൂടുക, തളർച്ച അനുഭവപ്പെടാം.
പേശികളെ ബാധിക്കുന്ന വിഷം (Myotoxin), ഹൃദയത്തെ ബാധിക്കുന്ന വിഷം (Cardiotoxin) തുടങ്ങിയ ഇനം വിഷങ്ങളുമുണ്ട്.
# അടിയന്തരമായി ശ്രദ്ധിക്കേണ്ടത്
● ഓടരുത്. ഇത് രക്തചംക്രമണം വേഗപ്പെടുത്തും, വിഷം ശരീരത്തിലാകെ പടരും.
● ശാന്തരാവുക. ഭയം വിഷത്തിന്റെ പടരൽ വേഗപ്പെടുത്തും.
● സുരക്ഷിത സ്ഥാനത്തേക്ക് രോഗിയെ മാറ്റുക, പാമ്പ് സമീപത്തുണ്ടെങ്കിൽ പതുക്കെ മാറ്റുക.
● അനാവശ്യമായി കൈകാലുകൾ അനക്കരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന് താഴെവെക്കുക.
● ഫോൺ ചെയ്ത് കൃത്യമായി കാര്യങ്ങൾ അടുത്തുള്ള ആശുപത്രിയിൽ വിവരിക്കുക: എന്ത് സംഭവിച്ചു, എവിടെ കടിയേറ്റു, ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുക.
● പാമ്പിനെ തിരഞ്ഞു സമയം കളയുന്നത് രോഗിയുടെ നില വഷളാക്കാം.
● കഴിയുന്നത്ര വേഗം ആശുപത്രിയില്‍ എത്തിക്കുക.
# ഇങ്ങനെ ചെയ്യരുത്
അശാസ്ത്രീയ ചികിത്സകള്‍ക്കായി കളയുന്ന വിലയേറിയ മണിക്കൂറുകള്‍ രോഗിയെ ദുരിതത്തില്‍നിന്ന് ദുരന്തത്തിലേക്ക് തള്ളിയിട്ടേക്കാം.
● മുറിവ് കീറി രക്തം മാറ്റരുത്.
● നീരുവരാൻ സാധ്യതയുള്ളതിനാൽ വളയും കൈത്തളങ്ങളും അഴിച്ചുകളയുക.
● മുറിവിൽ ഐസ് വെക്കരുത്.
● മുറിവ് തീകൊണ്ട് പൊള്ളിക്കരുത്.
● രക്തം വായിലൂടെ വലിച്ച് തുപ്പരുത്.
● മദ്യവും കഫീനും പാടില്ല.
● മുറിവ് മുറുക്കി കെട്ടരുത്. രക്തയോട്ടം തടസ്സപ്പെടും.
# വ്യാജ ചികിത്സ ഒഴിവാക്കുക
● പച്ചില, കല്ല് തുടങ്ങിയ ചികിത്സാരീതി ശാസ്ത്രീയമല്ല.
● വിഷം രക്തത്തിൽ കയറുന്നത് തടയാൻ കഴിയുന്നത് പ്രതിവിഷം (ASV) മാത്രം.
● കടിച്ച പാമ്പിനെ പിടിച്ച് കൊണ്ടുവരുന്നത് അപകടകരമാണ്. ഇതിന് വൈദഗ്ധ്യം വേണം, ധൈര്യം മാത്രം പോര.
# മുന്‍കരുതലുകൾ
● വീടിനകവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക.
● കുളിമുറി, കിടക്കക്കുതാഴെ, ബെഡ്ഷീറ്റ്, പാത്രം സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങൾ പരിശോധിക്കുക.
● ഷൂ, ചെരിപ്പ് ഉപയോഗിക്കും മുമ്പ് പരിശോധിക്കുക.
തേള്‍
തേളുകളിൽ ചിലതിന്റെ വിഷം മനുഷ്യജീവന് അപകടം വരുത്താൻ ശക്തിയുള്ളതാണ്. ഇന്ത്യയിൽ 86 തരം തേളുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, പ്രധാനമായും രണ്ടു തേളുകൾ മാത്രമേ ഗുരുതര വിഷബാധ സാധ്യതയുള്ളൂ:
# അപകടകരമായ തേളുകൾ:
● ചെന്തേൾ
● കരിന്തേൾ
തേളിന്റെ വലുപ്പം വിഷബാധയുടെ ശക്തിയെ നിർണയിക്കില്ല. ചെന്തേൾ ചെറുതാണെങ്കിലും അതിന്റെ വിഷമാണ് ഏറ്റവും അപകടകരം.
# തേളിന്റെ വിഷം ശരീരത്തിൽ കയറുന്നത്?
● തേളിന്റെ വാലിന്റെ അറ്റത്ത് ഉള്ള ടെൽസൺ (Telson) എന്ന ഭാഗമാണ് വിഷമുള്ളത്.
● തേൾ കുത്തുകയാണ്, കടിക്കില്ല.
● ചിലപ്പോൾ ഡ്രൈ സ്റ്റിങ് (Dry sting) മാത്രമേ ഉണ്ടാകൂ, അതായത് വിഷം പുറത്തേക്ക് വരില്ല.
● വിഷം 15 മിനിറ്റിനുള്ളിൽ 70 ശതമാനം രക്തത്തിൽ കലരും. 7-8 മണിക്കൂറിനുള്ളിൽ 100 ശതമാനം ശരീരത്തിൽ എത്തും.
# തേൾ കുത്തിയാലുള്ള ലക്ഷണങ്ങൾ
ലക്ഷണങ്ങൾ തേളിന്റെ ഇനത്തിലും കുത്തിയ വിഷത്തിന്റെ അളവിലും വ്യക്തിയുടെ ശരീരത്തിലെ പ്രതിരോധത്തിലുമാണ് ആശ്രയിക്കുന്നത്.
# സാധാരണ ലക്ഷണങ്ങൾ:
● കുത്തിയ സ്ഥലത്ത് വേദന, നിറവ്യത്യാസം, പുകച്ചിൽ, തീവ്ര ചൂട് അനുഭവപ്പെടും.
● കൈകാലുകൾക്ക് തരിപ്പ് തോന്നാം.
● വായ്ക്ക് ചുറ്റും മരവിപ്പ്.
● തുപ്പൽ കൂടുതലായി ഉണ്ടാകാം.
● വയറുവേദന, ഛർദി, വയറിളക്കം
● വിയർക്കൽ, നീർവീക്കം
# ഗുരുതര ലക്ഷണങ്ങൾ:
● ഹൃദയതാള വ്യതിയാനം
● രക്തസമ്മർദം കുറയൽ
● DIC- അമിത രക്തസ്രാവം
● ARDS - ശ്വാസകോശ പരാജയം, വെന്റിലേറ്റർ ആവശ്യമായേക്കാം
● സ്ട്രോക്ക്
● അപസ്മാരം
● അനാഫിലാക്സിസ് (severe allergy): ചുണ്ടും കണ്ണും നീരുവെക്കൽ, രക്തസമ്മർദം കുറയുക.
# പ്രാഥമിക പരിചരണം
● ഭയം ഒഴിവാക്കുക. ആത്മവിശ്വാസം നൽകുക. ഭയം രക്തചംക്രമണം വേഗപ്പെടുത്തും.
● കുത്തിയ ഭാഗം അനക്കാതെ ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് കൊണ്ടുപോവുക.
● മുറിവ് കീറരുത്/രക്തം വലിച്ചു തുപ്പരുത്.
● വലിച്ചുകെട്ടാതിരിക്കുക.
● പ്രഷർ ബാൻഡേജ് ഉപയോഗിക്കാം (കടിച്ച ഭാഗം ചെറുതായി ചുറ്റാം).
● ഐസ് പാക്ക് വെക്കാം. ഇത് വേദന കുറക്കും.
# തേളിനെ അകറ്റാം
● വീട് വൃത്തിയാക്കി സൂക്ഷിക്കുക.
● മരക്കഷണങ്ങൾ, ഇഷ്ടികകൾ കൂട്ടിയിട്ട ഇടങ്ങളിൽ പെരുമാറുമ്പോൾ സൂക്ഷിക്കുക.
● ഭിത്തിയിലെ വിടവുകൾ നികത്തുക.
● ഷൂ ധരിക്കുംമുമ്പ് പരിശോധിക്കുക.
● വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും ഉപയോഗത്തിനുമുമ്പ് കുടയുക.
● ഒരു തേളിനെ കണ്ടയിടത്ത് കൂടുതൽ തേളുകൾ ഉണ്ടായേക്കാം.
● വീടിന്റെ ചുറ്റുമതിലിൽ സെറാമിക് ടൈൽ സ്ഥാപിക്കുന്നത് ഗുണകരമാണ്.
# ഇക്കാര്യം ശ്രദ്ധിക്കാം:
● എല്ലാ തേൾ കുത്തലുകളിലും വിഷം കയറണമെന്നില്ല.
● തെറ്റായ വീട്ടുവൈദ്യവും വൈകിയ ആശുപത്രി പ്രവേശനവും അപകടം വർധിപ്പിക്കും.
● തേൾകുത്തലിന് പ്രത്യേക പ്രതിവിഷം ഉണ്ട്, ആന്‍റി സ്കോർപിയൻ വെനം (anti scorpion venom) എന്നാണ് പേര്. പക്ഷേ, അത് മിക്ക ആശുപത്രികളിലും ലഭ്യമല്ല. തേൾകുത്തിയാൽ ലക്ഷണാനുസൃത ചികിത്സ (supportive treatment) കൊണ്ടാണ് മിക്ക ആശുപത്രികളിലും രോഗികളെ രക്ഷിക്കുന്നത്.
ചിലന്തി കടി
നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഭൂരിഭാഗം ചിലന്തികൾക്കും വിഷമില്ല, ജീവന് അപകടം ഉണ്ടാകാൻ സാധ്യതയുമില്ല. പക്ഷേ, ചില പ്രത്യേക ഇനങ്ങളുടെ കടിയേറ്റാൽ ചില ആളുകളിൽ താൽക്കാലിക അസ്വസ്ഥതകൾ ഉണ്ടാകാം. കുട്ടികളോ അലർജി ഉള്ളവരോ ആയാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
# അപകടകാരികളായ ചിലന്തികൾ
1. ബ്ലാക്ക് വിഡോ സ്പൈഡർ (Black Widow Spider)
● വിഷം: ന്യൂറോടോക്സിൻ
# ലക്ഷണങ്ങൾ:
● തീവ്ര വയറുവേദന
● കഠിന പേശിവേദന
● അപസ്മാരം
● ആഹാരം ദഹിക്കാതിരിക്കുക
● അമിത വിയർക്കൽ
● രക്തസമ്മർദം കുറയുക
● ഹൃദയതാള വ്യതിയാനം
2. ബ്രൗൺ റിക്ലൂസ് സ്പൈഡർ (Brown Recluse Spider)
● വിഷം: ഹീമോടോക്സിൻ
# ലക്ഷണങ്ങൾ:
● തൊലിയിൽ ആഴമുള്ള വ്രണം
● കടിയേറ്റ ഭാഗത്ത് കറുപ്പ് നിറം, ത്വക്കിന്റെ ദ്രവീകരണം
● കഠിന വേദനയും ചൊറിച്ചിലും
● പനി, തളർച്ച, ക്ഷീണം
● രക്തം കട്ടപിടിക്കാതിരിക്കുക
● കൂടിയ ഹൃദയമിടിപ്പ്
# ചിലന്തി വിഷം ബാധിക്കുന്നത്
● ഹീമോടോക്സിൻ -രക്തക്കുഴലുകൾക്കും ത്വക്കിനും തകരാറുണ്ടാക്കും.
● ന്യൂറോടോക്സിൻ -നാഡീമണ്ഡലത്തെ ബാധിച്ച് പേശിയിലും ഓട്ടോമാറ്റിക് ഫങ്ഷനുകളിലും വ്യതിയാനം വരുത്തും.
# സാധാരണ ചിലന്തികളുടെ കടിയേറ്റാൽ
● ചൊറിച്ചിൽ, ചെറുവീക്കം
● വേദന, ത്വക്കിൽ ചൂട് തോന്നൽ
● ത്വക്കിന്റെ നിറം മാറ്റം
● ചില ആളുകളിൽ:
● പനി
● ഉറക്കം കൂടുതൽ
● സന്ധിവേദന
● കണ്ണിൽ പീള
ഈ ലക്ഷണങ്ങൾ സാധാരണയായി 2-3 ദിവസത്തിനുള്ളിൽ പൂർണമായി കുറയുകയും ഭീഷണിയില്ലാതിരിക്കുകയും ചെയ്യും. കൂടുകയാണെങ്കിൽ ഡോക്ടറെ കാണിക്കണം.
# പ്രഥമ ശുശ്രൂഷ
● കടിയേറ്റ ഭാഗം സോപ്പും ശുദ്ധജലവും ഉപയോഗിച്ച് വൃത്തിയാക്കുക.
● വേദന കുറക്കാൻ ഐസ് തുണിയിൽ പൊതിഞ്ഞ് കംപ്രസ് ചെയ്യാം.
● പനി, അലർജി, തൊലികളിൽ എന്തെങ്കിലും വ്യത്യാസം എന്നിവ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക.
● ആന്‍റിബയോട്ടിക് ഗുളികകൾ ഡോക്ടറുടെ നിർദേശം ഇല്ലാതെ കഴിക്കരുത്.
● അണുബാധ ഒഴിവാക്കാൻ ഡോക്ടർ നിർദേശിച്ച ഓയിൻമെന്‍റ് ഉപയോഗിക്കാം.
# ചിലന്തികളെ തുരത്താം
● വീട് ശുചിത്വം നിലനിർത്തുക.
● ചിലന്തിമുട്ടകൾ വളരുന്നത് തടയുക.
● വിനാഗിരി + വെള്ളം സ്പ്രേ ബോട്ടിലിൽ മിശ്രിതമാക്കി, ചിലന്തികളെ കണ്ടിടങ്ങളിൽ തളിക്കുക.
● ഡിഷ് വാഷ് ലിക്വിഡ് + വിനാഗിരി എന്നിവ കിച്ചൺ റാക്ക്, ഭക്ഷണ ഷെൽഫ്, ജാറുകൾ എന്നിവയുടെ സമീപത്ത് സ്പ്രേ ചെയ്യുക.
● നാരങ്ങ ഫ്ലേവറുള്ള ഹാൻഡ് വാഷ് ഉപയോഗിച്ച് തറ തുടക്കാം.
# ഓർക്കേണ്ടത്:
● ചിലന്തികളുടെ കടി വളരെ അപൂർവമായാണ് ഗുരുതരമാകുന്നത്.
● കുട്ടികളിലും അലർജിയുള്ളവരിലും സംശയമുണ്ടെങ്കിൽതന്നെ ഡോക്ടറെ കാണുന്നത് സുരക്ഷിതമാണ്.
തേനീച്ചയും കടന്നലും
തേനീച്ചയും കടന്നലും ഒരേ കുടുംബത്തിലുള്ളവരായ ഹൈമനോപ്തുറ (Hymenoptera) വിഭാഗത്തിൽപ്പെടുന്നു. ഇവയുടെ കുത്തലിൽനിന്നുള്ള വിഷം ചിലപ്പോഴെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ചിലരിൽ മരണത്തിന് വഴിവെക്കാനും ഇടയുണ്ട്. പ്രത്യേകിച്ചും അനാഫിലാക്സിസ് എന്ന ഗുരുതര അലർജി ഉണ്ടാകുമ്പോൾ.
# തേനീച്ച കുത്തിയാൽ
● തേനീച്ച കുത്തുമ്പോൾ വിഷം നിറഞ്ഞ കൊമ്പ് (sting) ശരീരത്തിൽ കുടുങ്ങും.
● അതിനൊപ്പം വിഷസഞ്ചിയും വയറിന്റെ ഭാഗവും പിളർന്ന് പൊട്ടി അവ ചാവും.
● കൊമ്പിൽ ചെറിയ മുള്ളുകൾ ഉണ്ടായിരിക്കും. അതിനാൽ ഒറ്റത്തവണ മാത്രമേ കുത്താനാവൂ.
● കൂടുതൽ വേദനയും ചെറിയ മുറിവും ഉണ്ടാകും.
# കേരളത്തിലെ തേനീച്ചകൾ:
● ഇറ്റാലിയൻ തേനീച്ച
● ഞൊടിയൻ തേനീച്ച
● കോൽ തേനീച്ച
● മലൻ തേനീച്ച -ഏറ്റവും അപകടകാരി
● ചെറുതേനീച്ച -വിഷമില്ല, കുത്താനും കഴിയില്ല.
# കടന്നലുകളുടെ പ്രത്യേകതകൾ
● കടന്നലുകളുടെ കൊമ്പ് ശരീരത്തിൽ കുടുങ്ങാറില്ല, അതിനാൽ നിരവധി തവണ കുത്താൻ കഴിയും.
● കൂട്ടായും ഒറ്റക്കും ജീവിക്കും.
# സാധാരണ തേനീച്ച കുത്തുമ്പോഴുള്ള ലക്ഷണങ്ങൾ
● കുത്തിയ ഭാഗത്ത് വേദന, ചുവപ്പ്, ചൊറിച്ചിൽ, വീക്കം
● ചിലർക്ക് പനി
# അപകടമായേക്കാവുന്ന ചില ലക്ഷണങ്ങൾ:
● കണ്ണ്, നാവ്, വായ്, ചെവി എന്നിവയിലേക്കുള്ള കുത്തലുകൾ.
● കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് കുത്തേറ്റാൽ.
● പലതവണ കുത്തേറ്റാൽ- വിഷം മിശ്രിതമായി പ്രവർത്തിക്കാം.
● തലവേദന, ഛർദി, അപസ്മാരം, ഹൈപ്പോടെൻഷൻ, വൃക്ക തകരാർ എന്നിവ സംഭവിക്കാം.
● ചിലരിൽ ഗുരുതര അലർജി ഉണ്ടാകാം. ഇത്തരക്കാർ അതിവേഗം ചികിത്സ തേടണം.
● ശ്വാസതടസ്സം, തൊണ്ടയും നാവും വീർത്തുവരൽ
● മുഖം, കണ്ണ്, ബോഡി മുഴുവനായി ചുവപ്പ് വരാം.
● ഹൃദയമിടിപ്പ് കൂടുക, ശരീരം തണുക്കുക.
● ബോധക്ഷയം, കോമ, മരണം വരെ സംഭവിക്കാം.
# പ്രഥമ ശുശ്രൂഷ
● കുത്തിയ ഭാഗത്ത് ഐസ് പാക്ക് വെച്ച് വേദന കുറക്കുക.
● കൂടുതൽ കുത്തുകൾ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറുക.
● മഞ്ഞൾ, ടൂത്ത് പേസ്റ്റ്, തേൻ തുടങ്ങിയവ പുരട്ടരുത്. ശാസ്ത്രീയ പിൻബലമില്ല.
● മരുന്ന് ഡോക്ടർ നിർദേശിച്ചാൽ മാത്രം കഴിക്കുക.
● കൊമ്പ് ശരീരത്തിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ കുത്തേറ്റ ഭാഗത്ത് മർദം നൽകി ഞെക്കുന്നതിനുപകരം അത് ചുരണ്ടി എടുക്കാൻ ശ്രമിക്കാം.
● കൊമ്പ് തറച്ച ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
● അലർജി ലക്ഷണങ്ങൾ വന്നാൽ ഉടൻ ചികിത്സ തേടുക.
● ശ്വാസം നിൽക്കുകയോ ഹൃദയമിടിപ്പ് നിലക്കുകയോ ചെയ്താൽ സി.പി.ആർ തുടങ്ങണം.
● കുത്തേറ്റ ഉടൻ ചികിത്സ കിട്ടിയാൽ ഭൂരിഭാഗം പ്രശ്നങ്ങളും നിയന്ത്രിക്കാം.
# ഓർക്കുക
● മുമ്പ് കുത്തേറ്റവർക്ക് വീണ്ടും കുത്തേറ്റാൽ അലർജി സാധ്യത കൂടും.
● അശാസ്ത്രീയ ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സ തേടുക.
പഴുതാര
മലയാളത്തിൽ കരിങ്കണ്ണി, ചാക്കോണി, ചെതുമ്പൂരൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഒരു ചെറു പ്രാണിയാണ്. സാധാരണ നനവുള്ള, കുറഞ്ഞ വെളിച്ചമുള്ള ഇടങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. പ്രത്യേകിച്ച് ബാത്റൂം, അടുക്കള, പാത്രങ്ങൾക്ക് താഴെ, അലമാരക്ക് താഴെ, പഴയ ഫർണിച്ചർ, ചെറിയ വിള്ളലുകൾ, പുസ്തകങ്ങൾ എന്നിവക്കിടയിലായിരിക്കും.
# പഴുതാരയുടെ വിഷം
● പഴുതാരയുടെ കടിയേൽക്കുന്നത് അപൂർവമാണ്.
● ചിലതിനു മിതമായ രാസപദാർഥങ്ങൾ ത്വക്കിലേക്ക് വിടാനുള്ള കഴിവുണ്ട്. പക്ഷേ അപകടകാരിയല്ല.
● കടിയേറ്റാൽ ചിലർക്കു ചൊറിച്ചിൽ, വേദന, ത്വക്ക് വീക്കം പോലുള്ള അലർജിയുണ്ടാകാം. പ്രത്യേകിച്ച് അലർജി ഉള്ളവരിൽ.
● പഴുതാര കടിക്കില്ല. എന്നാൽ, ഇവയുടെ സാന്നിധ്യം അനാരോഗ്യകരമായ പരിസ്ഥിതി സൂചിപ്പിക്കും.
# പഴുതാരയെ തുരത്താം:
● ബാത്റൂമുകളും അടുക്കളകളും നിത്യം വൃത്തിയായി സൂക്ഷിക്കുക.
● വെന്റിലേഷൻ ഉറപ്പാക്കുക. വായു സഞ്ചാരമില്ലാത്ത പ്രദേശങ്ങളിൽ ഇവ കാണാം.
● വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.നനവുള്ള തറ, അഴുക്കുപിടിച്ച കോണുകൾ എന്നിവ ഇവയുടെ ആവാസകേന്ദ്രങ്ങളാണ്.
● നാഫ്തലിൻ ബാൾ, കർപ്പൂരം, തുളസി, വെളുത്തുള്ളി ചതച്ചത്, ടീ ട്രീ ഓയിൽ എന്നിവയുടെ ഗന്ധം പഴുതാരകൾക്ക് അസഹ്യമാണ്. ഇവ പരീക്ഷിക്കാം.
● ടൈലുകൾക്കിടയിലെ വിള്ളലുകൾ അടക്കുക.
# ഓർക്കുക:
● ശാസ്ത്രീയമായി പഴുതാര തടയാനുള്ള മിക്ക മാർഗങ്ങളും പരിസ്ഥിതി നിയന്ത്രണത്തിൽ ആശ്രയിച്ചിരിക്കുന്നു. കീടനാശിനികൾക്കുപകരം പരിസ്ഥിതിസൗഹൃദ മാർഗങ്ങൾ ഉപയോഗിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.