‘ചില ശാരീരിക വേദനകൾപോലും മാനസിക ബുദ്ധിമുട്ടിന്‍റെ ലക്ഷണങ്ങളാകാം’ -തിരിച്ചറിയാം, മനസ്സിന്‍റെ താളപ്പിഴകൾ
text_fieldsവ്യക്തിജീവിതത്തെ നയിക്കുന്ന ചിന്തകൾക്കും വികാരങ്ങൾക്കും പ്രവൃത്തികൾക്കും ഒരു താളമുണ്ട്. സംസ്കാരത്തിലും സമൂഹത്തിലും പൊതുവായി അംഗീകരിക്കപ്പെട്ടതോ പ്രതീക്ഷിക്കുന്നതോ ആയ കാര്യങ്ങളിൽനിന്ന് അവ ഗണ്യമായി വ്യതിചലിക്കുമ്പോൾ മനസ്സിന് താളപ്പിഴകൾ ഉണ്ടാകുന്നു.
ഇത്തരം താളപ്പിഴകൾ എല്ലായ്പോഴും അപകടകരമോ പ്രവർത്തനരഹിതമോ അർഥശൂന്യമോ അല്ല. പലപ്പോഴും അവ, തങ്ങളെ കേൾക്കാൻ ശ്രമിക്കാത്ത ഒരു ലോകത്തിനെതിരായ ഹൃദയത്തിന്‍റെ നിശ്ശബ്ദ കലാപങ്ങളായിരിക്കും.
അത്തരം പെരുമാറ്റങ്ങളുടെ തീവ്രത, അവ നിലനിൽക്കുന്ന കാലദൈർഘ്യം, ആവർത്തനങ്ങൾ, എല്ലാറ്റിലുമുപരി അവ എത്രമാത്രം ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തിൽ ഇടപെട്ട് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു എന്നതൊക്കെ സൂക്ഷ്മമായി പഠിച്ചിട്ടു മാത്രമേ രോഗം അല്ലെങ്കിൽ വൈകല്യം ഉണ്ടോ അതോ താൽക്കാലിക അസ്വാസ്ഥ്യം മാത്രമാണോ, ചികിത്സ വേണമോ, വേണമെങ്കിൽ ഏതു ചികിത്സ, എത്രകാലം എന്നൊക്കെ തീരുമാനിക്കാൻ കഴിയൂ. അതിനു മുമ്പ് മാനസികരോഗി എന്ന് മുദ്ര കുത്താൻ വരട്ടെ...
പെരുമാറ്റ വ്യതിയാനവും മാനസിക വൈകല്യവും
ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കുന്ന സങ്കീർണമായ ആരോഗ്യ അവസ്ഥകളാണ് മാനസിക വൈകല്യങ്ങൾ. ഉത്കണ്ഠ, വിഷാദം തുടങ്ങിയ സാധാരണ അവസ്ഥകൾ മുതൽ സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ പോലുള്ള ഗുരുതര രോഗങ്ങൾ വരെ അവയിൽ ഉൾപ്പെടുന്നു.
ഒരു പെരുമാറ്റം, വികാരം അല്ലെങ്കിൽ ചിന്ത അസാധാരണമാണോ എന്ന് നിർണയിക്കാൻ മനഃശാസ്ത്രത്തിൽ ചില മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നു.
പെരുമാറ്റത്തിലെ സാധാരണ വ്യതിയാനങ്ങളും മാനസിക വൈകല്യത്തെ സൂചിപ്പിക്കുന്നവയും തമ്മിൽ വേർതിരിച്ചറിയാൻ ഈ മാനദണ്ഡങ്ങൾ സഹായിക്കുന്നു.
● അപൂർവത: 70ൽ താഴെയോ 130ന് മുകളിലോ ഉള്ള ഐ.ക്യൂ സ്ഥിതിവിവരക്കണക്കനുസരിച്ച് അപൂർവമാണ്.
● സാമൂഹിക മാനദണ്ഡങ്ങളുടെ ലംഘനം: ഒരു സമൂഹത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ അംഗീകൃത നിയമങ്ങൾക്കോ പ്രതീക്ഷകൾക്കോ എതിരാണെങ്കിൽ പെരുമാറ്റം വൈകല്യമാണ്.
● പുറമേക്ക് കുഴപ്പമൊന്നും പ്രകടമല്ലെങ്കിലും ഒരു വ്യക്തി തന്‍റെ ഉള്ളിൽ സമ്മർദവും ഭയവും മറ്റു വൈകാരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നെങ്കിൽ അത് മാനസികപ്രശ്നമായി കരുതണം.
● സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പ്രവർത്തിക്കാനും ദൈനംദിന ജീവിതത്തെ നേരിടാനും കഴിവില്ലാത്തത് മാനസിക വൈകല്യമാണ്.
● ഒരു വ്യക്തി യാഥാർഥ‍്യത്തിന് നിരക്കാത്ത വിചിത്ര വിശ്വാസങ്ങൾ കാണിക്കുകയും അർഥശൂന്യമായ രീതിയിൽ സംസാരിക്കുകയും ചെയ്താൽ അതിനെ ശ്രദ്ധിക്കേണ്ടതുണ്ട്.
● മറ്റുള്ളവരെ അസ്വസ്ഥരാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ അക്രമാസക്തമോ അമിത അടുപ്പമോ ഉള്ള പെരുമാറ്റം.
● ആദർശ മാനസികാരോഗ്യത്തിന്‍റെ അടയാളങ്ങളായ ആത്മാഭിമാനം, വ്യക്തിഗത വളർച്ച, സമ്മർദത്തെ നേരിടൽ, സ്വയംപര്യാപ്തത, യാഥാർഥ‍്യബോധം എന്നിവയുടെ അഭാവം.
പൊതുവായ അടയാളങ്ങൾ
മനസ്സിന്‍റെ താളപ്പിഴകളിൽ രോഗാവസ്ഥകളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ പലതാണ്. പ്രത്യേക രോഗങ്ങൾക്ക് അനുസരിച്ച് ഇവയുടെ സങ്കലനം വ്യത്യാസപ്പെട്ടിരിക്കും.
ശാരീരിക ലക്ഷണങ്ങൾ
● ഉറക്കത്തിലോ വിശപ്പിലോ ഉണ്ടാകുന്ന മാറ്റങ്ങൾ
● വിശദീകരിക്കാൻ കഴിയാത്ത ശാരീരിക വേദന
● ക്ഷീണം, ഊർജക്കുറവ്, അല്ലെങ്കിൽ ക്രമാതീതമായ ഉത്സാഹം
● മെഡിക്കൽ കാരണങ്ങളില്ലാത്ത ശാരീരിക ലക്ഷണങ്ങൾ
വൈകാരിക പ്രകടനങ്ങൾ
● അമിത ദുഃഖം, ഉത്കണ്ഠ, കോപം അല്ലെങ്കിൽ ഭയം
● വൈകാരിക അസ്ഥിരത
● വൈകാരിക അനുഭവത്തിന്‍റെയും പ്രകടനത്തിന്‍റെയും അഭാവം
വൈജ്ഞാനിക ലക്ഷണങ്ങൾ
● യുക്തിരഹിതമായ ചിന്തകൾ അല്ലെങ്കിൽ വിശ്വാസങ്ങൾ
● മിഥ്യാധാരണകൾ അല്ലെങ്കിൽ മതിഭ്രമങ്ങൾ
● ഓർമക്കുറവ് അല്ലെങ്കിൽ ആശയക്കുഴപ്പം
● അടുക്കുംചിട്ടയുമില്ലാത്ത ചിന്തകൾ
● പരസ്പര ബന്ധമില്ലാത്ത സംസാരം
● യാഥാർഥ‍്യബോധം ഇല്ലായ്മ
പെരുമാറ്റത്തിൽ
● സ്വയം പിൻവലിയൽ അല്ലെങ്കിൽ ഒറ്റപ്പെടൽ
● അമിതാവേശം, ചിലപ്പോൾ അക്രമാസക്തമായ പെരുമാറ്റം
● ആവർത്തിച്ചുള്ള നിർബന്ധിത പ്രവർത്തനങ്ങൾ
● അപകടസാധ്യതയുള്ളതോ ആവേശഭരിതമായതോ ആയ പെരുമാറ്റം
സാമൂഹിക/തൊഴിൽ സംബന്ധ തകരാറുകൾ
● ബന്ധങ്ങൾ നിലനിർത്തുന്നതിൽ ബുദ്ധിമുട്ട്
● സ്കൂളിലോ ജോലിസ്ഥലത്തോ നിലവാരം കുറഞ്ഞ പ്രകടനം
● ഉത്തരവാദിത്തങ്ങൾ ഒഴിവാക്കൽ
പ്രധാന മാനസിക വൈകല്യങ്ങൾ
മേൽപറഞ്ഞ ലക്ഷണങ്ങളുടെ സാന്നിധ‍്യവും നിർദിഷ്ട സംയോജനങ്ങളും നിലനിൽക്കുന്ന കാലയളവുകളും ഒക്കെ അനുസരിച്ച് മാനസിക വൈകല്യങ്ങൾ പലതുണ്ട്.
● സോമാറ്റിക് സിംപ്റ്റം ഡിസോർഡേഴ്സ്: ദൈനംദിന ജീവിതത്തെ അസ്വസ്ഥമാക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ ഒന്നോ അതിലധികമോ ശാരീരിക ലക്ഷണങ്ങൾ, ആരോഗ്യത്തെക്കുറിച്ചോ ലക്ഷണങ്ങളെക്കുറിച്ചോ ഉയർന്ന അളവിലുള്ള ഉത്കണ്ഠ, ലക്ഷണങ്ങൾക്കായി അമിത സമയവും ഊർജവും ചെലവഴിക്കൽ, അവയുടെ ഗൗരവത്തെക്കുറിച്ചുള്ള അസന്തുലിതവും സ്ഥിരവുമായ ചിന്തകൾ, ഗുരുതരമായ ഒരു രോഗം ഉണ്ടോ അല്ലെങ്കിൽ ഉണ്ടാകുമോ എന്ന ആശങ്ക എന്നിവയൊക്കെ ചുറ്റുമുള്ളവരിൽ നാം സാധാരണ കാണാറുണ്ട്.
എന്നാൽ, വിശദ പരിശോധനകൾക്ക് ശേഷവും ഏതെങ്കിലും ഒരു പ്രത്യേക ശാരീരിക രോഗാവസ്ഥ സ്ഥിരീകരിക്കാൻ കഴിയാതെവരുമ്പോൾ, അത് സോമാറ്റിക് സിംപ്റ്റം ഡിസോർഡേഴ്സ് എന്ന വിഭാഗത്തിലുള്ള മാനസിക വൈകല്യമാണ്.
● അനോറെക്സിയ നെർവോസ, ബുളീമിയ നെർവോസ: വികലമായ ശരീര പ്രതിച്ഛായ അസാധാരണ ഭക്ഷണ സ്വഭാവങ്ങളിലേക്കും അനാരോഗ്യ ശീലങ്ങളിലേക്കും പെരുമാറ്റ രീതികളിലേക്കും നയിച്ച് നിത്യജീവിതം ദുരിതമാക്കുന്നു. അമിതമായി പട്ടിണി കിടക്കുന്ന അനോറെക്സിയ നെർവോസ, അമിത ഭക്ഷണം കഴിക്കുന്ന ബുളീമിയ നെർവോസ തുടങ്ങിയ ഭക്ഷണ വൈകല്യങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
● ഫോബിയ: ആധി പ്രകടമാകുന്ന പെരുമാറ്റങ്ങളിൽ അമിത ഉത്കണ്ഠ, ഭയം എന്നിവ അടിസ്ഥാനമാണ്. ഒരു പ്രത്യേക വസ്തുവിനോടോ സാഹചര്യത്തോടോ പ്രവർത്തനത്തോടോ ഉള്ള തീവ്രവും യുക്തിരഹിതവും നീണ്ടുനിൽക്കുന്നതുമായ ഭയമാണ് ഫോബിയ.
ഈ ഭയം യഥാർഥ അപകടത്തിന് ആനുപാതികമല്ല; എന്നാൽ, നിത്യകർമങ്ങൾ വരെ തടസ്സപ്പെടുത്തി, ദൈനംദിന ജീവിതത്തെ ദുരിതമയമാക്കാം. ഭീതിയുടെ ഉരുൾപൊട്ടലുകളായ പാനിക് ഡിസോർഡർ, അനാവശ്യമായ ആവർത്തിച്ചുള്ള നിർബന്ധിത ചിന്തകളും പ്രവൃത്തികളും നിറഞ്ഞ ഒ.സി.ഡി തുടങ്ങിയവ ഇതിൽപ്പെടുന്നു.
● ബൈപോളാർ ഡിസോർഡർ: ഉന്മാദത്തിനും വിഷാദത്തിനും ഇടയിലുള്ള മാനസികാവസ്ഥയിലെ ചാഞ്ചാട്ടങ്ങൾ പൊതുവേ ബൈപോളാർ ഡിസോർഡർ എന്നറിയപ്പെടുന്ന വലിയൊരു വിഭാഗമാണ്. ജീവിതത്തിന്‍റെ ശുഭപ്രതീക്ഷകളും ഊർജവും മുഴുവൻ ചോർന്നുപോയ, സന്തോഷം അനുഭവിക്കാനാകാത്ത വിഷാദമാണ് ഇതിന്‍റെ പ്രത്യേകത. ഏറിയും കുറഞ്ഞും തിരതല്ലുന്ന വിഷാദക്കടലിൽ ഒളിഞ്ഞും തെളിഞ്ഞും ഇടക്കിടെ പൊന്തുന്ന ഘട്ടമാണ് ഉന്മാദം. വിഷാദത്തിന്‍റെ വേഷപ്പകർച്ച മാത്രമാണത്.
● ചിത്തഭ്രമം: യാഥാർഥ‍്യവുമായുള്ള ബന്ധം നഷ്ടപ്പെടലാണ് ചിത്തഭ്രമത്തിന്‍റെ പ്രധാന ലക്ഷണം. വികല ചിന്ത, ധാരണ, ഭ്രമാത്മകത, മിഥ്യാധാരണകൾ, ക്രമരഹിത സംസാരം, ഭാഷ, സ്വയംബോധം തുടങ്ങിയവ എല്ലാം സമൃദ്ധമായി കുടമാറ്റം നടത്തുന്ന സ്കീസോഫ്രീനിയതന്നെ ഏറ്റവും നല്ല ഉദാഹരണം. ഒരു പകുതി യാഥാർഥ‍്യത്തിലും മറ്റേ പകുതി സ്വപ്നത്തിലും ഉറപ്പിച്ച് രണ്ടു ലോകങ്ങൾക്കിടയിൽ ജീവിക്കുന്ന അവസ്ഥയാണിത്.
മറ്റാർക്കും കാണാൻ കഴിയാത്ത ആശയങ്ങളെ സ്നേഹിക്കുക, മറ്റുള്ളവർ മിഥ്യകൾ എന്ന് വിളിക്കുന്ന സത്യങ്ങളിൽ വിശ്വസിക്കുക, നിഴലുകളുമായി സംഭാഷണം നടത്തുക, അവയെ മനസ്സിലാക്കാൻ വെളിച്ചത്തിനായി കാത്തിരിക്കുക എന്നിങ്ങനെ പരസ്പരം യോജിക്കാത്ത പ്രഹേളികകളാണ് അവരുടെ ജീവിതം.
സാധാരണ കൗമാരത്തിന്‍റെ അവസാനത്തിലോ യൗവനത്തിന്‍റെ തുടക്കത്തിലോ ആരംഭിക്കുന്ന ഈ രോഗം, പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നു. മാത്രമല്ല, സ്ത്രീകളിൽ വിദഗ്ധമായി ലക്ഷണങ്ങൾ മറഞ്ഞിരിക്കുന്നതിനാൽ, പുരുഷന്മാരിൽ നേരത്തേ ആരംഭിക്കുന്നു എന്ന് കരുതപ്പെടുന്നു.
● വ്യക്തിത്വ വൈകല്യങ്ങൾ: സാംസ്കാരിക-സാമൂഹിക പ്രതീക്ഷകളിൽനിന്ന് ഗണ്യമായി വ്യതിചലിക്കുന്ന, സ്ഥിരതയുള്ളതും അസ്വാഭാവികവും വഴക്കമില്ലാത്തതുമായ ചിന്താരീതികൾ, വികാരങ്ങൾ, പെരുമാറ്റരീതികൾ എന്നീ സ്വഭാവ സവിശേഷതകളുള്ള ഒരു കൂട്ടം മാനസികാരോഗ്യ അവസ്ഥകളാണ് വ്യക്തിത്വ വൈകല്യങ്ങൾ.
ഇവ സാധാരണയായി കൗമാരത്തിലോ യൗവനാരംഭത്തിലോ ആരംഭിക്കുകയും പലപ്പോഴും ബന്ധങ്ങളിലും ജോലിയിലും ജീവിതത്തിന്‍റെ മറ്റു മേഖലകളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സംശയരോഗം, ബോർഡർലൈൻ, ആന്‍റിസോഷ്യൽ, നാർസിസിസ്റ്റിക് എന്നിങ്ങനെയുള്ള വിഭാഗങ്ങൾ നമുക്ക് ചുറ്റും സാധാരണയായി കാണപ്പെടുന്നു.
● ഡിസോസിയേറ്റിവ് ഡിസോർഡേഴ്സ്: ഒരു വ്യക്തിയുടെ ബോധം, ഓർമ, സ്വത്വം എന്നിവയിലെ തടസ്സങ്ങളും തുടർച്ചയില്ലായ്മയും ഉൾപ്പെടുന്ന മാനസികാരോഗ്യ അവസ്ഥകളാണ് ഡിസോസിയേറ്റിവ് ഡിസോർഡേഴ്സ്. പലപ്പോഴും ഇവ കുട്ടിക്കാലത്തെ ഗുരുതര ദുരുപയോഗം, അവഗണന, ആഘാതം എന്നിവയോടുള്ള പ്രതികരണങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ്. ശരീരത്തിൽനിന്നോ തന്നിൽനിന്നോ വേർപെട്ടു എന്ന തോന്നൽ, ലോകത്തെ യാഥാർഥ‍്യമല്ലാത്തതോ സ്വപ്നതുല്യമോ ആയി അനുഭവിക്കൽ എന്നിവ മുതൽ, തുടർച്ചയായതോ ആവർത്തിച്ചുള്ളതോ ആയ വ്യക്തിത്വ വിച്ഛേദനവും ഭിന്ന വ്യക്തിത്വങ്ങളുടെ അവസ്ഥകളും വരെ ഇതിൽ ഉൾപ്പെടുന്നു.
● പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD): യുദ്ധം, പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, അല്ലെങ്കിൽ ആക്രമണം തുടങ്ങിയ ആഘാതകരമായ സംഭവം അനുഭവിക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന മാനസികാരോഗ്യ അവസ്ഥയാണ് പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD). പേടിസ്വപ്നങ്ങൾ, ആഘാത നിമിഷങ്ങൾ ആവർത്തിക്കുന്നതായ തോന്നലുകൾ, ഉറങ്ങാൻ കഴിയായ്ക, ഞെട്ടൽ തുടങ്ങിയവ ഇതിന്‍റെ ലക്ഷണങ്ങളാണ്. ആഘാതത്തിന് തൊട്ടുപിന്നാലെ PTSD തുടങ്ങാം. മറ്റു ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ വൈകാം. സമനില വീണ്ടെടുക്കലിന് നേരത്തേയുള്ള ഇടപെടലുകളും പിന്തുണയും നിർണായകമാണ്.
● ഓട്ടിസം, എ.ഡി.എച്ച്.ഡി: നാഡീ വികസനത്തിലെ വൈകല്യങ്ങൾ കുട്ടിക്കാലം മുതൽതന്നെ വളർച്ചയെയും പ്രവർത്തനത്തെയും ബാധിക്കുന്നതാണ് ഓട്ടിസം. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ജോലികൾ ക്രമീകരിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്, തിരക്കിട്ട ചലനങ്ങൾ അല്ലെങ്കിൽ സംസാരം, അമിത ആവേശം, മുൻപിൻ ചിന്തിക്കാതെയുള്ള എടുത്തുചാട്ടങ്ങൾ എന്നിവ നിറഞ്ഞ എ.ഡി.എച്ച്.ഡി എന്നിവ സമീപകാലങ്ങളിൽ കണ്ടുവരുന്നു.
പ്രധാനമാണ് മാനസികാരോഗ്യം
മാനസികാരോഗ്യം ശാരീരിക ആരോഗ്യം പോലെത്തന്നെ പ്രധാനമാണ്. അതിനെ പരിപാലിക്കുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. മാനസിക വൈകല്യങ്ങൾക്ക് കാരണങ്ങൾ ജൈവശാസ്ത്രപരമോ വൈകാരികമോ വൈജ്ഞാനികമോ പാരിസ്ഥിതികമോ ആകാം. എന്നാൽ, പല മാനസിക വൈകല്യങ്ങളും ശരിയായ സമീപനത്തിലൂടെ മാറ്റിയെടുക്കാവുന്നതും നിയന്ത്രിക്കാവുന്നതുമാണ്.
മാനസികനില വീണ്ടെടുത്ത് വ്യക്തിയെ ഫലപ്രദമായ രീതിയിൽ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ നേരത്തേയുള്ള രോഗനിർണയം, പ്രഫഷനൽ ചികിത്സ, കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നുമുള്ള പരിചരണം, പിന്തുണ എന്നിവ നിർണായകമാണ്. അവബോധം വളർത്തൽ, അപമാനം കുറക്കൽ, മാനസികാരോഗ്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കൽ എന്നിവയും ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള അനിവാര്യ ഘട്ടങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.