‘തണുപ്പ് കാലത്ത് മുത്തശ്ശനും മുത്തശ്ശിക്കും കൂടുതൽ ശ്രദ്ധ നൽകാറുണ്ടോ?’ -മഴക്കാലത്ത് കിടപ്പുരോഗീ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ
text_fieldsഅന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ സാന്നിധ്യം വർധിക്കുന്നതും താരതമ്യേന കുറഞ്ഞ താപനിലയും കാരണം പൊതുവെ മഴക്കാലത്ത് അണുബാധക്കുള്ള സാധ്യത കൂടുതലാണ്.
അലർജി രോഗങ്ങളും കൂടുതലായി കണ്ടുവരാറുണ്ട്. തണുപ്പുള്ള അന്തരീക്ഷത്തിൽ ശരീരത്തിലെ വേദനകൾ വർധിക്കാനും സാധ്യതയേറെയാണ്. ഇവയെല്ലാം കിടപ്പിലായ രോഗികൾക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.
അതുകൊണ്ടുതന്നെ കിടപ്പിലായവരും പ്രായമേറിയവരുമായ രോഗികളെ പരിചരിക്കുന്നവർ മറ്റു സമയങ്ങളെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അക്കാര്യങ്ങളറിയാം...
● രോഗി കിടക്കുന്ന മുറിയുടെ അകവും ചുറ്റുപാടുകളും ഈർപ്പരഹിതവും വൃത്തിയുള്ളതുമായി നിലനിർത്തണം. വായുവിലെ അധിക ഈർപ്പം പൂപ്പൽ വളർച്ചക്കും ബാക്ടീരിയ അണുബാധക്കും കാരണമാകും. മുറിയിൽ നന്നായി വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. മഴക്കാലത്ത് ഇടക്കിടെ കിടക്ക വിരികളും ടവലുകളും മാറ്റുകയും വേണം.
● അണുബാധയെ പ്രതിരോധിക്കുന്നതിൽ പ്രത്യേക ശ്രദ്ധവേണം. മഴക്കാലത്ത് പലപ്പോഴും ശ്വാസകോശ-ജലജന്യ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. തണുത്തതും ഈർപ്പമുള്ളതുമായ അന്തരീക്ഷവായുവിൽ ബാക്ടീരിയ, വൈറസ് തുടങ്ങിയ അണുക്കൾ വർധിക്കുന്നതിനാൽ ജലദോഷത്തിനും ന്യുമോണിയക്കും സാധ്യതയേറും. അതിനാൽ, രോഗിയെ പുതപ്പിച്ചും മറ്റും ശരീരത്തിലെ ചൂട് നിലനിർത്തണം. ചുമയുടെയോ പനിയുടെയോ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.
● രോഗിക്ക് കുടിക്കാൻ നൽകുന്ന വെള്ളവും ഭക്ഷണവും അണുമുക്തമാണെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഫിൽട്ടർ ചെയ്തതോ തിളപ്പിച്ചാറിയതോ ആയ വെള്ളം ഉപയോഗിക്കണം. ഭക്ഷണം എപ്പോഴും ചൂടോടെ നൽകണം. കത്തീറ്ററുകൾ, ബെഡ്പാനുകൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശുചിത്വം പാലിക്കണം.
● വീടിന്‍റെ പരിസരങ്ങളിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം കൊതുകുകൾ പെരുകാൻ കാരണമാവും. ഇത് ഡെങ്കിപ്പനി, മലേറിയ പോലുള്ള രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും. അതുകൊണ്ടുതന്നെ വീടിന് സമീപം വെള്ളം കെട്ടിക്കിടക്കാതെ നോക്കണം. കൂടാതെ മുറിക്കുള്ളിൽ കൊതുകുവലകൾ, കൊതുകിനെ നിയന്ത്രിക്കുന്ന മറ്റ് ഉപാധികൾ എന്നിവ ഒരുക്കണം.
● സാംക്രമിക രോഗങ്ങളുടെ ഭീഷണി കണക്കിലെടുത്ത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ രോഗിയെ സന്ദർശിക്കാൻ അനുവദിക്കരുത്. സന്ദർശകർ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം.
● മഴയുള്ള കാലാവസ്ഥ രോഗികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. രോഗി കിടക്കുന്ന മുറിയിൽ ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കണം. രോഗി ഉണർന്നിരിക്കുമ്പോൾ അവർക്കിഷ്ടമുള്ള വിഷയങ്ങളിൽ സംസാരിക്കുകയും മനസ്സിന് സന്തോഷം നൽകുന്ന സംഗീതം, സിനിമ എന്നിവ ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും വേണം.
● കൃത്യമായ ഇടവേളകളിൽ രോഗിയെ കുളിപ്പിക്കുകയോ ശരീരം വൃത്തിയാക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കുകയോ വേണം. കുളിപ്പിച്ച ശേഷം ശരീരം നന്നായി തുടച്ച് ഈർപ്പരഹിതമാക്കുകയും കിടക്കയുമായി സമ്പർക്കമുള്ള ഭാഗങ്ങളിൽ പൗഡറുകൾ/ക്രീമുകൾ എന്നിവ ഉപയോഗിക്കുകയും വേണം.
ശയ്യാ വ്രണങ്ങൾ വരാതെ സൂക്ഷിക്കണം
തണുത്ത കാലാവസ്ഥ ചർമം വരണ്ടതാവാനും ചർമത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുകവഴി അവിടെ വ്രണങ്ങൾ രൂപപ്പെടാനും കാരണമാകും. അതിനുള്ള സാധ്യത ഇല്ലാതാക്കാൻ തൊലിപ്പുറത്ത് അനുയോജ്യമായ ക്രീമുകൾ (Moisturizer Cream) ഉപയോഗിക്കണം.
ശരീരഭാരം കിടക്കയിലോ മറ്റു പ്രതലങ്ങളിലോ സ്ഥിരമായി അമർന്നിരിക്കുന്ന ഭാഗങ്ങളിൽ കാലക്രമേണ തൊലിയിൽ പൊട്ടലും മുറിവുകളും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള വ്രണങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അവ മാറ്റിയെടുക്കാൻ താരതമ്യേന പ്രയാസമാണ്. അതിനാൽ, വ്രണങ്ങൾ ഉണ്ടാവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇതിനായി രോഗിയെ പതിവായി സ്ഥാനം മാറ്റുക, ദിവസവും ചർമം പരിശോധിക്കുക, രോഗിയെ കിടത്താൻ ഈർപ്പം ആഗിരണം ചെയ്യുന്ന ഷീറ്റുകളും വായുനിറച്ചതോ വെള്ളം നിറച്ചതോ ആയ മെത്തകളും ഉപയോഗിക്കുക.
ഈ ശരീരഭാഗങ്ങളിൽ ശ്രദ്ധയേറെ വേണം
● പുറം ഭാഗം: നട്ടെല്ലിന് താഴത്തെ പുറംഭാഗത്താണ് കിടപ്പുരോഗികളിൽ കൂടുതൽ മർദം ഉണ്ടാകുന്നത്. അതിനാൽ, ഏറ്റവും കൂടുതൽ വ്രണങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഇവിടെയാണ്.
● തലയുടെ പിൻഭാഗം: മലർന്നോ വശത്തോ കിടക്കുന്ന രോഗികളുടെ തലയോട്ടിയുടെ പിൻഭാഗത്തും വ്രണങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്.
● തോളെല്ലുകളുടെ താഴെയും നട്ടെല്ലിന്‍റെ ഇരുവശത്തുമായ ഭാഗവും വ്രണങ്ങൾക്ക് സാധ്യതയുള്ള ഇടങ്ങളാണ്.
● വ്രണങ്ങൾക്ക് സാധ്യതയുള്ള മറ്റൊരു ഭാഗമാണ് കൈമുട്ടുകൾ. രോഗി വശത്തേക്ക് ചരിഞ്ഞ് കിടക്കുമ്പോൾ സ്ഥിരമായി മർദം അനുഭവപ്പെടുന്ന സ്ഥലമായതിനാലാണ് ഇവിടെയുള്ള തൊലിയിൽ മുറിവുകൾ ഉണ്ടാവുന്നത്.
● ഭാരം കൂടിയ ശരീരമുള്ള രോഗികളിൽ കണങ്കാലുകളിലും വ്രണങ്ങൾ രൂപപ്പെടാറുണ്ട്.
● അരക്കെട്ടിലും നിതംബങ്ങളിലും ശ്രദ്ധവേണം. കിടപ്പുരോഗികളിൽ സാധാരണ വ്രണങ്ങൾ ഉണ്ടാവുന്ന സ്ഥലമാണിത്.
● സ്ഥിരമായി ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന രോഗികളുടെ ചെവികൾക്ക് സമീപം മർദം ഉണ്ടാകുകയും അവിടെ വ്രണങ്ങൾക്കുള്ള സാധ്യത കൂടുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.