‘മഴക്കാലത്ത് എന്തുകൊണ്ടായിരിക്കാം മൂക്കടപ്പും കഫക്കെട്ടും വർധിക്കുന്നത്?’ -അറിയാം, കാരണങ്ങളും പരിഹാരങ്ങളും
text_fieldsമഴക്കാലത്ത് കണ്ടുവരുന്ന ഏറ്റവും സാധാരണമായ രോഗമാണ് ജലദോഷം. മൂക്കടപ്പും തുടർന്ന് ചിലപ്പോഴൊക്കെ കണ്ടുവരുന്ന തൊണ്ടവേദനയും ചെവിവേദനയുമെല്ലാം വിശ്രമത്തിലൂടെയും ചെറിയ രീതിയിലുള്ള മരുന്നുകളിലൂടെയും എളുപ്പത്തിൽ മാറ്റിയെടുക്കാം.
എങ്കിലും ചില സാഹചര്യങ്ങളിൽ ഇത് ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിമാറാറുണ്ട്.
എന്തുകൊണ്ട് മഴക്കാലം?
● ഈർപ്പം നിറഞ്ഞ അന്തരീക്ഷം ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗാണുക്കളുടെയും ഫംഗസുകളുടെയും വളർച്ച വേഗത്തിലാക്കുകയും താരതമ്യേന പ്രതിരോധശേഷി കുറഞ്ഞവരിൽ അണുബാധക്ക് കാരണമാവുകയും ചെയ്യും.
● വീടിനകത്തെ തണുപ്പ് പൂപ്പൽ വർധിക്കാൻ ഇടയാക്കുകയും ഇത് അലർജി, ആസ്തമ എന്നിവക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
● താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ ശരീരത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. ചൂടും തണുപ്പും മാറിവരുന്ന കാലാവസ്ഥയിൽ മൂക്കിലെയും തൊണ്ടയിലെയും ശ്ലേഷ്മസ്തരങ്ങളടങ്ങിയ പാളികളിൽ അലർജിമൂലം ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുകയും ശരീര പ്രതികരണത്തിന്‍റെ ഭാഗമായി കഫം രൂപപ്പെടുകയും ചെയ്യുന്നു.
● മഴക്കാലത്ത് അധികസമയവും ആളുകൾ തുറസ്സായ ഭാഗങ്ങളിൽനിന്ന് മാറി കെട്ടിടങ്ങൾക്കകത്ത് ഒരുമിച്ച് കഴിയുന്നതും രോഗം പടരുന്നതിന് കാരണമാവും.
● മഴവെള്ളം കെട്ടിനിൽക്കുന്നതും അത് മലിനമാകുന്നതും ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗാണുക്കളുടെ വ്യാപനത്തിന് കാരണമാവുന്നു.
മഴക്കാലവും അലർജിയും
മഴക്കാലം തുടങ്ങുന്നതോടെ അന്തരീക്ഷത്തിെല ഈർപ്പവും പൂപ്പലും വർധിക്കുകയും അത് അലർജിക്ക് കാരണമാകുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും രോഗങ്ങളുടെ അടിസ്ഥാന കാരണം. ഇതാവട്ടെ തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, പനി, തൊണ്ടവേദന, ശരീരവേദന, ചെവിവേദന തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. ചിലരിൽ ഇതോടൊപ്പം ചുമയും പ്രത്യക്ഷപ്പെടാറുണ്ട്.
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപ്പത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു. തുടക്കത്തിൽതന്നെ ആവശ്യത്തിനുള്ള പരിചരണവും വിശ്രമവും നൽകാതിരുന്നാൽ ശ്വാസകോശത്തിലെ കഫക്കെട്ടിനും മാരകമായേക്കാവുന്ന ന്യുമോണിയക്കുംവരെ കാരണമാകും.
കൂടുതൽ ശ്രദ്ധിക്കേണ്ടവർ
● ചെറിയ കുട്ടികൾ, പ്രതിരോധശേഷി കുറഞ്ഞ പ്രായമേറിയവർ.
● ആസ്തമപോലുള്ള ശ്വാസകോശരോഗങ്ങളുള്ളവർ.
● തണുപ്പുള്ള, വായുസഞ്ചാരം കുറഞ്ഞ സാഹചര്യത്തിൽ ജീവിക്കുന്നവർ.
അണുബാധയുടെ ലക്ഷണങ്ങൾ
അലർജിയെ തുടർന്നുണ്ടാവുന്ന ജലദോഷവും ചുമയും കാരണം തൊണ്ടയിൽനിന്നും മൂക്കിൽനിന്നും പുറത്തുവരുന്ന കഫം കട്ടിയേറിയതും പച്ചകലർന്ന മഞ്ഞനിറത്തോടുകൂടിയതായും കാണപ്പെടുന്നു. ഇത് അണുബാധയുടെ ലക്ഷണമാണ്.
കൂടാതെ തൊണ്ടവേദന, ചെവിവേദന, തുടർച്ചയായ ചുമ, മൂക്കിനിരുവശത്തും നെറ്റിയുടെ ഭാഗങ്ങളിലുമുണ്ടാവുന വേദന (സൈനസൈറ്റിസ്) എന്നിവയും അനുഭവപ്പെടാം. ശ്വാസകോശത്തിലെ അണുബാധമൂലം ശ്വാസം ശക്തിയായി ഉള്ളിലേക്കെടുക്കുമ്പോൾ നെഞ്ചിനകത്തും വേദന അനുഭവപ്പെടാം.
ചെവിവേദനയുടെ കാരണങ്ങൾ
മൂക്കിനെയും ഇരുചെവികെളയും ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യൻ ട്യൂബിൽ (Eustachian tube) അലർജികൊണ്ടുണ്ടാവുന്ന സ്രവങ്ങൾ നിറഞ്ഞ് അതിന്‍റെ പ്രവർത്തനം തടസ്സപ്പെടുകയും മധ്യകർണത്തിൽ അണുബാധയും മർദവും ഉണ്ടാവുകയും ചെയ്യുന്നു. ഇതുമൂലമാണ് പലപ്പോഴും ചെവിവേദന അനുഭവപ്പെടുന്നത്.
ചെവിയിലെ മധ്യകർണത്തെ മൂക്കും തൊണ്ടയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ മാർഗമാണിത്. മധ്യ ചെവിയിലെ മർദം തുല്യമാക്കുകയും സ്രവങ്ങൾ നീക്കം ചെയ്യുകയുമാണ് ഈ അവയവത്തിന്‍റെ ജോലി.
അലർജി, ജലദോഷം അല്ലെങ്കിൽ സൈനസ് അണുബാധകൾ കാരണം മൂക്കിനുള്ളിലെ സ്രവത്തിന്‍റെ തോത് അധികരിച്ച് യൂസ്റ്റേഷ്യൻ ട്യൂബിലെത്തുകയും അതിന്‍റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തേക്കാം. തുടർന്ന് ഈ സ്രവം മധ്യചെവിയിൽ അടിഞ്ഞുകൂടുകയും മർദം രൂപപ്പെടുകയും ചെയ്യുന്നു. ഇതാണ് ചെവിവേദനയുണ്ടാക്കുന്നത്.
തൊണ്ടവേദന
ജലദോഷത്തെതുടർന്നുണ്ടാവുന്ന തൊണ്ടയിലെ അണുബാധയാണ് തൊണ്ടവേദനക്ക് കാരണമാവുന്നത്. തൊണ്ടവേദനയോടൊപ്പം പനി, ഭക്ഷണം കഴിക്കാനും ഉമിനീരിറക്കാനും വായ തുറക്കാനും ബുദ്ധിമുട്ട്, ശബ്ദത്തിന് വ്യത്യാസം, കഴുത്തിൽ വേദനയോടുകൂടിയ വീർത്ത കഴലകൾ (Lymph nodes) എന്നിവയുണ്ടാവുന്നു.
സൈനസൈറ്റിസ്
തലയോട്ടിയിൽ മൂക്കിന് ചുറ്റുമുള്ള ഭാഗത്തെ വായുനിറഞ്ഞ അറകളെയാണ് ‘സൈനസ്’ എന്നുവിളിക്കുന്നത്. നെറ്റിയുടെ പിറകിലും കണ്ണുകളുടെ താഴെയും കണ്ണിന്‍റെയും മൂക്കിന്‍റെയും ഇടയിലും മൂക്കിന്‍റെ ഏറ്റവും പിറകിലുമായാണ് ഈ അറകളുള്ളത്.
ഈ അറകളുടെ ഭിത്തിയിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന കഫം സാധാരണമായി സൈനസിന്‍റെ ചെറിയ ഒരു ദ്വാരം വഴി മൂക്കിലേക്കെത്തി പുറത്തേക്ക് പോയ്ക്കൊണ്ടിരിക്കും. ഏതെങ്കിലും കാരണം മൂലം ഈ ദ്വാരം അടയുകയും സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ രോഗാണുക്കൾ പെരുകി പഴുപ്പുണ്ടാവുകയും ചെയ്യും. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
നാലോ അഞ്ചോ ദിവസത്തിലധികം നീണ്ടുനിൽക്കുന്ന മൂക്കടപ്പ്, മഞ്ഞകലർന്ന പച്ചനിറത്തിലുള്ള കഫം, കഠിന െതാണ്ടവേദന, ചെവിവേദന, ചെവിയിൽനിന്ന് പഴുപ്പ് പുറത്തേക്ക് വരുക, പനി, കടുത്ത ക്ഷീണം എന്നിവയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
ജാഗ്രതയോടെ പ്രതിരോധിക്കാം
● വ്യക്തിശുചിത്വം, കൈകൾ കഴുകൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുകയാണ് മഴക്കാലത്ത് ചെയ്യേണ്ട പ്രധാന പ്രതിരോധ പ്രവർത്തനം.
● വീടിനകവും പരിസരവും വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുക.
● മുറികൾക്കുള്ളിലെ ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ പൂപ്പൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ജനാലകൾ ചെറുതായി തുറന്നിടാം.
● കർട്ടനുകൾ പതിവായി അലക്കുകയും എ.സിയുള്ള വീടുകളിൽ അതിന്‍റെ ഫിൽട്ടറുകൾ വൃത്തിയാക്കുകയും വേണം.
● നനവുള്ള വസ്ത്രങ്ങൾ ഒഴിവാക്കി ഉണങ്ങിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം.
● കുളിക്കാൻ ഇളം ചൂടുവെള്ളം ഉപയോഗിക്കാം
● ആളുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയോ രോഗമുള്ളവരുമായി സമ്പർക്കം ഒഴിവാക്കുകയോ വേണം.
പ്രാഥമിക ചികിത്സകൾ
ജലദോഷം പിടിപെട്ടാൽ വിശ്രമമാണ് പ്രധാന പ്രാഥമിക ചികിത്സ. കഫം അയവുള്ളതാക്കാനും സൈനസിലെ ദ്വാരം തുറക്കാനും ആവി ശ്വസിക്കൽ നല്ല ഫലം നൽകും. ദഹിക്കാൻ എളുപ്പമുള്ള ചൂടുള്ള ആഹാരം മാത്രം കഴിക്കുകയും ആവശ്യത്തിന് ഉറങ്ങുകയും വേണം.
ഒരിക്കലും സ്വയം ചികിത്സക്ക് മുതിരരുത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാണ് മരുന്നുകൾ കഴിക്കേണ്ടത്.
ഭക്ഷണത്തിലും ശ്രദ്ധിക്കാം
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണം കഴിക്കുകയും ശരീരത്തിൽ ജലാംശം നിലനിർത്തുകയും വേണം. ഇതിന്‍റെ ഭാഗമായി ചൂടുള്ള സമീകൃത ആഹാരമാണ് കഴിക്കേണ്ടത്. പഴവർഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.
കുത്തല്ലേ കൊതുകേ... പ്രതിരോധം പ്രധാനം
ഒട്ടേറെ രോഗങ്ങളാണ് കൊതുകുകള്‍ പരത്തുന്നത്. പൂർണമായ നശീകരണം സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വശീലങ്ങൾ കൈക്കൊണ്ടാൽ കൊതുക് വ്യാപനം കുറക്കാം. അതിനുള്ള വഴികളിതാ...
● കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും സ്ഥാപനങ്ങളും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.
● വീടിന് ചുറ്റും കെട്ടിടങ്ങളുടെ അകത്തും മേൽക്കൂരകളിലും സൺഷേഡിലും കുഴികളിലും വെള്ളം കെട്ടിനിൽക്കാതെ നോക്കാം. ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്താം.
● ആഴ്ചയിലൊരു ദിവസം ഡ്രൈഡേ നടത്തുക.
● ഉപയോഗിക്കാത്ത ടോയ്‌ലറ്റുകൾ ഇടക്കിടെ ഫ്ലഷ് ചെയ്യുക.
● ചെറുകുളങ്ങളിലും ടാങ്കുകളിലും കൂത്താടി ഭോജി മത്സ്യങ്ങളായ ഗപ്പി, ഗംബൂസിയ, മാനത്തുകണ്ണി എന്നിവയെ വളർത്തുന്നത് ഉചിതമാണ്.
● വെള്ളം കെട്ടിനില്‍ക്കുന്ന ഏത് വസ്തുവിലും കൊതുക് മുട്ടയിടുമെന്നതിനാല്‍ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയരുത്.
● വീട്ടുമുറ്റത്തും പുരയിടത്തിലും തള്ളിയ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍, ആക്രി സാധനങ്ങള്‍ തുടങ്ങിയവ സംസ്‌കരിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തിവെക്കുകയോ ചെയ്യുക.
● വീടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. ഫ്രിഡ്ജിനടിയിലെ ട്രേ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.
● സെപ്റ്റിക് ടാങ്കിന്റെയും സ്ലാബുകളുടെയും ഇടകളിലും വശങ്ങളിലുമുള്ള വിടവുകള്‍ സിമന്റ് ഉപയോഗിച്ച് അടക്കുക.
● കിണർ, വാട്ടര്‍ ടാങ്ക്, വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം അടച്ചുവെക്കുക.
● കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഡീസല്‍, മണ്ണെണ്ണ എന്നിവ ഒഴിക്കാം.
● കൊതുകുകടി തടയാന്‍ കൊതുകുവല ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. വീടിന്റെ വാതിൽ, ജനല്‍, വെന്റിലേറ്റര്‍ എന്നിവയില്‍ നെറ്റ് ഇടാം. കൊതുകുതിരി, വേപ്പറൈസര്‍ എന്നിവയിലെ രാസപദാർഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്.
● വീടിനുള്ളില്‍ കുന്തിരിക്കം, അഷ്ടഗന്ധം, രാമച്ചം, സാമ്പ്രാണി തുടങ്ങിയവ പുകക്കുന്നത് കൊതുകുകളെ അകറ്റിനിര്‍ത്തും. ആരോഗ്യത്തിന് ദോഷകരവുമല്ല.
● കുഞ്ഞുങ്ങളെ നിര്‍ബന്ധമായും കൊതുകുവലക്കുള്ളില്‍തന്നെ കിടത്തണം. തുറസ്സായ സ്ഥലങ്ങളില്‍ കിടന്നുറങ്ങാതിരിക്കുക.
● കൊതുക് കടിയില്‍നിന്ന് രക്ഷനേടാന്‍ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
● കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ എന്നിവയെല്ലാം കൊതുക് കടിയില്‍നിന്ന് ഒരു പരിധിവരെ സംരക്ഷണം നല്‍കും.
● കൊതുകുകള്‍ ഏറ്റവുമധികം വ്യാപരിക്കുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയത്ത് വീടിന് ഉള്‍ഭാഗം പുകച്ചശേഷം ജനലും വാതിലും അടച്ചിടുന്നത് കൊതുക് ശല്യം കുറക്കാന്‍ ഉപകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.