നിരാശപ്പെടേണ്ട, മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വഴികളുണ്ട്
text_fieldsയുവതലമുറക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്നതായി നിരവധി മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നു. ഇതുമൂലം സമൂഹത്തിലെ മാനസികാരോഗ്യ പ്രശ്നങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും വരെ വർധിക്കുന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
മയക്കുമരുന്നിന് അടിമപ്പെട്ട ഒരു വ്യക്തിയെ എങ്ങനെ ചികിത്സയിലൂടെ ഭേദപ്പെടുത്തിയെടുക്കാം? അയാളെ ചികിത്സിക്കുന്നത് എങ്ങനെയാണ്? ചികിത്സയിലൂടെ രോഗം എഴുതപ്പെട്ടാൽ എത്രനാൾ മരുന്ന് കഴിക്കേണ്ടിവരും? ലഹരിമുക്തി നേടിയ ഒരാൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിയെത്തി ജോലി ചെയ്തു ജീവിക്കാനും കുടുംബജീവിതം നയിക്കാനും സാധ്യമാകുമോ? അക്കാര്യങ്ങൾ അറിയാം.
എന്താണ് മയക്കുമരുന്ന്?
ശരീരത്തിനുള്ളിലേക്ക് കടന്നുചെന്ന് തലച്ചോർ അടക്കമുള്ള ശരീരഭാഗങ്ങളിൽ രാസപരിണാമം ഉണ്ടാക്കി ആ വസ്തുവിനോട് ഒരു അടിമത്തം സൃഷ്ടിക്കുന്നതരം രാസവസ്തുക്കളെയാണ് ലഹരി വസ്തുക്കൾ എന്നു പറയുന്നത്. മദ്യവും പുകയില ഉൽപന്നങ്ങളും ഒക്കെ ലഹരി വസ്തുക്കൾ തന്നെയാണ്. ഇവ വ്യത്യസ്തമായ ശാരീരിക-മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.
എന്നാൽ, ഇവയെക്കാൾ കൂടുതൽ മാനസികാരോഗ്യ പ്രശ്നങ്ങളും പെരുമാറ്റ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന രാസലഹരി വസ്തുക്കൾ നിരോധിത മയക്കുമരുന്നുകളുടെ പട്ടികയിലുണ്ട്. കഞ്ചാവ്, എം.ഡി.എം.എ, ക്രിസ്റ്റൽ മെത്ത്, കൊക്കെയിൻ, ഹെറോയിൻ തുടങ്ങിയ വസ്തുക്കളും ഈ കൂട്ടത്തിൽപെടും.
ഇവയിൽ ചിലതൊക്കെ ശക്തമായ അടിമത്തം സൃഷ്ടിക്കുന്ന പദാർഥങ്ങളാണെങ്കിൽ മറ്റു ചിലത് തലച്ചോറിന്റെ രാസഘടനയിൽ വ്യത്യാസമുണ്ടാക്കി തീവ്ര മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇക്കാരണംകൊണ്ട് തന്നെ ഈ വസ്തുക്കൾ പൂർണമായും ഒഴിവാക്കേണ്ടതാണ്.
അടിമത്തം എങ്ങനെ തിരിച്ചറിയാം?
മദ്യമോ പുകയില ഉൽപന്നങ്ങളോ ഉപയോഗിക്കുന്ന വ്യക്തികളെ സമൂഹത്തിൽ മറ്റുള്ളവർക്ക് തിരിച്ചറിയാൻ എളുപ്പമാണ്. ആ വസ്തുക്കളുടെ പ്രത്യേകതരം ഗന്ധം കൊണ്ടും അത് ഉപയോഗിക്കുമ്പോൾ ശരീര ചലനങ്ങളിലും സംസാരരീതിയിലും വരുന്ന വ്യത്യാസങ്ങൾകൊണ്ടും കുടുംബാംഗങ്ങൾക്ക് തന്നെ ഇവരെ തിരിച്ചറിയാൻ സാധിക്കും. എന്നാൽ, കഞ്ചാവും രാസലഹരികളും മറ്റും ഉപയോഗിക്കുന്ന വ്യക്തികളെ അത്ര പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കണമെന്നില്ല.
നിരന്തരം മുറി അടച്ചിരിക്കുക, പൊട്ടിത്തെറിക്കുക, ശബ്ദങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുക, നിസ്സാരകാരണങ്ങൾക്ക് പോലും അക്രമസ്വഭാവം കാണിക്കുക, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ശരീരം പെട്ടെന്ന് വല്ലാതെ മെലിഞ്ഞുവരുക, കണ്ണുകൾ ചുവന്നിരിക്കുക, ശരീരത്തിൽ മുറിപ്പാടുകൾ പ്രത്യക്ഷപ്പെടുക എന്നിവയൊക്കെ ഒരുപക്ഷേ ഒരു വ്യക്തി മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം ജനിപ്പിക്കേണ്ട ലക്ഷണങ്ങളാണ്.
മയക്കുമരുന്നുകൾക്ക് അടിമപ്പെട്ട ഒരു വ്യക്തി താഴെപ്പറയുന്ന ആറു ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും ഒരുമാസം തുടർച്ചയായി കാണിക്കാറുണ്ട്.
1. മയക്കുമരുന്ന് ഉപയോഗിക്കണമെന്ന തീവ്രമായ ആസക്തി: രാവിലെ ഉറക്കം ഉണരുമ്പോൾതന്നെ മയക്കുമരുന്ന് ഉപയോഗിക്കാമല്ലോ എന്ന പ്രതീക്ഷയാണ് അവരെ മുന്നോട്ടുനയിക്കുന്നത്. ക്ലാസിൽ ഇരിക്കുമ്പോഴും ജോലി സ്ഥലത്തിരിക്കുമ്പോഴുമെല്ലാം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചിന്തകളാണ് അവരെ മുന്നോട്ടുനയിക്കുന്നത്.
2. മയക്കുമരുന്നിന്റെ അളവും അതുപയോഗിക്കുന്ന സമയവും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ.
3. നിശ്ചിതമായ ഒരു ആഹ്ലാദ അനുഭൂതി ലഭിക്കാൻ ക്രമേണ കൂടുതൽ അളവ് മയക്കുമരുന്ന് ഉപയോഗിക്കേണ്ട അവസ്ഥ.
4. പൊടുന്നനെ മയക്കുമരുന്ന് ലഭിക്കാതെയായാൽ ശക്തമായ പിൻവാങ്ങൽ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന അവസ്ഥ. ഉറക്കക്കുറവും വിറയലും തൊട്ട് അമിത ഉത്കണ്ഠയും അക്രമസ്വഭാവവും സ്ഥലകാലബോധം നഷ്ടപ്പെടലുമൊക്കെ പിൻവാങ്ങൽ ലക്ഷണങ്ങളുടെ ഭാഗമായി ഉണ്ടാകും.
5. മയക്കുമരുന്ന് ഉപയോഗമല്ലാതെ മറ്റൊന്നും ആഹ്ലാദം പകരാത്ത അവസ്ഥ.
6. മയക്കുമരുന്ന് ഉപയോഗം അപകടകരമാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് ഒഴിവാക്കാൻ കഴിയാത്ത അവസ്ഥ.
ചികിത്സ എങ്ങനെ?
തലച്ചോറിൽ ഡോപമിൻ എന്ന രാസവസ്തുവിന്റെ അളവിലെ വ്യതിയാനങ്ങളാണ് ലഹരി അടിമത്തത്തിന് കാരണമാകുന്നത്. മയക്കുമരുന്നുകൾ ഉപയോഗിക്കുമ്പോൾ ഡോപമിന്റെ അളവിൽ പൊടുന്നനെ ഉണ്ടാകുന്ന വർധനയാണ് ആഹ്ലാദാനുഭൂതികൾക്ക് കാരണമാകുന്നത്. ഈ അനുഭൂതികൾ വീണ്ടും ലഭിക്കാൻ ആവർത്തിച്ചു മയക്കുമരുന്ന് ഉപയോഗിക്കുകയും ക്രമേണ അതില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ആ വ്യക്തി എത്തിച്ചേരുകയും ചെയ്യുന്നു.
ആദ്യഘട്ടം: മയക്കുമരുന്ന് അടിമത്തത്തിന്റെ ചികിത്സ രണ്ട് ഘട്ടങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ആദ്യഘട്ട ചികിത്സയെ ‘വിഷവിമോചന ചികിത്സ’ (detoxification phase) എന്നു പറയുന്നു. മയക്കുമരുന്ന് പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാകുന്ന പിൻവാങ്ങൽ ലക്ഷണങ്ങൾ ചികിത്സിച്ച് പരിഹരിക്കുകയും മയക്കുമരുന്ന് ഉപയോഗംമൂലം ഉണ്ടായ ശാരീരികവും മാനസികവുമായ രോഗാവസ്ഥകൾ പരിഹരിക്കുകയുമാണ് ഈ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.
ഏത് ലഹരി വസ്തുവാണോ വ്യക്തി കൂടുതലായി ഉപയോഗിക്കുന്നത് അതനുസരിച്ച് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്ക് മാറ്റം വരും. ഉദാഹരണത്തിന് മദ്യത്തിന് അടിമപ്പെട്ട ഒരു വ്യക്തിക്ക് പിൻവാങ്ങൽ ലക്ഷണങ്ങളുടെ ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്നത് ബെൻസോ ഡയസപ്പിൻ വിഭാഗത്തിൽപെടുന്ന ഉത്കണ്ഠ വിരുദ്ധ ഔഷധങ്ങളാണ്.
ഇൻജക്ഷൻ രൂപത്തിലുള്ള ഹെറോയിൻ പോലെയുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർക്ക് നാവിൽ വെച്ചാൽ അലിഞ്ഞുപോകുന്ന തരത്തിലുള്ള ബുപ്രിനോർഫിൽ പോലെയുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്.
കഞ്ചാവ് പോലുള്ള പദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് കഞ്ചാവ് ജന്യ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ ചിത്തഭ്രമ വിരുദ്ധ ഔഷധങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ അനിവാര്യമായിവരും. സാധാരണഗതിയിൽ ഏഴു മുതൽ 10 ദിവസത്തിനുള്ളിൽ ചികിത്സയുടെ ആദ്യഘട്ടം പൂർത്തിയാകും.
ഇതോടെ ആ വ്യക്തിയുടെ ഉറക്കം സാധാരണഗതിയിലാകും. ശക്തമായ മാനസികരോഗലക്ഷണങ്ങളും ശാരീരിക പ്രശ്നങ്ങളും നിയന്ത്രണവിധേയമാകും. സ്വാഭാവിക പെരുമാറ്റരീതിയിലേക്ക് ആ വ്യക്തി മടങ്ങിയെത്തുകയും ചെയ്യും. അമിത അളവിൽ ദീർഘകാലമായി ലഹരിവസ്തുക്കൾ, പ്രത്യേകിച്ച് ഇൻജക്ഷൻ രൂപത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തികളിൽ ചിലപ്പോൾ ചികിത്സയുടെ ഈ ആദ്യഘട്ടം ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കാനുള്ള സാധ്യതയുമുണ്ട്.
രണ്ടാംഘട്ടം: വിഷവിമോചന ചികിത്സ കഴിഞ്ഞ് സാധാരണ നിലയിലേക്ക് എത്തുന്ന വ്യക്തി വീണ്ടും മടങ്ങിപ്പോകുന്നത് പഴയ സാഹചര്യത്തിലേക്ക് തന്നെയാണ്. ലഹരിവസ്തുക്കളുടെ ധാരാളിത്തമുള്ള അന്തരീക്ഷത്തിലേക്കുതന്നെ അയാൾ മടങ്ങിപ്പോയാൽ വീണ്ടും ലഹരി ഉപയോഗിച്ചുതുടങ്ങാൻ സാധ്യത ഏറെയാണ്. ഈ കാരണം കൊണ്ടുതന്നെ ചികിത്സയുടെ രണ്ടാം ഘട്ടത്തിന് പ്രാധാന്യം ഏറെയുണ്ട്.
രണ്ടാംഘട്ട ചികിത്സാരീതിക്ക് പറയുന്ന പേരാണ് പുനഃപ്രവർത്തന പ്രതിരോധ ചികിത്സ (relapse prevention treatment). ലഹരിവസ്തുവിന്റെ ഉപയോഗം അവസാനിപ്പിച്ച വ്യക്തി വീണ്ടും ലഹരി ഉപയോഗത്തിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ ആവശ്യമായ ചികിത്സയാണ് ഇവിടെ നൽകുന്നത്.
ആറുമുതൽ ഒമ്പതുമാസം വരെ നീണ്ടുനിൽക്കുന്ന ഈ ചികിത്സ കാലഘട്ടത്തിൽ മരുന്നുകളും മനഃശാസ്ത്ര ചികിത്സാരീതികളും കുടുംബാംഗങ്ങൾക്കുള്ള പരിശീലനവും ഉൾപ്പെടുന്നു.
ഉപയോഗിക്കുന്ന ലഹരിവസ്തുവിനോടുള്ള ആസക്തി കുറക്കുന്ന മരുന്നുകളാണ് ഇവിടെ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഹെറോയിൻ പോലെയുള്ള ഇൻജക്ഷൻ മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് അതിനോടുള്ള ആസക്തി കുറയാൻ സഹായിക്കുന്ന നാൽട്രക്ക്സോൺ (naltrexone) പോലെയുള്ള മരുന്നുകൾ ഏറെ ഗുണം ചെയ്യും.
മദ്യത്തിന് അടിമപ്പെട്ട വ്യക്തികൾക്ക് അലർജി ലക്ഷണങ്ങൾ, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉളവാക്കുന്ന ഡൈസൾഫിറാം (Disulfiram) പോലെയുള്ള മരുന്നുകൾ ഗുണകരമാകും. മദ്യാസക്തി കുറക്കാൻ സഹായിക്കുന്ന നാൽട്രക്ക്സോൺ, അക്യാം പ്രൊസറ്റ്, ബാക്ലോഫർ തുടങ്ങിയ മരുന്നുകളും ഗുണം ചെയ്യും.
എം.ഡി.എം.എ, ക്രിസ്റ്റൽ മെത്ത്, കൊക്കെയിൻ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് ഇവയോടുള്ള ആസക്തി കുറക്കാനുള്ള മരുന്നുകൾ നൽകുന്നതോടൊപ്പംതന്നെ ഇവ ഉപയോഗിച്ചതിനാൽ തലച്ചോറിന് തകരാർ സംഭവിച്ചതുമൂലമുണ്ടായ മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സയും നൽകേണ്ടതുണ്ട്.
ചിത്തഭ്രമ വിരുദ്ധ ഔഷധങ്ങളും വിഷാദവിരുദ്ധ ഔഷധങ്ങളുമൊക്കെ ഇതിന്റെ ഭാഗമായി ഉപയോഗിക്കേണ്ടിവന്നേക്കാം. ചില വ്യക്തികളിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന്റെ ഫലമായി ലൈംഗികശേഷി കുറവ് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഇത്തരക്കാരിൽ ലൈംഗികശേഷി മെച്ചപ്പെടുത്താനുള്ള മരുന്നുകളും ഉപയോഗിക്കേണ്ടിവരും.
വേണം, മനഃശാസ്ത്ര ചികിത്സയും
പൂർണ ലഹരി വിമോചനം സാധ്യമാകാൻ മരുന്നുകളോടൊപ്പം മനഃശാസ്ത്ര ചികിത്സയും ആവശ്യമാണ്. ലഹരിവസ്തുക്കളിൽനിന്ന് പൂർണമായും അകന്നുനിൽക്കാൻ ഒരു വ്യക്തിയെ ശാക്തീകരിക്കുന്ന പ്രചോദന ഉത്തേജന ചികിത്സ (motivation enhancement therapy) ഏറെ ഫലപ്രദമായ മനഃശാസ്ത്ര ചികിത്സാരീതിയാണ്.
എന്തുകൊണ്ടാണ് താൻ ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടുപോയത് എന്ന് വ്യക്തമായി മനസ്സിലാക്കിയശേഷം മനസ്സിന് ആഹ്ലാദം പകരുന്ന ആരോഗ്യകരമായ മാർഗങ്ങളിലേക്ക് മനസ്സിനെ തിരിച്ചുവിടുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.
പലപ്പോഴും ചിന്താവൈകല്യങ്ങളുള്ള വ്യക്തികൾ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലഹരിവസ്തുക്കളിൽ അഭയം പ്രാപിക്കുന്നത് സാധാരണമാണ്. ഇത്തരക്കാർക്ക് ചിന്താവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ബൗദ്ധിക പെരുമാറ്റ ചികിത്സ, മനോനിറവ് അധിഷ്ഠിത ബൗദ്ധിക ചികിത്സ, അക്സെപ്റ്റൻസ് ആൻഡ് കമ്മിറ്റി തെറപ്പി തുടങ്ങിയ മനഃശാസ്ത്ര ചികിത്സകൾ വളരെ പ്രയോജനം ചെയ്യും.
കുടുംബ ചികിത്സയുടെ അനിവാര്യത
ശിഥിലമായ കുടുംബ പശ്ചാത്തലങ്ങൾ പലരെയും ലഹരി ഉപയോഗത്തിലേക്ക് തള്ളിവിടുന്നതായി കാണുന്നു. ഇത്തരം സാഹചര്യങ്ങളിൽ കുടുംബത്തിലെ അംഗങ്ങൾക്കിടയിലുള്ള യോജിപ്പ് വർധിപ്പിക്കാൻ സഹായിക്കുന്ന കുടുംബ ചികിത്സ (family therapy) രീതികൾക്കും ഏറെ പ്രാധാന്യമുണ്ട്.
പരസ്പര ബന്ധത്തിന്റെ ഇഴയടുപ്പം വർധിപ്പിക്കുകയും അതുവഴി പരസ്പരം താങ്ങും തണലുമായി നിൽക്കുകയും ചെയ്യാനുള്ള ശേഷി വർധിപ്പിക്കുന്നതിലൂടെ ലഹരി വിമോചനത്തിനുള്ള വഴികൾ തുറന്നിടുകയാണ് ഇവിടെ ചെയ്യുന്നത്. പലപ്പോഴും ആഴ്ചയിൽ ഒരുദിവസം ഒരു മണിക്കൂർ വീതം നീളുന്ന മനഃശാസ്ത്ര ചികിത്സകൾ ആറുമാസമെങ്കിലും തുടരേണ്ടത് ആവശ്യമായിവരാം.
ലഹരി വിമോചന സ്വയം സഹായ സംഘങ്ങൾ
ലഹരി വിമോചന ചികിത്സ പൂർത്തിയാക്കിയ വ്യക്തിയുടെ പുനരധിവാസവും വളരെ പ്രാധാന്യമർഹിക്കുന്നു. ഇതിന് വളരെ ഗുണകരമാകുന്ന മാർഗമാണ് ലഹരി വിമുക്ത സ്വയം സഹായ സംഘങ്ങൾ. ലഹരി വിമുക്തി നേടിയ വ്യക്തികൾ ഒരുമിച്ച് ചേർന്ന് അനുഭവങ്ങൾ പങ്കുവെക്കുകയും ലഹരിക്ക് അടിമപ്പെട്ട മറ്റുള്ളവരെ അതിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന സംഘപ്രവർത്തനമാണിത്.
മദ്യത്തിന് അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സഹായിക്കുന്ന ആൽക്കഹോളിക് അനോണിമസ്, മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സഹായകമാകുന്ന നാർകോട്ടിക് അനോണിമസ് (narcotic anonymous) എന്നിവയൊക്കെ സമാന ധർമങ്ങൾ നിർവഹിക്കുന്ന പ്രസ്ഥാനങ്ങളാണ്. ഇത്തരം സംഘങ്ങളിൽ അംഗങ്ങളാകുക വഴി സ്വന്തം ലഹരി വിമുക്താവസ്ഥ തുടർന്നു പോകുന്നതിനൊപ്പം സമാന പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ ലഹരി ഉപയോഗത്തിൽനിന്ന് മോചിപ്പിക്കാനുള്ള അവസരം ഒരുങ്ങുകയും ചെയ്യുന്നു. ജീവിതം അർഥപൂർണമാക്കാനുള്ള നല്ലൊരു അവസരമാണ് ഇതിലൂടെ ഒരു വ്യക്തിക്ക് കൈവരുന്നത്.
രോഗി അറിഞ്ഞുതന്നെ വേണം ചികിത്സ
‘രോഗി അറിയാതെ മദ്യപാനം നിർത്താം, നൂറുശതമാനം പാർശ്വഫല വിമുക്തം’ -ഇത്തരത്തിൽ തലക്കെട്ടുള്ള പരസ്യങ്ങൾ റോഡരികിലും പത്രങ്ങളിലും ഒക്കെയായി ധാരാളം കാണാൻ കഴിയും. ഇവയിൽ എത്രത്തോളം സത്യമുണ്ട്? പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്.
രോഗി അറിയാതെ മദ്യപാനം നിർത്താൻ ശ്രമിക്കുന്നത് തീർത്തും അനാരോഗ്യകരമാണ് എന്നതാണ് ഇതിന്റെ ഉത്തരം. കാരണം മദ്യമോ ലഹരിവസ്തുക്കളോ ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും വ്യത്യസ്ത ശാരീരിക-മാനസിക പ്രശ്നങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. ഇത് വ്യക്തമായി പരിശോധിച്ചു മനസ്സിലാക്കാതെ എല്ലാവർക്കും ഒരേ മരുന്ന് കൊടുക്കുന്നത് ഗുണത്തേക്കാൾ വളരെയധികം ദോഷം ചെയ്യും.
പലപ്പോഴും പ്രകൃതിയിൽനിന്ന് കിട്ടിയ മരുന്നുകൾ എന്ന പേരിൽ ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന മരുന്നുകൾ തന്നെയാണ് അശാസ്ത്രീയ അളവിൽ ഇത്തരം കേന്ദ്രങ്ങൾ വിപണനം നടത്തുന്നത്. എന്നാൽ, രോഗിയുടെ വ്യക്തിപരമായ ശാരീരിക-മാനസിക ആരോഗ്യസ്ഥിതി പരിഗണിക്കാതെ നടത്തുന്ന ഇത്തരം ചികിത്സകൾ ദുരന്തങ്ങളിൽ കലാശിക്കുകയാണ് പതിവ്.
ഉദാഹരണത്തിന് ലഹരിവസ്തുജന്യ ചിത്തഭ്രമം വന്നൊരു വ്യക്തിക്ക് ഇത്തരത്തിലുള്ള മരുന്നുകൾ കൊടുക്കുന്നത് ആ മാനസികരോഗം തീവ്രമാകാൻ കാരണമാകും. ഗുരുതര കരൾ രോഗം ബാധിച്ച വ്യക്തിക്കാണ് ഇത്തരം മരുന്നുകൾ കൊടുക്കുന്നതെങ്കിൽ കരളിന്റെ പ്രവർത്തനം പൂർണമായി സ്തംഭിക്കുന്ന അവസ്ഥപോലും തള്ളിക്കളയാനാകില്ല.
അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ നേരിൽ കണ്ട് രക്തപരിശോധനകളും ആവശ്യമായ മറ്റു പരിശോധനകളും നടത്തി കൃത്യമായ രോഗനിർണയം നടത്തിയശേഷം മാത്രം ചികിത്സ സ്വീകരിക്കുന്നതാണ് രോഗിയുടെ ആരോഗ്യത്തിന് ഗുണകരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.