Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightParentingchevron_right‘ബുള്ളിയിങ്ങിനോട്...

‘ബുള്ളിയിങ്ങിനോട് വേണ്ട, who cares ആറ്റിറ്റ്യൂഡ്’ -ബുള്ളിയിങ് കുട്ടികളെ എങ്ങനെയൊക്കെ ബാധിക്കുമെന്നറിയാം

text_fields
bookmark_border
‘ബുള്ളിയിങ്ങിനോട് വേണ്ട, who cares ആറ്റിറ്റ്യൂഡ്’ -ബുള്ളിയിങ് കുട്ടികളെ എങ്ങനെയൊക്കെ ബാധിക്കുമെന്നറിയാം
cancel

മനഃപൂർവം അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു വ്യക്തിയെയോ ഒരു കൂട്ടം ആളുകളെയോ നിരന്തരമായി ലക്ഷ്യംവെക്കുക, ക്രൂരമായി അവരോട് പെരുമാറുക എന്നതിനെയാണ് ബുള്ളിയിങ് എന്ന് പറയുന്നത്.

ബുള്ളിയിങ് ചെയ്യുന്ന വ്യക്തിക്ക് ഒരാളുടെ മുന്നിൽ കരുത്തുകാണിക്കുക, അവരെ നിയന്ത്രണത്തിലാക്കി അപമാനിക്കുക എന്ന ഉദ്ദേശ്യമാണുള്ളത്. ‘ബുള്ളിയിങ്’ എന്ന ഈ പ്രവണതയെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കാം...

ബുള്ളിയിങ് പലവിധത്തിൽ

● ശാരീരിക ഉപദ്രവം: ഇടിക്കുക, തള്ളുക

● സംസാരത്തിലൂടെ: മോശം പേരു വിളിക്കുക, കളിയാക്കുക, ഭീഷണിപ്പെടുത്തുക

● സാമൂഹികമായി ഒറ്റപ്പെടുത്തുക: കളിയാക്കി മാറ്റിനിർത്തുക, ദുഷ്പ്രചാരണം നടത്തുക

● സൈബർ ബുള്ളിയിങ്: സമൂഹ മാധ‍്യമ പോസ്റ്റുകളിലൂടെ ഒരാളെ അധിക്ഷേപിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന മെസ്സേജുകൾ അയക്കുക എന്നിവ.


നിസ്സാരമാക്കരുത് കുട്ടികൾ ബുള്ളിയിങ്ങിന് ഇരയാകുന്നത്

കൂട്ടുകാരോ സ്കൂളിലെ സീനിയർ കുട്ടികളോ ഒക്കെ കളിയാക്കുന്നത് സാരമില്ല, അതൊക്കെ വളർച്ചയുടെ ഭാഗമാണ് എന്ന് മാതാപിതാക്കൾ കണക്കാക്കിയേക്കാം.

പക്ഷേ, ഇന്നത്തെ കാലത്ത് ചെറിയ കളിയാക്കലുകൾക്കപ്പുറം ബുള്ളിയിങ് കുട്ടികളിൽ വലിയ മാനസികാഘാതം ഉണ്ടാക്കുന്ന അവസ്ഥയാണുള്ളത്. ആത്മഹത്യയും കൊലപാതകവുംവരെ ഇതുമൂലം ഉണ്ടാകുന്ന സാഹചര്യങ്ങളാണ് കണ്ടുവരുന്നത്.

ബുള്ളിയിങ്ങിന് ഇരയാകുന്ന കുട്ടികൾ ഭയംകൊണ്ടോ നാണക്കേടുകൊണ്ടോ എല്ലാ സങ്കടവും ഉള്ളിലൊതുക്കുന്നത് ഭാവിയിൽ വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക പ്രശ്നത്തിലേക്ക് അവരെ കൊണ്ടെത്തിച്ചേക്കാം.

ബുള്ളിയിങ് എങ്ങനെയൊക്കെ കുട്ടികളെ ബാധിക്കും

● പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും താൽപര്യം നഷ്ടപ്പെടും: മുമ്പ് പഠിക്കാൻ താൽപര്യം കാണിച്ചിരുന്ന കുട്ടി പതിയെ പഠനത്തിൽ പിന്നാക്കമാവുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരെ കഴിയാതെ വരുക, മറവി, കലാപരിപാടികളിലും സ്കൂളിലെ മറ്റു പ്രവർത്തനങ്ങളിലും മുമ്പുണ്ടായിരുന്ന താൽപര്യം നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങൾ പ്രകടമാക്കും.

● ആത്മവിശ്വാസം തകരാൻ കാരണമാകും: ‘എന്നെ ഒന്നിനും കൊള്ളില്ല’, ‘എനിക്കെന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് എല്ലാവരും ഒറ്റപ്പെടുത്തുന്നത്’ എന്നിങ്ങനെയുള്ള നെഗറ്റിവ് ചിന്തകൾ അവരുടെ മനസ്സിൽ നിറയും. ആരോടും സംസാരിക്കാനോ എന്തെങ്കിലും കാര്യങ്ങൾ പുതുതായി ചെയ്യാനോ ധൈര്യമില്ലാത്ത അവസ്ഥ.

● സ്കൂളിൽ പോകാൻ മടി: സ്കൂളിൽ പോകേണ്ട ദിവസം തലവേദന, വയറിന് അസ്വസ്ഥത പോലെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക, സ്കൂളിൽ പോകാതിരിക്കുക, നിർബന്ധിച്ചു സ്കൂളിൽ പറഞ്ഞയച്ചാൽ ക്ലാസിൽ കയറാതെ ഒഴിഞ്ഞുമാറി നടക്കുക.

ഇരയായ കുട്ടിയുടെ മാനസികാവസ്ഥ

ബുള്ളിയിങ്ങിന് ഇരയായ കുട്ടിക്ക് മനസ്സിൽ വല്ലാത്ത ടെൻഷൻ തോന്നും. അങ്ങേയറ്റം ഉത്കണ്ഠ തോന്നുന്ന പാനിക് അറ്റാക്ക് എന്ന അവസ്ഥപോലും അനുഭവപ്പെടാം. മനസ്സു മടുത്ത അവസ്ഥ കുട്ടിയെ വിഷാദരോഗത്തിലേക്ക് കൊണ്ടെത്തിച്ചേക്കാം.

ഉറക്കമില്ലായ്മ, ഉപദ്രവമേൽക്കേണ്ടി വരുന്നതായി പേടിസ്വപ്‌നങ്ങൾ കണ്ടു ഞെട്ടിയുണരുക എന്നിവയും ഉണ്ടാകാം. വല്ലാത്ത അപമാനങ്ങൾ ഏൽക്കേണ്ടിവന്നാൽ മനസ്സു വളരെ തകർന്ന അവസ്ഥയിൽ ആത്മഹത്യയെക്കുറിച്ചുപോലും കുട്ടി ചിന്തിച്ചേക്കാം. ഈ പ്രശ്നങ്ങളെല്ലാം തുടക്കത്തിലേ മനസ്സിലാക്കി കുട്ടിക്ക് പിന്തുണ നൽകാൻ കഴിഞ്ഞാൽ വലിയ അപകടങ്ങൾ ഒഴിവാക്കാനാകും.

മാതാപിതാക്കൾ ചെയ്യേണ്ടത്

മാതാപിതാക്കൾ ക്ഷമയോടെ കുട്ടികളുടെ പ്രശ്നം കേൾക്കണം. അവർ പറയുന്നത് ചിലപ്പോൾ നിസ്സാരമാകാം, ചിലപ്പോൾ ഗൗരവം നിറഞ്ഞതുമാകാം. കുട്ടിയുമായി ചർച്ച നടത്തി ഇവ വേർതിരിച്ചു മനസ്സിലാക്കാൻ ശ്രമിക്കണം.

ഇതൊക്കെ നിസ്സാരമാണ്, ധൈര്യമായിരിക്ക് എന്നെല്ലാമുള്ള പിന്തുണ നൽകണം. പക്ഷേ, കുട്ടിയുടെ ജീവൻതന്നെ അപകടത്തിലാക്കുന്ന അവസ്ഥകളെ മുൻകൂട്ടി മനസ്സിലാക്കി കുട്ടിയെ പിന്തുണക്കണം. ആവശ്യമായ നടപടികൾ എടുക്കണം. അധ‍്യാപകരെയോ ഇതുമായി ബന്ധപ്പെട്ട ആളുകളെയോ വിവരം അറിയിക്കണം. ഇനിയും ബുള്ളിയിങ് തുടരാനുള്ള സാധ്യത അവസാനിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം.

കുട്ടി ഈ പ്രശ്നത്തിൽ മാനസികമായി തകർന്ന അവസ്ഥയിലായിരിക്കും. അതിനാൽ, ക്ഷമയോടെ കൈകാര്യം ചെയ്യുക. മനസ്സു വിഷമിച്ചിരിക്കുന്ന കുട്ടിയെ കുറ്റപ്പെടുത്താതെ കാര്യങ്ങൾ കൈകാര്യം ചെയ്യണം.

അധ‍്യാപകർ ചെയ്യേണ്ടത്

കുട്ടികൾക്കിടയിൽ നിരന്തരം പ്രശ്നങ്ങൾ നടക്കുക, ചില കുട്ടികൾ ഒറ്റപ്പെട്ടു കാണുക എന്നിവ ശ്രദ്ധയിൽപെടുമ്പോൾതന്നെ അധ‍്യാപകർ പ്രശ്നം എന്താണെന്ന് കുട്ടികളോടു സംസാരിച്ചു മനസ്സിലാക്കണം.

● പ്രശ്നങ്ങൾ തുടരാൻ അനുവദിക്കരുത്.

● ബുള്ളിയിങ് തടയാനുള്ള നിയമങ്ങൾ സ്കൂളിൽ പാലിക്കുക.

● സ്കൂൾ തുടക്കത്തിൽതന്നെ കുട്ടികളെ ഇതിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കി ബുള്ളിയിങ് ഇല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുക.

● പരസ്പര സഹകരണവും തമ്മിൽ സഹാനുഭൂതിയുമുള്ള അന്തരീക്ഷം സൃഷ്ടിക്കുക.

● ബുള്ളിയിങ്ങിന് ഇരയായ കുട്ടിയെ പിന്തുണക്കുക.

● ബുള്ളിയിങ് ഉണ്ടായാൽ റിപ്പോർട്ട് ചെയ്യാനുള്ള സുരക്ഷിത സംവിധാനം സ്കൂളിൽ ഉണ്ടാവണം.

● ആക്രമണ സ്വഭാവമുള്ള കുട്ടികളെ ആദ്യമേ തിരിച്ചറിഞ്ഞ് കൗൺസലിങ് നൽകുക.

● ഇരയായ കുട്ടിക്ക് മാനസികമായുണ്ടായ ബുദ്ധിമുട്ടുകളെ നേരിടാൻ കൗൺസലിങ് ഉറപ്പാക്കണം.

ബുള്ളിയിങ്ങിന് ഇരയായ കുട്ടിയെ എങ്ങനെ സഹായിക്കാം?

മനസ്സിന് ധൈര്യം ഉണ്ടാക്കിയെടുക്കാനും നോ പറയേണ്ടിടത്ത് അത് ധൈര്യമായി പറയാനുമുള്ള ട്രെയിനിങ് (assertiveness training) സൈക്കോളജിസ്റ്റിനെ സമീപിച്ചു നൽകണം. ഉത്കണ്ഠയോ വിഷാദമോ കുട്ടിയെ ബാധിച്ചിട്ടുണ്ടോ എന്നും സൈക്കോളജിസ്‌റ്റ് പരിശോധിക്കും. കുട്ടിയെ പിന്തുണക്കുകയും ആത്മാർഥ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണം.

പരിഹാസങ്ങളെ നേരിടാന്‍ അവരെ പ്രാപ്തരാക്കണം. മറ്റുള്ളവർ പരിഹസിക്കുമ്പോൾ കുട്ടിയെപ്പറ്റി പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് എന്നില്ല. അത് ബുള്ളി ചെയ്യുന്ന ആൾ സ്വന്തം കരുത്തുകാണിക്കാൻ പറയുന്ന കള്ളങ്ങൾ ആയിരിക്കും.

ഇതൊക്കെ സംഭവിച്ചത് കുട്ടിയുടെ കുറവോ തെറ്റോ കൊണ്ടല്ല എന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. കാരണം, ഇങ്ങനെയൊരു അനുഭവം ഉണ്ടായാൽ അത് തന്‍റെ എന്തോ തെറ്റുകൊണ്ടാണ് എന്ന തെറ്റായ ധാരണ കുട്ടിയിൽ ഉണ്ടാക്കിയേക്കാം. സ്വന്തം നന്മകളിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടിയെ പ്രേരിപ്പിക്കണം. സ്വയം കുറ്റപ്പെടുത്താതെ മനസ്സിൽ സ്വയം കരുണയോടെ സംസാരിക്കാനും പ്രേരിപ്പിക്കണം.

മുതിര്‍ന്നവര്‍ ബുള്ളിയിങ് നേരിടുന്നെങ്കിൽ

കുട്ടികൾ മാത്രമല്ല, മുതിർന്നവരും ബുള്ളിയിങ്ങിന് ഇരയാകാം. ജോലിസ്ഥലങ്ങളിൽ, വീട്ടിൽ, ഒരുപാട് ആളുകളുമായി സംസാരിക്കുന്ന സാഹചര്യങ്ങളിൽ ഒക്കെ ഇതു സംഭവിക്കാം. ഒരു വ്യക്തിയെ മറ്റുള്ളവർ ചേർന്ന് മനഃപൂർവം ഒറ്റപ്പെടുത്തുന്ന അവസ്ഥ. ആ വ്യക്തിയെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിച്ച് സമൂഹത്തിൽ അവരുടെ വില നഷ്ടമാക്കുക, ഒറ്റപ്പെടുത്തുക എന്നീ രീതിയിൽ ഒക്കെ നടക്കാം.

ബുള്ളിയിങ്ങിന് ഇരയാകുന്നത് മുതിർന്നവരിലും വലിയ മാനസിക സമ്മർദം ഉണ്ടാക്കും. ആത്മവിശ്വാസം തകരാനും ഉറക്കം നഷ്ടപ്പെടാനും മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനും എല്ലാം ഇതു കാരണമാകും.

ബുള്ളിയിങ് കുട്ടികളിലും മുതിർന്നവരിലും അവരുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന, മാനസികമായി അവരെ വളരെ തളർത്താൻ ഇടയുള്ള ഗൗരവമുള്ള പ്രശ്നമാണ്. ബുള്ളിയിങ് സ്കൂളുകളിലും കോളജുകളിലും ജോലിസ്ഥലത്തും എല്ലാംതന്നെ ഇല്ലാതെയാക്കുക എന്നതിന് ഓരോ വ്യക്തിയും കൂട്ടായി ശ്രമിക്കണം. ഇതിന്‍റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം അത്യാവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParentingbullyingLifestyle
News Summary - how bullying affects children
Next Story