Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightParentingchevron_right‘എത്ര പഠിപ്പിച്ചിട്ടും...

‘എത്ര പഠിപ്പിച്ചിട്ടും പഠിച്ചിട്ടും നിങ്ങളുടെ കുട്ടി പിന്നിലാകുന്നുണ്ടോ?’ -തിരിച്ചറിയാം കുട്ടികളിലെ ഐ.ക്യു

text_fields
bookmark_border
‘എത്ര പഠിപ്പിച്ചിട്ടും പഠിച്ചിട്ടും നിങ്ങളുടെ കുട്ടി പിന്നിലാകുന്നുണ്ടോ?’ -തിരിച്ചറിയാം കുട്ടികളിലെ ഐ.ക്യു
cancel

ഒരു വ്യക്തിയുടെ ബുദ്ധിയുടെ പൊതുവായ അളവുകോലാണ് ഐ.ക്യു (Intelligence Quotient) അഥവാ ബുദ്ധിക്ഷമത. ഒരാളുടെ മാനസിക വയസ്സും യഥാർഥ വയസ്സും തമ്മിലുള്ള അനുപാതം കൂടിയാണ് ഐ.ക്യു.

ഓരോ വ്യക്തിക്കും അവരുടെ ശരീരത്തിന്‍റെ പ്രായത്തിനനുസരിച്ച് ചിന്തിക്കാനും തീരുമാനമെടുക്കാനും പ്രവർത്തിക്കാനും കഴിയുന്നതാണ് പൊതുവായ ബുദ്ധിക്ഷമത. അതിനാൽ പൊതുവായ ബുദ്ധിക്ഷമത പലരിലും പലതരത്തിലായിരിക്കും.

ഇത് പരിശോധിക്കാൻ മനഃശാസ്ത്ര വിദഗ്ധർ ഐ.ക്യു ടെസ്റ്റുകൾ നടത്താറുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ പഠന പ്രശ്നങ്ങളുടെ ഉൾപ്പെടെ കാരണം കണ്ടെത്താനാകും.

ശരാശരി ഐ.ക്യു

ഒരാളുടെ ശരാശരി സ്കോർ 100 ആണ്. ഭൂരിഭാഗം ആളുകളും (ഏകദേശം 68 ശതമാനം) 85നും 115നും ഇടക്ക് ഐ.ക്യു ഉള്ളവരാണ്.

പരിശോധന മേഖലകൾ

● ലോജിക്കൽ റീസണിങ്

● പ്രശ്നപരിഹാര ശേഷി

● ഗണിതശാസ്ത്ര നൈപുണ്യം

● ഭാഷാ നൈപുണ്യം

● ഓർമശക്തി

● വസ്തുക്കളെയും അവ തമ്മിലുള്ള അകലത്തെയും ബന്ധത്തെയും മനസ്സിലാക്കാനും മനസ്സിൽ രൂപപ്പെടുത്താനുമുള്ള കഴിവ്


ഐ.ക്യു സ്കോറിന്റെ ഉപയോഗം

● പഠനനിലവാരം അളക്കാൻ

● ജോലിക്ക് തിരഞ്ഞെടുക്കാൻ

● മനഃശാസ്ത്ര ഗവേഷണത്തിന്


ഐ.ക്യു കുട്ടികളിൽ

പലപ്പോഴും കുട്ടികൾ ഏറ്റവുമധികം സംഘർഷം അനുഭവിക്കുന്നതും വഴക്ക് കേൾക്കുന്നതും പഠിക്കാത്തതിന്‍റെ പേരിലാണ്. മാതാപിതാക്കളും അധ്യാപകരും കുട്ടികളോട് ദേഷ‍്യപ്പെടുന്നതിനുമുമ്പ് അവർ എന്തുകൊണ്ടാണ് പഠിക്കാത്തത് എന്നുകൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.

ചില കുട്ടികൾക്ക് ബോർഡിലും പുസ്തകത്തിനും എഴുതിയത് വായിക്കാൻ പറ്റുന്നുണ്ടാവില്ല. കാഴ്ച പ്രശ്നങ്ങളാവാം കാരണം.

മറ്റു ചില കുട്ടികൾക്കാവട്ടെ പിതാവിന്‍റെ ലഹരി ഉപയോഗമോ മാതാപിതാക്കൾ തമ്മിലെ വഴക്കോ അവരുടെ വേർപിരിയലോ അടുത്ത ബന്ധുക്കളിൽനിന്നോ കുടുംബ സുഹൃത്തുക്കളിൽനിന്നോ മറ്റോ നേരിട്ട ലൈംഗികാതിക്രമമോ മറ്റോ ആകാം പഠനത്തിൽ പിന്നിലാവാൻ കാരണം.

ഇവ ഒരു പരിധിവരെ നമുക്ക് നേരിട്ട് അറിയാനും കുട്ടിയിലൂടെ മനസ്സിലാക്കാനും സാധിക്കും. എന്നാൽ, എത്ര പഠിപ്പിച്ചിട്ടും പഠിച്ചിട്ടും ഇതൊന്നുമല്ലാത്ത കാരണങ്ങൾ കൊണ്ട് പിന്നിലാകുന്നുണ്ടെങ്കിൽ കുട്ടിയുടെ ഐ.ക്യു മനഃശാസ്ത്ര വിദഗ്ധന്‍റെ അടുത്തുപോയി പരിശോധിക്കേണ്ടതുണ്ട്. ഒരിക്കലും ഗൂഗ്ളിൽ തിരഞ്ഞോ യൂട്യൂബ് വിദഗ്ധരുടെ വാക്കുകേട്ടോ തനിയെ പരിശോധിക്കാൻ ശ്രമിക്കരുത്.

കുട്ടിയോടുള്ള ഇഷ്ടം മൂലമോ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടോ കുട്ടി നിങ്ങളോട് തുറന്നുപറയാത്തത് മൂലമോ പല കാര്യങ്ങളും വിട്ടുപോകാനോ പരിഗണിക്കാതിരിക്കാനോ ഇടയാകും. ചിലപ്പോൾ ഉത്കണ്ഠ കൊണ്ട് പല പ്രശ്നങ്ങളും ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയേക്കാം.

മറ്റു ചിലപ്പോൾ ഞങ്ങളുടെ കുട്ടിക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കാനുള്ള മടികൊണ്ട് അവയില്ലെന്ന് രേഖപ്പെടുത്താം. രണ്ടുതരത്തിൽ രേഖപ്പെടുത്തുമ്പോഴും ഐ.ക്യു ടെസ്റ്റിന്‍റെ ശരിയായ ഫലത്തെ ബാധിക്കും. ഒരു കുട്ടിയുടെ അതേ പ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് തുടക്കത്തിൽ പറഞ്ഞ മേഖലകളിൽ താരതമ്യ പഠനം നടത്തുകയാണ് ഐ.ക്യു ടെസ്റ്റിലൂടെ. ഒരു കുട്ടിയുടെ പഠനശേഷി, പ്രശ്നപരിഹാര ശേഷി, അറിവിനെ സ്വാംശീകരിക്കാനുള്ള ശേഷി എന്നിവ ഉൾപ്പെടെ ടെസ്റ്റിൽ വിലയിരുത്തും.

എന്തിനാണ് കുട്ടികളിൽ ഐ.ക്യു ടെസ്റ്റ്‍

ശാരീരിക, മാനസിക, സാമൂഹിക, വൈകാരിക, ബൗദ്ധിക വളർച്ചയിലൂടെയാണ് ഓരോ വ്യക്തിയും പ്രായത്തിന്‍റെ ഓരോ ഘട്ടത്തിലൂടെ കടന്നുപോകുന്നത്. എന്നാൽ, പ്രായത്തിനനുസരിച്ചുള്ള വളർച്ച ഇവയിൽ ചില മേഖലകളിൽ ചിലർക്കെങ്കിലും ഉണ്ടാകാറില്ല. അവ ചെറുപ്പത്തിലേ തിരിച്ചറിയുന്നത് അതിനനുസരിച്ചുള്ള പരിഹാരനടപടികൾ നേരത്തേ ആരംഭിക്കാനും കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക സംഘർഷം ലഘൂകരിക്കാനും ഇടയാക്കും.

എഴുതാൻ പ്രയാസം നേരിടുന്ന ന്യൂറോ സൈക്കോളജിക്കൽ പ്രശ്നമായ ഡിസ്ഗ്രാഫിയ (Dysgraphia), അടിസ്ഥാന ഗണിതം പോലും തീരെ തലയിൽ കയറാത്ത ഡിസ്കാൽക്കുലിയ (Dyscalculia) അടക്കമുള്ള പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി മനഃശാസ്ത്ര വിദഗ്ധരുടെയും സ്പെഷൽ എജുക്കേറ്റർമാരുടെയും സഹായത്തോടെ യോജിച്ച പഠന രീതികൾ സ്വീകരിക്കാനും ഐ.ക്യു ടെസ്റ്റ് സഹായിക്കും.

● പ്രായത്തിനനുസരിച്ചുള്ള വികാസം പൊതുവായ ബൗദ്ധികതലത്തിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഐ.ക്യു ടെസ്റ്റിന് സാധിക്കും.

● ചെറിയ പ്രായത്തിൽതന്നെ സ്പെഷൽ എജുക്കേഷൻ അല്ലെങ്കിൽ പഠനനിലവാരം മെച്ചപ്പെടുത്താൻ മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ വഴികാട്ടും.

● വൈജ്ഞാനിക ശക്തിയും (Cognitive strength) ദൗർബല്യങ്ങളും തിരിച്ചറിയാൻ സഹായിക്കും.

ഉദാഹരണത്തിന് കണക്കിൽ തീരെ പിന്നിലായ കുട്ടിയുടെ ഭാഷാ നൈപുണ്യം ചിലപ്പോൾ വളരെ മികച്ചതാകാം. ഭാഷ ഹൃദിസ്ഥമാക്കാനും മറ്റും വളരെ എളുപ്പത്തിൽ കഴിയുന്ന ആ കുട്ടിയെ ആ മേഖലയിലുള്ള കരിയറിലേക്കും മറ്റും ഭാവിയിൽ തിരിച്ചുവിടുന്നതും ചെറുപ്പം മുതൽ കഴിവുള്ള മേഖലയിൽ പ്രോത്സാഹനം നൽകുന്നതും ആത്മവിശ്വാസം വർധിപ്പിക്കുകയും ജീവിതത്തെ ശരിയായ ട്രാക്കിൽ ഉറപ്പിക്കുകയും ചെയ്യും.

ഒരു കാര്യം മനസ്സിലാക്കുക, ഉയർന്ന ഐ.ക്യു മാത്രമല്ല ഒരു കുട്ടിയുടെ ഭാവി നിർണയിക്കുന്നത്. മികച്ച കുടുംബാന്തരീക്ഷം, മികച്ച വിദ്യാഭ്യാസം, വൈകാരികസൗഖ്യം, ആത്മീയ പിന്തുണ എന്നിവയെല്ലാം കൂടിയാണ്.

ബുദ്ധി എന്നത് ഐ.ക്യു മാത്രമല്ല

പൊതുവായ ബുദ്ധിക്ഷമതയാണ് ഐ.ക്യു അർഥമാക്കുന്നതെങ്കിൽ ഐ.ക്യു ഉൾപ്പെടാത്ത ബുദ്ധിയുടെ മാനങ്ങൾ വേറെയുമുണ്ട്.

● വൈകാരിക പക്വത (Emotional Quotient): വികാരങ്ങളെ ശരിയായ രീതിയിൽ നിയന്ത്രിക്കാനും പ്രകടിപ്പിക്കാനുമുള്ള ബുദ്ധിവൈഭവമാണ് വൈകാരിക പക്വത. ജോലിയിലും പഠനത്തിലും ബിസിനസിലും പദവിയിലുമൊക്കെ ഉന്നത നേട്ടങ്ങൾ കൈവരിച്ചവരിൽ പോലും ചിലർ നിസ്സാര കാര്യത്തിന് പൊട്ടിത്തെറിക്കുന്നതും വലിയ രീതിയിൽ സങ്കടപ്പെടുന്നതുമൊക്കെ കാണാറുണ്ട്. ഇ.ക്യുവിന്‍റെ കു​റവാണിതിന് കാരണം.

● ആത്മീയ പക്വത (Spiritual Quotient): ബാഹ്യരൂപത്തേക്കാളും പ്രവൃത്തിയേക്കാളും ഒരു വ്യക്തിയുടെ ആന്തരിക ഭാവമാണ് പ്രധാനം. അതിനാൽ നിഷേധാത്മക മനോഭാവങ്ങളായ അസൂയ, വഞ്ചന, കുടിലത, അഹങ്കാരം, അലസത, ഞാനെന്ന ഭാവം എന്നിവ ഒഴിവാക്കാൻ സാധിക്കുന്നതാണ് ആത്മീയ പക്വത.

● സാമൂഹിക പക്വത (Social Quotient): ഒരാൾക്ക് തന്നോട് തന്നെയും മറ്റുള്ളവരോടും ശരിയായ രീതിയിൽ ഇടപഴകാനുള്ള ബുദ്ധിവൈഭവമാണ് സാമൂഹിക പക്വത. സോഷ‍്യൽ കോഷിയന്‍റ്, സോഷ‍്യൽ ഇന്‍റലിജൻസ്, എസ്.ക്യു എന്നെല്ലാം ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഐ.ക്യുവിനൊപ്പം വൈകാരിക, സാമൂഹിക, ആത്മീയ മേഖലകളിലും ബുദ്ധിവൈഭവം ശരിയായ രീതിയിൽ പ്രകടമാകുമ്പോഴാണ് ഒരു വ്യക്തി ജീവിതത്തിൽ സന്തോഷവും സമാധാനവും സംതൃപ്തിയും നേടി വിജയിക്കുന്നത്.

ഐ.ക്യു എങ്ങനെ മെച്ചപ്പെടുത്താം

ഒരു വ്യക്തിയുടെ പാരമ്പര്യത്തിനും ജീവിക്കുന്ന അന്തരീക്ഷത്തിനും ഐ.ക്യുവിൽ നിർണായക സ്വാധീനമുണ്ട്. പാരമ്പര്യ, ജനിതക ഘടകങ്ങൾ സ്ഥിരമായിരിക്കുമ്പോൾതന്നെ ഐ.ക്യു വർധിപ്പിക്കാൻ ചില മാർഗങ്ങളുണ്ട്.

1. മാനസിക ഉദ്ദീപനം

● പതിവായി വായിക്കുക: ഇത് പദസമ്പത്തും ഗ്രഹണ ശേഷിയും വിലയിരുത്തൽ ശേഷിയും വർധിപ്പിക്കും.

● പസിലുകളും ബ്രെയിൻ ഗെയിമുകളും കളിക്കുക: സുഡോക്കു, പദപ്രശ്നം, ചെസ്, റുബിക്സ് ക്യൂബ് തുടങ്ങിയവ.

● പുതിയ കഴിവുകളും ഭാഷയും പഠിക്കുക: വെല്ലുവിളികൾ നേരിടാൻ മസ്തിഷ്കത്തെ പ്രാപ്തമാക്കുന്നതിനൊപ്പം ഓർമശക്തിയും കൂട്ടുന്നു.

2. ശാരീരിക ആരോഗ്യവും വ്യായാമവും

● പതിവായി വ്യായാമം ചെയ്യുക: മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം വർധിക്കാനും പുതിയ ന്യൂറോണുകൾ രൂപപ്പെടാനും സഹായിക്കുന്നു.

● ആവശ്യത്തിന് ഉറങ്ങുക (രാത്രി 7-8 മണിക്കൂർ): ശരിയായ രീതിയിൽ ചിന്തിക്കാനും ഓർമശക്തി വർധിപ്പിക്കാനും സഹായിക്കും.

● മസ്തിഷ്ക ഉദ്ദീപന ഭക്ഷണ രീതി ശീലിക്കുക:

⊿ ഒമേഗ-3 ഫാറ്റി ആസിഡ് (മത്സ്യം, വാൽനട്ട്)

⊿ ആന്‍റി ഓക്സിഡന്‍റുകൾ (ബ്ലൂബെറി, മൾബെറി, ഡാർക് ചോക്ലേറ്റ്)

⊿ ധാന്യങ്ങൾ, ഇലക്കറികൾ

3. ആരോഗ്യമുള്ള ശീലങ്ങൾ

● ഏകാഗ്രത, ധ്യാനം പരിശീലിക്കുക: ശ്രദ്ധ, ഓർമശക്തി, വൈകാരിക നിയന്ത്രണം എന്നിവ കൂട്ടുന്നു.

● ഒത്തിരി കാര്യങ്ങൾ ഒരുമിച്ച് ചെയ്യരുത്: ഒത്തിരി കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്നത് മികവായി മുമ്പ് പറഞ്ഞിരുന്നെങ്കിലും അത് ഓരോ കാര്യത്തിലുമുള്ള ശ്രദ്ധ കുറക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിനാൽ ഒരു കാര്യം ചെയ്യുമ്പോൾ അതിൽ പൂർണ ശ്രദ്ധ കൊടുക്കുക. ഇത് ഏകാഗ്രതയും ചിന്താശേഷിയും വർധിപ്പിക്കും.

● ഇന്‍റർനെറ്റ് ഉപയോഗം നിയന്ത്രിക്കുക: സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇന്‍റർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്നത് ഓരോ കാര്യങ്ങളും ശരിയായ രീതിയിൽ പൂർത്തിയാക്കാനുള്ള തടസ്സം ഒഴിവാക്കുകയും ശ്രദ്ധ കൂട്ടുകയും ചെയ്യും.

4. പാഠ്യ-വൈജ്ഞാനിക വളർച്ചക്ക്

● പ്രയാസമേറിയ വിഷയങ്ങൾ പഠിക്കാൻ ശ്രമിക്കുക.

● സംവാദം, ചർച്ച എന്നിവയിൽ പങ്കെടുക്കുക. ചിന്താശേഷിയും വാചക സമ്പത്തും വർധിപ്പിക്കും.

● സ്ഥിരമായി എഴുതുക: ഡയറി, ഉപന്യാസം, ലേഖനം, ചെറുകഥ, നോവൽ, കവിത എന്നിവയൊക്കെ സ്ഥിരമായി എഴുതുന്നത് ആവിഷ്കാര ബുദ്ധിയെ ഉദ്ദീപിപ്പിക്കും.

5. സാമൂഹിക വൈകാരിക പക്വത വർധിപ്പിക്കുക

● പ്രസാദാത്മക മനോഭാവങ്ങൾ ഉള്ളവരും നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരുമായ വ്യത്യസ്ത തരക്കാരായ ആളുകളുമായി ഇടപഴകുക. ഇത് ചിന്തയെ ഉദ്ദീപിപ്പിക്കും, ഒപ്പം പുതിയ വീക്ഷണങ്ങൾ രൂപപ്പെടുത്തും. മനസ്സിൽ പ്രസാദാത്മകത (Positivity) നിറക്കുകയും ചെയ്യും.

● വികാരങ്ങളെ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ നിയന്ത്രിക്കാനും പ്രകടിപ്പിക്കാനും പരിശ്രമിക്കുക. ബന്ധങ്ങളെ ശക്തിപ്പെടുത്താനും ശരിയായ തീരുമാനമെടുക്കാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ഇതിയിടയാക്കും.

6. മെമ്മറി ടെക്നിക്കുകൾ പരിശീലിക്കുക

വായിച്ചശേഷം ഓർമയിൽനിന്ന് പറയാൻ/ എഴുതാൻ ശ്രമിക്കുക. വിട്ടുപോയവ ഒന്നുകൂടി നോക്കിയ ശേഷം വീണ്ടും ഓർമയിൽനിന്ന് പറയാൻ/ എഴുതാൻ ശീലിക്കുക

7. മറ്റുള്ളവരെ പഠിപ്പിക്കുക

നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നതുവഴി അക്കാര്യം നിങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കും

ഉയർന്ന ഐ.ക്യുവും കുറഞ്ഞ ഐ.ക്യുവും ഉള്ളവർ തമ്മിലെ വ്യത്യാസം

വിവരങ്ങൾ എങ്ങനെ സ്വാംശീകരിക്കുന്നു, പ്രശ്നപരിഹാര ശേഷി, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഐ.ക്യു കുറഞ്ഞവരും ഉയർന്നവരും തമ്മിലുള്ള വ്യത്യാസം. ഓർമശക്തി, ലോജിക്കൽ തിങ്കിങ്, ആശയവിനിമയശേഷി, ഗ്രഹണശക്തി, പഠനനിലവാരം എന്നീ മേഖലകളിലും വ്യത്യാസമുണ്ടാകും.

ഐ.ക്യുവും ഭിന്നശേഷി കുട്ടികളും

ഐ.ക്യു പ്രധാനമായും അളക്കുന്നത് ഒരു വ്യക്തിയുടെ ചിന്തയുമായി ബന്ധപ്പെട്ട ഘടകങ്ങളെയാണ്. ലോജിക്കൽ റീസണിങ്, വാചിക ഗണിത നൈപുണ്യം, ഓർമശക്തി, ഗ്രഹണശേഷി എന്നിവയൊക്കെയാണ് ഐ.ക്യുവിൽ അളക്കുന്നത്.

സർഗാത്മകത, വൈകാരിക പക്വത, ആന്തരിക പ്രചോദനം, പ്രായോഗിക കഴിവുകൾ, ആത്മീയത, സാമൂഹിക ബുദ്ധി ഒന്നും ഐ.ക്യു അളക്കു​ന്നില്ല. ഐ.ക്യു കുറഞ്ഞതിന്‍റെ പേരിൽ ഞാൻ ജീവിതത്തിൽ പരാജയപ്പെടും എന്ന് ആശങ്കപ്പെടേണ്ടതില്ല. മറിച്ച് ഐ.ക്യു മെച്ചപ്പെടുത്താനുള്ള വഴികൾ തേടാം.

ഭിന്നശേഷി കുട്ടികളിലെ ഐ.ക്യു

● ഇന്‍റലക്ച്വൽ ഡിസെബിലിറ്റി (ID) ഐ.ക്യു സ്കോർ: 70ൽ താഴെ

പ്രത്യേകതകൾ

⊿ ഗ്രഹിക്കാനും മനസ്സിലാക്കാനും താമസം

⊿ തീരുമാനങ്ങളെടുക്കാൻ പ്രയാസം

⊿ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രയാസം

ഇത്തരക്കാർക്ക് സ്പെഷൽ എജുക്കേഷനും ലൈഫ് സ്കിൽ സപ്പോർട്ടും ആവശ്യമാണ്.

● ഓട്ടിസം സ്​പെക്ട്രം ഡിസോഡർ (ASD): ഐ.ക്യു നിലവാരം വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലർക്ക് താഴ്ന്ന ഐ.ക്യു നിലവാരവും ഇന്‍റലക്ച്വൽ ഡിസെബിലിറ്റിയും ഉണ്ടാകാം. മറ്റു ചിലർക്കാകട്ടെ ചിലപ്പോൾ ശരാശരി അല്ലെങ്കിലും ഉയർന്ന ഐ.ക്യു നിലവാരം തന്നെയുണ്ടാകും (പ്രത്യേകിച്ച് ഓർമശക്തി, വിഷ്വൽ റീസണിങ് മേഖലകളിൽ).

ഇത്തരക്കാർ സംഗീതം, ഗണിതം, കലാരംഗം തുടങ്ങിയ പ്രത്യേക മേഖലകളിൽ കഴിവ് തെളിയിക്കാറുണ്ട്. പിഎച്ച്.ഡി ഉൾപ്പെടെ നേടിയവർ ഉണ്ട്.

● പഠന പ്രശ്നങ്ങൾ (ഉദാഹരണം ഡിസ്​ലെക്സിയ): ഐ.ക്യു നിലവാരം സാധാരണയോ ശരാശരിക്ക് മുകളിലോ ആയിരിക്കും. പക്ഷേ വായന, എഴുത്ത് തുടങ്ങിയ പ്രത്യേക മേഖലകളിൽ പ്രയാസമനുഭവിക്കുന്നു. ഗ്രഹണ ശേഷിയും ചില മേഖലകളിൽ കുറവായിരിക്കും. ചില മേഖലകളിൽ ഉയർന്നിരിക്കും. ചില മേഖലകളിൽ പ്രയാസനുഭവിക്കുന്ന ഇവർ മറ്റു മേഖലകളിൽ മികവ് കാണിക്കുകയും ചെയ്യും.

● അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി): ഐ.ക്യു നിലവാരം ശരാശരിയോ മുകളിലോ ആവാം. ശ്രദ്ധക്കുറവുണ്ടായിരിക്കും.

● അനുഗൃഹീത കുട്ടികൾ: ചില കുട്ടികൾക്ക് ഉയർന്ന ഐ.ക്യു ഉണ്ടാകും. അതേസമയം തന്നെ പഠന പ്രശ്നങ്ങളും അനുഭവപ്പെടും (ഉദാഹരണം സയൻസിൽ ബ്രില്ല്യന്‍റായ കുട്ടി വായിക്കാൻ പ്രയാസപ്പെടുന്ന അവസ്ഥ). ഇത്തരക്കാർക്ക് അവരുടെ കഴിവിനെ ഉദ്ദീപിപ്പിക്കുന്ന/കുറവിനെ പരിഹരിക്കുന്ന പ്രത്യേക ബോധന രീതികൾ ആവശ്യമാണ്.

പ്രധാന ഐ.ക്യു ടെസ്റ്റുകൾ

● Stanford-Binet Intelligence Scale

● Wechsler Adult Intelligence Scale (WAIS)

● Wechsler Intelligence Scale for Children (WISC)

● Kaufman Assessment Battery for Children (KABC)

ഓർക്കുക, ഐ.ക്യു ഒരു വ്യക്തിയുടെ കഴിവിനെ അളക്കുന്ന പൂർണമായ അളവുകോലല്ല. ഇതൊരിക്കലും സർഗാത്മകത, വൈകാരിക പക്വത, സാമൂഹിക നൈപുണ്യങ്ങൾ, ആന്തരിക-ബാഹ്യ പ്രചോദനങ്ങൾ, ആത്മീയ ശക്തി എന്നിവ അളക്കുന്നില്ല. വിദ്യാഭ്യാസം, ജീവിക്കുന്ന അന്തരീക്ഷം, സംസ്കാരം, ആരോഗ്യം, മനോഭാവം, ശീലങ്ങൾ എന്നിവയെല്ലാം ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനത്തെ (Cognitive development) സ്വാധീനിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParentingLifestyle
News Summary - IQ in children
Next Story