‘നിങ്ങളുടെ കുട്ടിക്ക് സ്കൂളിൽ പോകാൻ ഇഷ്ടമില്ലേ?’ -കുട്ടികൾ സ്കൂളിൽ പോകാൻ മടി കാണിക്കുന്നതിന്റെ കാരണങ്ങളും പരിഹാര മാർഗങ്ങളുമറിയാം
text_fieldsകുട്ടികൾ സ്കൂളിൽ പോകാൻ മടികാണിക്കുന്നത് വളരെ സ്വാഭാവികമായതും പലപ്പോഴും അതൊരു വലിയ പ്രശ്നമാകാതെ ദിവസങ്ങൾക്കുള്ളിൽ മാറുന്നതുമായ ഒരു കാര്യമാണ്.
സ്കൂളിൽ ആദ്യമായി പോകുന്ന സമയത്തും ഒന്നോ രണ്ടോ അവധി ദിവസമോ നീണ്ട അവധിക്കാലമോ ഒക്കെ കഴിഞ്ഞ് സ്കൂൾ തുറക്കുന്ന അവസരത്തിലുമൊക്കെ കുട്ടികളിൽ ഈ മടി കാണാം. വിദ്യാഭ്യാസകാലത്ത് ഏതെങ്കിലുമൊക്കെ ഘട്ടങ്ങളിൽ ചെറിയ മടി തോന്നിയിട്ടുള്ളവരാകും മിക്കവരും.
മഴക്കാലത്തൊക്കെ ഒരു അവധി കിട്ടാനുള്ള കുട്ടികളുടെ ആഗ്രഹവും അപ്രതീക്ഷിതമായി അവധികൾ കിട്ടുമ്പോഴുള്ള അവരുടെ സന്തോഷവും പൊതുവെ കാണാറുണ്ടല്ലോ. സ്കൂളിൽ പോകാനുള്ള മടി എന്ന് പൊതുവെ പറയുമ്പോഴും ഇത് പലപ്പോഴും പേടി, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുമാകാം.
കുട്ടിയുടെ സ്കൂളിനോടുള്ള ഇഷ്ടക്കുറവിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. മാത്രമല്ല, ഓരോ പ്രായത്തിലും സ്കൂളിനോടുണ്ടാകുന്ന ഇഷ്ടക്കേടുകൾക്ക് വ്യത്യസ്ത കാരണങ്ങളുമാകാം. ഉദാഹരണത്തിന് ആദ്യമായി സ്കൂളിൽ പോകുന്ന കുഞ്ഞിന് മാതാപിതാക്കളിൽനിന്ന് മാറിനിൽക്കുമ്പോഴുണ്ടാകുന്ന ഭയമാണ് കാരണമെങ്കിൽ കൗമാരക്കാർക്ക് പഠനഭാരമോ സ്ക്രീൻ അഡിക്ഷനോ ആകാം കാരണം.
സ്കൂളിനോടുള്ള കാഴ്ചപ്പാട്
സ്കൂളിൽ പോകും മുമ്പുതന്നെ കുട്ടികളിൽ സ്കൂളിനെക്കുറിച്ചുള്ള സങ്കൽപവും അനുഭാവവും ഒക്കെ ഉണ്ടാകുന്നതിൽ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. സ്കൂളിനെക്കുറിച്ചുള്ള മറ്റുള്ളവരുടെ സംഭാഷണങ്ങൾ, സിനിമകൾ, കാർട്ടൂൺ തുടങ്ങിയവയിൽനിന്ന് കിട്ടുന്ന വിവരങ്ങൾ, സഹോദരങ്ങളുടെ സ്കൂളിനോടുള്ള കാഴ്ചപ്പാടും അവരുടെ അനുഭവങ്ങളും തുടങ്ങി ഒട്ടേറെ സ്രോതസ്സുകളിൽനിന്ന് കുട്ടികൾക്ക് സ്കൂൾ എന്താണെന്നും സ്കൂൾ അന്തരീക്ഷം എങ്ങനെയാണെന്നും അവിടത്തെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും അധ്യാപകർ ആരാണെന്നുമൊക്കെയുള്ള പല വിവരങ്ങളും ലഭിക്കുന്നുണ്ട്. ഇതിൽ അവർക്ക് സ്കൂളിനോട് ഇഷ്ടം തോന്നുന്നതും പേടിതോന്നുന്നതുമായ വിവരങ്ങൾ ഉണ്ടാകാം.
‘ഇനി വഴക്കുണ്ടാക്കിയാൽ നിന്നെ സ്കൂളിൽ കൊണ്ടുവിടും’, ‘ടീച്ചറോട് പറഞ്ഞു നിനക്ക് അടി വാങ്ങിത്തരും’, ‘പഠിക്കുന്ന കുട്ടികളെയാണ് ടീച്ചറിനിഷ്ടം’, ‘സ്കൂളിൽ പോയിത്തുടങ്ങിയാൽ പിന്നെ ഈ കളി ഒന്നും നടക്കില്ല’ തുടങ്ങി മുതിർന്നവർ അത്ര ശ്രദ്ധിക്കാതെ പറയുന്ന ഒട്ടനവധി കാര്യങ്ങൾ കുഞ്ഞുങ്ങളിൽ സ്കൂളിനോട് മോശം അനുഭാവം ഉണ്ടാക്കാനിടയാക്കും.
അതിനാൽ കുഞ്ഞുങ്ങൾ കേൾക്കെ സ്കൂളിനെപ്പറ്റി പറയുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ മൂത്ത കുട്ടികൾ സ്കൂളിൽ പോകാനും പഠിക്കാനും ഗൃഹപാഠം ചെയ്യാനുമൊക്കെ മടിയും വഴക്കും ഒക്കെ കാണിക്കുന്നവർ ആണെങ്കിൽ അതും കുഞ്ഞുങ്ങളിൽ സ്കൂളിനെക്കുറിച്ച് പേടിയും വെറുപ്പും ഉണ്ടാകാൻ കാരണമാകാം.
സ്കൂളിലെ ആദ്യദിനങ്ങൾ പോസിറ്റിവായി പോവുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം സ്കൂളിനോടും അധ്യാപകരോടുമുള്ള ഇഷ്ടം അവരുടെ പഠനത്തെയും സ്വാധീനിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പാട്ടും കളിയും ചിരിയും മധുരവും ബലൂണുകളുമൊക്കെയായി പ്രവേശനോത്സവങ്ങൾ നടത്തി അവരെ സ്വീകരിക്കുന്നത് തന്നെയാണ് ഉചിതം.
വേർപിരിയൽ ഉത്കണ്ഠ (Separation Anxiety)
സ്കൂളിൽ പോകാൻ തുടങ്ങുന്ന ഒരു കുഞ്ഞിനെ സംബന്ധിച്ച് മാതാപിതാക്കളിൽനിന്ന് അകന്ന് മുൻപരിചയമില്ലാത്ത കുറേ ആൾക്കാർക്കിടയിൽ സമയംചെലവഴിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉണ്ടാവുന്നത്. മാത്രമല്ല, അതുവരെ ഒരു നിയന്ത്രണവുമില്ലാതെ സ്വന്തം ഇഷ്ടത്തിന് സ്വതന്ത്രമായി കളിക്കുകയും കഴിക്കുകയും ഉറങ്ങുകയുമൊക്കെ ചെയ്തുകൊണ്ടിരുന്ന കുഞ്ഞ്, പെട്ടെന്നൊരു ദിവസം ഇതിനൊക്കെ നിയന്ത്രണങ്ങളും നിയമങ്ങളുമൊക്കെയുള്ള ഒരു സാഹചര്യത്തിലേക്കാണ് മാറുന്നത്.
എന്തിനും അനുവാദം ചോദിക്കേണ്ടിവരുന്നു. ഇഷ്ടമുള്ളത് എന്തും ചെയ്യാം എന്ന സ്ഥിതി മാറുന്നു. ഇതൊക്കെ കൊച്ചു കുഞ്ഞുങ്ങളിൽ സമ്മർദവും സങ്കടവുമൊക്കെ ഉണ്ടാക്കാനിടയുള്ളതുമാണ്. അതുകൊണ്ടുതന്നെ തുടക്കത്തിൽ സ്കൂളിൽ പോകുമ്പോൾ കരയുന്നതും മടികാണിക്കുന്നതുമൊക്കെ സ്വാഭാവികമാണ്.
ഏകദേശം രണ്ടാഴ്ചമുതൽ ഒരുമാസം കൊണ്ടുതന്നെ മിക്ക കുട്ടികളും താൻ സുരക്ഷിതമായ ഒരു സ്ഥലത്തുതന്നെയാണുള്ളത്, സമയമാകുമ്പോൾ തിരിച്ച് എനിക്ക് വീട്ടിലെത്താം എന്നൊക്കെ മനസ്സിലാക്കുകയും അതോടെ ഭയവും കരച്ചിലുമൊക്കെ കുറഞ്ഞു സ്കൂളിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുകയും ചെയ്യാറുണ്ട്.
കരയുന്ന കുട്ടിയെ കളിയാക്കുകയോ ഭീഷണിപ്പെടുത്തുകയോ വഴക്കുപറയുകയോ ചെയ്യാതെ, കുഞ്ഞിന്റെ ഭയവും വിഷമവുമൊക്കെ മാതാപിതാക്കളും അധ്യാപകരും മനസ്സിലാക്കുന്നുണ്ടെന്നും (Emotional Validation) അത് മറികടക്കാൻ വേണ്ട പിന്തുണ അവർ നൽകുമെന്നുമുള്ള ഉറപ്പ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.
സ്കൂൾ അന്തരീക്ഷം
ഏത് സ്ഥലവും ഒരാൾക്ക് ഇഷ്ടമാകുന്നതിന് അവിടത്തെ അന്തരീക്ഷം വലിയ പ്രാധാന്യം അർഹിക്കുന്നു. ഒരു സ്കൂളിന്റെ നിയമങ്ങൾ, കുട്ടികളോടുള്ള അധ്യാപകരുടെ സമീപനവും ഇടപെടലുകളും, കുട്ടികൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം, കളികൾക്കും കായികവിനോദങ്ങൾക്കുമുള്ള സൗകര്യങ്ങൾ, സൗഹൃദം തുടങ്ങിയവയൊക്കെ കുട്ടികൾക്ക് സ്കൂളിനോടുള്ള ഇഷ്ടം നിർണയിക്കുന്ന ഘടകങ്ങളാണ്.
ചില വിഷയങ്ങളുടെ പീരിയഡ് അല്ലെങ്കിൽ ചില അധ്യാപകരുടെ ക്ലാസുകൾ ഉള്ള ദിവസം കുട്ടികൾ സ്കൂളിൽ പോകാൻ മടികാണിക്കാറുണ്ട്. ഇത് ആ പ്രത്യേക വിഷയത്തോടോ അധ്യാപകനോടോ ഉള്ള ഇഷ്ടക്കേടോ ഭയമോ കാരണം സ്കൂളിനോടുതന്നെ വെറുപ്പ് ഉണ്ടാകുന്ന സാഹചര്യമാണ്.
അതുപോലെതന്നെ ഒറ്റക്കാരണംകൊണ്ട് സ്കൂളിനെ ഏറെ ഇഷ്ടപ്പെടുന്നവരുമുണ്ട്. ഉദാഹരണത്തിന് ബാസ്കറ്റ് ബാൾ ഇഷ്ടമുള്ള ഒരു കുട്ടിക്ക് സ്കൂളിൽ നല്ല ബാസ്കറ്റ് ബാൾ കോർട്ട് ഉള്ളതുകൊണ്ടും കളിക്കാൻ അവസരം ഉള്ളതുകൊണ്ടും സ്കൂളിൽ പോകാൻ ഇഷ്ടം തോന്നാം. അതുപോലെ നല്ല ലൈബ്രറി ഉണ്ടെന്നതും ക്ലാസിലെ ലീഡർ ആകുന്നതും നല്ല സൗഹൃദങ്ങൾ ഉള്ളതുമൊക്കെ പലർക്കും സ്കൂളിൽ പോകാൻ ഇഷ്ടം കൂട്ടുന്ന ഘടകങ്ങളാണ്.
ഓരോ കുട്ടിയുടെയും പ്രകൃതവും ഇഷ്ടങ്ങളും സ്വഭാവവും ഒക്കെ വ്യത്യസ്തമായിരിക്കും എന്ന അവബോധത്തോടുകൂടി തന്നെയാകണം സ്കൂൾ അന്തരീക്ഷം ഉണ്ടാകേണ്ടത്. അവിടെ ഓരോരുത്തർക്കും ഇഷ്ടപ്പെടാനും സന്തോഷിക്കാനും റിലാക്സ് ചെയ്യാനും ഒക്കെയുള്ള സാഹചര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.
അമിത ശിക്ഷകൾ നൽകുക, പരസ്യ വിചാരണ ചെയ്യുക പോലെയുള്ള കർക്കശ നിയമങ്ങൾ കാരണം സ്കൂളിനെ വെറുക്കുന്ന കുട്ടികളുണ്ട്. എല്ലാ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും ഓരോ കുട്ടിയുടെയും പങ്കാളിത്തം ഉറപ്പാക്കേണ്ടതും ഒരു കുട്ടി പോലും അവയിൽനിന്ന് മാറ്റിനിർത്തപ്പെടാനോ ഒഴിവാക്കപ്പെടാനോ ഉള്ള സാഹചര്യം ഇല്ലാതാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികളും അധ്യാപകരും
ഒരു വ്യക്തിയുടെ സ്കൂളിനെക്കുറിച്ചുള്ള ഓർമകൾ പരിശോധിച്ചാൽ മനസ്സിലാകും അതിൽ അധ്യാപകരോടുണ്ടായിരുന്ന ബന്ധത്തിന് എത്രമാത്രം പ്രധാന്യമുണ്ടെന്ന്. കുട്ടികളുടെ രണ്ടാമത്തെ വീട് എന്നറിയപ്പെടുന്ന വിദ്യാലയങ്ങളിൽ മാതാപിതാക്കളെപ്പോലെതന്നെ പ്രാധാന്യമുണ്ട് അധ്യാപകർക്കും.
പഴയകാലത്തെ അധ്യാപകർ പഠിപ്പിക്കുന്നതോടൊപ്പം തന്നെ ക്ലാസിലെ ഓരോ കുട്ടിയുടെയും അന്തരീക്ഷവും അവരുടെ പ്രശ്നങ്ങളും കഴിവുകളും പോരായ്മകളുമൊക്കെ മനസ്സിലാക്കുന്നതിന് പ്രാധാന്യം നൽകിയിരുന്നു. എന്നാൽ, ഇന്നത്തെ അധ്യാപകരുടെ ജോലിഭാരം കാരണം പലപ്പോഴും അവർക്കതിന് സമയം കിട്ടാറില്ല.
ഇന്നത്തെ എ.ഐ യുഗത്തിൽ അറിവ് പകർന്നുനൽകുക എന്ന ജോലി മാത്രമാണ് അധ്യാപകർ തുടരുന്നതെങ്കിൽ അധ്യാപകരുടെ പ്രാധാന്യം പോലും കുട്ടികൾ മനസ്സിലാക്കില്ല. അവർക്ക് അറിവ് നേടാൻ, അതും ക്ലാസ് മുറികളിലെ ബോറൻ രീതികളിൽനിന്ന് വ്യത്യസ്തമായി കാര്യങ്ങൾ വിശദീകരിച്ചു നൽകാൻ ഗൂഗിളും എ.ഐയും യൂട്യൂബ് ചാനലുകളുമൊക്കെ സഹായത്തിനുണ്ട്. അതിനാൽ അധ്യാപകരുടെ ക്ലാസുകൾ കുട്ടികൾക്ക് വിരസമായെന്നു വരാം.
കുട്ടികൾക്ക് വൈകാരിക പിന്തുണ നൽകുക, ഓരോ കുട്ടിയുടെയും കഴിവുകൾ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുക, ഒരു മെന്റർ എന്ന തലത്തിലേക്ക് വളരാൻ ശ്രമിക്കുക തുടങ്ങി എ.ഐക്ക് നൽകാൻ കഴിയാത്ത കാര്യങ്ങളിലൂടെ മാത്രമേ നല്ല അധ്യാപക-വിദ്യാർഥി ബന്ധങ്ങൾ ഉണ്ടാവുകയുള്ളൂ, കുട്ടികൾ സ്കൂളിന്റെ പ്രാധാന്യം മനസ്സിലാക്കി ഇഷ്ടത്തോടെ ക്ലാസ് മുറികളിലേക്ക് വരികയുമുള്ളൂ.
അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം അനുഭവങ്ങൾ കുട്ടികളെ മാനസിക പിറുമുറുക്കത്തിലേക്ക് നയിക്കാറുണ്ട്. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതും കുട്ടികളുടെ കഴിവുകൾ അംഗീകരിക്കാതെ അവരെ അവഗണിക്കുന്നതും തെറ്റുകൾ ചെയ്യുമ്പോൾ പരസ്യമായി അധിക്ഷേപിക്കുന്നതുമൊക്കെ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പഠിപ്പിക്കുന്ന അധ്യാപകനോടുള്ള ഇഷ്ടംകൊണ്ട് ഒരു വിഷയത്തെ ഇഷ്ടപ്പെടുന്നതും അധ്യാപകനോടുള്ള വെറുപ്പ് കാരണം അവർ പഠിപ്പിക്കുന്ന വിഷയത്തെക്കൂടി വെറുക്കുന്ന അവസ്ഥയും കാണാറുണ്ട്.
പഠനവുമായി ബന്ധപ്പെട്ട സമ്മർദം
പൊതുവേ പഠിക്കാൻ താൽപര്യമില്ലാത്തവരോ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരോ ആണ് സ്കൂളിൽ പോകാൻ മടികാണിക്കാറുള്ളത്. പഠിക്കാത്തതിന്റെ പേരിൽ നേരിടേണ്ടിവരുന്ന ശിക്ഷകളും പരീക്ഷാഭയവും ഒറ്റപ്പെടലും സഹപാഠികൾക്കിടയിൽ നേരിടേണ്ടിവരുന്ന നാണക്കേടും ഒക്കെ ഇവരെ സ്കൂളിൽനിന്ന് അകറ്റിനിർത്തുന്ന ഘടകങ്ങളാണ്.
ഇന്നത്തെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളും സ്കൂൾ വിദ്യാഭ്യാസവും അതിന് ശേഷമുള്ള ട്യൂഷൻ ക്ലാസുകളും എൻട്രൻസ് കോച്ചിങ്ങും ഒക്കെക്കൂടി നോക്കുമ്പോൾ പഠനവുമായി ബന്ധപ്പെട്ട സമ്മർദം കുട്ടികൾക്ക് കൂടിയിട്ടുണ്ടാകാം.
പഠനഭാരവും കുട്ടികൾ തമ്മിലുള്ള മത്സരവും മാതാപിതാക്കളുടെ അമിത പ്രതീക്ഷയും സ്വന്തം കഴിവിനെക്കാൾ കൂടുതലായി പരിശ്രമിക്കേണ്ട അവസ്ഥയുമൊക്കെയാണ് അതിന്റെ പ്രധാന കാരണങ്ങൾ. അതുകൊണ്ടുതന്നെ പഠനത്തിൽ ശരാശരിയോ അതിന് മുകളിലോ നിലവാരം പുലർത്തുന്ന കുട്ടികൾപോലും സ്കൂളിനോടുള്ള ഇഷ്ടക്കുറവും മടുപ്പും പ്രകടിപ്പിക്കാറുണ്ട്.
ക്ലാസ് മുറികളിലെ പഠനവുമായി ബന്ധപ്പെട്ട സമ്മർദങ്ങളും താരതമ്യം ചെയ്യലും പഠനത്തിന്റെ പേരിൽ അധ്യാപകരിൽനിന്നുണ്ടാകുന്ന വേർതിരിവോടുകൂടിയ മനോഭാവവും അധ്യാപകരുടെ ശാസനകളുമൊക്കെ പഠിക്കുന്ന കുട്ടികൾക്കും പലപ്പോഴും സ്കൂളിനോടുള്ള ഇഷ്ടക്കുറവായി പരിണമിക്കാം.
ഒരു കുട്ടി പഠനത്തിൽ പിന്നാക്കം പോകാനുള്ള കാരണങ്ങൾ മനസ്സിലാക്കി പരിഹാരമാർഗങ്ങൾ കാണാൻ ശ്രമിച്ചില്ലെങ്കിൽ സ്കൂളിൽ പോവുക എന്നത് എന്നും ആ കുട്ടിക്ക് സമ്മർദം തന്നെയായിരിക്കും.
സൗഹൃദങ്ങൾ
കുട്ടികൾക്ക് സ്കൂളിലേക്ക് പോകാനുള്ള ഊർജം നൽകുന്നതിൽ സൗഹൃദങ്ങൾക്ക് വലിയ പങ്കാണുള്ളത്. സന്തോഷവും റിലാക്സേഷനും ലഭിക്കുന്ന സൗഹൃദങ്ങൾ സ്കൂളിലുണ്ടെങ്കിൽ സ്കൂളിലെ മറ്റു സമ്മർദങ്ങളെ അതിജീവിക്കുകയും സ്കൂളിൽ പോകാനുള്ള ആഗ്രഹം കൂടുകയും ചെയ്യും.
അതുപോലെതന്നെ സൗഹൃദങ്ങളിലോ കൗമാരപ്രണയത്തിലോ ഒക്കെയുണ്ടാകുന്ന വിള്ളലുകൾ, മുതിർന്ന വിദ്യാർഥികളിൽനിന്നുണ്ടാകുന്ന പീഡനങ്ങൾ, കൂട്ടുകാരിൽനിന്നുണ്ടാകുന്ന അമിതമായ ഒറ്റപ്പെടുത്തലും കളിയാക്കലുകളും തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ സ്കൂളിനോടുള്ള ഇഷ്ടത്തെ സ്വാധീനിക്കാറുണ്ട്.
ഉയർന്ന ക്ലാസുകളിൽ എത്തുമ്പോൾ പല കാരണങ്ങളാൽ സ്കൂൾ മാറേണ്ടിവരുന്ന കുട്ടികൾ പുതിയ സ്കൂളിൽ കൂട്ടുകാരില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്.
ചില മാതാപിതാക്കളെ സംബന്ധിച്ച് കൂട്ടുകാർ ഇല്ലെങ്കിൽ അത്രയും നല്ലത് എന്ന ചിന്താഗതി കാണാറുണ്ട്. എന്നാൽ, നല്ല സൗഹൃദങ്ങൾ സ്കൂളിൽ ഉണ്ടെങ്കിൽ അവർക്ക് സ്കൂളിനോടും പഠനത്തോടും സ്കൂളിലെ മറ്റു പ്രവർത്തനങ്ങളോടുമൊക്കെ കൂടുതൽ താൽപര്യമുണ്ടാകാൻ സഹായിക്കും.
ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ
സ്കൂളിനോടോ അധ്യാപകരോടോ ഉള്ള ഇഷ്ടക്കുറവോ ഭയമോ ഒക്കെ പലപ്പോഴും കുട്ടികൾ നേരിട്ട് പറയാതെ പകരം ക്ലാസിൽ പ്രശ്നങ്ങളുണ്ടാക്കുക, ക്ലാസ് കട്ട് ചെയ്യുക, പഠിക്കാതിരിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെയായിരിക്കും പ്രകടിപ്പിക്കുക. അതുകൊണ്ട് വേണ്ടത്ര ശ്രദ്ധ ഈ വിഷയത്തിൽ മാതാപിതാക്കളും അധ്യാപകരും നൽകേണ്ടതുണ്ട്.
● കുട്ടികൾ സ്കൂളിൽ പോകാത്തത് മടി കൊണ്ടാണെന്ന നിഗമനത്തിലേക്ക് പെട്ടെന്ന് എത്താതിരിക്കുക. എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല. കുട്ടിയോട് തുറന്ന സംസാരത്തിലൂടെ അതിന്റെ കാരണത്തെക്കുറിച്ച് വിശദമായി ചോദിച്ചു മനസ്സിലാക്കുക.
● കുട്ടികൾ സ്കൂളിലെ ഓരോ വിശേഷങ്ങളെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത് സശ്രദ്ധം കേട്ടാൽതന്നെ അവർക്ക് പലതിനോടുമുള്ള ഇഷ്ടവും അനിഷ്ടവുമൊക്കെ മനസ്സിലാക്കാൻ സാധിക്കും.
● സ്കൂളുമായോ അധ്യാപകരുമായോ അവിടത്തെ നിയമങ്ങളുമായോ കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് സ്കൂൾ അധികൃതരുമായി സംയമനത്തോടെ സംസാരിച്ചു പരിഹാരങ്ങൾ തേടുക.
● സ്കൂളിനെക്കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങൾ കൃത്യമായ ഇടവേളകളിൽ ചോദിച്ചറിഞ്ഞു വിലയിരുത്താനും അത്യാവശ്യ മാറ്റങ്ങൾ വരുത്താനും സ്കൂൾ അധികൃതരും ശ്രദ്ധിക്കേണ്ടതുണ്ട്.
● കുട്ടികളുടെ മുന്നിൽവെച്ച് അധ്യാപകരുടെയും സ്കൂളിന്റെയും കുറവുകളെക്കുറിച്ചും മറ്റും കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക.
● കുട്ടിയുടെ കഴിവുകളും പോരായ്മകളും തിരിച്ചറിഞ്ഞ് അവർക്ക് പറ്റുന്ന സ്കൂളുകളും സിലബസും തിരഞ്ഞെടുക്കുക.
● സ്കൂളിലും വീട്ടിലും കുട്ടികളുടെ പഠനസമ്മർദം കുറക്കാനുള്ള അന്തരീക്ഷം ഉണ്ടെന്ന് ഉറപ്പുവരുത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.