Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_right‘മറ്റു കണ്ടക്ടർ...

‘മറ്റു കണ്ടക്ടർ ചേട്ടന്മാർക്ക് ആദ്യം താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് അവർ ചങ്ങാതിമാരായി’ -അനന്തലക്ഷ്മി കണ്ടക്ടർ ജോലി ചെയ്യുന്നത് എം.കോം, സി.എം.എ പഠനത്തോടൊപ്പം

text_fields
bookmark_border
‘മറ്റു കണ്ടക്ടർ ചേട്ടന്മാർക്ക് ആദ്യം താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് അവർ ചങ്ങാതിമാരായി’ -അനന്തലക്ഷ്മി കണ്ടക്ടർ ജോലി ചെയ്യുന്നത് എം.കോം, സി.എം.എ പഠനത്തോടൊപ്പം
cancel
camera_alt

അനന്തലക്ഷ്മി. ചി​​​ത്ര​​​ങ്ങ​​​ൾ: ടി.എച്ച്. ജദീർ


ബസ് നിർത്തുന്നതിനു മുമ്പുതന്നെ കതകില്‍ മുട്ടി ബഹളമുണ്ടാക്കി യാത്രക്കാരെ ഇറക്കുന്നില്ല, പ്രായംപോലും പരിഗണിക്കാതെ വയോധികരെ കയറ്റി ഇറക്കാൻ ധിറുതി കൂട്ടുന്നില്ല, യാത്രക്കാര്‍ കയറുന്നതിനു മുമ്പുതന്നെ ഡബ്ൾ ബെല്ലടിക്കുന്നില്ല, ബസ് മുന്നോട്ടെടുത്തിട്ടും ആളുകളെ വിളിച്ചുകയറ്റുന്നില്ല...

കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന ‘രാമപ്രിയ’ എന്ന സ്വകാര്യ ബസിലെ കാഴ്ചയാണിത്. കണ്ടക്ടറുടെ സമീപനമാണ് ഈ മാറ്റത്തിന് കാരണം. 22കാരി അനന്തലക്ഷ്മിക്ക് യാത്രക്കാരാണ് എല്ലാം.

എം.കോം പഠനത്തിനും സി.എം.എ പഠനത്തിനുമൊപ്പമാണ് ഈ മിടുക്കി കണ്ടക്ടർ ജോലിയും വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നത്.


കുടുംബ ബസ്

‘രാമപ്രിയ’ ബസിന്‍റെ ഡ്രൈവറും ഉടമസ്ഥനുമാണ് അനന്തലക്ഷ്മിയുടെ അച്ഛൻ തൈപ്പറമ്പത്ത് ഷൈന്‍. ഡ്രൈവറായിരുന്ന അദ്ദേഹം 22 വര്‍ഷം മുമ്പാണ് ബസ് വാങ്ങിയത്.

അന്ന് അനന്തലക്ഷ്മിക്ക് മൂന്നു മാസം പ്രായം. അഞ്ചാം ക്ലാസ് മുതലാണ് സ്വന്തം ബസില്‍ സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങിയത്. ഏഴാം ക്ലാസ് മുതല്‍ രാത്രി വീടിന് സമീപം പാര്‍ക്ക് ചെയ്ത് ക്ലീനര്‍ ബസ് കഴുകുമ്പോള്‍ ബക്കറ്റില്‍ വെള്ളം പിടിക്കാനും തുണിയെടുത്ത് കഴുകാനും കൂടെ കൂടിയിരുന്ന ബാല്യം. ആ വലിയ വാഹനം അവൾ കൗതുകത്തോടെ നോക്കിനിൽക്കും.

അച്ഛന്റെ ബസില്‍ സ്കൂളിൽ പോകുന്നത് അവൾക്ക് ത്രില്ലായിരുന്നു. പ്ലസ് വണിന് പഠിക്കുമ്പോഴാണ് സ്ഥിരമായി ബസില്‍ യാത്രചെയ്യാന്‍ തുടങ്ങിയത്. അന്നൊരിക്കൽ കൗതുകത്തിന് ബസില്‍ ഗുരുവായൂരിലേക്ക് പോകുകയും കണ്ടക്ടർമാരെപ്പോലെ വിസിലടിക്കുകയും ചെയ്തു. ആ കാഴ്ച യാത്രക്കാരിലും കൗതുകം നിറച്ചു.

അനന്തലക്ഷ്മിയും അച്ഛൻ ഷൈനും

കാക്കിയണിഞ്ഞ്

കോവിഡ് കാലത്ത് ബസ് സർവിസ് നിലച്ചു. പിന്നീട് നിയന്ത്രണങ്ങൾ നീക്കിയെങ്കിലും എവിടെനിന്ന് തുടങ്ങണമെന്ന ചിന്തയിലായിരുന്നു ഷൈൻ. അപ്പോഴാണ് അച്ഛന് ധൈര്യം പകർന്ന് അനന്തലക്ഷ്മി മുന്നോട്ടുവന്നത്. അച്ഛനെ സഹായിക്കാനെത്തിയ അവൾക്ക് ആദ്യം കിട്ടിയത് ക്ലീനര്‍ ജോലിയാണ്.

മുന്നില്‍ പോകുന്ന ബസില്‍ കയറി ഇരിക്കുക. അവര്‍ സമയത്തിന് നിശ്ചിത സ്റ്റോപ്പുകള്‍ കൃത്യസമയത്ത് കടന്നുപോകുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ഈ വിവരങ്ങള്‍ ക്യത്യമായി അച്ഛനെ അറിയിക്കുക. ക്യത്യമായി സന്ദേശങ്ങള്‍ എത്തിക്കുന്ന അനന്തലക്ഷ്മിയെ ആദ്യം കണ്ടക്ടർമാര്‍ക്ക് അത്ര താല്‍പര്യമുണ്ടായിരുന്നില്ല.

അവര്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അനന്തലക്ഷ്മി പിന്മാറിയില്ല. പിന്നീട് എതിർപ്പ് ചങ്ങാത്തത്തിന് വഴിമാറി. ചില കണ്ടക്ടർമാര്‍ ഉച്ചമയക്കത്തിന് കലക്ഷൻ ബാഗ് അനന്തലക്ഷിയെ ഏൽപിച്ചു. അങ്ങനെ പകൽ തിരക്ക് കുറവുള്ളപ്പോൾ അനന്തലക്ഷ്മി ബസിലെ കണ്ടക്ടര്‍ ജോലി ഏറ്റെടുത്തു. സ്വന്തം ബസിലെ ബാഗ് ആദ്യമായി കൈയിലെടുക്കുന്നത് ഡിഗ്രി മൂന്നാം വർഷത്തിലാണ്.


കന്നിക്കാരിയുടെ പരിഭ്രമങ്ങള്‍

ആവേശത്തോടെ ബാഗ് കൈയിലെടുത്തെങ്കിലും മുഴുവന്‍സമയ കണ്ടക്ടര്‍ ജോലി അത്ര എളുപ്പമല്ല എന്ന് മനസ്സിലായത് പിന്നീടാണ്. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് കയറിയ ഉടൻ ടിക്കറ്റ് കൊടുക്കണം. പലപ്പോഴും അമ്പതിന്റെയും നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ലഭിക്കുക.

അതിന് കൃത്യമായി പൈസ കണക്കുകൂട്ടി ബാക്കി കൊടുക്കണം. ഇതിനിടയില്‍ നിർത്തിയ സ്റ്റോപ്പില്‍നിന്ന് ആളുകള്‍ കയറി എന്ന് ഉറപ്പുവരുത്തി ഡോര്‍ അടച്ച ശേഷം മാത്രം വേണം ഡബ്ൾ ബെല്ലടിക്കാൻ.

പ്രായമായവരെ ചിലപ്പോള്‍ കൈകൊടുത്ത് കയറ്റണം. കുട്ടികളുമായി കയറുന്ന അമ്മമാര്‍ക്ക് കൈത്താങ്ങാവണം. അങ്ങനെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് ബസ് നിയന്ത്രിച്ച് കൊണ്ടുപോകുന്നതിലെ മിടുക്കാണ് കണ്ടക്ടറുടെ വിജയം. ഇത് തിരിച്ചറിഞ്ഞ ദിവസങ്ങളില്‍ അൽപം ഉത്കണ്ഠയും പരിഭ്രമവുമുണ്ടായെങ്കിലും പിന്നീട് പരിചിതയായി.


കട്ട സപ്പോര്‍ട്ടുമായി അച്ഛനും അമ്മയും

അച്ഛന്‍ ഷൈനും അമ്മ ധന്യയും കട്ട സപ്പോര്‍ട്ടാണ് നൽകിയത്. ആദ്യം അമ്മക്ക് അൽപം ആശങ്കയുണ്ടായെങ്കിലും ‘അവൾ മിടുക്കിയാണ്’ എന്ന് പറഞ്ഞ് അച്ഛൻ ധൈര്യം നൽകി.

ബസ് സർവിസ് വിജയിക്കണമെങ്കില്‍ എല്ലാ ജോലികളും അറിയണം. അതിന് ബസില്‍ സഞ്ചരിക്കുകതന്നെ വേണമെന്ന് മനസ്സിലാക്കിക്കൊടുത്തതോടെ അനന്തലക്ഷ്മിക്ക് ആത്മവിശ്വാസമായി.

കന്നിക്കാരിയാണ് കണ്ടക്ടര്‍ എന്ന ബോധ്യത്തോടെയാണ് ആദ്യ ദിനങ്ങളില്‍ താൻ ബസ് ഓടിച്ചിരുന്നതെന്ന് ഷൈന്‍ ഓര്‍ക്കുന്നു. തുടക്കത്തില്‍ ബസിൽ കയറിയവര്‍ക്കും വനിതാ കണ്ടക്ടര്‍ കൗതുകമായിരുന്നു. ചില പരിചയക്കാര്‍ ബസില്‍ കയറിയതോടെ അനന്തലക്ഷ്മി അൽപം പകച്ചെങ്കിലും മുഖത്ത് പുഞ്ചിരി വിടര്‍ത്തി ധൈര്യപൂർവം നേരിട്ടതോടെ ആത്മവിശ്വാസം വർധിച്ചു.

കൂട്ടുകാരിയെ കാണാന്‍

കാക്കിയണിഞ്ഞ അനന്തലക്ഷ്മി കൂട്ടുകാരികൾക്ക് കൗതുകമായിരുന്നു. ഒഴിവുദിവസങ്ങളില്‍ കണ്ടക്ടർ കൂട്ടുകാരിയെ കാണാന്‍ മാത്രമായി ബസില്‍ കയറിവരുന്നവരുമുണ്ട്.

വളയം പിടിക്കുന്ന അച്ഛന്‍റെ കൈയിൽ ബസിനൊപ്പം താനും സുരക്ഷിതയാണെന്ന ബോധമാണ് ഏറ്റവും വലിയ ധൈര്യമെന്ന് അനന്തലക്ഷ്മി പറയുന്നു. മറ്റു ബസുകാര്‍ കയറ്റാതെ പോയ പ്രായമായവരെ കയറ്റുന്നതിന് എത്രസമയം ചെലവഴിക്കാനും അനന്തലക്ഷ്മിക്ക് മടിയില്ല.

അതുകൊണ്ടുതന്നെ ഈ ബസ് കാത്തുനിന്ന് സന്തോഷത്തോട കയറുന്നവരുണ്ട്. കൂടുതല്‍ പുരുഷന്മാര്‍ തൊഴിലെടുക്കുന്നു എന്നതുകൊണ്ട് സ്ത്രീകള്‍ ഈ മേഖലയില്‍നിന്ന് മാറിനിൽക്കേണ്ടതില്ല എന്നാണ് അനന്തലക്ഷ്മിയുടെ പക്ഷം.

സ്വന്തമായി ബസ് സർവിസ്

സ്ത്രീകള്‍ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ എന്തുകൊണ്ട് ഈ ജോലി തിരഞ്ഞെടുത്തു എന്ന് ചോദിക്കുന്നവരുണ്ട്. താനും ബസ് സർവിസ് എന്ന സംരംഭം തുടങ്ങാനുള്ള തയാറെടുപ്പിലാണ്. അതേക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് ഈ ജോലിയില്‍ പ്രവേശിച്ചത് എന്നാണ് അനന്തലക്ഷ്മിക്ക് അവരോട് പറയാനുള്ളത്.

കൃത്യമായ പഠനത്തിലൂടെ നല്ല സംരംഭകയായി സ്ത്രീകള്‍ക്ക് തൊഴിൽ നല്‍കുന്ന വിധത്തില്‍ ബസ് സർവിസിലെ അനന്ത സാധ്യതകളാണ് അനന്തലക്ഷ്മി തേടുന്നത്.

പഠനവും ജോലിയും

പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നത് അത്ര ഈസിയല്ല എന്നാണ് അനന്തലക്ഷ്മിയുടെ മനസ്സിലാക്കൽ. എം.കോം പഠനവും സി.എം.എ പഠനവും സമാന്തരമായി ജോലിയോടൊപ്പം കൊണ്ടുപോകുന്നത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളിലേക്ക് ജോലി ചുരുക്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അനുജത്തിമാരായ ലക്ഷ്മിപാർവതിയുടെയും ദേവനന്ദയുടെയും റോൾമോഡലും ഈ ചേച്ചിതന്നെയാണ്.

ഇനി രണ്ടു മിനിറ്റ് മാത്രം. അച്ഛന്‍ ബസ് എടുക്കുകയായി. പിറകില്‍നിന്ന് വിസില്‍ അടിച്ച് ബസ് തിരിച്ചു. ഞായറാഴ്ച കൊടുങ്ങല്ലൂരില്‍നിന്ന് ഗുരുവായൂരിലേക്ക് തൊഴാന്‍ പോകുന്നവരുടെ തിരക്കുണ്ട്. കൊടുങ്ങല്ലൂരമ്മയുടെ തട്ടകത്തിൽനിന്ന് ഗുരുവായൂരപ്പന്റെ സന്നിധിയിലേക്കുള്ള യാത്ര. ഡബ്ൾ ബെല്ലടിച്ച് അനന്തലക്ഷ്മി ബാഗുമായി യാത്രക്കാരിലേക്ക്. മുടി നരച്ച, മോണ കാട്ടി ചിരിക്കുന്ന മുത്തശ്ശി കണ്ടക്ടറെ അത്ഭുതത്തോടെ നോക്കി. അനന്തലക്ഷ്മി ചേദിച്ചു, ‘‘അമ്മൂമ്മ എവിടേക്കാ?’’ മുത്തശ്ശിയുടെ മറുപടി: ‘‘ഞാന്‍ എന്റെ മോള്‍ടെ വീട്ടിലേക്കാ.’’ ഇതുകേട്ട് ബസിലുള്ളവരും ചിരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman conductorLifestyle
News Summary - Ananthalakshmi works as a bus conductor while studying M.Com and CMA
Next Story