‘സ്ത്രീകൾക്ക് കരിയർ ബ്രേക്കിനെ പേടിക്കേണ്ട, പ്രസവകാലത്ത് ശമ്പളത്തോടെയുള്ള അവധി’ -സ്ത്രീസൗഹൃദമാണ് ‘ജോബിൻ & ജിസ്മി’ ഐ.ടി കമ്പനി
text_fieldsജോബിനും ജിസ്മിയും
ചാലക്കുടി ടൗണിൽനിന്ന് മാള റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാറ്റ് ബസ് സ്റ്റോപ്പിലെത്തും. തിരുത്തിപ്പറമ്പ് വില്ലേജിന്‍റെ ഭാഗമാണ് ഈ പ്രദേശം. തിരുത്തിപ്പറമ്പിനെ തുരുത്തിപ്പറമ്പ് എന്നും പറയാറുണ്ട്. കൃഷിയും വയലേലകളും തണ്ണീർത്തടങ്ങളും തോടുകളും അടങ്ങുന്ന ഒരു ‘തുരുത്ത്’ തന്നെയാണിവിടം.
ഇന്ന് ഈ ഗ്രാമത്തിനുതന്നെ അഭിമാനമായിരിക്കുകയാണ് ‘ജോബിൻ ആൻഡ് ജിസ്മി’ എന്ന ഐ.ടി കമ്പനി. ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രത്യേകം പരാമർശിച്ച കമ്പനി കൂടിയാണിത്.
ഒരു ഗ്രാമീണ വിസ്മയം എന്ന നിലയിൽ മന്ത്രി കമ്പനിയുടെ വളർച്ച പരാമർശിക്കുമ്പോൾ മെട്രോ നഗരങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും വലിയ ഐ.ടി കമ്പനികൾ സാധ്യമാണ് എന്ന സന്ദേശം പ്രചരിപ്പിക്കപ്പെടുകയാണ്.
ജിസ്മി
സ്വന്തം കമ്പനിയിലേക്ക്
ഐ.ടി ജോലി ഒഴിവാക്കി, ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പുതിയ ജോലിക്ക് ശ്രമിക്കുമ്പോഴാണ് ജിസ്മിക്ക് കരിയർ ബ്രേക്കിനെക്കുറിച്ചും അത് എങ്ങനെയാണ് ജോലി അന്വേഷണത്തെ ബാധിക്കുന്നതെന്നും മനസ്സിലായത്. അങ്ങനെയാണ് ജോലി അന്വേഷിച്ച് നടക്കുന്നതിനു പകരം പുതിയ സ്ഥാപനം തുടങ്ങുക എന്ന ആശയം ഉടലെടുത്തത്.
കമ്പ്യൂട്ടർ പരിജ്ഞാനത്തെ കുറിച്ച് ജിസ്മിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഈ ആശയം ഭർത്താവ് ജോബിനുമായി പങ്കുവെച്ചു. ജോലി ഉപേക്ഷിച്ച് മുഴുസമയ സംരംഭകനാകാൻ ജോബിനും ധൈര്യം കാണിച്ചു. അങ്ങനെ ഇരുവരും ചേർന്ന് തങ്ങളുടെ ഗ്രാമത്തിൽതന്നെ ഒരു കൊച്ചു വാടക മുറിയിൽ സ്ഥാപനം തുടങ്ങി.
മാനേജ്മെന്‍റ്, ഓപറേഷൻ കാര്യങ്ങളിൽ വിദഗ്ധനും തൽപരനുമായ ജോബിൻ കമ്പനിയുടെ സി.ഇ.ഒ ആയും ജിസ്മി ചീഫ് ടെക്നോളജി ഓഫിസറായും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
രണ്ടുപേരായി തുടങ്ങിയ കമ്പനിയിൽ ആദ്യവർഷങ്ങളിൽ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു ജീവനക്കാർ. ആദ്യകാലത്ത് എല്ലാത്തരം സോഫ്റ്റ്‌വെയർ സേവനങ്ങളും നൽകിയിരുന്നു. പിന്നീട് ഒരു ഉപഭോക്താവ് തന്‍റെ Oracle NetSuite ERPയിലെ ചില തകരാറുകൾ പരിഹരിക്കാൻ കമ്പനിയിലെത്തി.
അതു പരിഹരിച്ചുകൊടുക്കുകയും തുടർന്ന് ഈ ഇ.ആർ.പിയിൽ കമ്പനി കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്തോടെ ‘ജോബിൻ ആൻഡ് ജിസ്മി’ വികസിച്ചു. 2019ൽ സ്വന്തമായി വലിയ ഇരുനില കെട്ടിടവും പണിതു. ചാലക്കുടി കൊരട്ടി ഇൻഫോപാർക്കിലും ഒരു ഓഫിസ് പ്രവർത്തിക്കുന്നു. എ.ഐ റോബോട്ടിക്സിന് പ്രത്യേകമായി ഉപകമ്പനിയും രൂപവത്കരിച്ചിട്ടുണ്ട്.
ഒറാക്കിൾ മേധാവി ഫെബ്രുവരിയിൽ നടത്തിയ വാർത്തസമ്മേളനത്തിലും കേരളത്തിൽനിന്നുള്ള ഈ സ്ഥാപനത്തെ ക്കുറിച്ച് പരാമർശിച്ചിരുന്നു. ജ്വല്ലറി മാനുഫാക്ചറിങ് ഇൻഡസ്ട്രിക്ക് വേണ്ടി നെറ്റ് സ്യൂട്ട് ഉപയോഗിച്ച് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ ഇ.ആർ.പിയാണ് ജോബിൻ ആൻഡ് ജിസ്മി അടുത്തതായി വിപണിയിലെത്തിക്കുന്നത്. ഇതിനെക്കുറിച്ചായിരുന്നു ഒറാക്കിൾ മേധാവി പരാമർശം നടത്തിയത്.
പ്രതിവർഷം 250ൽപരം തൊഴിലവസരങ്ങൾ
കമ്പനി പ്രതിവർഷം 250ൽപരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. പുതുതായി പണിത കെട്ടിടത്തിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ തൊഴിലവസരങ്ങളുടെ എണ്ണം ഭാവിയിൽ 600 ആയി ഉയർത്തുക എന്നതും ലക്ഷ്യമിടുന്നു.
ഇന്ന് 36 രാജ്യങ്ങളിൽ കമ്പനിക്ക് ഉപഭോക്താക്കളുണ്ട്. അമേരിക്കയിലും യൂറോപ്പിലുമാണ് കൂടുതൽ ഉപഭോക്താക്കൾ.
സ്ത്രീകൾക്ക് കരിയർ ബ്രേക്കിനെ പേടിക്കേണ്ട
സാധാരണഗതിയിൽ സ്ത്രീകൾക്ക് വിവാഹം, പ്രസവം തുടങ്ങിയവയെ തുടർന്ന് പലപ്പോഴും ജോലിയിൽനിന്ന് രാജിവെക്കേണ്ടി വരുന്നു. ഈ ഇടവേള തുടർജോലിക്ക് വലിയ പ്രതിബന്ധം തീർക്കുന്നു. ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാകണം എന്നതുകൂടി ജിസ്മി തന്‍റെ ഭർത്താവിനൊപ്പം കമ്പനി തുടങ്ങുമ്പോൾ ലക്ഷ്യമിട്ടിരുന്നു.
ഇത്തരം കരിയർ ബ്രേക്കുകൾ, ജോലിയിൽനിന്ന് അകറ്റി നിർത്താൻ മതിയായ കാരണമല്ലെന്നും ചെറിയ പരിശീലനമോ അല്ലെങ്കിൽ പഠിക്കാൻ സമയമോ കൊടുത്താൽ ഇടവേളയെടുത്തവർക്കും മറ്റുള്ളവരെ പോലെ ജോലിയിൽ തിളങ്ങാൻ കഴിയുമെന്നും ജിസ്മി സാക്ഷ്യപ്പെടുത്തുന്നു.
കമ്പനിയിലെ വനിത ജീവനക്കാരുടെ എണ്ണം 60 ശതമാനത്തിലധികമാണ്. പ്രസവകാലത്ത് ശമ്പളത്തോടെയുള്ള അവധിയും അനുവദിക്കുന്നു.
ജീവനക്കാർക്ക് നിരന്തര പരിശീലനം
ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കാൻ നിരന്തര പരിശീലനങ്ങളും അസസ്മെന്റുകളും കമ്പനി നടത്തുന്നു. നോളജ് പോർട്ടൽ, എ.ഐ അസിസ്റ്റന്റ് ഗുരു എന്നിവയും കമ്പനിയിൽ ജീവനക്കാരെ സഹായിക്കാൻ നിലവിലുണ്ട്. കമ്പനിയോടൊപ്പം ജീവനക്കാർ കൂടി വളരുക എന്ന തത്ത്വം കമ്പനി ലക്ഷ്യം വെക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.