‘17ാം വയസ്സ് മുതൽ ദിവസക്കൂലിക്കാരി. ഇന്ന് 63ാം വയസ്സിൽ മരത്തടിയിൽ അത്ഭുതങ്ങൾ തീർക്കുന്നു’ -മരപ്പണിയിലെ നേട്ടങ്ങൾക്ക് ഗ്രീൻ പ്ലേ പ്ലൈവുഡ് കമ്പനി ആദരിച്ച ഓമനയുടെ ജീവിതമറിയാം...
text_fieldsഓമന സോമൻ മരപ്പണിക്കിടെ. ചിത്രങ്ങൾ: കെ.എം. ഫൈസൽ
ദാരിദ്ര്യവും ദുഃഖങ്ങളും അവസരമില്ലായ്മയും പിന്നിട്ട് ആത്മവിശ്വാസത്തെയും പരിശ്രമത്തെയും കരുത്താക്കി ജീവിതം തനിക്കിഷ്ടപ്പെട്ട രീതിയിലാക്കിയ ഓമനയെന്ന സ്ത്രീയുടെ ജീവിതമാണിത്...
ജീവിതം പലപ്പോഴും കയറ്റങ്ങളും ഇറക്കങ്ങളുമായി മുന്നേറുന്ന വഴിയാണ്. എന്നാൽ, ആ വഴിയിൽ തളരാതെ സഞ്ചരിച്ച്, പരാജയങ്ങളിൽനിന്ന് വിജയത്തിലേക്ക് തിരികെയെത്തുന്നവരാണ് യഥാർഥ വിജയികൾ. അത്തരത്തിലൊരു വഴിയാണ് ഓമന സോമൻ എന്ന 63കാരിയുടെ ജീവിതം.
ജീവിതത്തിൽ കണക്കുകൾ തെറ്റിപ്പോയപ്പോൾ പോലും ആശകളും ആഗ്രഹങ്ങളും ഉപേക്ഷിക്കാതെ മുന്നോട്ടുപോവുകയും ഏറെ കാലത്തിനുശേഷം അതേ കണക്കുകൾ ശരിയാക്കിയതിന്‍റെ സംതൃപ്തിയിൽ ജീവിക്കുകയാണ് കോട്ടയം ഏറ്റുമാനൂർ പേരൂർ വലിയവീട്ടിൽ ഓമന. ഇന്ന് മരത്തടിയിൽ അത്ഭുതങ്ങൾ തീർക്കുകയാണവർ.
പത്താം ക്ലാസിൽ ഫസ്റ്റ് ക്ലാസ്, എന്നിട്ടും
1979ൽ എഴുമറ്റൂർ ഗവ. സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടി ഓമന വിജയിക്കുമ്പോൾ 98 ശതമാനം മാർക്കായിരുന്നു കണക്കിന് ലഭിച്ചത്. അമ്മയുടെ അനിയത്തിയുടെ വീട്ടിൽനിന്നാണ് സ്കൂളിലേക്ക് പോയിരുന്നത്.
അന്ന് സ്കൂളിലെതന്നെ ഉന്നതവിജയമായിരുന്നു ഓമനയുടേത്. എസ്.എസ്.എൽ.സി പാസായപ്പോൾ മനസ്സുനിറയെ വലിയ ആഗ്രഹങ്ങളായിരുന്നു. എന്നാൽ, വിധി സമ്മാനിച്ചത് മറിച്ചായിരുന്നു.
എൻജിനീയറിങ് പഠിക്കാൻ അധ്യാപകർ ഉപദേശിച്ചു. എന്നാൽ, കുടുംബത്തിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം 14ാം വയസ്സിൽതന്നെ റബർ തോട്ടങ്ങളിൽ മഴക്കുഴിയെടുക്കാനും കാടുതെളിക്കാനും പോകേണ്ടിവന്നു.
ഓമനയുടെ സഹോദരിയുടെ വിവാഹത്തിന് അച്ഛൻ കടംവാങ്ങിയ പണം തിരിച്ചടക്കാൻ അവരുടെ ചങ്ങനാശ്ശേരി പായിപ്പാടുള്ള വീട് വിറ്റ് കറുകച്ചാലിലേക്ക് താമസം മാറി. കോളജിലേക്കുള്ള ദൂരം വളരെ കൂടുതലായിരുന്നു. അച്ഛന്‍റെ വരുമാനം ഹോസ്റ്റൽ ഫീസ് അടക്കാൻ പര്യാപ്തമായിരുന്നില്ല.
അച്ഛൻ അക്കാലത്ത് പായിപ്പാട്ടെ മികച്ച കാളവണ്ടി നിർമാതാവായിരുന്നു. രാവും പകലുമില്ലാതെ വീട്ടിലും മറ്റിടങ്ങളിലും പോയി കാളവണ്ടി നിർമിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. ഒരു അപകടത്തിൽ അച്ഛന്‍റെ കാലിനേറ്റ പരിക്കുകാരണം മാസങ്ങൾ വിശ്രമിക്കേണ്ടിവന്നു.
ആ സമയത്ത് ഭർത്താവ് മരിച്ചതോടെ ഓമനയുടെ ചേച്ചിയും രണ്ടുകുട്ടികളും വീട്ടിലെത്തിയതോടെ തുടർപഠന സാധ‍്യതകൾ അടഞ്ഞു.
ഭർത്താവ് സോമനൊപ്പം
17ാം വയസ്സിൽ ദിവസക്കൂലിക്കാരി
ഓമന 17ാം വയസ്സിൽ ദിവസക്കൂലിക്കാരിയായി ജോലി ചെയ്യാൻ തുടങ്ങി. അതോടൊപ്പം ടൈപ് റൈറ്റിങ്ങും പഠിച്ചു. ചങ്ങനാശ്ശേരി നാഷനൽ പ്രസിലായിരുന്നു ടൈപ് റൈറ്റിങ് ഹയറും ലോവറും പഠിച്ചത്. അതോടൊപ്പം ചങ്ങനാശ്ശേരി എസ്.ബി കോളജിനു സമീപത്തെ സരസൻ പ്രസിൽ ജോലിക്കും പോയിരുന്നു.
മാത്സിൽ ഓമന വിദഗ്ധയായതിനാൽ മാത്സിന്റെ പുസ്തകങ്ങൾ ടൈപ് ചെയ്യാൻ പ്രസിൽനിന്ന് ജോലിക്കായി വിളിച്ചിരുന്നു. ടൈപ് റൈറ്റിങ് പഠനശേഷം പി.എസ്.സി പരീക്ഷകൾ എഴുതുകയായിരുന്നു ഓമനയുടെ ലക്ഷ്യം.
1983ൽ മരപ്പണിക്കാരനായ വലിയവീട്ടിൽ സോമനെ വിവാഹം കഴിച്ച് ഏറ്റുമാനൂർ പേരൂരിലേക്ക് താമസം മാറി. വിവാഹത്തിനു മുമ്പ് എഴുതിയ പി.എസ്.സി പരീക്ഷകളിൽ രണ്ടിലും വിവാഹം കഴഞ്ഞ് മൂന്ന് മാസത്തിനുശേഷം അപ്പോയിൻമെന്‍റ് ഓർഡർ ലഭിച്ചു.
എന്നാൽ, നിയമനം ലഭിച്ചത് കണ്ണൂരിലും തൊടുപുഴയിലുമായതിനാൽ ജോലിക്ക് ഹാജരാവാൻ കഴിഞ്ഞില്ല. ഈ കാലയളവിൽതന്നെ ഓമന രണ്ടു കുട്ടികളുടെ അമ്മയാകുകയും ജോലി എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തു.
പിന്നീട് ടൈലറിങ്, എംബ്രോയ്ഡറി, ഗ്ലാസ് പെയിന്‍റിങ് തുടങ്ങിയ തൊഴിലുകൾ പഠിച്ചു. പക്ഷേ, മതിയായ വർക്ക് ഓർഡറുകൾ ലഭിച്ചില്ല. കുടുംബശ്രീയുടെ കീഴിൽ ബുക്ക് ബൈൻഡിങ്ങിൽ പരിശീലനം നേടിയെങ്കിലും പ്രതീക്ഷിച്ച വിൽപന ലഭിക്കാതിരുന്നതിനാൽ അതും നഷ്ടമായി. അതിനുശേഷം വീട്ടുകാരറിയാതെ വീടിനടുത്തുള്ള പ്രസിൽ ജോലിക്കും പോയിരുന്നു. സ്ത്രീകൾ ജോലിചെയ്യുന്നതിൽ അഭിമാനക്ഷതമുള്ളവർ കുടുംബത്തിലുണ്ടായിരുന്നതിനാൽ അതും ഉപേക്ഷിക്കേണ്ടിവന്നു.
കരിയർ തിരിച്ചറിഞ്ഞപ്പോൾ
പരാജയപ്പെട്ട സംരംഭങ്ങൾക്ക് ശേഷം, ഓമന കുറച്ചുകാലം വീട്ടമ്മയായി കഴിയുന്നതിനിടെയാണ് ഏറ്റുമാനൂർ കാരിത്താസിനടുത്ത അർച്ചന വുമൺ സെന്‍ററിൽ 2006ൽ എം.ജി യൂനിവേഴ്സിറ്റി അഡൽട്ട് എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച തൊഴിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
അത് ഒരു വഴിത്തിരിവായി. സോപ്പ് നിർമാണം, തയ്യൽ, ഡ്രൈവിങ് തുടങ്ങിയ തൊഴിലുകളെക്കുറിച്ചുള്ള ക്ലാസുകൾ പ്രോഗ്രാമിൽ ഉണ്ടായിരുന്നെങ്കിലും ഓമനയുടെ ശ്രദ്ധ ആകർഷിച്ചത് മരപ്പണിയായിരുന്നു.
42ാം വയസ്സിന് ശേഷമാണ് ഓമന തന്‍റെ കരിയർ ഇതാണെന്ന് മനസ്സിലാക്കി മരപ്പണി പഠിക്കാൻ തുടങ്ങിയത്. കുട്ടിക്കാലത്ത്, അച്ഛൻ മരപ്പണി ചെയ്യുന്നത് ശ്രദ്ധയോടെ കണ്ടിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ജോലിസ്ഥലത്ത് പ്രവേശിക്കാൻ അനുവദിക്കില്ലായിരുന്നു. ജീവിതത്തിലെ തന്‍റെ കണക്കുകൂട്ടലുകൾ ഒടുവിൽ ശരിയായ പാതയിലൂടെ നീങ്ങുന്നുവെന്ന് ഓമനക്ക് തോന്നി. മരപ്പണി പഠിക്കാൻ അവർ ഓരോ ഒഴിവു നിമിഷവും നീക്കിവെച്ചു.
മരപ്പണിയിലേക്ക്
ആറു മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി, ഓമന സ്വന്തമായി മരപ്പണി ചെയ്തുതുടങ്ങി. 10 സ്ത്രീകളും മൂന്നു പുരുഷന്മാരുമുൾപ്പെടെ 13 പേരായിരുന്നു പരിശീലനത്തിനെത്തിയത്. അതിൽ ഓമനയുൾപ്പെടെ രണ്ടുപേരായിരുന്നു 40 പിന്നിട്ടവർ. പരിശീലനം നേടിയ ബാക്കിയെല്ലാവരും മറ്റു മേഖലകളിലേക്ക് പോയെങ്കിലും പിടിച്ചുനിന്നു.
ആദ്യമായി നിർമിച്ചത് ഒരു സ്റ്റൂൾ ആയിരുന്നെന്ന് ഓമന ഓർമിക്കുന്നു. പിന്നീട് കുറേ കട്ടിലുകളുടെ ഓർഡർ ലഭിച്ച് നിർമിച്ച് നൽകിയതോടെ ആത്മവിശ്വാസം വർധിച്ചു.
ഇതിനിടെ കാരിത്താസ് ജങ്ഷനിലെ അർച്ചന വുമൺ സെന്‍ററിന്‍റെ വർക് ഷോപ് നടത്താൻ അവർക്ക് അനുമതി ലഭിച്ചു. സാമൂഹിക പ്രവർത്തനം നടത്തുന്ന ഒരുകൂട്ടം കന്യാസ്ത്രീകൾ നടത്തുന്ന ട്രസ്റ്റാണ് അർച്ചന വുമൺ സെന്‍റർ. ഇവരുടെ പൂർണ പിന്തുണയും ഓമനക്കുണ്ട്. വാതിൽ ഫ്രെയിമുകൾ, ജനാലകൾ, അടുക്കള കാബിനറ്റുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന തടി ഉൽപന്നങ്ങൾ നിർമിക്കുകയാണ് ഓമന ഇപ്പോൾ.
മില്ലുകളിൽ പോയി ആവശ്യാനുസൃതം തടികൾ അളവനുസരിച്ച് തെരഞ്ഞെടുത്ത് വീടുകളിലേക്ക് ആവശ്യമായ ഫർണിച്ചറും കട്ടിളകളും ജനലും വാതിലുമുൾപ്പെടെ ഓർഡർ അനുസരിച്ച് നിർമിച്ച് നൽകുന്നു. വെള്ളപ്പൊക്കത്തിന് സാക്ഷ്യംവഹിച്ച വൈക്കം മുണ്ടാറിൽ പൂർണമായും മുള കൊണ്ട് വീട് നിർമിച്ചത് ഓമനയുടെ ജീവിതത്തിലെ മറ്റൊരു നേട്ടമായിരുന്നു.
താങ്ങായി കുടുംബം, കുടുംബത്തിന് താങ്ങായി ഓമനയും
ഭർത്താവ് സോമൻ കോവിഡിനുശേഷം സഹായത്തിനായി വർക്ഷോപ്പിലുണ്ട്. ഭർത്താവും രണ്ട് ആൺമക്കളും അവരുടെ ഭാര്യമാരും കൊച്ചുമക്കളും അടങ്ങുന്നതാണ് ഓമനയുടെ കുടുംബം.
ഈ തൊഴിലുകളിലൂടെ തന്നെ തന്‍റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കാനും ഓമനക്ക് സാധിച്ചു. മൂത്തമകൻ എം.ബി.എ പൂർത്തിയാക്കി സ്വകാര്യ സ്ഥാപനത്തിൽ മാനേജറാണ്. മറ്റൊരു മകൻ കമ്പ്യൂട്ടർ എൻജിനീയറായി വിദേശത്തേക്ക് പോകാൻ തയാറെടുക്കുന്നു.
പോരാട്ട വീര്യത്തിന് ഇന്നും മധുരപ്പതിനേഴ്
47ാം വയസ്സിൽ കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് പാർട്ട് ടൈമായി ഇന്‍റീരിയർ ഡിസൈനിങ് പഠിച്ചു. ഈ പ്രായത്തിലും തനിക്ക് ഓട്ടോകാഡും ഫോട്ടോഷോപ്പും ത്രീഡി മാക്സും വഴങ്ങും. ആ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ജീവിതലക്ഷ്യമെന്നും ഓമന പറയുന്നു.
63ാം വയസ്സിലും റിട്ടയർമെന്‍റില്ലാത്ത ഓമനയുടെ പോരാട്ട വീര്യത്തിന് ഇന്നും മധുരപ്പതിനേഴാണ്. മരപ്പണിയിലെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഗ്രീൻ പ്ലേ പ്ലൈവുഡ് കമ്പനി വനിതദിനത്തിൽ ഓമനയെ കൊൽക്കത്തയിലെത്തിച്ച് ആദരം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.