സൗദിയിൽ മൂന്നു പതിറ്റാണ്ട് കുതിര ജീവിതം. ഇന്ന് കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനർ. സംഭവബഹുലമാണ് ഈ മലയാളിയുടെ ജീവിതം
text_fields1. രാജു ഫ്രാൻസിസ് കുതിരക്കൊപ്പം 2. ജോക്കി, കുതിരക്കാരൻ എന്നിവരോടൊപ്പം രാജു
പ്രശസ്ത ക്ലാർനെറ്റ് വാദകന്റെ മകൻ, ചിത്രകലയിൽ നല്ല വരപാടവം, നാട്ടിൽ ആർട്ട് സ്റ്റുഡിയോ നടത്തിയ പരിചയം. എന്നിട്ടും സൗദി അറേബ്യയിൽ രാജു ഫ്രാൻസിസിനെ കാത്തിരുന്നത് കുതിര ജീവിതമായിരുന്നു. രണ്ടുവർഷം അനുഭവിച്ച ദുരിതത്തിനും കുടിച്ച കണ്ണീരിനും കണക്കില്ല.
നാട്ടിൽ നിറയെ കടമാണ്. കൂടെപ്പിറപ്പുകളെ വിവാഹം കഴിപ്പിച്ചപ്പോൾ ഉള്ള കിടപ്പാടം വിറ്റുപോയി. രോഗാതുരനായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബം വാടക വീട്ടിലാണ്. നിത്യജീവിതം കഴിഞ്ഞുപോകണം. നാട്ടിൽ ബോർഡ് എഴുതിയും ചിത്രം വരച്ചും കുറെ നോക്കി, ദൈനംദിന ജീവിതചിത്രം ഒന്ന് പൂർത്തിയാക്കാൻ.
പക്ഷേ, നടന്നില്ല. അതുകൊണ്ടാണ് പലരിൽനിന്ന് കടമായി അരലക്ഷം രൂപ സ്വരൂപിച്ച് ഏജന്‍റിന് കൊടുത്ത് സൗദിയിലേക്ക് വിസ ഒപ്പിച്ചത്. ബ്രഷും മോഹങ്ങളുമെല്ലാം വീട്ടിൽ വെച്ചിട്ടാണ് വിമാനം കയറിയത്.
തൊഴിലാളികളെ വാടകക്ക് കൊടുക്കുന്ന സൗദി കരാറുകാരന്റെ വിസയിലാണ് വന്നത്. 1994ലായിരുന്നു അത്. കൂടെ കുറെയാളുകളുമുണ്ടായിരുന്നു. റിയാദ് നസീമിലെ പൊലീസ് ട്രെയിനിങ് കോളജിലെ കുതിരപ്പടയുടെ ലയത്തിലായിരുന്നു ജോലി.
450 റിയാലായിരുന്നു ശമ്പളം. 50 റിയാൽ ഇഖാമ (റെസിഡന്‍റ് പെർമിറ്റ്) ഫീസ് കഫീൽ കുറക്കും. ആഹാരത്തിനും മറ്റുമുള്ള ചെലവ് കഴിച്ചാൽ തുച്ഛമായ പണം ബാക്കിയുണ്ടാവും. അതാണ് നാട്ടിലേക്ക് അയക്കുക. അതുപോലും വലിയ ആശ്വാസമായിരുന്നു നാട്ടിൽ കുടുംബത്തിന്.
അതിനിടയിലാണ് അലർജിയും അസുഖങ്ങളും വന്നത്. ഒട്ടും ജോലിയിൽ തുടരാനാവാത്ത സ്ഥിതി. മനസ്സലിഞ്ഞ കോളജ് അധികൃതർ കരാറുകാരനെ വിളിപ്പിച്ച് രാജുവിനെ കൊണ്ടുപോയി ചികിത്സ നൽകി ഭേദമാക്കിയശേഷം വേറെ ജോലിയിലാക്കാൻ നിർദേശിച്ചു.
ശരീരമാകെ പഴുത്തുപൊന്തിയും നീരൊലിച്ചും വികൃതമായ സ്ഥിതിയിലായിരുന്നു. കഫീലിന്റെ ഗോഡൗണിലേക്കാണ് കൊണ്ടുപോയത്. ആ സമയത്ത് വിദേശത്ത് യാത്രയിലായിരുന്ന കഫീൽ തിരിച്ചെത്തി. ആശുപത്രിയിൽ കൊണ്ടുപോയി. കുറച്ചുകാലത്തെ ചികിത്സകൊണ്ട് അസുഖം ഭേദമായി.
കുതിരപ്പന്തി ഉടമയും സൗദി രാജാവിന്റെ പ്രധാന ഉപദേഷ്ടാക്കളിലൊരാളുമായ ഫൈസൽ ബിൻ ഖാലിദ് രാജകുമാരനൊപ്പം രാജു ഫ്രാൻസിസ്
പുതിയ ലയത്തിൽ
പുതിയൊരു കുതിരലയത്തിലേക്കാണ് കഫീൽ പിന്നീട് കൊണ്ടുപോയത്. സൗദി മുൻ ഭരണാധികാരി ഖാലിദ് രാജാവിന്റെ മകനും അബഹ മുൻ ഗവർണറും നിലവിൽ രാജാവിന്റെ ഉപദേഷ്ടാക്കളിൽ ഒരാളുമായ ഫൈസൽ ബിൻ ഖാലിദ് രാജകുമാരന്റെ ഉടമസ്ഥതയിലുള്ള റേസിങ് സ്റ്റെബിളിൽ. റേസിങ് കുതിരകളെ പരിപാലിക്കുന്ന സ്ഥലമാണ് സ്റ്റെബിൾ (കുതിരപ്പന്തി). അന്ന് റിയാദിലെ പ്രധാന റേസ്കോഴ്സ് നഗരഹൃദയമായ മലസിലായിരുന്നു.
പഴയ കഫീലിന്റെ ഭാര്യാപിതാവ് മുഷ്രിഫ് അവിടെ കുതിര പരിശീലകനായിരുന്നു. അദ്ദേഹത്തിന്‍റെ ശിപാർശയിലായിരുന്നു ഈ ജോലി. അവിടെയും ലയത്തിന്റെ ശുചീകരണമായിരുന്നു. എന്നാൽ, പിന്നീട് അലർജിയോ മറ്റ് അസുഖങ്ങളോ ഉണ്ടായില്ല. ശരീരം അതിനോട് ഇണങ്ങിക്കഴിഞ്ഞിരുന്നു.
കുതിരക്ക് ലാടമടിക്കാൻ അവിടെയുണ്ടായിരുന്നത് ന്യൂയോർക്കുകാരനായ ടോമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കണമെന്നത് പണ്ടുമുതലേയുള്ള കൊതിയായിരുന്നു. അതുകൊണ്ട് കിട്ടുന്ന സമയമെല്ലാം ടോമിന്റെ അടുത്തുപോകും. അങ്ങനെ കുറേശ്ശെ ഇംഗ്ലീഷ് വശമായി.
ആയിടക്ക് മുഷ്രിഫ് സ്റ്റെബിളിന്റെ മുഴുവൻ ചുമതലക്കാരനായി ജോലിയിൽ ഉയർന്നു. അയാളുമായും നല്ല അടുപ്പമായിരുന്നു. മുഷ്രിഫിന്റെ ഒഴിവിലേക്ക് അമേരിക്കക്കാരനായ പുതിയൊരു പരിശീലകൻ വന്നു, ജോസഫ് ഹെനൈസി. സ്റ്റെബിൾ വിട്ടുപോയ ടോമിന്റെ മരുമകനായിരുന്നു അയാൾ. ആ സമയത്ത് സ്റ്റെബിളിൽ ഇംഗ്ലീഷ് സംസാരിക്കുന്ന വേറെ ആരുമില്ലായിരുന്നു.
അവിടെയുണ്ടായിരുന്ന 25 ജോലിക്കാരിൽ കുറച്ച് ഇംഗ്ലീഷ് അറിയുന്നയാൾ രാജു മാത്രമായിരുന്നു. ജോസഫ് ഹൈനൈസിക്ക് രാജുവിനെ ഇഷ്ടമായി. അദ്ദേഹത്തിന്‍റെ അസിസ്റ്റന്റാക്കി. കുതിര ചാണകം വാരി ലയം വൃത്തിയാക്കുന്ന പണിയിൽനിന്ന് കുതിരയെ പരിശീലിപ്പിക്കുന്നയാളുടെ സഹായിയുടെ റോളിലേക്കുള്ള ഉയർച്ച അങ്ങനെയാണുണ്ടായത്.
രാജുവും പ്രധാന െട്രയിനർ ജിമ്മി ജർക്കൻസും ജോക്കിയും കുതിരപ്പന്തിയിലെ മറ്റു ജീവനക്കാരും
കുതിര പരിശീലകൻ
ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. ജീവിതത്തെ മാറ്റിമറിച്ച പ്രമോഷൻ. വിദഗ്ധനായ ഒരു കുതിര പരിശീലകന്റെ അസിസ്റ്റന്റാകുക, സ്വപ്നംപോലും കാണാൻ കഴിയാത്തതായിരുന്നു. രണ്ടു വർഷം കൊണ്ട് റേസിങ് കുതിരയുടെ നല്ലൊരു അസിസ്റ്റന്റ് ട്രെയിനറായി മാറി. ഇതിനിടെ സ്റ്റെബിൾ ഇൻ ചാർജ് ചുമതലയും കിട്ടി.
രണ്ടു വർഷം കഴിഞ്ഞപ്പോൾ ജോസഫും കൂടെയുള്ളവരും നാട്ടിലേക്ക് മടങ്ങി. അപ്പോൾ പുതിയ ടീം വന്നു. മുഷ്രിഫിന്റെ മകൻ അബ്ദുല്ല മുഷ്രിഫ് ചീഫ് ട്രെയിനറായി. ഇതിനിടെ ട്രെയിനർമാർ മാറിവന്നു. ഇപ്പോൾ ന്യൂയോർക്കുകാരൻ ജിമ്മി ജർക്കൻസാണ് മെയിൻ ട്രെയിനർ. ഇവരുടെയെല്ലാം അസിസ്റ്റന്റായി 30 വർഷമായി രാജു കുതിരജീവിതം തുടരുന്നു, ദുഷ്കരമായിട്ടല്ല, സന്തോഷത്തോടെ, സംതൃപ്തിയോടെ.
ഇപ്പോൾ പദവിയുടെ പേര് മെയിൻ അസിസ്റ്റന്റ് ട്രെയിനർ എന്നാണ്. മെയിൻ ട്രെയിനറാവാൻ വേണ്ട എല്ലാ യോഗ്യതയും ഇന്നുണ്ട്. എന്നാൽ, അത് വേണ്ടെന്ന നിലപാടിലാണ് രാജു. ലോകത്ത് പല ഭാഗങ്ങളിൽ കുതിരയോട്ട മത്സരങ്ങളിൽ പങ്കെടുക്കുന്ന കുതിരകളാണ്. എന്തെങ്കിലും നോട്ടപ്പിഴവ് സംഭവിച്ചാൽ ആയിരക്കണക്കിന് ഡോളറിന്റെ പിഴകളാവും തലയിൽ വന്ന് പതിക്കുക.
കുതിരകളുടെ ലോകം
മലസിലുണ്ടായിരുന്ന കിങ് അബ്ദുൽ അസീസ് റേസ് കോഴ്സ് ഇന്ന് തുമാമയിലാണ്. റിയാദിൽനിന്ന് 50 കിലോമീറ്റർ അകലെ വടക്കുകിഴക്ക് വിശാലമായ മരുഭൂപ്രദേശമാണ് തുമാമ. 1999ലാണ് അങ്ങോട്ട് മാറ്റുന്നത്. അവിടെ അമേരിക്കക്കാരനായ ജിമ്മി ജർക്കൻസിന്റെ മെയിൻ അസിസ്റ്റന്റാണ് ഇന്ന് രാജു.
ലോകോത്തര കുതിരകളുമായാണ് രാജു ഇടപഴകുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, ജർമനി, ദക്ഷിണാഫ്രിക്ക, അർജന്‍റീന എന്നിവിടങ്ങളിൽനിന്ന് ലേലത്തിൽ പിടിച്ചുകൊണ്ടുവരുന്ന അതിവേഗതയാർന്നതും സൗന്ദര്യതികവാർന്നതുമായ കുതിരകൾ. മോഹ വിലയാണ്. 10 ലക്ഷം ഡോളർ മുതലാണ് വില തുടങ്ങുന്നത്.
തോറോ ബ്രീഡ് എന്ന ഇനത്തിൽപെട്ട കുതിരകളെയാണ് റേസിങ്ങിന് ഉപയോഗിക്കുന്നത്. അതുപോലെ അറേബ്യൻ ബ്രീഡ് ഇനത്തിലുള്ളതും. എന്നാൽ, രണ്ടിനങ്ങളും ഇടകലർത്തി മത്സരത്തിന് ഉപയോഗിക്കാറില്ല.
മത്സരങ്ങൾക്ക് വേണ്ടി കുതിരയെ പരിശീലിപ്പിച്ചെടുക്കണം. മെയിൻ പരിശീലകൻ, മെയിൻ അസിസ്റ്റന്റ്, അതിന് കീഴിലൊരു അസിസ്റ്റന്റ് എന്നിവരടങ്ങിയതാണ് കുതിരയെ പരിശീലിപ്പിക്കുന്ന ടീം. കുതിര പരിപാലനത്തിന്റെ പ്രധാന ചുമതല വഹിക്കുന്നയാളാണ് ‘കുതിരക്കാരൻ’ (ഗ്രൂം). ഒരു ഗ്രൂമിന് രണ്ട് കുതിരകൾ എന്ന നിലയിലാണ് ജോലിയുടെ ക്രമീകരണം. 160 കുതിരക്കാരാണ് രാജുവിന്റെ സ്റ്റെബിളിലുള്ളത്. ആരോഗ്യ ശുശ്രൂഷക്ക് വെറ്ററിനറി ക്ലിനിക്കുണ്ട്. അതിൽ മൂന്ന് ഡോക്ടർമാരും.
റേസിങ്ങിൽ കുതിരയെ ഓടിക്കാൻ ലൈസൻസുള്ളയാളാണ് ജോക്കി. അത്തരത്തിൽ ലോകപ്രശസ്തരായ നിരവധി ജോക്കികളുണ്ട്. അവരാണ് മത്സരങ്ങളിൽ കുതിരയെ ഓടിക്കുന്നത്. റിയാദിൽ മത്സരിക്കാനെത്തുന്നത് ലോകത്തെ ചാമ്പ്യന്മാരായ ജോക്കികളാണ്.
പരിശീലനം വിവിധ ഘട്ടങ്ങളായാണ് നടത്തുക. കുതിരയുടെ പുറത്ത് ആളിരുന്ന് അതിനെ നടത്തുന്നതിനെ ‘ടാക് വാക്ക്’ (Tack Walk) എന്നാണ് പറയുക. ഇത് ഒരു പരിശീലന ഘട്ടമാണ്. അതുപോലെ അനങ്ങിയനങ്ങി ഓടുന്നതിനെ ട്രോട്ടിങ് (Trotting) എന്നും പറയും. അടുത്ത ഘട്ടമാണ് ‘കന്‍റെർ’. കുതിരകൾ ചാടി ചാടി ഓടിപ്പോകുന്നതിനെയാണ് ഇങ്ങനെ പറയുന്നത്.
സൗദി കപ്പ്
ലോകത്തെ ഏറ്റവും സമ്പന്ന കുതിരയോട്ട മത്സരം സൗദി കപ്പിന് വേണ്ടിയുള്ളതാണ്. 20 മില്യൺ ഡോളർ സമ്മാനമുള്ള മത്സരം. റിയാദ് തുമാമയിലെ കിങ് അബ്ദുൽ അസീസ് റേസ്കോഴ്സിൽ എല്ലാ വർഷവും തുടക്കത്തിലാണ് മത്സരം. ലോകത്തെ ഏറ്റവും മികച്ച തോറോ ബ്രീഡ് ഇനം കുതിരകൾക്കും ജോക്കികൾക്കും മത്സരിക്കാനുള്ള വേദി.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള തണുപ്പുകാലമാണ് കുതിരയോട്ട മത്സരങ്ങളുടെ റിയാദ് സീസൺ. ഈ സമയത്ത് എല്ലാ വാരാന്ത്യങ്ങളിലും പ്രാദേശിക മത്സരങ്ങളും കിങ് അബ്ദുൽ അസീസ് റേസ്കോഴ്സിൽ നടക്കുന്നുണ്ട്. ലക്ഷം റിയാലാണ് അതിൽ പോലും സമ്മാനത്തുക. അതിലും തുമാമയിലെ എല്ലാ പന്തികളിലുംനിന്നുള്ള കുതിരകൾ മത്സരിക്കുന്നുണ്ടാവും.
കുതിരപ്രിയനായ രാജകുമാരൻ
ഒരു ജോക്കിയോ കുതിരസവാരിക്കാരനോ അല്ല ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ. എന്നാൽ, അദ്ദേഹത്തിന്‍റെ കുതിരകളോടുള്ള പ്രണയം വിശ്രുതമാണ്.
കുതിരകളോടും ജോക്കികളോടും മാത്രമല്ല, കുതിരകളെ പരിപാലിക്കുന്ന സാധാരണ തൊഴിലാളികളോടും വളരെ അടുപ്പവും ഇഷ്ടവും പുലർത്തുന്ന തൊഴിലുടമ കൂടിയാണ് അദ്ദേഹം. തന്റെ കുതിരപ്പന്തിയിൽ ശുചീകരണ തൊഴിലാളിയായി തുടങ്ങി കുതിര പരിശീലകനായി വളർന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി സേവനം തുടരുന്ന രാജു ഫ്രാൻസിസിനോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടം തന്നെയുണ്ട്.
അദ്ദേഹം സ്റ്റെബിൾ വിസിറ്റിങ്ങിന് വരുമ്പോൾ തന്നെ വിളിച്ച് പ്രത്യേകം കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും തന്റെ ഇളയ മകളെ ബന്ദരി എന്ന് പേര് ചൊല്ലിവിളിച്ചത് അദ്ദേഹമാണെന്നും രാജു അഭിമാനത്തോടെ പറയും. അദ്ദേഹത്തിന്‍റെ സഹോദരിയുടെ പേരാണത്.
രാജു ഫ്രാൻസിസ് വരച്ച ചിത്രങ്ങൾ
പ്രാണന് തുല്യം ചിത്രകല
തൃശൂരിലെ കുരുതുകുളങ്ങര കുടുംബാംഗമാണ് രാജു ഫ്രാൻസിസ്. അച്ഛൻ കെ.എ. ഫ്രാൻസിസ്. തൃശൂർ മധു എന്ന പേരിൽ കേരളത്തിലുടനീളം അറിയപ്പെട്ടിരുന്ന പ്രമുഖ ക്ലാർനെറ്റ് മാസ്റ്റർ. പ്രശസ്ത കാഥികൻ വി. സാംബശിവന്റെ പിന്നണിയിൽ ക്ലാർനെറ്റ് വാദകനായി ചേർന്നതോടെ താമസം കൊല്ലത്തേക്ക് മാറ്റി.
കൊട്ടാരക്കര മൈലത്ത് സ്വന്തമായി വസ്തു വാങ്ങി അതിലുള്ള ഒരു ചെറിയ വീട്ടിൽ താമസം തുടങ്ങി. രാജുവിന്റെ അമ്മ ആഗ്നസ് നാടകനടിയായിരുന്നു. ഇവരുടെ മൂന്ന് മക്കളിൽ ഇളയ ആളാണ് രാജു. വളർന്നതും പഠിച്ചതുമെല്ലാം കൊട്ടാരക്കരയിലാണ്.
രാജുവിന് കുട്ടിക്കാലം മുതലേ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നു. കൊട്ടാരക്കരയിലെ രവിവർമ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചിത്രരചന അഭ്യസിച്ചത്. ശേഷം കൊട്ടാരക്കര ചന്തമുക്കിൽ ആർട്ട് സ്റ്റുഡിയോ തുടങ്ങി. ചിത്രം വരച്ചും ബോർഡുകൾ എഴുതിയും ജീവിക്കാൻ പരിശ്രമിച്ചു. എന്നാൽ, ദൈനംദിന ജീവിതചിത്രം പൂർത്തിയാക്കാൻ ബ്രഷിനും നിറക്കൂട്ടുകൾക്കും കഴിയില്ലെന്ന് വേദനയോടെ തിരിച്ചറിഞ്ഞ് എല്ലാം ഉപേക്ഷിച്ച് കിട്ടിയ വിസയിൽ സൗദിയിലേക്ക് വിമാനം കയറുകയായിരുന്നു.
ആദ്യകാല ദുരിതങ്ങൾക്ക് ശേഷം കുതിര ജീവിതത്തിൽനിന്ന് രക്ഷപ്പെട്ടപ്പോൾ മാറ്റിവെച്ച ബ്രഷുകൾ തിരിച്ചെടുത്തു. ചിത്രംവര പുനരാരംഭിച്ചു. ചിത്രകലയിലെ പുതുപരീക്ഷണങ്ങളിൽ ഒരു കൈ നോക്കാൻ തുടങ്ങി. പുതിയ മീഡിയങ്ങളും സങ്കേതങ്ങളും പരിചയിച്ചു.
മനസ്സിൽ കാണുന്നത് മരത്തിൽ വരക്കുന്ന കരവിരുതിലാണ് ഇപ്പോൾ രാജു ഞെട്ടിക്കുന്നത്. മരത്തിന്റെ ഫലകങ്ങളിൽ ചൂടാക്കിയ കൂർത്ത സൂചിമുന കൊണ്ട് ചിത്രം കൊത്തുന്ന പണി. പൈൻ മരത്തിന്റെ തടിയിൽ സോൾഡറിങ് അയൺ പോലുള്ള ഇലക്ട്രോണിക് ഡിവൈസ് കൊണ്ട് ചിത്രം വരക്കുന്ന ഈ ചിത്രകലാരീതി ‘പൈറോഗ്രഫി’ എന്നാണ് അറിയപ്പെടുന്നത്. ചൂടാവുന്ന സൂചിമുന തടിപ്രതലത്തെ കരിച്ച് ആഴ്ന്നിറങ്ങി ചിത്രങ്ങൾ വരയും.
ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ രാജുവിന്റെ ശേഖരത്തിലായിക്കഴിഞ്ഞു. യേശുവിന്റെ മുതൽ ഏതാണ്ട് എല്ലാ വിശ്വവിഖ്യാതരുടെയും മലയാള സിനിമാരംഗത്തെ പ്രമുഖരുടെയും ചിത്രങ്ങൾ ശേഖരത്തിലുണ്ട്.
നോവുകൾ നോവലായി
സൗദിയിൽ പ്രവാസിയായ എഴുത്തുകാരി സബീന എം. സാലിയെ പരിചയപ്പെടാനിടയായത് ഇതിനിടെ രാജുവിനെ നോവൽ കഥാപാത്രവുമാക്കി. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച സബീനയുടെ ‘ലായം’ എന്ന നോവലിൽ രാജുവിന്റെ ജീവിത നോവുകളാണുള്ളത്. അതിലെ നായകൻ രാജു, രാജു ഫ്രാൻസിസാണ്. അദ്ദേഹത്തിന്‍റെ ജീവിതമാണ് അതിൽ നിറയെ. നോവൽ കുറഞ്ഞകാലം കൊണ്ട് മൂന്നാം പതിപ്പിലെത്തി.
കുടുംബം
തുമാമയിലെ സ്റ്റെബിൾ കോമ്പൗണ്ടിനുള്ളിൽ രാജു ഫ്രാൻസിസ് സകുടുംബമായാണ് കഴിയുന്നത്. ലിൻസയാണ് ഭാര്യ. മകൻ ഏബൽ റിയാദ് ഇന്ത്യൻ ഇന്‍റർനാഷനൽ സ്കൂളിൽ പ്ലസ്ടു വിദ്യാർഥി. മകൾ അലോന റിയാദ് മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനി.
തുമാമയിലെ വീട്ടിൽ കുടുംബാംഗങ്ങളായി ഇവർ മാത്രമല്ല, മലയാളം സംസാരിക്കുന്ന മൈന, രണ്ട് പൂച്ചകൾ, ലൗ ബേഡ്സ്, ആഫ്രിക്കൻ ലൗ ബേഡ്സ് എന്നിവ കൂടിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.