Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_right‘ഫ്രാൻസിസ് മാർപാപ്പയെ...

‘ഫ്രാൻസിസ് മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ -പാപ്പയോടൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് മലയാളിയായ സിസ്റ്റർ ഫിലോമിന

text_fields
bookmark_border
‘ഫ്രാൻസിസ് മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ -പാപ്പയോടൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് മലയാളിയായ സിസ്റ്റർ ഫിലോമിന
cancel

ഫ്രാൻസിസ് മാർപാപ്പയെ ലോകം എന്നും സ്മരിക്കുക അദ്ദേഹത്തിന്റെ വ്യക്തിത്വംകൊണ്ടാണ്. അവസാന ശ്വാസത്തിലും യുദ്ധത്തെ ശക്തമായി അപലപിച്ച പാപ്പ, ഇക്കഴിഞ്ഞ ഏപ്രിൽ 21നാണ് ലോകത്തോട് യാത്ര പറഞ്ഞത്.

ഏഴു വർഷം പാപ്പയെ സേവിച്ച, നിഴലായി കൂടെയുണ്ടായിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന ചെറുപ്ലാവിൽ പാപ്പയോടൊപ്പമുണ്ടായിരുന്ന ഓർമകൾ പങ്കുവെക്കുകയാണ്.

പിതാവിനു തുല്യം

പാപ്പ എനിക്ക് പിതാവിന് തുല്യമാണ്. അമ്മക്ക് അസുഖമായിരുന്ന സമയത്ത് എന്നും സുഖവിവരങ്ങൾ അന്വേഷിക്കും. വീട്ടിൽ പോയി തിരിച്ചുവന്ന ശേഷം എന്നെ കാത്തിരിക്കുവായിരുന്നു എന്നും പറഞ്ഞ് കെട്ടിപ്പിടിച്ച് ഉമ്മ തന്നതിപ്പോഴും ഓർമയുണ്ട്. ഒരു പിതാവ് മകളെ കാത്തിരിക്കുംപോലെയുള്ള അനുഭൂതിയായിരുന്നു അത്.

എന്റെ പിറന്നാൾ ദിവസം പൊടുന്നനെ അദ്ദേഹം എന്നോട് ചോദിച്ചു ‘‘എത്രയായി അറുപതായോ എന്ന്’’, 54 ആണെന്ന് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് പിറന്നാൾ ആശംസകൾ നേർന്നത് വലിയൊരു അനുഗ്രഹമായാണ് കാണുന്നത്. ഏതെങ്കിലും രാജ്യത്ത് പോയി വരുമ്പോൾ അവിടെനിന്ന് ഞങ്ങൾക്ക് എന്തെങ്കിലും സമ്മാനം വാങ്ങിയിട്ടാണ് അദ്ദേഹം തിരിച്ചുവരുക. ഫാത്തിമ മാതാവിന്റെ ചെറിയൊരു രൂപം, മാർബിളിൽ തീർത്ത പ്രാവ് തുടങ്ങിയവ അദ്ദേഹം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അതെല്ലാം അമൂല്യനിധി പോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

2012 മുതൽ 2019 വരെയായിരുന്നു പാപ്പയോടൊപ്പമുള്ള ജീവിതം. അഞ്ചു വർഷമാണ് ജോലി കാ ലാവധി. പാപ്പയോടൊപ്പം കൂടുതൽ കാലം സേവനം ചെയ്യാൻ ആഗ്രഹമുണ്ടെന്നറിയിച്ചപ്പോൾ ഏഴു വർഷമാക്കി നീട്ടി.

ദേഷ്യപ്പെട്ടതിന് ക്ഷമചോദിച്ച പാപ്പ

ഒരിക്കൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു വിഭവം കഴിക്കാൻ പാപ്പയെ മറ്റൊരു സിസ്റ്റർ നിർബന്ധിച്ചു. ഇഷ്ടമാവാത്തതുകൊണ്ട് വേണ്ടെന്ന് ദേഷ്യത്തോടെ അദ്ദേഹം തീർത്തുപറഞ്ഞു. പിറ്റേ ദിവസം പ്രാർഥനക്കുശേഷം അദ്ദേഹം സിസ്റ്ററോട് ക്ഷമ ചോദിച്ചത് കേട്ടുനിന്നവരെയെല്ലാം കരയിപ്പിച്ചു. ഒരു മനുഷ്യനെയും വേദനിപ്പിക്കാൻ പാപ്പക്ക് കഴിയില്ല.

ജോലിക്കാരായ ഞങ്ങൾ നാൽപതോളം പേരുണ്ടായിരുന്നു. എല്ലാവരോടും അദ്ദേഹത്തിന് സ്നേഹമായിരുന്നു. എല്ലാവരുടെ പേരും മനഃപാഠമായിരുന്നു. കാണുമ്പോഴെല്ലാം സുഖമാണോയെന്ന് ചോദിക്കും, ആരെയും അവഗണിക്കാറില്ല... എല്ലാം നന്നായി ശ്രവിക്കും. നമ്മൾ ഒരു കാര്യം പറഞ്ഞാൽ അതേക്കുറിച്ച് പിന്നെയും അന്വേഷിക്കും.

ഞായറാഴ്ച ഞങ്ങളെ ജോലി ചെയ്യാൻ സമ്മതിക്കില്ല. കാരണം, ഡോക്ടർമാർ ഓപറേഷൻ കഴിഞ്ഞു വിശ്രമിക്കുംപോലെ നിങ്ങളും വിശ്രമിക്കണമെന്ന് പാപ്പ പറയും.

നിലപാടുകളുടെ രാജകുമാരൻ

തെറ്റ് തെറ്റാണെന്നു പറയാൻ ഒരിക്കലും പാപ്പ മടിക്കാറില്ല. റഷ്യ-യുക്രെയ്ൻ യുദ്ധ സമയത്ത് യുദ്ധത്തിന്റെ തിക്തഫലം അനുഭവിച്ച പാവപ്പെട്ട ജനങ്ങളോടൊപ്പമായിരുന്നു അദ്ദേഹം. യുദ്ധത്തിന് സിറിയ, റഷ്യ എന്നൊന്നുമില്ല. ‘യുദ്ധം ആരംഭിക്കുന്നത് നമ്മുടെ ഹൃദയത്തിൽനിന്നാണ്, സമാധാനം എന്റെ ഹൃദയത്തിൽനിന്നാരംഭിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞത് ഒരു പാഠമായിരുന്നെന്ന് സിസ്റ്റർ പറയുന്നു.

ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായ ഭാഷയിൽ മുഖം നോക്കാതെ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. മാറ്റിനിർത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെയും കുട്ടികളെയും മുതിർന്നവരെയും ചേർത്തുപിടിച്ചിരുന്നു. അവർക്കാണ് നമ്മുടെ സഹായഹസ്തം ആവശ‍്യമുള്ളതെന്ന് പാപ്പ എപ്പോഴും പറയും.

പാർശ്വവത്കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരുന്നത്. അതിനാൽ, മുന്നോട്ടുവെച്ചിരുന്ന ആദർശങ്ങളും ആശയങ്ങളുമെല്ലാം ലോകത്തെ സ്വാധീനിച്ചിരുന്നു. ‘ഹോപ്’ എന്ന തന്റെ ആത്മകഥയിലൂടെയും അദ്ദേഹത്തിന്റെ നിലപാടുകൾ ലോകമറിഞ്ഞതാണ്.

രണ്ടാം ലോക യുദ്ധ കാലത്ത് ജനിച്ച അദ്ദേഹത്തിന് യുദ്ധം സൃഷ്ടിക്കുന്ന നോവുകളെക്കുറിച്ചും മരവിപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ചും നന്നായിട്ടറിയാം. അതുകൊണ്ടുതന്നെയാണ് ഗസ്സയിലെ യുദ്ധമവസാനിപ്പിക്കണമെന്ന് അവസാന സന്ദേശത്തിലും പാപ്പ ലോകത്തോട് വിളിച്ചുപറഞ്ഞത്.

പാവങ്ങളുടെ പാപ്പ

പാവങ്ങളോടും അവഗണിക്കപ്പെട്ടവരോടും എപ്പോഴും സ്നേഹമാണ്. അദ്ദേഹത്തിന്‍റെ ജന്മദിനം ഞങ്ങൾ ആഘോഷിച്ചിരുന്നത് പാവപ്പെട്ടവരുടെ കൂടെയാണ്. മതമോ നിറമോ ജാതിയോ വർണമോ വംശമോ ഏതുമാവട്ടെ, മനുഷ്യത്വമാണ് വലുതെന്ന് എപ്പോഴും പാപ്പ പറയും. ദരിദ്രർ കൂടുതലുള്ള 14 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ടെങ്കിലും സ്വന്തം രാജ്യമായ അർജന്റീന സന്ദർശിച്ചിരുന്നില്ല.

സിറിയൻ യുദ്ധസമയത്ത് കുടിയേറിയവർക്കായി വത്തിക്കാനിൽ വീട് നിർമിച്ചുനൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഇറ്റാലിയനാണ്. യുദ്ധസമയത്ത് കുടിയേറി പോയതായതിനാൽ കുടിയേറ്റക്കാരോട് എന്നും കരുതൽ കാത്തുസൂക്ഷിച്ചിരുന്നു.

ജീവിതം ലളിതം, മനസ്സുകൊണ്ട് സമ്പന്നം

ചിട്ടയായ ജീവിതരീതി അദ്ദേഹത്തിന് നിർബന്ധമായിരുന്നു. എന്നും രാവിലെ നാലിന് എഴുന്നേറ്റ് നാല് കൊന്ത ചൊല്ലും. രാവിലെ ഒരു ഗ്ലാസ്‌ ഓറഞ്ച് ജ്യൂസ്‌, രണ്ട് റസ്‌ക്ക്, അല്ലെങ്കിൽ ഒരു കട്ടൻചായ, പിസ എന്നിവയൊക്കെയായിരുന്നു പ്രിയപ്പെട്ട ഭക്ഷണം. ഒമ്പതിന് ഓഫിസിൽ പോകും. ഒരുമണിക്ക് ഉച്ചഭക്ഷണ ശേഷം അരമണിക്കൂർ വിശ്രമം. പ്രത്യേക ഭക്ഷണരീതി ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം സാധാരണ പോലെയായിരുന്നു.

എന്തെങ്കിലും ഉണ്ടാക്കിയാൽ മറ്റുള്ളവർക്കുകൂടി ഉണ്ടോയെന്ന് ചോദിക്കുക പതിവാണ്. അസുഖമായിരുന്നപ്പോൾ ഭക്ഷണക്രമത്തിലും മാറ്റം വന്നു. കുരുവുള്ള പഴവർഗങ്ങൾ അദ്ദേഹത്തിന് കഴിക്കാൻ പറ്റില്ലായിരുന്നു. എങ്കിലും കിവി, മുന്തിരി തുടങ്ങിയവ കുരു കളഞ്ഞ് നൽകിയാൽ കഴിക്കും.

കറുത്ത പാന്റും വെള്ള ഷർട്ടുമാണ് നിത്യ വസ്ത്രധാരണ രീതി. ഇടക്ക് വെള്ള സോക്സും ധരിക്കും. പാവങ്ങൾക്കായി വെയ്റ്റിങ് റൂം തുടങ്ങിയപ്പോൾ അവർക്ക് ഒരുപാട് വസ്ത്രങ്ങൾ കൊടുത്തുവിടുന്ന പതിവുമുണ്ടായിരുന്നു.

ജീവിതംകൊണ്ട് ഒത്തിരി കാര്യങ്ങളാണ് അദ്ദേഹം ലോകത്തെ പഠിപ്പിച്ചത്. അദ്ദേഹത്തെ എത്രയുംപെട്ടെന്ന് വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് -സിസ്റ്റർ പറയുന്നു.

എന്റെ കുടുംബം

അച്ഛൻ മത്തായി, അമ്മ ഏലിയാമ്മ, സഹോദരി എന്നിവരടങ്ങിയ കുടുംബമാണ് എന്‍റേത്. ഒഡിഷയിൽ ഓൾഡ് ഏജ് ഹോമിൽ സിസ്റ്ററായി ജോലി ചെയ്തിരുന്നു. പിന്നീട് ഝാർഖണ്ഡിലെ റാഞ്ചിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലും ജോലി നോക്കി. നിലവിൽ മണിപ്പൂരിലെ സേനാപതി ജില്ലയിലാണ് ജോലി ചെയ്യുന്നത്. 75 കുട്ടികളുള്ള സ്വന്തം സ്കൂളുണ്ട്. കൂടാതെ ബോർഡിങ് സ്കൂളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pope FrancisSay No To WarLifestyle
News Summary - Sister Philomena recalls moments with Pope Francis
Next Story