തന്‍റെ ഡ്രൈവറുടെ മയ്യിത്ത് സ്വന്തം കൈകളിൽ വാരിയെടുത്ത് ഖബറിലേക്ക് ഇറക്കുമ്പോൾ അയാൾ പൊട്ടിക്കരയുകയായിരുന്നു; തൊഴിലാളിയെ മകനെപ്പോലെ സ്നേഹിച്ച അറബി കഫീലിന്‍റെ മനുഷ‍്യസ്നേഹത്തിന്‍റെ കഥ
text_fields1. അബൂനാസർ എന്ന മഹ്ദി നാസർ അസുബൈ 2. സിയാദിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്പോൺസർ സ്വന്തം വീടിന് മുന്നിൽ സ്ഥാപിച്ച ബോർഡ് 3. സിയാദ്
അകാലത്തിൽ പൊലിഞ്ഞ മലയാളി ഹൗസ് ഡ്രൈവർ സിയാദിന്‍റെ മയ്യിത്ത് മാറോട് ചേർത്തുപിടിച്ച് വാവിട്ടുകരഞ്ഞ അറബി കഫീലിന്‍റെ മനുഷ‍്യസ്നേഹത്തിന്‍റെ കഥയിതാ...
ആടുജീവിതങ്ങളിലെയും ഗദ്ദാമ യാതനകളിലെയും വില്ലൻ കഥാപാത്രങ്ങളിനി പഴങ്കഥ. അകാലത്തിൽ പൊലിഞ്ഞ ഹൗസ് ഡ്രൈവറുടെ മയ്യിത്ത് മാറോട് ചേർത്തുപിടിച്ച് വാവിട്ടുകരയുന്ന അറബി കഫീലിന്‍റേതാണ് പുതിയ കഥ.
‘എന്‍റെ മകനായിരുന്നു അവൻ...’ എന്ന് ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി സ്വന്തം കൈകളിൽ വാരിയെടുത്ത് ആറടി മണ്ണിലേക്ക് ഇറക്കിവെക്കുമ്പോൾ വെള്ള കഫൻപുടവയിൽ അയാളുടെ കണ്ണീർ തുള്ളികൾ വീണുപടർന്നിരുന്നു.
ഓർക്കാപ്പുറത്ത് എ.സി പൊട്ടിത്തെറിച്ചപ്പോൾ ഒരു നിമിഷംകൊണ്ട് നെഞ്ചുരുക്കമായി മാറിയ സിയാദിന്‍റെയും ആ മയ്യിത്തിന് മുന്നിലിരുന്നു മകനെ നഷ്ടപ്പെട്ട ഒരു പിതാവിനെ പോലെ പൊട്ടിക്കരയുന്ന കഫീൽ അബൂ നാസറിന്‍റെയും മണ്ണടിയാത്ത സ്നേഹബന്ധത്തിന്‍റെ കഥ. കഥയല്ലിത്, യാഥാർഥ്യം.
മലയാളി ഹൗസ് ഡ്രൈവറുടെ മരണത്തിൽ ഉള്ളുലഞ്ഞ സൗദി തൊഴിലുടമയുടെ പേര് അബൂനാസർ എന്ന മഹ്ദി നാസർ അസുബൈ. താമസിക്കുന്ന മുറിയിലെ എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് ദാരുണമായി മരിച്ച ഹൗസ് ഡ്രൈവർ എറണാകുളം പറവൂർ മാഞ്ഞാലി സ്വദേശി സിയാദ് എന്ന 36കാരൻ. റിയാദ് നഗരത്തിലെ എക്സിറ്റ് എട്ടിലുള്ള വീട്ടിൽ ഇക്കഴിഞ്ഞ ജൂൺ 13ന് ഉച്ചക്കാണ് ആ ദാരുണ സംഭവമുണ്ടായത്.
ജോലിയുടെ ഇടവേളയിൽ ഉച്ചവിശ്രമത്തിനായി സ്വന്തം മുറിയിലെത്തിയതാണ് സിയാദ്. വേനൽ ചെറുതായൊന്ന് ആളിത്തുടങ്ങിയ സമയമായതിനാൽ അന്തരീക്ഷത്തിന് നല്ല ഉഷ്ണവും പുകച്ചിലും. മുറിയിലെത്തിയ പാടേ എ.സി ഓണാക്കി.
സ്വിച്ചിട്ടതും വലിയ ശബ്ദത്തോടെ കംപ്രസർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഗുരുതര പൊള്ളലേറ്റ സിയാദിനെ ആളുകൾ പാഞ്ഞെത്തി ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ പിറ്റേന്ന് ഉച്ചക്ക് ലോകത്തോട് വിടപറഞ്ഞു.
സിയാദ് താൻ ഓടിച്ചിരുന്ന സ്പോൺസറുടെ കാറിന് സമീപം
സ്വന്തം മകനെ പോലെ
ഒമ്പത് വർഷമായി തന്‍റെ ഹൗസ് ഡ്രൈവറായ സിയാദ്, അബൂ നാസറിന് സ്വന്തം കുടുംബാംഗമായിരുന്നു. മകനോടെന്ന പോലുള്ള അടുപ്പവും സ്നേഹവുമായിരുന്നു. ഓർക്കാപ്പുറത്ത് മരണം ക്രൂരത കാട്ടിയപ്പോൾ അദ്ദേഹത്തിനത് താങ്ങാൻ കഴിഞ്ഞില്ല.
കരൾ പിളരുന്നതുപോലെ വിലപിച്ചു. മയ്യിത്ത് മറമാടാൻ റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലെത്തിയവരെല്ലാം ഒരു വിദേശി ഹൗസ് ഡ്രൈവറുടെ മരണത്തിൽ ഹൃദയംനൊന്ത് വിലപിക്കുന്ന അബൂ നാസറിനെ കണ്ട് അമ്പരന്നു. ഒരു തൊഴിലാളിയെ സൗദി തൊഴിലുടമ ഇങ്ങനെ സ്നേഹിക്കുമോ എന്ന് അവിടെ കൂടിയ സിയാദിന്‍റെ നാട്ടുകാരും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരുമെല്ലാം അത്ഭുതപ്പെട്ടു!
പക്ഷേ, മയ്യിത്ത് സ്വന്തം കൈകളിൽ വാരിയെടുത്ത് പൊട്ടിക്കരഞ്ഞ് ഖബറിലേക്ക് ഇറങ്ങുന്ന ആ മനുഷ്യന്‍റെ കണ്ണുകളിൽനിന്ന് മണ്ണിൽ പതിക്കുന്ന നീർത്തുള്ളികൾ അവരുടെയെല്ലാം അവിശ്വസനീയതയെ മായ്ച്ചുകളയാൻ പോന്നതായിരുന്നു.
കരച്ചിൽ കണ്ട് അടുത്തുചെന്ന് അദ്ദേഹത്തെ സാമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് കഴിഞ്ഞില്ലെന്നും ഞാനും കരഞ്ഞുപോയെന്നും സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറയുന്നു. എന്‍റെ മകനായിരുന്നു അവനെന്ന് വിതുമ്പലടക്കാനാവാതെ അബൂ നാസർ പറഞ്ഞുകൊണ്ടിരുന്നു.
മരണാനന്തര നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ ശിഹാബ് കൊട്ടുകാട് നസീമിലെ മഖ്ബറയിലും പിന്നീട് അബൂനാസറിന്‍റെ വീട്ടിലും കണ്ടതിനെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ:
മരണവീടായി മാറിയ സൗദി ഭവനം
‘‘അന്ന് മഗ് രിബിന് ശേഷമായിരുന്നു ഖബറടക്കം. നിറഞ്ഞൊഴുകുന്ന കണ്ണുകളുമായാണ് അബൂനാസർ അവിടെ വന്നത്. മയ്യിത്ത് ഖബറിലേക്ക് എടുക്കുമ്പോൾ ആദ്യം വന്ന് പിടിച്ചത് അദ്ദേഹമാണ്. സ്വന്തം മകനെ വാരിയെടുത്ത് മാറോടണച്ചുപിടിക്കുന്നതുപോലെയായിരുന്നു അത്.
ഖബറിലേക്ക് ഇറക്കിവെക്കാനും അദ്ദേഹം ആദ്യമിറങ്ങി. അപ്പോഴെല്ലാം അദ്ദേഹം കരയുകയും പ്രാർഥനാമന്ത്രങ്ങൾ ഉരുവിടുകയും ചെയ്തു. ഖബറടക്കി എല്ലാവരും അവിടെനിന്ന് മാറിയിട്ടും മാറാനാവാതെ അദ്ദേഹം ഖബറിങ്കൽ തന്നെ നിന്നു. പൊട്ടിക്കരയുകയും ആകാശത്തേക്ക് കൈയ്യുയർത്തി പ്രാർഥിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഞാൻ പോയി സമാധാനിപ്പിക്കാൻ ശ്രമിച്ചു. പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ സഹായപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജിബിൻ സമദും അലി ആലുവയുമടക്കം വലിയൊരു ആൾക്കൂട്ടം തന്നെ അവിടെയുണ്ടായിരുന്നു.
ചടങ്ങുകൾ അവസാനിച്ച് അവിടെനിന്നിറങ്ങിയപ്പോൾ എല്ലാവരെയും അദ്ദേഹം സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരാൾ മരിച്ച അവസ്ഥയായിരുന്നു ആ വീട്ടിൽ ചെല്ലുമ്പോൾ കണ്ടത്. വീടിന് മുന്നിൽ സിയാദിന്‍റെ പേരിൽ അറബി ഭാഷയിൽ അനുശോചന ബോർഡ് വെച്ചിട്ടുണ്ടായിരുന്നു.
അദ്ദേഹത്തിന്‍റെ കുടുംബക്കാരും ബന്ധുമിത്രാദികളുമായ ധാരാളം സൗദികൾ ആ വീട്ടിൽ അനുശോചനം അറിയിക്കാൻ വന്നുപോയിക്കൊണ്ടിരുന്നു. സിയാദിന്‍റെ സുഹൃത്തുക്കളും നാട്ടുകാരുമായ മുഴുവനാളുകളെയും അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. എല്ലാവർക്കും ഭക്ഷണമൊരുക്കി. എല്ലാവരോടും സിയാദ് എത്ര നല്ല ആളായിരുന്നുവെന്ന് കണ്ണീരോടെ വാചാലനായി.
നാലഞ്ച് ദിവസം ആ വീട്ടിലങ്ങനെ അനുശോചന ചടങ്ങുകൾ തുടർന്നു. സാധാരണ അറബി വീടുകളിൽ ഇത് പതിവാണ്. അവരുടെ ആളുകൾ മരിച്ചാൽ വീട്ടിൽ ദിവസങ്ങൾ നീളുന്ന അനുശോചന ചടങ്ങുണ്ടാവും. പുറത്ത് ബോർഡൊക്കെ വെക്കും, ഭക്ഷണമൊരുക്കും, അനുശോചനം രേഖപ്പെടുത്താൻ ആളുകൾ വരും. എന്നാൽ, ഒരു വിദേശിക്ക് വേണ്ടി, അതും അവരുടെ തൊഴിലാളിക്കുവേണ്ടി, ഇങ്ങനെയൊക്കെ ചെയ്യുന്നത് അസാധാരണമാണ്.
കഴിഞ്ഞ 35 വർഷത്തെ സൗദിയിലെ എന്‍റെ അനുഭവത്തിൽ ഒരു സൗദി കുടുംബം ഇങ്ങനെയൊക്കെ ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്... നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ളവർക്ക് തൊഴിലും നല്ല ജീവിതവും നൽകിയ സൗദി സമൂഹത്തിന്‍റെ മൊത്തം നന്മയുടെ പ്രതീകമാണ് അബൂനാസർ’’ -ശിഹാബ് കൂട്ടിച്ചേർക്കുന്നു.
സിയാദിന്റെ ശമ്പളം കുടുംബത്തിന് എല്ലാ മാസവും അയച്ചുകൊടുക്കുമെന്ന് അബൂനാസർ പ്രഖ്യാപിക്കുന്നു. സമീപം മലയാളി സാമൂഹിക പ്രവർത്തകർ
സിയാദിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് കഫീൽ
അന്ന് ആ വീട്ടിൽ വെച്ച് ശിഹാബടക്കമുള്ളവരെ സാക്ഷിയാക്കി അബൂനാസർ നടത്തിയ പ്രഖ്യാപനവും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു:
‘‘എന്‍റെ മകനായിരുന്നു സിയാദ്. അവന്‍റെ വിയോഗം എനിക്ക് താങ്ങാൻ പറ്റുന്നതല്ല. അവനില്ലാതായെങ്കിലും അവനുള്ളതൊന്നും നിലയ്ക്കില്ല. അവന്‍റെ കുടുംബത്തിന് മാസംതോറും ഞാൻ ശമ്പളം അയച്ചുകൊടുക്കും. അവനുവേണ്ടി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യും. ഞാൻ ജീവിച്ചിരിക്കുന്നതുവരെയും ഈ പറഞ്ഞതെല്ലാമുണ്ടാവും. അവനുവേണ്ടി എല്ലാ ദിവസവും ഞാൻ പ്രാർഥിക്കും. എല്ലാ വെള്ളിയാഴ്ചകളിലും പള്ളികളിൽ പോയി സിയാദിന്‍റെ പേരിൽ പാവങ്ങൾക്ക് ദാനധർമാദികൾ ചെയ്യും’’.
ആ പ്രഖ്യാപനം നടത്തുമ്പോഴും ഉള്ളിൽനിന്നാർത്തലച്ചുവരുന്ന സങ്കടക്കടലിനെ അടക്കാൻ അദ്ദേഹം പ്രയാസപ്പെടുന്നത് എല്ലാവരും നിറകണ്ണുകളോടെ കണ്ടു.
അബൂനാസറിനെ എറണാകുളം പ്രവാസി അസോസിയേഷൻ ആദരിച്ചപ്പോൾ
സ്നേഹ വ്യവസായി
സൗദിയിലുടനീളം പടർന്നുപന്തലിച്ച ഒരു വ്യാപാര ശൃംഖലയുടെ അധിപനാണ് അബൂനാസർ എന്ന മഹ്ദി നാസർ അസുബൈ. റിയാദാണ് സ്വദേശം. മുമ്പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഔദ്യോഗിക ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് ബിസിനസിൽ താൽപര്യം കയറുന്നത്.
സേവനത്തിൽനിന്ന് പിരിഞ്ഞ് ഒരു കോഫി ഷോപ്പ് ശൃംഖല സ്ഥാപിച്ചു. റിയാദിന് പുറമെ ദമ്മാം, ജിദ്ദ തുടങ്ങിയ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലുമെല്ലാം ഇന്ന് കോഫി ഷോപ്പുകളുണ്ട്. അഞ്ഞൂറോളം പേർ അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്നു. ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ അബൂനാസറിന് വലിയ ഇഷ്ടമാണ്. ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്.
ഇന്നദ്ദേഹം പ്രവാസി സമൂഹത്തിന്‍റെ ഹൃദയത്തിലിടം നേടിയിരിക്കുന്നത് നന്മയുടെ പൂമരമായാണ്. അറബി കഫീലന്മാരെ കുറിച്ചുള്ള എല്ലാ വില്ലൻ പ്രതിച്ഛായകളെയും മായ്ച്ചുകളഞ്ഞ സ്നേഹസ്വരൂപനായ നായകൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.