‘‘നിങ്ങള്‍ക്കെന്നെ കെട്ടിക്കൂടെ’’ -വീൽചെയറിൽ കഴിയുന്ന ആർമിക്കാരനെ സ്വന്തമാക്കിയ ‘ആര്‍മി ഗേളി’ന്‍റെ അപൂർവ പ്രണയകഥ
text_fieldsഅഖിലയും അഖിലും
‘‘ഞാനൊരു ആര്‍മിക്കാരനാണ്. പക്ഷേ, നീ വിചാരിക്കും പോലെ ഒരാളല്ല. വീല്‍ചെയറിലാണ്, നടക്കാന്‍ പറ്റില്ല’’ -അഖിൽ പറഞ്ഞുകഴിഞ്ഞതും കാണാമറയത്തിരുന്ന് ഇഷ്ടംപറഞ്ഞ പെണ്‍കുട്ടി തിരിച്ചൊരക്ഷരമുരിയാടാതെ ഫോണ്‍ കട്ട് ചെയ്തു.
ഇങ്ങനെയൊരാളെയാണോ താന്‍ സ്‌നേഹിച്ചതെന്ന ഞെട്ടലില്‍ ഫോൺ കട്ടാക്കി പോയതാവുമെന്നാണ് അഖില്‍ കരുതിയത്. പക്ഷേ, ആ പെൺകുട്ടിയുടെ മനസ്സ് അവൻ തിരിച്ചറിഞ്ഞിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ അവള്‍ തിരിച്ചുവിളിച്ചു, ‘‘എനിക്ക് നിങ്ങളെ തന്നെമതി. ഞാന്‍ നിങ്ങളെ വിട്ടുപോവൂല’’. അഖിലിന് ആദ്യമൊന്നും വിശ്വാസമായില്ല.
ഒരു സുപ്രഭാതത്തില്‍ ചക്രക്കസേരയിലേക്ക് തളക്കപ്പെട്ട തന്നോട് തോന്നിയ സഹതാപമായേ അഖിലിന് അന്ന് തോന്നിയുള്ളു. എന്നാല്‍, അഖിലിനെ അങ്ങനെയങ്ങ് വിട്ടുകളയാന്‍ അഖില തയാറായിരുന്നില്ല.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് അടുപ്പം തോന്നിയ യുവാവ് നടക്കാന്‍ കഴിയാതെ വീല്‍ചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്‌നേഹവലയം തീര്‍ത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപ്പോലും വെല്ലുന്ന പ്രണയകഥ. അതാണ് കോഴിക്കോട്ടുകാരനായ അഖിലും കൊല്ലത്തുകാരിയായ അഖിലയും.
കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞ അപകടം
കുഞ്ഞുനാൾ മുതൽ അഖില്‍ മനസ്സില്‍ താലോലിച്ച സ്വപ്നമായിരുന്നു യൂനിഫോമണിഞ്ഞ സൈനികസേവനം. നിരന്തര പരിശ്രമത്തിനൊടുവില്‍ 2018 മാര്‍ച്ചില്‍ ആ സ്വപ്നം പൂവണിഞ്ഞു.
ഒഡിഷയിലെ ട്രെയിനിങ്ങിനും പഞ്ചാബിലെ ജോലിക്കുമിടയിൽ മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി അച്ഛനും അമ്മക്കും സര്‍പ്രൈസ് കൊടുത്ത് ഹരം കണ്ടെത്തുന്ന യുവത്വം. നാട്ടിലെത്തിയാല്‍ വീട്ടിലിരിക്കാതെ സുഹൃക്കളുമൊത്ത് ഉല്ലാസം. ആര്‍മിയിലും ബെസ്റ്റ് പെര്‍ഫോര്‍മര്‍മാരിലൊരാള്‍.
പരിശീലനമൊക്കെ കഴിഞ്ഞ് ജോലിയും ജീവിതവും ആസ്വദിച്ച് തുടങ്ങുമ്പോൾ 2021ല്‍ പഞ്ചാബില്‍ ജോലി ചെയ്യുന്നതിനിടെ പൊടുന്നനെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ബാറ്റില്‍ ഒബ്സ്റ്റാകിള്‍ കോര്‍പ്‌സ് ട്രെയിനിങ്ങിന് അഖിലിനെ തിരഞ്ഞെടുത്തു.
ട്രെയിനിങ്ങിനിടെ കയർ പൊട്ടിവീണ് നട്ടെല്ലിനും തലക്കും ഗുരുതര പരിക്കേറ്റ അഖിലിന് ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുക്കുമ്പോള്‍ ആംബുലന്‍സില്‍ ഗോവ സൈനിക ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു. പിന്നീട് അസഹനീയ വേദന, സര്‍ജറികള്‍... അധികം വൈകാതെ എല്ലാം ശരിയാവുമെന്നാശ്വസിച്ച് കിടക്കുന്നതിനിടെയാണ് ആശുപത്രിയില്‍ വെച്ച് നഴ്‌സ് മറ്റാരോടോ സംസാരിക്കുന്നതിനിടെ അഖില്‍ ആ സത്യം അറിഞ്ഞത്, തനിക്കിനി നടക്കാന്‍ കഴിയില്ല! ആകെ തളര്‍ന്നുപോയി.
അതേൽപിച്ച മാനസികാഘാതം ഇന്നും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. സങ്കടം ഉള്ളിലൊതുക്കാന്‍ കഴിയാതെ അച്ഛന്‍ ശിവദാസനെ ഗോവയില്‍ തന്റെ അടുത്തേക്കു വിളിച്ചു. മകനെ കണ്ടപ്പോള്‍ ശിവദാസന് ഒരു ദിവസംപോലും അവിടെ പിടിച്ചുനില്‍ക്കാനായില്ല.
ഏതാനും ആഴ്ചകളുടെ ചികിത്സക്കുശേഷം കോഴിക്കോട് പെരുവയലിലെ വീട്ടിലേക്ക് വന്നു. താന്‍ ഓടിക്കയറി വന്ന വീട്ടിലേക്ക് അച്ഛന്‍ എടുത്തുകൊണ്ടുവന്ന അഖിലിന്‍റെ സങ്കടം കുന്നോളമായി. അച്ഛനടക്കം എല്ലാവരും അഖിലിനുമുന്നില്‍ കരയാതെ പിടിച്ചുനിന്നെങ്കിലും ഇവരെ സങ്കടപ്പെടുത്താതെ താൻ ഇനി എങ്ങനെ മുന്നോട്ടുനീങ്ങുമെന്നത് അഖിലിന്‍റെ ആധി വർധിപ്പിച്ചു.
വീണുകിട്ടിയ സൗഹൃദം
പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിലിരിക്കുന്നതിനിടെയാണ് ഫേസ്ബുക്കില്‍ സജീവമാകുന്നതും അഖിലയെ പരിചയപ്പെടുന്നതും. ‘ആര്‍മി ഗേള്‍’ എന്ന പേര് കണ്ടപ്പോൾ റിക്വസ്റ്റ് അയച്ചതായിരുന്നു പട്ടാളക്കാരന്‍. തന്‍റെ ഒറ്റപ്പെടലില്‍നിന്ന് മോചനം തേടിയുള്ള സൗഹൃദം മാത്രമായിരുന്നു ഉദ്ദേശ്യം.
മെസഞ്ചര്‍ വഴി ചാറ്റ് ചെയ്തു തുടങ്ങിയിട്ടും വീല്‍ചെയറിലാണെന്ന കാര്യം അഖിലയോട് പറഞ്ഞിരുന്നില്ല. അതറിയുമ്പോള്‍ ഉണ്ടാവുന്ന സഹതാപം കാണാന്‍ താൽപര്യമുണ്ടായിരുന്നില്ല അഖിലിന്. സൗഹൃദം തുടരാന്‍തന്നെ മടികാണിക്കുമോ എന്ന ആശങ്ക വേറെയും.
വീട്ടില്‍ അടഞ്ഞുകൂടിയിരിക്കുന്ന ബോറടി മാറ്റി സംസാരിക്കാന്‍ ഒരു സുഹൃത്ത് മാത്രമായിരുന്നു അഖിലിന് അന്ന് അഖില. ലീവിന് നാട്ടില്‍വന്ന ഒരു പട്ടാളക്കാരന്‍ മാത്രമായാണ് അഖിലയോട് അഖിൽ സംസാരിച്ചിരുന്നത്.
സൗഹൃദം രണ്ടുമാസം പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിതമായി ‘‘നിങ്ങള്‍ക്കെന്നെ കെട്ടിക്കൂടെ’’ എന്ന് അഖില ചോദിക്കുന്നത്. ഒന്നു ഞെട്ടിയ അഖില്‍ ‘‘നീ വിചാരിക്കുന്ന ആളല്ല ഞാൻ, എനിക്ക് കുറച്ച് സംസാരിക്കണം’’ എന്നുപറഞ്ഞ് അഖിലയുടെ ഫോണ്‍ നമ്പര്‍ വാങ്ങി.
ഇയാളെന്തോ ക്രിമിനലോ പറ്റിക്കുന്ന ആളോ ആവുമോ എന്നായിരുന്നു അഖിലയുടെ ആശങ്ക. വീല്‍ചെയറില്‍ ഒരു സൈനികനെ സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ല. വേറെയും എന്തൊക്കെയോ ചിന്തിച്ചുകൂട്ടി.
‘എനിക്ക് നിങ്ങളെ മതി’
അഖില്‍ അഖിലയെ വിളിച്ച്, ആറേഴ് മാസം മുമ്പുണ്ടായ അപകടത്തെപ്പറ്റിയും പിന്നീട് വീൽചെയറിലായ കാര്യവും പറഞ്ഞു. പറഞ്ഞുകഴിഞ്ഞതും തിരിച്ചൊന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു പോയ അഖിലയുടെ മനസ്സ് പക്ഷേ അഖില്‍ തിരിച്ചറിഞ്ഞിരുന്നില്ല.
കുറച്ചുകഴിഞ്ഞ് അവള്‍ തിരിച്ചുവിളിച്ചു. കേട്ടപ്പോള്‍ സങ്കടം കൊണ്ട് താന്‍ കരഞ്ഞുപോയെന്നും അതാണ് ഫോണ്‍ കട്ടാക്കിയതെന്നും പറഞ്ഞു. പിന്നാലെ ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ അഖിലിന് ആദ്യമൊന്നും വിശ്വാസമായില്ല. സഹതാപമായിരിക്കുമെന്ന് കരുതി പരമാവധി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അഖില പിന്തിരിയാന്‍ തയാറായിരുന്നില്ല. ആ ഇഷ്ടം കൂടിയതേ ഉള്ളൂ.
തന്‍റെ പരിമിതികളെല്ലാം അഖില്‍ വിവരിച്ചെങ്കിലും അഖില തീരുമാനത്തിലുറച്ചുനിന്നു. ഒരിക്കലും ഉപേക്ഷിച്ചുപോവില്ല എന്ന വാക്കും കൊടുത്തു. അതോടെ അത് പ്രണയമായി വളര്‍ന്നു. ഇതിനിടെ അഖിൽ ജോലിസ്ഥലത്തേക്ക് മടങ്ങിയിരുന്നു. അഖിലയുടെ മനസ്സ് തിരിച്ചറിഞ്ഞതോടെ ഉടന്‍ നാട്ടിലെത്തി അവളെ കാണണമെന്നായി. തന്‍റെ പരിമിതികള്‍ അവള്‍ തിരിച്ചറിഞ്ഞ ശേഷമേ ഈ ബന്ധം മുന്നോട്ടുനീങ്ങാവൂ എന്നായിരുന്നു അഖിലിന്റെ നിലപാട്.
ആദ്യമായി കണ്ടപ്പോൾ
നാട്ടിലേക്കു മടങ്ങുന്നതിനിടെ ആര്‍മിയില്‍നിന്നുള്ള സഹായിയുടെ കൂടെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി ഇരുവരും പരസ്പരം കണ്ടു. അപ്പോഴും അഖിൽ ചോദിച്ചത് ‘‘ഇനിയും നീ എന്നെ സ്വീകരിക്കാന്‍ തയാറാണോ’’ എന്നായിരുന്നു. എന്നാല്‍, അഖിലയുടെ സ്‌നേഹവും ഇഷ്ടവും കൂടിയതേ ഉള്ളൂ.
പിന്നീട് മൂന്നുവര്‍ഷത്തെ പ്രണയം. പ്രണയത്തെക്കുറിച്ച് അഖിലിന്റെ അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ആശങ്കയായി. അച്ഛനെ അവര്‍ ഒരുവിധം പറഞ്ഞു മനസ്സിലാക്കി.
ക്ഷേത്രത്തിൽവെച്ച് വിവാഹിതരായപ്പോൾ
വിവാഹം
കൊല്ലം തേവലക്കര സ്വദേശിയായ അഖിലയുടെ വീട്ടുകാരെ തങ്ങളുടെ സ്‌നേഹം പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ലെന്നുറപ്പായതോടെ ഇരുവരും രജിസ്റ്റര്‍ വിവാഹത്തിന് പദ്ധതിയിട്ടു. എന്നാൽ, നോട്ടീസ് ബോർഡില്‍ പരസ്യപ്പെടുത്തുന്നത് പുലിവാലാകുമെന്ന് കരുതി ശ്രമം ഉപേക്ഷിച്ചു.
മകളുടെ വിവാഹം വീൽചെയറിൽ കഴിയുന്ന ഒരാളുമായി നടത്തുന്നത് അഖിലയുടെ വീട്ടുകാർക്ക് അംഗീകരിക്കാൻ പ്രയാസമായിരുന്നു. അവസാനം എറണാകുളത്തുപോയി ക്ഷേത്രത്തിൽ വെച്ച് താലികെട്ടി ഇരുവര്‍ക്കും അവരവരുടെ വീടുകളിലേക്ക് മടങ്ങാമെന്നായിരുന്നു തീരുമാനം. എന്നാല്‍, അഖിലിന്റെ കുടുംബം പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു. വിവാഹം കഴിച്ചശേഷം അഖിലയെ വീട്ടിലേക്ക് കൂട്ടണമെന്ന് അവർ പറഞ്ഞു.
ഇക്കാര്യം അഖിലയുടെ വീട്ടിൽ വിളിച്ച് പറഞ്ഞു. പക്ഷേ, അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. മകളെ കാണാനില്ലെന്നുകാണിച്ച് ആദ്യം പരാതി കൊടുത്തെങ്കിലും വലിയ എതിർപ്പൊന്നുമില്ലായിരുന്നു.
അതിനിടെ അഖില പലതരത്തിലുള്ള ആക്ഷേപങ്ങള്‍ കേട്ടെങ്കിലും തീരുമാനത്തിൽനിന്ന് പിന്മാറിയില്ല.
പാരാ സ്വിമ്മിങ് നാഷനൽ ചാമ്പ്യനാണ് അഖിൽ. പാരാലിമ്പിക് മത്സരങ്ങളിലടക്കം പങ്കെടുത്ത് പ്രതിസന്ധികൾ അതിജയിക്കുകയാണ്. സ്നേഹിച്ചുതുടങ്ങിയ അന്നുമുതൽ, അഖിലിനെ നടത്തിക്കുമെന്നാണ് അഖിലയുടെ സ്വപ്നം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.