പാലക്കാട്-കുളപ്പുള്ളി റോഡ് നിർമിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറല്ല, പിന്നെ ആര്?
text_fieldsപാലക്കാട്-കുളപ്പുള്ളി റോഡ്
കേരളത്തിലെ 10 മഹാത്ഭുതങ്ങൾ എണ്ണിപ്പറഞ്ഞാൽ അതിൽ ഒന്ന് ഈ റോഡായിരിക്കും. ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായി ഹൈകോടതി ചൂണ്ടിക്കാണിച്ച പാത.
അത്രക്കുണ്ട് പാലക്കാട്-കുളപ്പുള്ളി റോഡിന്‍റെ പെരുമ. 18 വർഷം മുമ്പ് പണിതീർത്ത ഈ മെക്കാഡം റോഡിലൂടെ ഇന്നും വാഹനങ്ങൾ പറപറക്കുന്നത് നിർമാണഗുണം ഒന്നുകൊണ്ട് മാത്രമാണ്.
കയ്പേറിയ ഒരു മരണവും റോഡിന് പിന്നിലെ മലയാളിയും
ആരാണീ റോഡിനുപിന്നിൽ? എങ്ങനെ പിറന്നു ഈ സുന്ദരൻ റോഡ്? പാലക്കാട്ടെ ഡ്രൈവർമാരും മാധ്യമപ്രവർത്തകരുമടക്കം മിക്കവരും കരുതുന്നത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയർ ലീ സീ ബീൻ ആണ് ഈ റോഡിന്‍റെ നിർമാണത്തിന് നേതൃത്വം നൽകിയതെന്നാണ്. എന്നാൽ, അത് വെറും തെറ്റിദ്ധാരണയാണ്. വിശദമായി പറയാം.
വർഷം 2001. ഷൊർണൂരിനടുത്ത കുളപ്പുള്ളി മുതൽ പാലക്കാട് വരെ 45 കിലോമീറ്റർ റോഡ് പുനർനിർമിക്കാൻ സർക്കാർ ആഗോള ടെൻഡർ വിളിച്ചു. ലോകബാങ്കിന്‍റെ സഹായത്തോടെ കെ.എസ്.ടി.പിയുടെ (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) നേതൃത്വത്തിലായിരുന്നു പദ്ധതി.
ഏറ്റവും കുറഞ്ഞ തുക സമർപ്പിച്ച മലേഷ്യൻ കമ്പനിയായ റോഡ് ബിൽഡേഴ്‌സ് മലേഷ്യ (ആർ.ബി.എം) കരാർ ഏറ്റെടുത്തു.
അതേ കാലയളവിൽ എം.സി റോഡ് ഉൾപ്പെടെയുള്ള സംസ്ഥാന പാതയുടെ നിർമാണക്കരാർ പതി-ബെൽ എന്ന കമ്പനി ഏറ്റെടുത്തിരുന്നു. മലേഷ്യൻ-ഇന്ത്യൻ സംയുക്ത സംരംഭമായിരുന്നു പതി-ബെൽ. ഇതിന്‍റെ പ്രോജക്ട് എൻജിനീയറായിരുന്നു ജീവനൊടുക്കിയ ലീ സീ ബീൻ.
പണി പൂർത്തിയാക്കിയിട്ടും സർക്കാർ തുക അനുവദിക്കാത്തതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ ആത്മഹത്യ. 2006 നവംബർ 17നായിരുന്നു മരണം. ഇദ്ദേഹമാണ് പാലക്കാട്ടെ റോഡും നിർമിച്ചതെന്നാണ് മിക്കവരും തെറ്റിദ്ധരിച്ചത്.
എന്നാൽ, ലീ സീ ബീനും പാലക്കാട്ടെ റോഡും തമ്മിൽ ഒരു ബന്ധവുമില്ല. പാലക്കാട്-കുളപ്പുള്ളി റോഡ് നിർമിച്ച ആർ.ബി.എം കമ്പനിയുടെ പ്രോജക്ട് എൻജിനീയർ മലയാളി വേരുകളുള്ള മുഹമ്മദ് ഇദ്രിസ് അബ്ദുല്ലയായിരുന്നു.
മുഹമ്മദ് ഇദ്രിസ് അബ്ദുല്ലയും സ്വാലിഹ് ആലിക്കലും
തിരുവനന്തപുരത്ത് വേരുകളുള്ള ഇദ്ദേഹം മലേഷ്യയിലാണ് താമസം. മലേഷ്യയിലെ പ്രമുഖ പ്രോപ്പർട്ടി ഗ്രൂപ്പിന്റെ പ്രോപ്പർട്ടി ഡെവലപർ ചീഫ് ഓപറേറ്റിവ് ഓഫിസറാണിപ്പോൾ ഇദ്രീസ്. വാപ്പയുടെ വാപ്പ തിരുവനന്തപുരം സ്വദേശിയായിരുന്നെങ്കിലും ജീവിച്ചിരുന്നത് മലേഷ്യയിലാണ്.
കേരളത്തിന്‍റെ കാലാവസ്ഥ നന്നായി അറിയുന്നയാൾ. ഇവിടത്തെ പോലെ തന്നെ നല്ല മഴ ലഭിക്കുന്ന മലേഷ്യയിൽ റോഡിന്‍റെ ഈടുനിൽപിന് പ്രയോഗിക്കുന്ന തന്ത്രങ്ങളിൽ വിദഗ്ധൻ. അസംസ്കൃത വസ്തുക്കളുടെ അളവിലും ഗുണനിലവാരത്തിലും കോംപ്രമൈസ് ചെയ്യാത്ത നിർമാണരീതിയാണ് റോഡിനെ മികവുറ്റതാക്കിയതെന്ന് ഇദ്ദേഹത്തിന് കീഴിൽ സൈറ്റ് എൻജിനീയറായി മൂന്നു വർഷത്തോളം സേവനമനുഷ്ടിച്ച ഒറ്റപ്പാലം സ്വദേശി സ്വാലിഹ് ആലിക്കൽ പറയുന്നു.
‘പണി’ കൊടുത്ത് കേരളം
ആർ.ബി.എം കമ്പനി റോഡ് നിർമാണവുമായി ദ്രുതഗതിയിൽ മുന്നോട്ട് പോകവേ, കേരളത്തിലെ വിവിധ വകുപ്പുകൾ പതിവുപോലെ അവർക്കിട്ട് ‘പണി’ കൊടുത്തുകൊണ്ടിരുന്നു.
റോഡ് വീതികൂട്ടേണ്ട ഭാഗങ്ങളിലെ വൈദ്യുതി തൂണുകൾ മാറ്റാതെ കെ.എസ്.ഇ.ബിയും കുടിവെള്ള പൈപ്പുകൾ നീക്കാതെ ജല അതോറിറ്റിയും കേബിളുകൾ മാറ്റിസ്ഥാപിക്കാതെ ടെലിഫോൺ കമ്പനികളും ആർ.ബി.എമ്മിനെ വർഷങ്ങളോളം വലച്ചു. ഇതോടെ പറഞ്ഞ തീയതിക്ക് റോഡുപണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
തുടർന്ന്, മുൻകൂട്ടി നിശ്ചയിച്ചതിനെക്കാൾ രണ്ടുവർഷം കൂടുതൽ കരാറിൽ അനുവദിച്ചു. എന്നാൽ, കരാർ പ്രകാരമുള്ള തുക നൽകാതെ സർക്കാർ മുട്ടൻ പണി കൊടുത്തു. 80 ശതമാനം പ്രവൃത്തി പൂർത്തിയാക്കിയപ്പോഴായിരുന്നു ഇത്.
കോടതി കയറിയും സർക്കാർ നിസ്സഹകരണത്തിൽ പൊറുതിമുട്ടിയും ആർ.ബി.എം ലക്ഷ്യസ്ഥാനത്തെത്തുംമുമ്പ് പിന്മാറി. ബാക്കി 20 ശതമാനം പണി പൂർത്തിയാക്കാൻ സർക്കാർ പലവട്ടം അപേക്ഷ ക്ഷണിച്ചിട്ടാണ് ഒടുവിൽ മലയാളി കരാറുകാർ ഏറ്റെടുത്തത്. എന്നാൽ, പുതിയ കരാറുകാർ പൂർത്തിയാക്കിയ ഭാഗം ഇതിനകം നിരവധി തവണ തകർന്നു.
ആർ.ബി.എം കമ്പനി പണിതീർത്ത ഭാഗമാകട്ടെ, 18 വർഷത്തിലേറെ വെയിലും മഴയും കൊണ്ടിട്ടും രണ്ടു പ്രളയങ്ങളിൽ വെള്ളം കയറിയിട്ടും തകരാതെ നിലനിൽക്കുന്നു.
പറഞ്ഞ ആയുസ്സും കടന്ന്
സാധാരണ അഞ്ചോ പത്തോ വർഷമാണ് കേരളത്തിലെ മെക്കാഡം റോഡുകളുടെ ആയുസ്സ്. ഇതിനിടെ, നിരവധി തവണ അറ്റകുറ്റപ്പണി നടക്കും. എന്നാൽ, 10-15 വർഷത്തെ ആയുസ്സാണ് അന്ന് ആർ.ബി.എം കമ്പനി തങ്ങളുടെ റോഡിന് പറഞ്ഞിരുന്നത്. ഈ കാലാവധി കഴിഞ്ഞിട്ടും വർഷങ്ങൾ പിന്നിട്ടു.
ഇപ്പോഴും റോഡിന് കുഴപ്പമൊന്നുമില്ലെന്ന് ഇതുവഴി സർവിസ് നടത്തുന്ന രാജപ്രഭ ബസിലെ കണ്ടക്ടർ മധുസൂദനൻ പറഞ്ഞു. ‘‘45 വർഷമായി ഞാൻ ഈ ജോലി തുടങ്ങിയിട്ട്. ഇത്ര നീണ്ടകാലം കേടുകൂടാതെ നിലനിന്ന റോഡ് കാണുന്നത് തന്നെ അത്ഭുതമാണ്’’ -മധുസൂദനൻ പറയുന്നു.
15 വർഷമായി വളയം പിടിക്കുന്ന ഇതേ ബസിലെ ഡ്രൈവർ രതീഷിനും ഇത് തന്നെയാണ് പറയാനുള്ളത്. ‘‘തകർന്ന മറ്റു റോഡുകളിൽ നഷ്ടമാകുന്ന സമയം ഈ റോഡിലൂടെ ഓടിപ്പിടിച്ചാണ് ദീർഘദൂര ബസുകൾ ക്രമീകരിക്കുന്നത്’’ -അദ്ദേഹം പറഞ്ഞു. ‘‘കനത്ത മഴക്കിടെയായിരുന്നു എൻ.എസ്.എസ് കോളജിന് സമീപം മലേഷ്യൻ കമ്പനി റോഡ് ടാർ ചെയ്തത്. ഇപ്പോഴും ആ റോഡിന് പ്രശ്നമൊന്നുമില്ല ’’ -ഒറ്റപ്പാലത്തെ ഓട്ടോ ഡ്രൈവർ കുഞ്ഞിക്കണ്ണൻ പറയുന്നു.
‘‘ഈ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരുതവണപോലും പ്രകാശിക്കാത്ത 360 തെരുവുവിളക്കുകളുണ്ട് ’’ -മറ്റൊരു ഓട്ടോ ഡ്രൈവറായ കാജാ ഹുസൈൻ പറഞ്ഞു.
കേസ് നടത്താനായി മാത്രം ഒരു ഓഫിസ്
കമ്പനിക്ക് കിട്ടാനുള്ള തുക തിരിച്ചുപിടിക്കാൻ ആർ.ബി.എം കമ്പനി ഇപ്പോഴും നിയമപോരാട്ടം നടത്തുന്നുണ്ട്. ഇതിനായി മാത്രം പാലക്കാട്ട് ഒരു ഓഫിസും തുറന്നിരുന്നു. 2006 ഡിസംബർ ആറിനാണ് റോഡ് നിർമാണത്തിൽനിന്ന് ഔദ്യോഗികമായി വേർപിരിഞ്ഞത്.
ഈ സമയത്ത് മൊത്തം 10.5 കോടി രൂപ സർക്കാറിൽനിന്ന് കിട്ടാനുണ്ടായിരുന്നു. കുടിശ്ശികയും പലിശയും സഹിതം ഇത് പലമടങ്ങായി. കേരളത്തിൽനിന്ന് മടങ്ങുമ്പോൾ കമ്പനിക്ക് പണം കിട്ടാനുണ്ടായിരുന്നെന്നും പിന്നീട് കമ്പനി മാറിയതിനാൽ ഇപ്പോൾ അത് സംബന്ധിച്ച് വ്യക്തമായി അറിയില്ലെന്നും ഇദ്രീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.