‘എന്നെ വെടിവെച്ചു കൊല്ലുന്ന ആക്ഷൻ സീക്വന്‍സുകളൊക്കെ ചെയ്യാൻ ഇഷ്ടമാണ്’ -സിനിമാ വിശേഷങ്ങളുമായി നടൻ അഭിറാം രാധാകൃഷ്ണന്‍
text_fieldsഅഭിറാം രാധാകൃഷ്ണന്‍. ചിത്രങ്ങൾ: എസ്. ഡെന്നിസ് അബ്രഹാം
വൈവിധ്യമാർന്ന വേഷങ്ങളാൽ വെള്ളിത്തിരയിൽ തന്‍റേതായ കൈയൊപ്പ് ചാർത്തിയ നടനാണ് അഭിറാം രാധാകൃഷ്ണന്‍. അഭിനയത്തിനൊപ്പം സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം ജീവിതവും സിനിമയും സ്വപ്നങ്ങളും പങ്കുവെക്കുന്നു...
പുതിയകാല സിനിമകളിലൂടെ മലയാളിക്ക് ഏറെ പരിചിതനായ നടനാണ് അഭിറാം രാധാകൃഷ്ണന്‍. വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത് സിനിമ മേഖലയിൽ തന്‍റേതായ കൈയൊപ്പ് ചാർത്താൻ അദ്ദേഹത്തിനായി.
2015ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രത്തിലൂടെ അസി. ഡയറക്ടറായി കരിയര്‍ ആരംഭിച്ച അഭിറാം അതേ ചിത്രത്തിലൂടെ അഭിനയത്തിലേക്കും അരങ്ങേറ്റം കുറിച്ചു.
നാൽപതോളം സിനിമകളിൽ അഭിനയിച്ച് ‘ധീരൻ’ വരെ എത്തി നിൽക്കുന്ന സിനിമയാത്ര. അസിസ്റ്റന്‍റും അസോസിയേറ്റുമായ ആറു ചിത്രങ്ങൾ. സംവിധാനത്തിൽ ഏറെ താൽപര്യമുള്ള അഭിറാം ‘പറവ’, ‘സുഡാനി ഫ്രം നൈജീരിയ’, ‘അള്ള് രാമേന്ദ്രൻ’, ‘ഇരുൾ’ എന്നീ സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അഭിറാം രാധാകൃഷ്ണന്‍ ജീവിതത്തെയും സിനിമയെയും കുറിച്ച് സംസാരിക്കുന്നു...
കൂടുതൽ ഇഷ്ടം നാടകാഭിനയം
ഒന്നാം ക്ലാസ് മുതൽ സ്റ്റേജിൽ കയറിത്തുടങ്ങിയതാണ്. പഠനത്തെക്കാൾ പാഠ്യേതര വിഷയങ്ങളോടായിരുന്നു താൽപര്യം. നാടകം അന്നും ഇന്നും ഇഷ്ടമാണ്. എന്നെ സംബന്ധിച്ചിടത്തോളം നാടകം വേറൊരു സ്കൂളാണ്. പ്രഫഷനായി മുന്നോട്ടുകൊണ്ടുപോയില്ല എന്നേയുള്ളൂ.
സ്കൂൾ-കോളജ് കാലഘട്ടത്തിൽ എല്ലാ വർഷവും മിക്കവാറും ഒരു നാടകത്തിലെങ്കിലും അഭിനയിച്ചിട്ടുണ്ട്. മൂന്നു നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. കൂടുതൽ ഇഷ്ടം നാടകാഭിനയമാണ്. 15 നാടകങ്ങളിൽ അഭിനയം മാത്രം ചെയ്തിട്ടുണ്ട്.
സ്റ്റേജിന്‍റെ അനുഭവം ഒരുപാട് ആത്മവിശ്വാസം തന്നിട്ടുണ്ട്. നാടക പശ്ചാത്തലം, ഫൈൻ ആർട്ട്സ് പശ്ചാത്തലം, കണ്ട സിനിമകൾ, ഇഷ്ടപ്പെട്ട നടന്മാരുടെയും സംവിധായകരുടെയും സ്വാധീനം എന്നിവയൊക്കെ കൂടെയുണ്ട്. അത് ഒരു അസറ്റാണ്.
കണ്ടറിഞ്ഞ സിനിമ
സിനിമ കാണുന്ന സ്വഭാവം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. പയ്യന്നൂരിൽ ഫിലിം സൊസൈറ്റികളുണ്ടായിരുന്നു. അന്താരാഷ്ട്ര സിനിമകൾ, അകിറ കുറസോവയുടെ, ചാപ്ലിന്‍റെ, മജീദ് മജീദിയുടെ അങ്ങനെ ഒരുപാട് സിനിമകൾ ചെറുപ്പത്തിൽതന്നെ കണ്ടിട്ടുണ്ട്. കോളജിൽ എത്തിയപ്പോഴേക്കും കുറച്ചുകൂടി വിശാലമായ സ്ട്രക്ചർ കിട്ടി.
ഇറ്റാലിയൻ, പോളിഷ്, അമേരിക്കൻ, സ്കാൻഡിനേവിയൻ, ഗോദാർദിന്‍റെ ഇതൊക്കെ സാധാരണ കണ്ടുശീലിച്ച സിനിമകളുടെ പാറ്റേണുകളിൽനിന്ന് മാറി പുതിയ കൺസെപ്റ്റുകൾ ഉണ്ടാക്കിത്തന്നു. സിനിമയെക്കുറിച്ച് എല്ലാം പഠിച്ചു എന്നല്ല. പക്ഷേ, ആസ്വാദനം മാറി.
ബറോഡയിലെ ജീവിതം
കണ്ണൂർ പയ്യന്നൂരിലാണ് ജനനം. കോളജ് കാലം ബറോഡയിലായിരുന്നു. ആർട്ട് ഹിസ്റ്ററി ആൻഡ് ക്രിട്ടിസിസം ആണ് പഠിച്ചത്. ജേണലിസത്തോടും മാസ് കമ്യൂണിക്കേഷനോടും താൽപര്യമുണ്ടായിരുന്നു. അപ്പോഴാണ് ആർട്ട് ഹിസ്റ്ററിയെക്കുറിച്ച് കേൾക്കുന്നത്. അമ്മാവൻ ഗുജറാത്തിലെ ബറോഡയിൽ മഹാരാജ സായ്‌ജിറാവു യൂനിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആർട്ട് എന്ന മേഖല വലിയൊരു വാതിൽ തുറന്നുതരുന്നത്.
നാട്ടിൽനിന്ന് കിട്ടാത്ത ഒരുപാട് എക്സ്പോഷർ അവിടെ നിന്ന് കിട്ടിയിട്ടുണ്ട്. ബറോഡയിൽ എത്തിയശേഷമാണ് വാൻഗോഗിനെയും പിക്കാസോവിനെയും അറിയുന്നത്. അങ്ങനെ ആർട്ട് ഹിസ്റ്ററിയിൽ തന്നെ ഗ്രാജ്വേഷനും പോസ്റ്റ് ഗ്രാജ്വേഷനും ചെയ്തു. എന്നെ ഷേപ്പ് ചെയ്ത നഗരമാണ് ബറോഡ.
അധ്യാപകനിൽനിന്ന് സിനിമയിലേക്ക്
തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ ഗെസ്റ്റ് ലെക്ചററായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലാണ് സിദ്ധാർഥ് ഭരതനെ പരിചയപ്പെടുന്നതും സിനിമയിലേക്ക് എത്തുന്നതും. ഒരു വർഷമേ ജോലി ചെയ്തിരുന്നുള്ളൂ. പൂർണമായും സിനിമയിലേക്ക് തിരിയാനാണ് അധ്യാപന ജീവിതം നിർത്തിയത്.
ജോലിക്ക് പോവാത്തതിന്‍റെ ആശങ്ക അന്നുണ്ടായിരുന്നു. ഏത് മേഖലയിൽ കയറുമ്പോഴും ഒരു സ്ട്രഗിൾ ഉണ്ടാവുമല്ലോ. ആ സ്റ്റേജ് കഴിഞ്ഞു. എല്ലാം ശരിയാവുമെന്ന് ക്ഷമയോടെ കാത്തിരുന്നു. ഇപ്പോഴും കാത്തിരിക്കുന്നു, കൂടുതൽ ബെറ്ററാവാൻ.
സിദ്ധാർഥ് ഭരതന്റെ ശിഷ്യൻ
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ചന്ദ്രേട്ടൻ എവിടെയാ’ സിനിമയിൽ അസി. ഡയറക്ടറായാണ് സിനിമയിലേക്ക് എത്തുന്നത്. ആ സമയത്ത് സ്ക്രിപ്റ്റ് ചെയ്യണം എന്ന ബോധത്തോടെയാണ് ഇറങ്ങിയത്. കുറെ കഥകൾ സംസാരിച്ചു. ഒന്നും വർക്കായില്ല. അപ്പോഴാണ് ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയുടെ സ്ക്രിപ്റ്റ് സിദ്ധു ഭായിക്ക് കിട്ടുന്നത്. അദ്ദേഹംതന്നെയാണ് അസി. ഡയറക്ടറായി വർക്ക് ചെയ്തുനോക്ക് എന്ന് പറഞ്ഞത്. അടുത്ത സിനിമയാകുമ്പോഴേക്കും കുറച്ചുകൂടി കാര്യങ്ങൾ നിനക്ക് മനസ്സിലാവുമെന്ന് സിദ്ധു ഭായി പറഞ്ഞു.
ആ സമയത്ത് തന്നെ ചെറിയ ചില വേഷങ്ങളും ചെയ്തു തുടങ്ങിയിരുന്നു. അങ്ങനെ അഭിനയവും അസി. ഡയറക്ഷനും കോമ്പിനേഷൻ പോലെ ചെയ്യാൻ തുടങ്ങി. സംവിധാനത്തോട് താൽപര്യമുണ്ട്. അതിന്‍റെ ആലോചനകൾ നടക്കുകയാണ്. ഒന്നുരണ്ട് പ്രോജക്ടുകൾ എഴുതി. അതൊക്കെ ശരിയാവാൻ കുറച്ചു സമയമെടുക്കും.
ചാൻസ് ചോദിച്ചിട്ടില്ല
സിനിമയിലേക്ക് ചാൻസ് ചോദിച്ച് പോവേണ്ട സാഹചര്യം ഇതുവരെ വന്നിട്ടില്ല. ആകെ ചാൻസ് ചോദിച്ചത് സിദ്ധാർഥ് ഭരതന്‍റെ അടുത്താണ്. അദ്ദേഹം അവസരവും തന്നു.
എല്ലാ സിനിമകളും കണക്ടായി സംഭവിച്ചതാണ്. ചന്ദ്രേട്ടൻ എവിടെയായിൽ ചെറിയ വേഷം ചെയ്തിരുന്നു. അങ്ങനെയാണ് ‘പറവ’യിലേക്ക് എത്തുന്നത്. പറവയിലും അസി. ഡയറക്ടറായിരുന്നു. കൂടെ ഒരു കഥാപാത്രം ചെയ്യാനും അവസരം കിട്ടി.
സൗബിന്റെ ‘പറവ’യിൽ
സൗബിൻ ഷാഹിർ പഴയ സുഹൃത്താണ്. അദ്ദേഹം സിനിമ തുടങ്ങുമ്പോൾ നമ്മളൊക്കെ കൂടെ ഉണ്ടാവുമെന്ന് പണ്ടേ പറഞ്ഞിട്ടുണ്ടായിരുന്നു. ചന്ദ്രേട്ടൻ കഴിഞ്ഞശേഷമാണ് സിദ്ധു ഭായിക്ക് ഒരു ആക്സിഡന്‍റ് സംഭവിക്കുന്നത്. അതിനുശേഷം അദ്ദേഹത്തിന് റെസ്റ്റ് എടുക്കേണ്ടിവന്നു. വീണ്ടും തൊഴിൽ സംഘർഷം വന്നു. പിന്നെ സഹായിച്ചത് സൗബിനാണ്. അങ്ങനെയാണ് ‘പറവ’യിലേക്ക് ക്ഷണിക്കുന്നത്.
‘പറവ’ കുറച്ച് ലെങ്തി പ്രോസസായിരുന്നു. പ്രീപ്രൊഡക്ഷനും ഷൂട്ടിങ്ങും തൊട്ട് ഏകദേശം ഒന്നര വർഷം. പറവയിലെ മനാഫ് എന്ന കഥാപാത്രം സ്ക്രിപ്റ്റിൽ ഇല്ലാത്തതായിരുന്നു. സൗബിൻ ആ സ്പോട്ടിൽ ഇമ്പ്രവൈസ് ചെയ്തതാണ്. മനാഫ് എന്ന പേരും സൗബിനാണ് സജസ്റ്റ് ചെയ്തത്. പറവ തീർന്നപ്പോഴേക്കും ‘സുഡാനി ഫ്രം നൈജീരിയ’ വന്നു. എല്ലാം കണക്ടായി സംഭവിച്ചതാണ്.
‘ഇരുളി’ൽ കോറൈറ്ററായിരുന്നു. സൗബിനാണ് എന്നെ സജസ്റ്റ് ചെയ്തത്. ഒരു സ്ക്രിപ്റ്റ് അവരുടെ കൈയിലുണ്ടായിരുന്നു. അത് ഹിന്ദിയിലായിരുന്നു. മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യാനാണ് ഞാൻ പോയത്. അതിന്‍റെ കൂടെ അസോസിയേറ്റായി വർക്ക് ചെയ്തു. ഷാനുവിനെ (ഫഹദ് ഫാസിൽ) എനിക്ക് മുമ്പേ അറിയാം. അദ്ദേഹത്തിന്‍റെ കൂടെ വർക്ക് ചെയ്യുന്നത് വളരെ കംഫർട്ടബിളാണ്.
മമ്മൂട്ടിക്കൊപ്പം
മമ്മൂക്കയെ പേടിയായിരുന്നു
‘ഉണ്ട’ എന്ന സിനിമയിലാണ് അഭിനയം മാത്രമായി ചെയ്യുന്നത്. ആദ്യമായി മമ്മൂക്കയെ കാണുന്നതിന്‍റെ ടെൻഷൻ ഉണ്ടായിരുന്നു. പരിചയപ്പെട്ട് വരുന്നതിന് മുമ്പേ തന്നെ അഭിനയിക്കേണ്ടി വന്നു. അത് സ്വാഭാവികമായും കുറച്ച് ടെൻഷൻ ഉണ്ടാക്കി.
ആദ്യ സീനില്‍ അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കുമ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. പിന്നെ മമ്മൂക്ക തന്നെ മുൻകൈയെടുത്ത് എന്നെ ഫ്രണ്ട്‌ലിയാക്കി. അദ്ദേഹം ഭയങ്കര ഫ്രണ്ട്‌ലി ആണ്, കംഫർട്ടബിളുമാണ്. എനിക്ക് കോണ്‍ഫിഡൻസ് തന്നു. അടുത്ത പ്രാവശ്യം ആ ടെൻഷനോ ബുദ്ധിമുട്ടോ ഉണ്ടായിരുന്നില്ല.
നമ്മൾ രണ്ടുപേരും ചെയ്യുന്നത് ഒരേ ജോലിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ടെൻഷൻ പോയി. ധീരനിലാണെങ്കിലും അശോകേട്ടൻ, ജഗദീഷേട്ടൻ തുടങ്ങിയ സീനിയർ താരങ്ങളുണ്ട്. ഇവരോടൊക്കെ ബഹുമാനവും ആരാധനയുമുണ്ട്. ആ തുല്യത മനസ്സിലാക്കിയപ്പോൾ ടെൻഷനും മാറി.
മലയാള സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളും കോആക്ടേഴ്സിനെ നന്നായി ഹെൽപ് ചെയ്യാറുണ്ട്. ഈഗോ ഇല്ലാതെ ഫ്ലെക്സിബിളാക്കി തരാറുണ്ട്. മലയാളത്തിൽ അഭിനേതാക്കൾ പരസ്പരം കൊടുക്കുന്ന ഒരു സ്പേസ് ഉണ്ട്. പുതിയ ഒരാളാണെങ്കിൽ പോലും നമുക്ക് തരേണ്ട റെസ്പെക്ട് എല്ലായിടത്തുനിന്നും കിട്ടിയിട്ടുണ്ട്. അതൊരു അനുഗ്രഹമാണ്.
സിനിമ തന്നെയാണ് എന്റെ വഴി
സിദ്ധാർഥ് ഭരതനുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾതന്നെ സിനിമയുമായി ബന്ധപ്പെട്ട ജോലി മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ചിരുന്നു. വീട്ടുകാരോടും കൂട്ടുകാരോടും ഇതിനെക്കുറിച്ച് സംസാരിച്ചു. സിനിമ തന്നെയാണ് എന്‍റെ വഴിയെന്ന് ഉറപ്പിച്ചു.
ആര് എന്തു പറഞ്ഞാലും കേൾക്കുന്ന സ്വഭാവം അന്നും ഇല്ല, ഇന്നും ഇല്ല. അതുകൊണ്ട് എന്‍റെ തീരുമാനത്തിൽ മുന്നോട്ടുപോയി. വീട്ടുകാരുടെ സപ്പോർട്ട് എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. പക്ഷേ, ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് പോകുന്നത് അവരിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. കഷ്ടപ്പാടുകളെ കുറിച്ച് നല്ല ധാരണയുണ്ടെന്ന് അവരെ പറഞ്ഞു ബോധ‍്യപ്പെടുത്തി. അഭിനയം തുടങ്ങിയപ്പോൾ എല്ലാവർക്കും വിശ്വാസമായി. ഇപ്പോൾ എല്ലാവരും സപ്പോർട്ടിവാണ്.
നായകൻ ആവണമെന്നില്ല
ആദ്യ സിനിമയായതുകൊണ്ട് ചന്ദ്രേട്ടൻ എവിടെയാ എനിക്ക് നേട്ടങ്ങൾ സമ്മാനിച്ചു. അതിനുശേഷം കൂടുതൽ അഭിനന്ദനങ്ങൾ ലഭിച്ചത് സുഡാനി ഫ്രം നൈജീരിയ ആയിരുന്നു. കേരളത്തിലും പുറത്തും ആ സിനിമ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കഴിഞ്ഞുള്ള കാലത്താണ് ‘ജാൻ എ മൻ’ ഇറങ്ങുന്നത്. എന്നിട്ടും ഹൗസ് ഫുളായിരുന്നു. പിന്നെ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇന്ത്യ മുഴുവൻ ചർച്ചയായി. മഞ്ഞുമ്മലിലെ എല്ലാവരും ഫ്രണ്ട്സാണ്. അതുകൊണ്ട് ആ യാത്ര വളരെ എളുപ്പമായിരുന്നു.
കൃത്യമായ എണ്ണം അറിയില്ലെങ്കിലും 40ന് മുകളിൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘ജാൻ എ മൻ’, ‘ഫാലിമി’, ‘പാച്ചുവും അത്ഭുതവിളക്കും’ എന്നിവയിലെ കഥാപാത്രങ്ങൾക്ക് എക്സ്പോഷർ കിട്ടിയിട്ടുണ്ട്. അവർക്ക് തന്നെ ഒരു യൂനിവേഴ്സ് ഉണ്ട്. ഈയൊരു ആംഗിൾ വെച്ചല്ല കഥാപാത്രത്തിലേക്ക് എത്തിയത്. പക്ഷേ, ഇതിലെ കഥാപാത്രങ്ങൾക്ക് അങ്ങനെ ഒരു ടച്ചുണ്ട്. അത് യാദൃച്ഛികമായി വന്നതാണ്. ചില കഥാപാത്രങ്ങളെ ചെയ്യൂ എന്നുള്ള ചോയിസിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഏത് കഥാപാത്രവും ചെയ്യാൻ തയാറാണ്.
പരമാവധി ആളുകൾ കാണുന്ന സിനിമയുടെ ഭാഗമാകുക അല്ലെങ്കിൽ നമ്മൾ ഭാഗമാകുന്ന സിനിമകൾ പരമാവധി ആൾക്കാരിലേക്ക് എത്തിക്കുക. നായകൻ ആവണമെന്ന് ആഗ്രഹമില്ല. സിനിമയെ സംബന്ധിച്ചിടത്തോളം നായകൻ ഉണ്ടെങ്കിലും സഹ കഥാപാത്രങ്ങളാണ് ലൈഫ് കൊടുക്കുന്നത്. നായകൻ മാറിമാറി വരും. പക്ഷേ, നമ്മൾ അവിടെ ഉണ്ടാവും. കുറച്ചു വില്ലനിസമുള്ള, ഫൈറ്റ് ഒക്കെ ചെയ്യുന്ന, ബോംബ് ബ്ലാസ്റ്റിങ്, ഫയറിങ്, അവസാനം എന്നെ വെടിവെച്ചു കൊല്ലുന്ന ആക്ഷൻ സീക്വന്‍സുകളൊക്കെ ചെയ്യാൻ ഇഷ്ടമാണ്.
ആർട്ട് ക്യുറേറ്ററില്‍നിന്ന് അസി. ഡയറക്ടറിലേക്ക്
ആർട്ട് ക്യുറേറ്ററായി ഫ്രീലാൻസ് ചെയ്തിട്ടുണ്ട്. മൂന്ന് ഷോ ഞാൻ ക്യുറേറ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളെയൊക്കെ സംഘടിപ്പിച്ച് എക്സിബിഷനും ചെയ്തിട്ടുണ്ട്.
അസി. ഡയറക്ടറാവാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കാരണം അത് ആഗ്രഹിച്ചിട്ട് എത്തിയതാണ്. ആർട്ട് ക്യുറേറ്ററില്‍നിന്ന് അസി. ഡയറക്ടർ ട്രാൻസ്ഫർമേഷൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മെന്‍റലിയും ഫിസിക്കലിയും ട്രാൻസ്ഫർമേഷൻ ഉണ്ടായിട്ടുണ്ട്.
ആർട്ട് ഡയറക്ഷനും വെല്ലുവിളികളും
സിനിമയിലെ ആർട്ട് എന്ന് പറഞ്ഞാൽ ബ്യൂട്ടിഫിക്കേഷൻ മാത്രമല്ല. അത് സിനിമയുടെ ആവശ്യമനുസരിച്ച് സകലമാന സംഭവങ്ങളും അറേഞ്ച് ചെയ്യുക കൂടിയാണ്.
ഫൈൻ ആർട്ട്സും സിനിമയിലെ ആർട്ടും രണ്ടാണ്. സിനിമയിലെ ആർട്ട് ഡയറക്ഷൻ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. പ്രോപ്പർട്ടീസ് മുതൽ ഷൂട്ട് ചെയ്യുന്ന റൂമിന്‍റെ ചുമര് വരെ അവസാന നിമിഷത്തിൽ ചേഞ്ച് ചെയ്യേണ്ടിവരാം. ആർട്ട് ഡയറക്ഷൻ ഒരു ക്രിയേറ്റിവ് സ്പേസാണ്.
ഇപ്പോഴും സിനിമയിൽ അസിസ്റ്റന്‍റായി വർക്ക് ചെയ്യുമ്പോൾ ആർട്ട് ടീമുമായി സംസാരിക്കാറുണ്ട്. സിനിമയിൽ വന്ന ശേഷം ആർട്ട് ഒന്നും ചെയ്തിട്ടില്ല.
‘ധീരനും’ ‘ആസാദി’യും
രണ്ടു ജോണറിൽപെട്ട സിനിമകളാണ് ‘ധീരനും’ ‘ആസാദി’യും. മഞ്ഞുമ്മൽ കഴിഞ്ഞിട്ട് ചെയ്യുന്ന സിനിമയാണ് ത്രില്ലർ ജോണറിലുള്ള ആസാദി. ഹ്യൂമർ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ താൽപര്യം. അല്ലെങ്കിൽ പൂർണമായും നെഗറ്റിവ് ഷേഡുള്ള കഥാപാത്രങ്ങൾ. പക്ഷേ, ആസാദി വേറെ ഷേഡിലുള്ള സിനിമയാണ്. കരിയറിൽ ഗുണം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഡയറക്ടർ ജോ പറഞ്ഞിരുന്നു. അങ്ങനെയാണ് ആസാദി ചെയ്യുന്നത്.
ഏതു തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യാൻ പറ്റുക എന്നതാണല്ലോ വിജയം. കുറച്ച് ഹ്യൂമർ ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും ആലോചിക്കും. അങ്ങനെയുള്ള വേഷങ്ങൾ ചെയ്യുമ്പോൾ പ്രത്യേക എനർജി തോന്നാറുണ്ട്. അതാണ് ധീരനിലും ജാൻ എ മനിലും കിട്ടിയത്.
പുതിയ പ്രോജക്ടുകൾ
ജീത്തു ജോസഫ് സാറിന്‍റെ ‘വലതുവശത്തെ കള്ളനാ’ണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ശ്രീനാഥ് ഭാസിയുമായി ‘ഒറിജിനൽ’ എന്നൊരു സിനിമ ചെയ്യുന്നുണ്ട്. അൻവർ റഷീദിന്‍റെ അസോസിയേറ്റ് ഡയറക്ടറായ സലാം ബുഖാരി ആദ്യമായി ഡയറക്ട് ചെയ്യുന്ന ‘ഉടുമ്പൻ ചോല വിഷനാ’ണ് ഇനി റിലീസിനുള്ളത്.
കുടുംബം
അച്ഛൻ രാധാകൃഷ്ണൻ റിട്ടേഡായി. ഇപ്പോൾ പൊതുപ്രവർത്തകനാണ്. അമ്മ ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്. പയ്യന്നൂർ പബ്ലിക് ലൈബ്രറിയിൽ പബ്ലിക് ലൈബ്രേറിയനാണ്. അമ്മക്കും പൊതുപ്രവർത്തനമുണ്ട്. മൂത്ത ചേച്ചി അപർണ ദുബൈയിൽ സെറ്റിൽഡാണ്. ഞാൻ ഇപ്പോൾ കുറച്ചു വർഷമായി എറണാകുളത്താണ് താമസിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.