Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightstarchatchevron_right‘മറിമായത്തിലെത്തിയത്...

‘മറിമായത്തിലെത്തിയത് ഇങ്ങനെ’ -നടൻ നിയാസ് ബക്കർ മനസ്സ് തുറക്കുന്നു...

text_fields
bookmark_border
‘മറിമായത്തിലെത്തിയത് ഇങ്ങനെ’ -നടൻ നിയാസ് ബക്കർ മനസ്സ് തുറക്കുന്നു...
cancel
camera_altനിയാസ് ബക്കർ. ചിത്രങ്ങൾ: ബൈജു കൊടുവള്ളി

വടക്കാഞ്ചേരി ഓട്ടുപാറയിൽനിന്ന് ആലുവ തോട്ടുമുഖത്തേക്കുള്ള 93 കിലോമീറ്റർ മാത്രമാണ് നിയാസ് ബക്കർ എന്ന കലാകാരന് മിമിക്രി, നാടക തട്ടകത്തിൽനിന്ന് സിനിമയിലേക്കുമുണ്ടായിരുന്നത്. എന്നിട്ടും ആ യാത്രക്ക് കാത്തിരിപ്പ് വേണ്ടിവന്നു. ലക്ഷ്യസ്ഥാനത്തേക്ക് കൈപിടിച്ചെത്തിക്കാൻ ആളുണ്ടായിട്ടും താനൊരു റിയലിസ്റ്റിക് പെർഫോർമർ ആണെന്ന് സ്വയം തെളിയിക്കേണ്ടി വന്നു.

പിതാവ് അബൂബക്കർ മലയാള സിനിമക്ക് അത്രമേൽ ആവശ്യമുള്ള നടൻ ആയിരുന്നിട്ടും മക്കളിലെ സിനിമ മോഹത്തിന് കുറുക്കുവഴികൾ ഇല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നിട്ടും അവർ മുന്നേറി. സിനിമകളിലൂടെയും മിനിസ്‌ക്രീനുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളിപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായി മാറി നിയാസ് ബക്കറും സഹോദരൻ കലാഭവൻ നവാസും.

‘മറിമായം’ എന്ന ടെലിവിഷൻ സീരിയലിലൂടെ ജൈത്രയാത്ര തുടരുന്ന നിയാസ് ബക്കർ അഭിനയ ജീവിതത്തിലെ പിന്നിട്ട വഴികളും പിതാവിന്റെ ഓർമകളും പങ്കുവെക്കുന്നു...

അടിസ്ഥാനപരമായി ഒരു നാട്ടിൻപുറത്തുകാരനാണല്ലോ. നാട്ടിലെ വിശേഷങ്ങൾ എന്തൊക്കെയാണ്?

വടക്കാഞ്ചേരി ഓട്ടുപാറ മാരാത്തുകുന്ന് എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്. നാട്ടിന്‍പുറത്തെ എല്ലാ പൊലിമയും തിങ്ങിനിറഞ്ഞ മനോഹര പ്രദേശമായിരുന്നു വടക്കാഞ്ചേരി. ഇപ്പോൾ അവിടെ കുറേ മാറി. എന്നാലും ഇന്നും പാടത്ത് ഇറങ്ങി നടക്കുന്ന ഓർമകളാണ് മനസ്സ് നിറയെ. പുറത്തേക്കിറങ്ങിയാല്‍ ചെന്നുകയറാന്‍ കുറേ ഏറെ വീടുകള്‍. കലാപരമായും ഏറെ ഉന്നതിയില്‍ നിലകൊണ്ട ഗ്രാമം. ഭരതേട്ടന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ഹൈദരലി തുടങ്ങി എത്രയോ ലെജന്‍ഡുകള്‍ക്ക് ജന്മം കൊടുത്ത നാട്.

പഴയകാലത്തെ പന്തുകളിയും നാടകവും ഒക്കെ മാറി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് ഞങ്ങളുടെ സൗഹൃദകൂട്ടായ്മ. ആക്‌സ് എന്നാണ് പേര്. ചിറമ്മേല്‍ അച്ഛനാണ് അത് തുടങ്ങിവെച്ചത്. ഞാനും അതിന്‍റെ ഭാഗമാണ്.

നിയാസ് ബക്കർ ഭാര്യ ഹസീനക്കും മകന്‍ താഹക്കുമൊപ്പം


കലാരംഗത്തേക്ക് എത്തിപ്പെടുന്നതില്‍ നാട് എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്‍?

ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് പരിപാടികളുമായി അന്ന് സനം, നാദം ക്ലബുകളുണ്ടായിരുന്നു നാട്ടില്‍. അതായിരുന്നു ചെറുപ്പത്തിലെ പരിശീലനക്കളരി. കൂട്ടുകാരുടെ ഇടക്കുള്ള പെര്‍ഫോമന്‍സുകള്‍. അവര്‍ കൈയടിച്ചാല്‍ ഓക്കെ ഇല്ലെങ്കില്‍ അതിനെന്തോ കുഴപ്പമുണ്ട് എന്നാണ് വിലയിരുത്തല്‍. പിന്നെ നേരത്തേ പറഞ്ഞല്ലോ നമ്മുടെ മുകളിലുള്ളവരും മോശക്കാരല്ല. ആ ഒരു പ്രത്യേകത നാടിനും ഉണ്ടാകുമല്ലോ.

സിനിമ കാണാന്‍ പോകും എന്നല്ലാതെ അഭിനയിക്കാന്‍ പറ്റുമെന്ന പ്രതീക്ഷ ഒന്നും ഉണ്ടായിട്ടില്ല. ആഗ്രഹമുണ്ടായിരുന്നു. സ്‌കൂള്‍ നാടകത്തില്‍ ജില്ലവരെ പോയിട്ടുണ്ട്. പ്രഫഷനല്‍ അല്ലാതെ നമ്മള്‍ രണ്ടുമൂന്നു പേരുപോയി കോമഡി പരിപാടികള്‍ ചെയ്യുന്ന ‘മാട്ട പരിപാടി’ എന്നൊരു പ്രയോഗമുണ്ട്. കുറെനാള്‍ ഞാനും നവാസും അതുമായി നടന്നു. ക്ഷേത്രങ്ങളില്‍, ക്ലബുകളില്‍ ഒക്കെ പോയി ചെയ്തു. പൈസ ഒന്നും കിട്ടിയിട്ടല്ല. പിന്നീട് അത് പ്രഫഷന്‍റെ ഭാഗമായി മാറുകയായിരുന്നു.

അതിയായ ആഗ്രഹം അഭിനയരംഗത്തുള്ളത് കൊണ്ട് നമ്മള്‍ തിരഞ്ഞെടുക്കുന്ന മേഖല പിന്നെ അതായി. അവിടന്ന് നവാസ് കലാഭവനിലേക്കും ഞാന്‍ മാള അരവിന്ദന്‍റെ വള്ളുവനാടന്‍ തിയറ്റേഴ്‌സ് എന്ന നാടക ട്രൂപ്പിലേക്കും പോയി. അരവിന്ദേട്ടനാണ് പ്രഫഷനല്‍രംഗത്തെ എന്‍റെ ഗുരു എന്ന് പറയാം

ക​ുടുംബത്തോടൊപ്പം

മിമിക്രിയിലേക്കുള്ള ചുവടുമാറ്റം?

രണ്ടുവര്‍ഷത്തോളം അവിടെയുണ്ടായിരുന്നു. അതിനു ശേഷം തൃശൂര്‍ സൂര്യ എന്ന സമിതിയിലേക്ക് മാറി. വിവാഹം കഴിഞ്ഞു. കുടുംബമായി. അഭിനയം ഇഷ്ടമായിരുന്നെങ്കിലും നാടകവുമായി മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമായി.

ആവശ്യങ്ങള്‍ ഏറി. അതിനനുസരിച്ചുള്ള വരുമാനം നാടകരംഗത്തുനിന്ന് ഇല്ലാതെയായി. അന്ന് നവാസ് കലാഭവനില്‍നിന്ന് ഇറങ്ങിയ സമയമായിരുന്നു. ഞാനും നവാസുമായി ചേര്‍ന്ന് കൊച്ചിന്‍ ആര്‍ട്‌സ് എന്നപേരില്‍ മിമിക്‌സ് ട്രൂപ് ഇട്ടു. അങ്ങനെ കുറേനാള്‍ ആയി മുന്നോട്ടുപോയി.

ഇന്‍വെസ്റ്റ്‌മെന്‍റ് കുറവും വരുമാനം കൂടുതലും കിട്ടുമായിരുന്നു. മിമിക്രിയൊക്കെ കടന്നുവരുന്ന സമയമായതിനാൽ ഒരുപാട് അവസരങ്ങള്‍ കിട്ടിയിരുന്നു. അങ്ങനെ ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന് രീതിയിലേക്ക് മാറി. സ്‌റ്റേജ് എന്ന് പറയുന്നത് വേറൊരു വികാരമാണ്. വല്ലാത്തൊരു ഊര്‍ജം കിട്ടുന്ന ഇടം. മാസത്തില്‍ ഒരു തവണയെങ്കിലും ഓഡിയന്‍സിനെ അഭിമുഖീകരിച്ച് പെര്‍ഫോം ചെയ്യുന്നത് വലിയൊരു ഭാഗ്യമായാണ് ഇപ്പോഴും കരുതുന്നത്.

സ്‌റ്റേജ് ഷോ എന്ന് പറയുന്നത് പ്രേക്ഷകനും നമ്മളും തമ്മിലുള്ള സംവാദമല്ലേ. അത് ഭയങ്കര സുഖാ. മരണം വരെ ആഗ്രഹിക്കുന്നത് സ്റ്റേജ് ഷോ ചെയ്യാന്‍ പറ്റണേ എന്നാണ്.


സിനിമയിലേക്കുള്ള എന്‍ട്രി

‘ഇഷ്ടം’, ‘ഗ്രാമഫോണ്‍’ തുടങ്ങിയ സിനിമകളിൽ കാരക്ടര്‍ റോള്‍ ചെയ്തെങ്കിലും അതിനു മുമ്പേ ചെറിയ സിനിമകളില്‍ മുഖം കാണിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ‘വെങ്കലം’ എന്ന സിനിമയിലാണ് ആദ്യമായി അത് സംഭവിച്ചത്. ഷൂട്ടിങ് കാണാന്‍ പോയതാണ്.

മുരളി ചേട്ടന്‍, മനോജ് കെ. ജയന്‍, ഉര്‍വശി ചേച്ചി ഒക്കെ ഉണ്ടായിരുന്നു. അവര്‍ക്ക് അബൂബക്കറിന്‍റെ മക്കളാണെന്ന് ഭരതേട്ടന്‍ ഇൻട്രൊഡ്യൂസ് ചെയ്തു. ആ ഇടവേളസമയത്ത് ഞങ്ങളെക്കൊണ്ട് പ്രോഗ്രാം ചെയ്യിച്ചു. അന്ന് സെറ്റില്‍ ഞങ്ങള്‍ താരങ്ങളായി.

പിന്നൊരു ദിവസം ഒരു സീനിലേക്ക് അഭിനയിക്കാന്‍ അദ്ദേഹം വിളിപ്പിച്ചു. ഒരു നാടക സീനില്‍ മനോജ് കെ. ജയനുമായിട്ട് ഡയലോഗുള്ള മിഡില്‍ ക്ലോസ് സീന്‍. അതായിരുന്നു സിനിമയിലേക്കുള്ള എന്‍റെ ഫസ്റ്റ് എന്‍ട്രി. പിന്നെ ‘കുടമാറ്റം’, ‘ചമയം’. ‘ചമയ’ത്തിൽ വാപ്പയുണ്ട്. വാപ്പയുടെ കൂടെ വെറുതെ പോയതാണ്. നമുക്ക് അഭിനയത്തിന്‍റെ അസ്‌കിത ഉണ്ടെന്ന് മൂപ്പര്‍ക്ക് അറിയാലോ. വാപ്പയും ഞാനും മനോജ് കെ. ജയനുമായിട്ടുള്ള സീനായിരുന്നു. അതിലും ഡയലോഗുണ്ട്. സിനിമയിലെ അഭിനയം അടുത്തുനിന്ന് നോക്കിക്കാണാനുള്ള അവസരം അങ്ങനെ ലഭിച്ചു.

ആ ഒരു കാലം കഴിഞ്ഞാണ് ‘ഇഷ്ട’ത്തിലെത്തുന്നത്. ആ സിനിമയിലൂടെ കുറേക്കൂടെ ബെറ്ററായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചു. പ്രേക്ഷകര്‍ അറിയുന്ന ഒരു കാരക്ടര്‍ റോളും അതായിരുന്നു. ‘ഗ്രാമഫോണും’ കൂടി വന്നപ്പോ നമ്മുടെ സ്‌റ്റേജ് പെര്‍ഫോമന്‍സിന് കുറച്ചുകൂടി മാര്‍ക്കറ്റ് ആയി. സിനി ആര്‍ട്ടിസ്റ്റ് നിയാസ് എന്നൊക്കെ ഇന്‍ട്രൊഡ്യൂസ് ചെയ്യാന്‍ തുടങ്ങി. കുറച്ചുകൂടി സാമ്പത്തികം കൂട്ടിത്തരാന്‍ തുടങ്ങി. അങ്ങനെയാണ് തൊഴില്‍ ഇതുതന്നെയാക്കാം എന്ന് തീരുമാനിക്കാനുള്ള ധൈര്യം കിട്ടിയത്. അങ്ങനെ അറുപതോളം സിനിമകള്‍ ചെയ്തു. കൊച്ചിയിലേക്ക് താമസം മാറി.

‘മറിമായം’ എങ്ങനെ സംഭവിച്ചതാണ്?

2011ല്‍ മഴവിൽ മനോരമ ചാനല്‍ തുടങ്ങുന്നു. ‘മറിമായം’ ആരംഭിച്ച സമയം. കണ്ടപ്പോൾ ഇതിന്റെ പാറ്റേണ്‍ കൊള്ളാലോ എന്ന് തോന്നി. ഇതൊക്കെ കിട്ടിയാല്‍ ചെയ്യായിരുന്നു എന്ന് തോന്നി. അന്ന് ഞാന്‍ ചാനല്‍ പരിപാടിയില്‍ വിളിച്ചാല്‍ പോകില്ലായിരുന്നു. സിനിമ ചെയ്യാന്‍ വേണ്ടി നോക്കിയിരുന്നു. അങ്ങനെ തട്ടിമുട്ടി പോകുന്ന സമയത്താണ് മറിമായത്തില്‍നിന്ന് ഇങ്ങോട്ട് വിളി വരുന്നത്. അതൊരു നിമിത്തമായി.

കമല്‍ സാറിന്റെ ‘സ്വപ്‌ന സഞ്ചാരി’യിലെ ആദിവാസി വേഷമാണ് അതിന് കാരണമായത്. അവരുടെ സംസാര ശൈലി കിട്ടാന്‍ ഞാന്‍ വയനാട്ടില്‍നിന്ന് വന്ന ആദിവാസി സംഘത്തോടൊപ്പം സമയം ചെലവഴിച്ചു. അവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാളം അറിയാവുന്ന സുഹൃത്തുമായി സംസാരിച്ച് കുറേയൊക്കെ ശൈലി പിടിച്ചു. അവരുടെ ഭാഷയില്‍ പറയുന്നത് മലയാളത്തില്‍ എഴുതിയെടുത്ത് മനഃപാഠമാക്കി.

‘ഓര്‍ഡിനറി’യിലെ മുടി നീട്ടിവളര്‍ത്തിയ ലുക്ക് ‘സ്വപ്‌ന സഞ്ചാരി’ക്കും ഉപയോഗിച്ചു. ആ സീനാണ് എന്നെ മണികണ്ഠന്‍ പട്ടാമ്പിയിലൂടെ മറിമായത്തിൽ എത്തിച്ചത്. അന്ന് തുടങ്ങി 15 വര്‍ഷമായി തുടരുന്നു ആ യാത്ര. ഇത്രയും കാലം പ്രേക്ഷകരെ മടുപ്പിക്കാതെ ഒരു പ്രോഗ്രാമിന് മുന്നേറാന്‍ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്.

സ്‌പോട്ട് ഡബിങ് ആണ്. മറിമായത്തിൽ രണ്ടു കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഒന്ന് ശീതളന്‍ എന്ന കഥാപാത്രവും മറ്റൊന്ന് കോയയും. സ്ലാങ് വഴങ്ങാന്‍ അത് കേള്‍ക്കാനും പറയാനുമുള്ള താല്‍പര്യം വേണം. ഭാഷാശൈലി പിടിക്കുന്നത് എനിക്കിഷ്ടമാണ്. അനുകരണകലയെക്കാള്‍ ഇഷ്ടം അഭിനയത്തോടാണ്.

പിതാവ് അബൂബക്കർ

സിനിമ-നാടക നടന്‍ അബൂബക്കര്‍ എന്ന പിതാവിനെ ഓര്‍ക്കുമ്പോള്‍

ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോൾ വാപ്പയോട് മോണോ ആക്ട് ആവശ്യപ്പെട്ടു. അപ്പോൾ വാപ്പ ചോദിച്ചു, എന്തിനാണത്. ഞാന്‍ പറഞ്ഞു സ്‌കൂളില്‍ ചെയ്യാന്‍. ‘‘ആ എന്നാ എന്തെങ്കിലും ഉണ്ടാക്ക്’’. അപ്പോ ഞാന്‍ പറഞ്ഞു, ‘‘എനിക്കറിയില്ല’’. ‘‘ന്നാ അറിയുമ്പോ ചെയ്താ മതി. ആര്‍ക്കാ ഇപ്പോ ഇത്ര നിര്‍ബന്ധം’’. അതാണ് വാപ്പ.

എന്തെങ്കിലും അറിയുമ്പോൾ ചെയ്താ മതി. അപ്പോഴേ അതിന് വാല്യു ഉള്ളൂ. നിനക്ക് സ്വന്തമായി എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ വേറൊരാള്‍ പറഞ്ഞിട്ടല്ല ചെയ്യേണ്ടത്. അത് ചെയ്യാന്‍ എന്ന് നീ പ്രാപ്തനാകുന്നോ അന്ന് ചെയ്താല്‍ മതി എന്ന് ലളിതമായി മനസ്സിലാക്കിത്തന്ന സംഭാഷണമായിരുന്നു അത്. എന്നിട്ട് പുള്ളി വേറെ കഥകളും കുറച്ചു കാരക്ടേഴ്‌സിനെക്കുറിച്ചുമൊക്കെ പറഞ്ഞുതന്നു.

മോണോ ആക്ട് പഠിപ്പിക്കുകയായിരുന്നില്ല. അപ്പോൾ എനിക്ക് മനസ്സിലായി, ഇതൊക്കെ കണ്ടുവേണമെങ്കില്‍ മനസ്സിലാക്കിക്കോ ഇങ്ങനൊക്കെ നിനക്ക് ചെയ്യാം. അന്ന് അദ്ദേഹം അങ്ങനെ ചെയ്തതുകൊണ്ടാണ് സ്വന്തമായി നമ്മള്‍ ചെയ്‌തെടുക്കണം എന്ന സംഗതി ഉള്ളില്‍ വന്നത്.

ഒരു കലാസൃഷ്ടി രൂപപ്പെടുത്തണമെങ്കില്‍ അതിന്റെ സ്‌ക്രിപ്റ്റ് നമ്മള്‍തന്നെ കുത്തിയിരുന്ന് ഉണ്ടാക്കിയാലേ നടക്കുകയുള്ളൂ എന്ന സംഗതി എന്‍റെയും നവാസിന്‍റെയും ഉള്ളില്‍ കയറിക്കൂടിയത് അവിടന്നാണ്. നമ്മള്‍ എങ്ങനെ രൂപപ്പെട്ടുവരുന്നോ അതാണ് ഞാന്‍ എന്നാണ് വാപ്പയുടെ പക്ഷം.

വാപ്പയുടെ കലാജീവിതം

എങ്കക്കാട് കലാസമിതിയിലെ അംഗമായിരുന്നു വാപ്പ. ആ അഞ്ചുകിലോമീറ്ററില്‍ ചുറ്റളവില്‍ ഭരതേട്ടന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ഹൈദരലി തുടങ്ങിയവർക്കൊപ്പമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അവിടന്ന് ചങ്ങനാശ്ശേരി ഗീത, കോട്ടയം നാഷനല്‍ തിയറ്റേഴ്‌സ് തുടങ്ങിയ സമിതികളില്‍ 30 വര്‍ഷം നാടകരംഗത്ത് അദ്ദേഹം വര്‍ക്ക് ചെയ്തു.

അന്നത്തെക്കാലത്ത് നാടകകലാരംഗത്ത് 45 പ്രഫഷനല്‍ നാടകസമിതികളേ ഉള്ളൂ. അതുകൊണ്ട് തന്നെ തിരക്കോട് തിരക്കായിരുന്നു. ആ സമയത്ത് വീട്ടില്‍ വന്നുപോകുന്നത് പോലും വല്ലപ്പോഴുമാണ്. വരുമാനം ഉണ്ടായിരുന്നെങ്കിലും വാപ്പാടെ രീതിവെച്ച് ഒന്നും സേവ് ചെയ്തിട്ടില്ല.

അഞ്ചു രൂപയാണ് അന്ന് നാട്ടിന്‍പുറത്തെ സാധാരണ കൂലി. ഒരു ദിവസം അന്ന് വാപ്പ 35 രൂപ കൂലി വാങ്ങിച്ചിരുന്നു. വാപ്പ, ആലഞ്ചേരി, തിലകന്‍ ചേട്ടന്‍ ഇവരൊക്കെ കുറച്ചധികം കൂലി വാങ്ങിയിരുന്നവരാണ്. 70 കാലഘട്ടങ്ങളില്‍ കുറച്ചു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. ‘സൃഷ്ടി’, ‘മുത്ത്’, ‘ദ്വീപ്’, ‘രാജന്‍ പറഞ്ഞ കഥ’ തുടങ്ങി കുറെയേറെ ചിത്രങ്ങള്‍. പെട്ടെന്ന് ഒരു ദിവസം വീട്ടിലേക്ക് ചുരുങ്ങി. ആ പിന്‍വാങ്ങല്‍ 10, 12 കൊല്ലം നീണ്ടു.

രണ്ടാം വരവ് ‘കേളി’യിലൂടെയായിരുന്നു. പിന്നെ ‘ആധാരം’ ചെയ്തു. ഭരതേട്ടന്‍ തന്നെയായിരുന്നു അതിന് കാരണമായതും. ഞങ്ങള്‍ നോക്കുമ്പോ അവര്‍ നേരില്‍ കണ്ടാല്‍ എപ്പോഴും വഴക്കാണ്. ഫീല്‍ഡില്‍നിന്ന് മാറിനില്‍ക്കുന്നതിന്റെയും വര്‍ക്കിന് പോകാത്തതിന്റെയും പേരിലൊക്കെയായിരിക്കും.

ഇതൊരു വല്ലാത്ത മേഖലയാണ.് ചില സമയങ്ങളില്‍ താളം തെറ്റിപ്പോകും. വാപ്പക്ക് സംഭവിച്ചത് എന്താണെന്ന് അറിയില്ല. വാപ്പക്ക് പറ്റിയ ആള്‍ക്കാരുടെ പടത്തിനേ അപ്പോഴും പോകുമായിരുന്നുള്ളൂ. വേറാരും വിളിച്ചാല്‍ പോവില്ല. സിനിമയെക്കാള്‍ നാടകത്തെ സ്‌നേഹിച്ചയാളാണ്. അതാണ് തന്റെ ഇടമെന്ന് വിശ്വസിച്ച മനുഷ‍്യൻ.

ഭര്‍ത്താവും മക്കളും ഒരു മരുമകളും കലാകാരന്മാര്‍. ഉമ്മയുടെ കരുതല്‍ എങ്ങനെയുള്ളതായിരുന്നു?

ഉമ്മ ഒരു കലാകാരന്റെ കൂടെ ജീവിച്ച ആളല്ലേ. അതുകൊണ്ട് എതിര്‍പ്പുണ്ടായില്ല. വാപ്പ തട്ടിൽ കയറിയിരുന്ന സമയം ഞങ്ങളെ പഠിപ്പിക്കാനും നിലനിര്‍ത്തിക്കൊണ്ടുപോകാനുമൊക്കെ ഏറെ സ്ട്രഗിള്‍ എടുത്തിട്ടുള്ളത് ഉമ്മയാണ്.

വാപ്പ കലാകാരന്‍ ആണെങ്കിലും ഉമ്മ കൂടുതൽ സമയം പ്രാര്‍ഥനയും നമസ്‌കാരവുമൊക്കെയായിരുന്നു. ഞങ്ങളെ മതപരമായ കാര്യങ്ങൾ പഠിപ്പിച്ചിട്ടുള്ളത് ഉമ്മയാണ്.

സിനിമരംഗത്തെ സുഹൃദ് ബന്ധങ്ങള്‍?

സിനിമരംഗത്ത് കാര്യമായ സുഹൃദ്ബന്ധമൊന്നുമില്ല. അതായത് ആഴത്തിലുള്ള സൗഹൃദങ്ങളില്ല, പരിചയങ്ങളുണ്ട്. ചിലരുമായി അടുത്ത് പരിചയമുണ്ട്. ‘മറിമായം’ 15 വര്‍ഷം ഒരുമിച്ചായിരുന്നതിനാൽ ഒരു കുടുംബം പോലെയായി.

യാത്രകൾ?

കിട്ടുന്ന ചാന്‍സിലൊക്കെ പോകാറുണ്ട്. ദീര്‍ഘദൂര യാത്ര കുറവാണ്. പിന്നെ പെട്ടെന്ന് തോന്നുമ്പോള്‍ നമ്മള്‍ സ്ഥിരം പോകുന്ന റൂട്ട് അതിരപ്പിള്ളി-വാഴച്ചാല്‍-വാല്‍പാറ-മലക്കപ്പാറ വഴി പൊള്ളാച്ചിലേക്ക് കടക്കും. അങ്ങനെ പോയി പാലക്കാടന്‍ ഗ്രാമങ്ങള്‍ വഴി കറങ്ങി തിരികെവരും. മൂന്ന് സ്റ്റൈല്‍ ഭൂപ്രകൃതി ആസ്വദിക്കാം. സ്റ്റേ ഒന്നുമില്ല.

പോകുന്ന വഴിക്ക് നല്ല നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കും. കുറച്ച് ഞങ്ങള്‍ കരുതും. അത് ഞങ്ങള്‍ക്കിഷ്ടമുള്ള യാത്രയാണ്. കുറേനേരം വാഹനത്തിലിരുന്ന് സംസാരിച്ച് കാഴ്ചകളൊക്കെ കണ്ട് അങ്ങനെ പോയാല്‍ മതി. മക്കള്‍ക്കും അതാണിഷ്ടം.

കുടുംബത്തെക്കുറിച്ച്‍?

നമ്മുടെ ആഗ്രഹമെന്താണോ അതൊക്കെ നടത്തിത്തരാന്‍ കൂടെ നില്‍ക്കുന്ന ആളാണ് ഭാര്യ ഹസീന. വാപ്പയുടെ ആത്മമിത്രത്തിന്റെ മകളെയാണ് കല്യാണം കഴിച്ചത്. ഇരുവരും ഒരേ കലാസമിതിയില്‍ വര്‍ക്ക് ചെയ്തവരാണ്. അവിടെ മൂന്ന് പെണ്‍കുട്ടികള്‍, ഇവിടെ മൂന്ന് ആണ്‍കുട്ടികള്‍. മൂത്ത ആളെ നമുക്ക് ഇങ്ങോട്ട് കൊണ്ടുവരാന്ന് പറഞ്ഞത് വാപ്പയാണ്. അന്ന് തൊട്ട് ഇന്നു വരെ ജീവിതം ഇത്ര സന്തോഷത്തോടെയും സമാധാനത്തോടെയും കൊണ്ടുപോകാന്‍ സാധിച്ചതും അയാളുടെ പ്രസന്‍സ് കൊണ്ടാണ്.

മകള്‍ ജസീല എം.കോം കഴിഞ്ഞ് ഗള്‍ഫില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് ആണ്. മരുമകന്‍ മുനീർ ഖത്തര്‍ ഹമദ് ഹോസ്പിറ്റലില്‍ ഡയറ്റീഷന്‍ വിഭാഗത്തില്‍ ചെയ്യുന്നു. മകന്‍ താഹ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ്.

രണ്ടു മക്കളും നന്നായി പാട്ടുപാടും. മകന് അഭിനയത്തോടും ഫോട്ടോഗ്രഫിയോടുമൊക്കെ താല്‍പര്യമുണ്ട്. അതിന്റെ ഒരു വാസനയുണ്ട്. പിന്നെ സിനിമ എന്ന് പറയുന്നത് ഭാഗ്യം കൂടി ചേര്‍ന്നതാണ്. നമ്മുടെ അനുഭവങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ട്. ഏത് തൊഴില്‍ മേഖല തിരഞ്ഞെടുത്താലും അതിന്റെ എക്‌സ്ട്രീമിലെത്താന്‍ ശ്രമിക്കണമെന്ന് ഉപദേശിക്കാറുണ്ട്.

ആയുഷ്‌കാലം വരെ കഷ്ടപ്പെട്ട് അധ്വാനിച്ച് കൂട്ടാന്‍ ശ്രമിക്കരുത് എന്ന് പറയാറുണ്ട്. ലൈഫ് ആസ്വദിക്കുക. ആരോഗ്യമുള്ള സമയത്ത് നന്നായി അധ്വാനിക്കുക. അത്രേ വേണ്ടൂ.

വീട്ടില്‍ മകളും മകനും ഭാര്യയും അഭിപ്രായങ്ങള്‍ പറയും. നന്നായിട്ടില്ലെങ്കില്‍ നന്നായില്ല എന്ന് പറയും. ‘മറിമായം’ ഒക്കെ ആ രീതിയില്‍ വിമര്‍ശനാത്മകമായി തന്നെയാണ് അവർ നോക്കിക്കാണുന്നത്.

സ്വപ്നം?

അഭിനയരംഗത്ത് കൂടുതല്‍ തിളങ്ങണം. നല്ല അഭിനേതാവാകണം. നല്ല കഥാപാത്രങ്ങള്‍ ബിഗ് സ്‌ക്രീനിലും ചെയ്യാന്‍ പറ്റണം. ഭാര്യ കഴിഞ്ഞാല്‍ എനിക്കേറ്റവും ഇഷ്ടമുള്ള സംഗതി അഭിനയം തന്നെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestylestarchat
News Summary - niyas backer talks
Next Story