ഷഹബാസിന്റെ കുടുംബത്തിന് നൊമ്പരപ്പെരുന്നാൾ
text_fieldsഷഹബാസ്
താമരശ്ശേരി: ഉമ്മയുടെ കണ്ണിൽനിന്ന് ഒരിക്കലും ഒരു തുള്ളി കണ്ണുനീർ വരുത്തില്ലെന്ന് ഷഹബാസ് ഇടക്കിടെ പറയുമായിരുന്നു. പ്രായത്തേക്കാൾ പക്വത കാണിച്ച ഷഹബാസ് ഇല്ലാതായതോടെ അവൻ മുമ്പ് പറഞ്ഞ ആ വാക്കുകൾ കുടുംബത്തെ, നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തുകയാണ്. ഉമ്മ റംസീനയും പിതാവ് ഇക്ബാലും മൂന്ന് കുഞ്ഞ് സഹോദരങ്ങളുമടങ്ങിയ ഷഹബാസിന്റെ താമരശ്ശേരി ചുങ്കത്തെ പാലോറക്കുന്ന് വീടിന്ന് ദുഃഖാർദ്രമാണ്. കഴിഞ്ഞ പെരുന്നാൾ കാലത്ത് ഷഹബാസായിരുന്നു വീട്ടിലെല്ലാവർക്കും പുതുവസ്ത്രമെടുക്കാൻ മുന്നിലുണ്ടായിരുന്നതെന്ന് ഓർത്തെടുക്കുമ്പോൾ പിതാവ് ഇക്ബാൽ തേങ്ങുന്നു.
ഇന്ന് പെരുന്നാളെത്തുമ്പോൾ കുഞ്ഞനുജന്മാർക്ക് ഷഹബുക്കാനെ കുറിച്ചോർക്കാതിരിക്കാനാകുമോ. വീട്ടിൽ ഉമ്മക്ക് എല്ലാ കാര്യത്തിനും സഹായ ഹസ്തമായിരുന്നു ഷഹബു. കൂട്ടുകാർക്ക് ഫുട്ബാൾ കളിക്കാനും മൊബൈൽ ഫോണിൽ വിഡിയോ എഡിറ്റ് ചെയ്ത് നൽകാനും ഷഹബാസല്ലാതെ ആരുമില്ലായിരുന്നു. അവന്റെ ആത്മമിത്രങ്ങളായ കൂട്ടുകാർ പലപ്പോഴും വീട്ടിൽ വരും. കുറെ നേരമിരുന്ന് കണ്ണീർ പൊഴിച്ച് അവർ ഇറങ്ങും. ഇതെല്ലാം കാണുമ്പോൾ ഷഹബു ഇവർക്കെല്ലാം ആരായിരുന്നെന്ന് വ്യക്തമാകുമെന്ന് പിതാവ് ഇക്ബാൽ പറയുന്നു.
ഷഹബാസ് പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഒമാനിലായിരുന്നു. പിതാവ് ഇക്ബാലിന് ഒമാനിൽ ജോലിയായതോടെ വിവാഹ ശേഷം ഭാര്യ റംസീനയെയും അവിടേക്ക് കൂട്ടിയിരുന്നു. പിന്നീട് ഷഹബാസ് ജനിച്ച് ആറ് മാസം കഴിഞ്ഞ ശേഷവും നാട്ടിൽ നിന്ന് കുടുംബം ഒമാനിലെത്തി. ഒമാൻ അൽ ബുറേമി ഇന്ത്യൻ സ്കൂളിലാണ് ഷഹബാസ് എൽ.കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ പഠിച്ചത്.
കുട്ടിക്കാലം മുതൽ അവനുമായി ആത്മബന്ധമുള്ള നിരവധി മലയാളി കുടുംബങ്ങളുണ്ടായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ദമ്പതികൾക്ക് മകനെപ്പോലെയായിരുന്നു ഷഹബാസ്. ഓരോ വർഷവും അവർ ഷഹബാസ് മോന് എന്നെഴുതിയ മിഠായി പാക്കറ്റ് കൊടുത്തയക്കും. ഷഹബാസ് മരിച്ചതിന്റെ രണ്ടുദിവസം മുമ്പാണ് ഇത്തവണ മിഠായി പാക്കറ്റ് ലഭിച്ചത്. അതിപ്പോഴും ഫ്രിഡ്ജിൽ കിടക്കുകയാണ്. സംഭവത്തിനുശേഷം ഉമ്മ റംസീന സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ചികിത്സയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.