നാടിന് ഉദ്യാനമൊരുക്കി ദമ്പതികൾ
text_fieldsകരുവാച്ചേരിയിലെ സുനിൽ കുമാറും ഭാര്യ നിഷയും ഉദ്യാനത്തിന് സമീപം
നീലേശ്വരം: കരുവാച്ചേരി പെട്രോൾ പമ്പിന് സമീപം രാമരം റോഡരികിൽ താമസിക്കുന്ന ദമ്പതികൾ മാലിന്യം കുന്നുകൂടിയ സ്ഥലം ഉദ്യാനമാക്കി മാറ്റി. ഡിസംബർ മൂന്നിന് ഉദ്യാനം നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതുയിടങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്ന ആശയം മുൻനിർത്തിയാണ് കരുവാച്ചേരി നന്ദനത്തിലെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ സുനിൽ കുമാർ-നിഷ ദമ്പതികൾ തങ്ങളുടെ 25ാം വിവാഹവാർഷികത്തിൽ പുതിയൊരു ഉദ്യമത്തിന് തുടക്കമിട്ടത്.
ഓപൺ ലൈബ്രറി, ഇരിപ്പിടങ്ങൾ, പക്ഷിമൃഗാദികൾക്ക് വെള്ളം കുടിക്കാനുള്ള സൗകര്യം, സോളർ ലൈറ്റുകൾ, വാട്ടർ പ്യൂരിഫയർ എന്നിവ ആദ്യഘട്ടത്തിൽ സ്ഥാപിക്കും. കാർഷിക കോളജിന്റെ കീഴിലുള്ള ഇൻസ്ട്രക്ഷനൽ ഫാം രണ്ടിന്റെ മതിൽ നാല് മീറ്റർ അധികമായി ഇവിടെ കയറ്റിക്കെട്ടിയിരുന്നു.
അനധികൃതമായി റോഡിലേക്ക് തള്ളിനിന്ന മതിലും കാടും മാലിന്യവും നാട്ടുകാർക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിരുന്നത്. ഈ മതിൽ പൊളിച്ചുനീക്കുന്നതിന് രജിസ്ട്രാർക്ക് പരാതി നൽകുകയും താലൂക്ക് സർവേയർ അളന്നുതിട്ടപ്പെടുത്തി അനധികൃത കരിങ്കല്ല് മതിൽ പൊളിച്ചുനീക്കുകയും ചെയ്തു. തുടർന്ന് ചെത്തുകല്ലുകൾ ഉപയോഗിച്ച് മതിൽ കെട്ടി തേച്ചുമിനുക്കി പെയിൻറും ചെയ്തു. നീലേശ്വരത്തെ പ്രവാസിയായ വിജയൻ നമ്പ്യാർ ഇതിനുള്ള സാമ്പത്തികസഹായവും നൽകി. അഞ്ചു മീറ്റർ വീതിയുള്ള ലിങ്ക് റോഡ് ഏഴ് മീറ്റർ വീതിയിൽ രണ്ടു സൈഡിലും കോൺക്രീറ്റ് ചെയ്ത് ബാക്കിയുള്ള സ്ഥലം ഉദ്യാനം നിർമിച്ചു.
നാട്ടുകാർക്കായി ഇങ്ങനെയൊരു ഉദ്യാനമുണ്ടാക്കുക എന്ന ആശയം പി. സുനിൽ കുമാറും ഭാര്യ കൊടക്കാട് കേളപ്പജി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക നിഷയും മുന്നോട്ടുവെച്ചപ്പോൾ മക്കളായ നന്ദകൃഷ്ണയും ഗൗതംകൃഷ്ണയും പൂർണ പിന്തുണ നൽകി. ഓപൺ ലൈബ്രറിയുടെ മേൽനോട്ടം നന്ദകൃഷ്ണക്കാണ്. പൊതുയിടങ്ങൾ ഭംഗിയോടുകൂടി നിലനിർത്തുക എന്ന ബോധം ജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ദമ്പതികൾ ലക്ഷ്യമിടുന്നത്. വിവാഹവാർഷിക ദിനമായ ഡിസംബർ മൂന്നിന് ഉദ്യാനം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിക്കും. 2026ലെ വിവാഹവാർഷിക ദിനത്തിൽ 5000 മരങ്ങൾ വെച്ചുപിടിപ്പിക്കാനും ഈ ദമ്പതികൾ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

