അംബാനി കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിച്ച് ട്രംപിന്‍റെ മകൾ; വൈറലായി ഇളം പച്ച ലഹങ്കയണിഞ്ഞ ടിഫനി ട്രംപിന്‍റെ ചിത്രങ്ങൾ
text_fieldsമുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളായ ടിഫനി ട്രംപ് മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഗണേശോത്സവ ചടങ്ങുകളിൽ പങ്കെടുത്തത് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ലോകപ്രശസ്തമായ അന്റിലിയയിൽ നടന്ന ഈ ആഘോഷത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് ടിഫനി അതിഥിയായി എത്തിയത്. ഭർത്താവ് മൈക്കൽ ബൂലോസിനും അമ്മ മാർല മാപ്പിൾസിനുമൊപ്പമാണ് അവർ ചടങ്ങിനെത്തിയത്.
പ്രശസ്ത ഫാഷൻ ഡിസൈനറായ മനിഷ് മൽഹോത്രയുടെ സ്പെഷ്യൽ ഡിസൈനിലുള്ള വസ്ത്രം ധരിച്ചാണ് ടിഫനി ചടങ്ങിൽ തിളങ്ങിയത്. ഇളം പച്ച (പാസ്റ്റൽ ലൈം ഗ്രീൻ) നിറത്തിലുള്ള ലെഹങ്കയായിരുന്നു വേഷം. അതിമനോഹരമായ എംബ്രോയ്ഡറികളും മുത്തുകളും ക്രിസ്റ്റലുകളും പതിപ്പിച്ച ആ വസ്ത്രം ഇന്ത്യൻ തനിമയോടൊപ്പം ഒരു രാജകീയ പ്രൗഢിയും നൽകിയിരുന്നു. ഇതിന് അനുയോജ്യമായ രീതിയിൽ കോറൽ പിങ്ക് നിറത്തിലുള്ള ഓർഗൻസ ദുപ്പട്ട കൂടി ചേർന്നപ്പോൾ ലുക്ക് പൂർണമായി.
വസ്ത്രത്തിനൊപ്പം ധരിച്ച ആഭരണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മനിഷ് മൽഹോത്രയുടെ ജ്വല്ലറി കലക്ഷനിൽ നിന്നുള്ള മുത്തുകൾ കോർത്ത ചോക്കറും മാങ് ടിക്കയും കമ്മലുകളും ടിഫനിയെ കൂടുതൽ സൗന്ദരിയാക്കി. ലളിതമായ മേക്കപ്പും അഴിച്ചിട്ട മുടിയും അവളുടെ ഭംഗിക്ക് മാറ്റുകൂട്ടി. ടിഫനിക്കൊപ്പം എത്തിയ ഭർത്താവ് മൈക്കൽ ബൂലോസ് സാഫ്രോൺ ഓറഞ്ച് നിറത്തിലുള്ള ഷെർവാണിയാണ് ധരിച്ചത്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആഘോഷത്തിന്റെ മനോഹര ചിത്രങ്ങൾ പങ്കുവെച്ച ടിഫനി, 'ഇന്ത്യ, സ്നേഹത്തോടെ' എന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ഇന്റർനെറ്റിൽ വൈറലായി മാറി. ഒരു ഇന്ത്യൻ രാജകുമാരിയെപ്പോലെയുണ്ട്, അതിമനോഹരമായിരിക്കുന്നു, എന്നിങ്ങനെ നിരവധി കമന്റുകളാണ് ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

