ഗവേഷണത്തിലെ ഇന്തോ-ഫ്രഞ്ച് സഹകരണം ഇനി ജീവിതത്തിലും
text_fieldsതൃശൂർ: ഫ്രാൻസിലെ ബോർദു സർവകലാശാലയിൽ പഠിക്കുമ്പോഴുള്ള ഇന്തോ-ഫ്രഞ്ച് കൂട്ടുകെട്ട് ജീവിതത്തിലും ഒന്നിക്കുന്നു. ബോർദു സർവകലാശാലയിൽ ഫിസിക്സിൽ ഒരുമിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ തൃശൂർ സ്വദേശിനി ഡോ. മനീഷ വർഗീസും ഫ്രഞ്ചുകാരൻ ഡോ. ജെറമി സോർഡും ശനിയാഴ്ച രാവിലെ 8.30ന് കുരിയച്ചിറ സെന്റ് ജോസഫ്സ് ദേവാലയത്തിലാണ് വിവാഹിതരാകുക. ഫ്രാൻസിൽ ഗവേഷണത്തിനിടെ മൊട്ടിട്ട നാലര വർഷം നീണ്ട പ്രണയമാണ് ശനിയാഴ്ച സാഫല്യത്തിലെത്തുന്നത്.
വിവാഹത്തിനായി ജെറമിയുടെ മാതാപിതാക്കളും സുഹൃത്തുക്കളുമടക്കം പത്തു പേർ തൃശൂരിലെത്തിയിട്ടുണ്ട്. 2019ൽ ഐസർ ഭോപാലിൽനിന്ന് ഫിസിക്സിൽ ബി.എസ് - എം.എസ് ഡിഗ്രി നേടിയാണ് മനീഷ ബോർദു യൂനിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ പിഎച്ച്.ഡി അഡ്മിഷൻ നേടിയത്. ജെറമിയും ആ ബാച്ചിൽ മനീഷയോടൊപ്പം ഗവേഷണത്തിന് ചേർന്നു. ഒരേ വിഷയത്തിലായിരുന്നു ഗവേഷണം. ജെറമി പ്രണയം തുറന്നുപറഞ്ഞു. ഗവേഷണം പൂർത്തിയാക്കിയശേഷമാണ് മനീഷ ഒ.കെ പറഞ്ഞത്.
2022 മാർച്ചിൽ മനീഷയും ഡിസംബറിൽ ജെറമിയും പിഎച്ച്.ഡി പൂർത്തിയാക്കി. ശേഷം പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് മനീഷ ഫ്രാൻസിൽതന്നെയുള്ള ഗ്രെനോബിൾ യൂനിവേഴ്സിറ്റിയിലും ജെറമി ജർമനിയിലെ റോസ്സെൻഡോർഫിലെ യൂനിവേഴ്സിറ്റിയിലും ചേർന്നു. രണ്ടു പേരും അതത് സർവകലാശാലകളിൽ രണ്ടാമത്തെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് തുടരുന്നതിനിടെയാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. ഇരുവരും 12ഓളം ഗവേഷണ പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പെയിന്റിങ് ജോലിക്കാരനായ ചിറമ്മൽ വർഗീസിന്റെയും ലെനിയുടെയും മകളാണ് മനീഷ. പ്ലസ്ടുവിന് കാൽഡിയൻ സ്കൂളിൽ എത്തിയപ്പോൾ പ്രിൻസിപ്പൽ ഡോ. അബി പോളിന്റെ പ്രേരണയാണ് മനീഷയെ ഗവേഷണത്തിലേക്ക് നയിച്ചതും ഐസറിൽ എത്തിച്ചതും. പഠനച്ചെലവിന്റെ ഭാരം, മൂന്നാം ക്ലാസിൽ പഠിക്കേ ലോകത്തോട് വിടപറഞ്ഞ ഉറ്റ കൂട്ടുകാരിയുടെ മാതാപിതാക്കൾ മുട്ടിക്കൽ പോളും നീനയും ഏറ്റെടുത്തു. ഐസറിൽ പഠിക്കാനുള്ള ഫീസും ലാപ്ടോപ്പും ഫ്രാൻസിൽ ഗവേഷണത്തിന് പോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് വരെ അവരാണ് നൽകിയത്. മാതാപിതാക്കളുടെ പൂർണ പിന്തുണ വിവാഹക്കാര്യത്തിലുമുണ്ടെന്ന് മനീഷ ‘മാധ്യമ’ത്തോട് പറഞ്ഞു. ജർമനിയിൽ നഴ്സായ മേഘനയാണ് സഹോദരി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.