Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightപുതിയ വയോജന നയം...

പുതിയ വയോജന നയം വരുന്നു; ലക്ഷ്യം ആരോഗ്യകരമായ വാർധക്യം

text_fields
bookmark_border
ai image
cancel

യോജനങ്ങളുടെ അവകാശ സംരക്ഷണവും ക്ഷേമവും സമഗ്ര വികസനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് പുതിയ വയോജന നയം വരുന്നു. നിലവിലെ വയോജന നയം പരിഷ്കരിച്ച് തയാറാക്കിയ ‘മുതിർന്ന പൗരന്മാരുടെ സംസ്ഥാന നയം -2025’ന്റെ കരട് സാമൂഹിക നീതി വകുപ്പ് പുറത്തിറക്കി. വയോജന സൗഹൃദ സമൂഹം വളർത്തിയെടുത്ത് കേരളത്തിലെ മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും സജീവ സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യം.

‘ആരോഗ്യകരമായ വാർധക്യം’ എന്ന ആശയം മുന്നോട്ടു വെക്കുന്നു എന്നതാണ് പുതിയ നയത്തിന്റെ പ്രധാന സവിശേഷത. ഓരോ വ്യക്തിയും വാർധക്യകാലത്തും സന്തോഷത്തോടെയും സമാധാനത്തോടെയും സുഖമായി ജീവിക്കാനുള്ള പ്രവർത്തനശേഷി നിലനിർത്തുക എന്നതാണ് ‘ആരോഗ്യകരമായ വാർധക്യം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനുള്ള വ്യവസ്ഥകളും നിർദേശങ്ങളുമാണ് നയത്തിലുള്ളത്.

വയോജനങ്ങളുടെ പ്രത്യേകമായ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരോഗ്യ സംരക്ഷണത്തിന് സമഗ്ര സമീപനം സ്വീകരിക്കുമെന്ന് നയം ഉറപ്പുനൽകുന്നു. സാമൂഹികക്ഷേമ പെൻഷനുകളും താങ്ങാവുന്ന ചെലവിൽ ഇൻഷുറൻസ് പദ്ധതികളും ലഭ്യമാക്കും. തലമുറകൾ തമ്മിലുള്ള സഹകരണവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കും. സ്വന്തം താമസസ്ഥലത്തും കുടുംബ ചുറ്റുപാടിലും തന്നെ വാർധക്യകാലം സന്തോഷത്തോടെ കഴിയുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തും.

വയോജനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമം

വയോജനങ്ങൾക്കെതിരായ അതിക്രമം, ചൂഷണം, അവഗണന എന്നിവ നിരീക്ഷിക്കുന്നതിനും സമയോചിതമായ ഇടപെടൽ സാധ്യമാക്കുന്നതിനുമായി ജാഗ്രത സമിതിയുടെ മാതൃകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ പ്രത്യേക സമിതികൾ രൂപവത്കരിക്കും. അതിക്രമത്തിന് ഇരയായ വയോജനങ്ങൾക്കായി താൽക്കാലിക താമസസൗകര്യങ്ങളും കൗൺസലിങ് സേവനങ്ങളും നൽകും.

വയോജനങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ഫാസ്റ്റ് ട്രാക്ക് സംവിധാനങ്ങൾ സ്ഥാപിക്കും. വയോജനങ്ങളുടെ പരാതികൾക്ക് നേരിട്ട് സഹായം നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ ഏകജാലക കേന്ദ്രങ്ങൾ സ്ഥാപിക്കും. വയോജനങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനും അവരെയും സ്വത്തും സംരക്ഷിക്കുന്നതിനും കുറ്റവാളികൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി സമഗ്രമായ ഒരു സംസ്ഥാന നിയമം നടപ്പിലാക്കുമെന്നും നയം വ്യവസ്ഥ ചെയ്യുന്നു.

ആഗോള മാതൃകകൾ സ്വീകരിക്കും

 വയോജന പരിപാലനത്തിന് ആഗോളതലത്തിലെ മികച്ച മാതൃകകൾ സംസ്ഥാനം സ്വീകരിക്കും. വയോജന അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകും. അയൽപക്ക വ്യായാമ ക്ലബുകൾ (ഫിറ്റ്നസ് സെൻററുകൾ), വ്യായാമ ഉപകരണങ്ങളും ഓപൺ ജിം സൗകര്യങ്ങളുമുള്ള വയോജന സൗഹൃദ പാർക്കുകൾ എന്നിവ സ്ഥാപിക്കും.

 രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും തടയുന്നതിനും പതിവ് രോഗ പരിശോധന 35 വയസ്സ് മുതൽ നിർബന്ധമാക്കും. മറവിരോഗ പരിശോധന, പാർക്കിൻസൺ രോഗം മുൻകൂട്ടി കണ്ടെത്തൽ, നാഡീ വ്യവസ്ഥ പരിശോധന എന്നിവക്ക് സൗകര്യം ഒരുക്കും. വയോജനങ്ങൾക്ക് മാത്രമായുള്ള വാർഡുകൾ, സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തി പൊതുജനാരോഗ്യ സൗകര്യങ്ങൾ നവീകരിക്കും.

 താഴ്ന്ന വരുമാനക്കാരായ മുതിർന്നവർക്കായി രോഗപ്രതിരോധ ചികിത്സ, ദീർഘകാല പരിചരണം എന്നിവ ഉൾപ്പെടുന്ന സബ്സിഡി നിരക്കിൽ പ്രീമിയമുള്ള പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ആയുഷ് ഉൾപ്പെടെയുള്ള എല്ലാ മെഡിക്കൽ പാഠ്യപദ്ധതികളിലും വാർധക്യകാല ചികിത്സ സ്പെഷലൈസേഷനായി ഉൾപ്പെടുത്തും.

 വാർധക്യത്തിൽ എത്തിയവരെ പരിചരിക്കാൻ കുടുംബാംഗങ്ങൾക്കും മറ്റും പരിശീലനം നൽകും. പകൽവീട്, വയോ ക്ലബുകൾ, സായംപ്രഭ ഹോമുകൾ തുടങ്ങിയ സാമൂഹിക പരിചരണ കേന്ദ്രങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.

 സഞ്ചാര പരിമിതി ഉള്ളവരും വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരുമായ വയോജനങ്ങൾക്ക് അവശ്യ സേവനങ്ങൾ യഥാസമയം എത്തിക്കുന്നതിനായി വാതിൽപ്പടി സേവന സംവിധാനം നടപ്പിലാക്കും.

 ഉയരം കുറഞ്ഞ ചവിട്ടുപടികളുള്ള ലോഫ്ലോർ വാഹനങ്ങൾ, മുതിർന്ന വ്യക്തികൾക്ക് ഇരിപ്പിടങ്ങൾക്ക് മുൻഗണന ,എളുപ്പത്തിൽ ടിക്കറ്റ് എടുക്കാനുള്ള സംവിധാനങ്ങൾ, ദൃശ്യ ശ്രാവ്യ അറിയിപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി പൊതു ഗതാഗത സംവിധാനങ്ങൾ നവീകരിക്കും. ചെറിയ യാത്രകൾക്കും വിനോദയാത്രകൾക്കുമുതകുന്ന സഞ്ചാര മാർഗങ്ങൾ മുതിർന്നവർക്ക് ലഭ്യമാക്കുന്നതിനായി സന്നദ്ധ ഗ്രൂപ്പുകളുടെ സഹകരണത്തോടെ വാഹന പൂളിങ് സൗകര്യം കൊണ്ടുവരും.

വീടുകളിൽ വേണം വയോജന സൗഹൃദ മുറികൾ

 റാമ്പുകൾ, വീതിയേറിയ വാതിലുകൾ, തെന്നിവീഴാത്ത തറ, മതിയായ വെളിച്ചം തുടങ്ങിയ പ്രവേശന ക്ഷമതയും സുരക്ഷാ സവിശേഷതകളും ഉറപ്പാക്കുന്ന നിർമാണ രൂപകൽപന മാനദ ണ്ഡങ്ങൾ എല്ലാ പുതിയ ഭവന പദ്ധതികൾക്കും പൊതു കെട്ടിടങ്ങൾക്കും നിയമപരമായി നിർബന്ധമാക്കും. പുതുതായി നിർമിക്കുന്ന മൂന്ന് കിടപ്പുമുറികളുള്ള വീടുകളിൽ കുറഞ്ഞത് ഒരു വയോജന സൗഹൃദ കിടപ്പുമുറിയും കുളിമുറിയും ഉറപ്പാക്കാൻ നിയമനിർമാണം നടത്തും.

 മുതിർന്നവർക്ക് അനുയോജ്യമായ പൊതു ഇടങ്ങൾ,നടപ്പാത, ഇരിപ്പിടം,അപകടരഹിത ചുറ്റുപാടുകൾ എന്നിവക്ക് മുൻഗണന നൽകി പൊതു അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.വിനോദസഞ്ചാര മേഖല വയോജന സൗഹൃദപരമായി വികസിപ്പിക്കും.

 പ്രവാസി മലയാളികളുടെ മാതാപിതാക്കൾക്കും മറ്റു സംസ്ഥാനക്കാരായ മുതിർന്ന കുടിയേറ്റക്കാർക്കുമായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. പാർട്ട് ടൈം ജോലി ഉൾപ്പെടെ തൊഴിൽ മേഖലകളിൽ മുതിർന്നവരെ പരിഗണിക്കുന്ന വിധം നിയമന രീതികളും തൊഴിൽ ക്രമീകരണങ്ങളും പ്രോത്സാഹിപ്പിക്കും. വയോജനങ്ങൾക്കായി സർക്കാർ,പൊതുമേഖല സംരംഭങ്ങളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകും.

 പൊതു ലൈബ്രറികളും വായനശാലകളും മറ്റും പ്രയോജനപ്പെടുത്തി തലമുറകൾ തമ്മിലുള്ള സാംസ്കാരിക വിനിമയം സാധ്യമാക്കുന്ന ഉദ്യമങ്ങൾ വികസിപ്പിക്കും. സംസ്ഥാനതല വയോജന കലാമേള സംഘടിപ്പിക്കും. ഇവർക്കായി ഡിജിറ്റൽ സാക്ഷരതാ പരിപാടികളും സഹവാസ സംരംഭ പദ്ധതികളും ആരംഭിക്കും.നാഷനൽ സർവിസ് സ്കീമുമായി സഹകരിച്ച് കോളജുകളിൽ വയോജന സൗഹൃദ ക്ലബുകൾ സ്ഥാപിക്കും. സന്നദ്ധ പ്രവർത്തകർക്ക് വയോജന പരിപാലനത്തിൽ പരിശീലനം നൽകുമെന്നും എൻ.എസ്.എസ്/എൻ.സി.സി യോഗ്യത പത്രങ്ങൾക്ക് തുല്യമായ സർട്ടിഫിക്കറ്റുകൾ നൽകുമെന്നും നയം വ്യക്തമാക്കുന്നു.

അഭിപ്രായം അറിയിക്കാം

പുതിയ വയോജന നയത്തിന്റെ കരട് സാമൂഹികനീതി വകുപ്പിന്റെ വെബ്സൈറ്റിൽ (www.swd.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതു സമൂഹത്തി​ന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും നയത്തിന് അന്തിമരൂപം നൽകുക. പൊതുജനങ്ങൾക്കും സംഘടനകൾക്കും നയം സംബന്ധിച്ച അഭിപ്രായവും നിർദേശവും അറിയിക്കുന്നതിന് ആഗസ്റ്റ് 31വരെ അവസരമുണ്ട്. sjdgsection@mail.com എന്ന ഇ-മെയിൽ മുഖേനയോ ജി സെക്ഷൻ, സാമൂഹികനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ അഭിപ്രായം അറിയിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Governmentsocial justice departmentpolicySenior Citizen
News Summary - kerala new senior citizen policy
Next Story