ഉലയിൽ ഉലയുന്നു ജീവിതങ്ങൾ
text_fieldsകോട്ടായി കീഴത്തൂരിൽ കൊല്ലപ്പണിയിലേർപ്പെട്ട അയ്യപ്പൻ
കോട്ടായി: കരിയും പുകയും നിറഞ്ഞ ആലയിൽ ജീവിതം തളച്ചിട്ടവർ കുടുംബം കരക്കെത്തിക്കാനാവാതെ ദുരിതത്തിൽ. പരമ്പരാഗത തൊഴിലാളികളായ കൊല്ലപ്പണിക്കാരാണ് കരിപുരണ്ട തൊഴിലിൽ ജീവിതം കരക്കെത്തിക്കാനാവാതെ പ്രയാസപ്പെടുന്നത്. ഓണം കൺമുന്നിലെത്തിയിട്ടും കാണം പോലും വിൽക്കാനില്ലാത്ത ഗതികേടിലാണിവർ. അസംഘടിത തൊഴിലാളികളായ ഇവർക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി.
അതിരാവിലെ ആലയിൽ (പണിശാലയിൽ) കരിയിലും പുകയിലും ഉരുകിത്തീരുന്ന ഇവർക്ക് വൈകീട്ട് വരെ പണിയെടുത്താലും മറ്റുതൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി ഒപ്പിച്ചെടുക്കാനാവുന്നില്ല. തൊഴിൽ മേഖലയിലാണെങ്കിൽ ഒട്ടേറെ പ്രതിസസികളാണ്. കൊല്ലപ്പണിക്ക് ആവശ്യമായ കരിയുടെ വില വലിയ തോതിൽ വർധിച്ചിട്ടുണ്ട്. 200 രൂപക്ക് ലഭിച്ചിരുന്ന ഒരു പാട്ട കരിക്ക് ഇപ്പോൾ 300 രൂപയാണ്. യന്ത്രങ്ങളുടെ കടന്നുവരവ് കാർഷിക പണി ആയുധങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞതും ഈ തൊഴിൽ മേഖലക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. മറ്റു പരമ്പരാഗത മേഖലക്ക് സർക്കാർ സഹായങ്ങളും യന്ത്രങ്ങളും ലഭ്യമാക്കുമ്പോൾ കൊല്ലപ്പണിക്കാരെ തിരിഞ്ഞുനോക്കുന്നു പോലുമില്ലെന്നാണ് പരാതി.
പകലന്തിയോളം പണിയെടുത്താലും തനിക്കും കുടുംബത്തിനും അഷ്ടിക്കു വക കണ്ടെത്താനാത്ത സാഹചര്യത്തിൽ കൊല്ലപ്പണി പുതുതലമുറക്ക് താൽപര്യമില്ല. കുടുംബങ്ങളിലെ മക്കളാരും ഈ മേഖലയിലില്ലെന്നും ഒരു കാലത്ത് നാട്ടിൻപുറത്തുകാരുടെയും കർഷകരുടെയും ആശ്രയമായിരുന്ന കൊല്ലപ്പണി കുറ്റിയറ്റു പോകുന്ന സ്ഥിതിവിശേഷമാണെന്നും കോട്ടായി കീഴത്തൂരിലെ കൊല്ലപ്പണിക്കാരൻ അയ്യപ്പൻ പറഞ്ഞു.
സർക്കാർ പരമ്പരാഗത തൊഴിലായി അംഗീകരിച്ച് ബോർഡ് രൂപവത്കരിക്കുകയും തൊഴിൽ മേഖലയുടെ പുനരുദ്ധാരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും കൊല്ല കുടുംബങ്ങൾക്ക് പ്രത്യേക സഹായപ്പെടുത്തുകയും ചെയ്യണമെന്നും കൊല്ലത്തൊഴിൽ അന്യംനിന്നു പോകാതിരിക്കാൻ സർക്കാർ കണ്ണു തുറക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഓണം ഉത്സവത്തിന് വകയില്ലാതെ കൊല്ല കുടുംബങ്ങൾ പട്ടിണിയിലാണെന്നും ഇവർ പരാതിപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.