മരുതിക്ക് വേണം, മഴ നനയാതെ കിടക്കാനൊരു കൂര
text_fieldsഅഗളി: നിയമങ്ങളുടെ കാർക്കശ്യത്തിൽ മാനുഷിക പരിഗണന ലഭിക്കാതെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ ആദിവാസി വയോധികക്ക് ദുരിത ജീവിതം. കോട്ടത്തറ കൽക്കണ്ടിയൂരിലെ മരുതിക്ക് പ്രായം 65 പിന്നിട്ടു. ഇടക്കിടക്ക് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്ന മരുതി പക്ഷെ, ഇപ്പോൾ കഴിയുന്ന ഭവനം വിട്ട് മറ്റെവിടെയും പോകാൻ തയാറുമല്ല.
മരുതിയുടെ ദുരിതം കണ്ട അയൽ വാസികൾ തങ്ങളുടെ വീട്ടിൽ കഴിയാൻ പലയാവർത്തി വിളിച്ച് നോക്കിയെങ്കിലും മരുതി കൂട്ടാക്കാറില്ല. ഭക്ഷണം നൽകിയാലും വാങ്ങി കഴിക്കില്ല. കഴിയുംപോലെ സ്വയം പാകം ചെയ്ത് കഴിക്കാനാണ് മരുതിക്ക് ഇഷ്ടം. അരിയും സാധനങ്ങളുമൊക്കെ ഊരുകാർ ചേർന്ന് നൽകിയതാണ്. ഷീറ്റിട്ട മേൽക്കൂരയുടെ പാതിയും ഇല്ലാത്ത അവസ്ഥയിലാണ് മരുതി കഴിയുന്ന വീട്.
ശക്തമായൊരു മഴ പെയ്താൽ വീട്ടിൽ വെള്ളം നിറയും. മഴ മാറുന്നത് വരെ വീടിന്റെ ചോർച്ചയില്ലാത്ത മൂലയിൽ കൂനിക്കൂടിയിരിക്കും. മരുതിയുടെ ദുരിത ജീവിതം പലവട്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശ്രദ്ധയിൽപെടുത്തി വീട് നവീകരണത്തിനും മറ്റും സഹായം അഭ്യർഥിച്ചുവെങ്കിലും ഇടപെടൽ ഉണ്ടായില്ല. ആധാർ കാർഡോ മറ്റ് തിരിച്ചറിയിൽ രേഖകളോ ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ. ഇതുവരെ ഇവർക്ക് വാർധക്യ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല.
മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ മരുതിക്ക് എത്രയും വേഗം സുരക്ഷിതമായ വീട് ശരിയാക്കി നൽകണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. സാങ്കേതിക തടസ്സങ്ങൾ ഉന്നയിക്കാതെ വാർധക്യ പെൻഷൻ പോലുള്ള ആനുകൂല്യങ്ങളും ശരിയാക്കി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.