കാമറക്കണ്ണിൽ നിറഞ്ഞ യു.എ.ഇയുടെ 50 വർഷങ്ങൾ
text_fieldsമുഹമ്മദ് ഹനീഫ
പകർത്തിയ
ചിത്രങ്ങൾ
കാലം എത്ര മാറിയാലും, സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും ചില ഓർമകൾക്ക് ഇന്നും ഒരു പ്രത്യേക തിളക്കമുണ്ട്. യു.എ.ഇയുടെ വളർച്ചയുടെ ഓരോ ഘട്ടവും തന്റെ കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത അൽ ഇത്തിഹാദ് പത്രത്തിലെ മുൻ പ്രസ് ഫോട്ടോഗ്രാഫർ മുഹമ്മദ് ഹനീഫയുടെ ജീവിതം അത്തരമൊരു ഓർമപ്പുതുക്കലാണ്. 50 വർഷത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി ജീവിതം, ഇന്ന് കാണുന്ന യു.എ.ഇയുടെ ചിത്രത്തിലൂടെയുള്ള യാത്രയാണ് എന്ന് വേണമെങ്കിൽ പറയാം. 40 വർഷം യു.എ.ഇയിലെ ആദ്യത്തെ ന്യൂസ്പേപ്പറുകളിൽ ഒന്നായ അൽ ഇത്തിഹാദിലും, അഞ്ചു വർഷത്തോളം ദുബൈ സ്പോർട്സ് കൗൺസിൽ സീനിയർ ഫോട്ടോഗ്രാഫറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്നത്തെ പോലെ ഡിജിറ്റൽ ക്യാമറകളോ, കൂറ്റൻ കെട്ടിടങ്ങളോ, നിരത്തിൽ നിറയെ വാഹനങ്ങളോ ഇല്ലാത്ത ഒരു കാലഘട്ടത്തിൽ നിന്നാണ് ഹനീഫ തന്റെ യാത്ര ആരംഭിച്ചത്. 1975 മുതൽ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നത് റോളി ഫ്ളക്സിന്റെ ഫിലിം ക്യാമറയായിരുന്നു. ആ ബോക്സ് ക്യാമറ ഇന്നും അദ്ദേഹം നിധിപോലെ സൂക്ഷിക്കുന്നു. ഫുട്ബാൾ മത്സരങ്ങൾ മുതൽ സുപ്രധാന സംഭവങ്ങൾ വരെ ഈ ക്യാമറയിലാണ് അദ്ദേഹം പകർത്തിയത്. പിന്നീട് മാമിയ 645ഉം, അതിനുശേഷം വന്ന നിക്കോൺ ക്യാമറയുടെ എല്ലാ മോഡലുകളും അദ്ദേഹത്തിന്റെ കരങ്ങളിലൂടെ കടന്നുപോയി.
മാറ്റങ്ങളുടെ യു.എ.ഇ
‘ഇന്ന് കാണുന്നപോലെയല്ല, കൂറ്റൻ ബിൽഡിങ്ങുകളോ നിരത്തിൽ നിറയെ കാറുകളോ ഒന്നും ഇല്ലാതെയിരുന്ന യു.എ.ഇയും ഇന്നത്തെ തിങ്ങി നിറഞ്ഞ യു.എ.ഇയും ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു’.- ഹനീഫ പറയുന്നു. 1975-ലെ ദുബൈ ക്രീക്കും, 40 വർഷങ്ങൾക്കപ്പുറമുള്ള ഫുജൈറ, ദിബ്ബ, ഷാർജ, ദുബൈ തുടങ്ങിയ സ്ഥലങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുന്ന ഒരു ഹെറിറ്റേജ് ഫോട്ടോഗ്രാഫി ശേഖരം തന്നെ അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഈ അമൂല്യ ശേഖരം ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു.
തുടക്കത്തിലെ കഷ്ടപ്പാടുകൾ
ബോംബെയിൽ നിന്ന് കപ്പലിൽ അഞ്ചു ദിവസത്തെ യാത്ര ചെയ്താണ് അദ്ദേഹം യു.എ.ഇയിലെത്തിയത്. 1976ൽ റാസൽഖൈമയിലാണ് ഹനീഫ ഔദ്യോഗികമായി ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ, അതിനുമുമ്പ് ദുബൈയിൽ ഓസ്കാർ സ്റ്റുഡിയോ എന്ന ഇറാനി സ്റ്റുഡിയോയിൽ അദ്ദേഹം ജോലിക്ക് കയറി. ഫോട്ടോഗ്രാഫിയാണ് തന്റെ മേഖലയെങ്കിലും അവിടെ മറ്റു പണികളാണ് ലഭിച്ചിരുന്നത്. പിന്നീട് റോഡ്സ് സ്റ്റുഡിയോ എന്ന ഗോവൻ സ്വദേശിയുടെ സ്റ്റുഡിയോയിൽ ദെയ്റയിലെ സബ്കയിൽ വെറും 200 ദിർഹത്തിന് ജോലിക്ക് പ്രവേശിച്ചു. അന്ന് കളർ ഫോട്ടോകൾ ഇല്ലായിരുന്നു. എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. അവ മാന്വലായി പ്രിന്റ് ചെയ്യണം. ഡാർക്ക് റൂമും, മാന്വൽ കളറിങ്ങും എല്ലാം അദ്ദേഹത്തിന് കേട്ടുകേൾവി മാത്രമായിരുന്നില്ല, കഠിനാധ്വാനത്തിലൂടെ പഠിച്ചെടുത്ത അനുഭവങ്ങളായിരുന്നു. അതിനിടയിലാണ് കളർ പ്രിന്റുകൾ രംഗപ്രവേശം ചെയ്യുന്നത്. ഷാർജ ഖാസിമിയയിൽ അന്ന് ഡിഫെൻസ് ക്യാമ്പുണ്ടായിരുന്നു. അവിടെവെച്ച് മുഹമ്മദ് കാജൂർ എന്നയാളെ പരിചയപ്പെട്ടു. അവിടെ നിന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ തുടങ്ങിയവരുടെ ചിത്രങ്ങൾ മാന്വലായി പ്രിന്റ് ചെയ്യാൻ ഹനീഫക്ക് അവസരം നൽകി. സൈനികർക്കായുള്ള സിനിമാ തിയേറ്ററിലെ ഓർമകളും അദ്ദേഹത്തിന് ഇന്നും പ്രിയപ്പെട്ടതാണ്.
അൽ ഇത്തിഹാദിലേക്ക്
റാസൽഖൈമയിൽ സ്വന്തമായി ഒരു സ്റ്റുഡിയോ എന്ന മോഹവുമായി മുന്നോട്ട് പോയെങ്കിലും അത് ഉപേക്ഷിക്കേണ്ടി വന്നു. ജോലിയൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് മിനിസ്ട്രി ഓഫ് കൾച്ചറിൽ അപേക്ഷ ക്ഷണിക്കുന്നതറിഞ്ഞത്. ദിവസവും അബ്ര കടന്ന് ഓഫീസിലേക്ക് കയറിയിറങ്ങി. പലപ്പോഴും മടക്കി അയച്ചെങ്കിലും ഒരു ദിവസം അവർ അദ്ദേഹത്തെ അകത്തേക്ക് വിളിച്ചു. അവിടെ വെച്ച് റാസൽഖൈമയിലെ ശൈഖ് കുടുംബാംഗമായിരുന്ന ഒരാൾ അദ്ദേഹത്തെ കാണുകയും, മലയാളികളോടുള്ള താൽപര്യം കാരണം ദിവസക്കൂലിക്ക് ഫോട്ടോഗ്രാഫറായി നിയമിക്കുകയും ചെയ്തു. അന്നത്തെ ടോപ് ക്യാമറയായ റോളി പ്ലസ് ആയിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം), സെൻസർ ബോർഡ്, അൽ ഇത്തിഹാദ് ന്യൂസ് പേപ്പർ, എമിറേറ്റ്സ് ന്യൂസ് തുടങ്ങിയവയായിരുന്നു അന്ന് പ്രധാനമായി ഉണ്ടായിരുന്നത്.
1981 വരെ റാസൽഖൈമയിൽ അൽ ഇത്തിഹാദ് പത്രത്തിന്റെ ഫോട്ടോഗ്രാഫറായിരുന്നു ഹനീഫ. അബൂദബി ശൈഖിന്റെ ചിത്രങ്ങൾ അന്ന് ഫിലിം ക്യാമറയിൽ പകർത്തി, ടാക്സിക്കാർക്ക് 35 ദിർഹം നൽകി ഓഫീസിലേക്ക് കൊടുത്തയച്ചിരുന്ന ഓർമകൾ ഇന്നും അദ്ദേഹത്തിന് മായാത്തതാണ്.
വർഷങ്ങൾക്ക് ശേഷം ഇത്തിഹാദിന്റെ ദുബൈ ഓഫീസിലേക്ക് മാറിയപ്പോൾ, ജോലിക്കൊപ്പം രണ്ട് സ്റ്റുഡിയോകൾ കൂടെ അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് ഷാർജയിലെ ഓഫീസിലേക്ക് മാറി. ഇന്ദിരാഗാന്ധി, മറ്റ് മന്ത്രിമാർ, ശൈഖുമാർ എന്നിവരുടെയെല്ലാം ചിത്രങ്ങൾ ഹനീഫ പകർത്തി. നിലവിൽ സൗദി പള്ളിയുള്ള സ്ഥലത്തായിരുന്നു മുൻപ് എക്സ്പോ സെന്റർ. നിരവധി കായിക മത്സരങ്ങൾ, ശൈഖ് ഹംദാൻ കുട്ടികളുടെ കായിക പരിപാടികളിൽ പങ്കെടുത്തിരുന്നത്, ഫയർ വർക്കുകൾ, എയർ ഷോകൾ എന്നിവയെല്ലാം അദ്ദേഹം തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു. ട്രേഡ് സെന്റർ മാത്രമുണ്ടായിരുന്ന കാലത്ത് നിന്ന് ഇന്നത്തെ യു.എ.ഇയിലേക്ക് എത്തിയത് നേരിൽ കാണാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. ഫോട്ടോകൾക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങി രണ്ടാം വർഷം 1998ൽ ബെസ്റ്റ് ഫോട്ടോഗ്രാഫി അവാർഡ് ഹനീഫക്കാണ് ലഭിച്ചത്. ഇത്തിസലാത്ത് ഫോട്ടോഗ്രാഫി അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.
പുനത്തിൽ കുഞ്ഞബ്ദുള്ള, എസ്.കെ. പൊറ്റക്കാട് തുടങ്ങിയ നിരവധി എഴുത്തുകാരും ഇന്ദിര ഗാന്ധിയും മറ്റു രാഷ്ട്രീയ പ്രമുഖരും ഹനീഫയുടെ ലെൻസിലൂടെ കടന്നുപോയിട്ടുണ്ട്. അൽ ഇത്തിഹാദ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഷാർജ കപ്പ് ഫുട്ബോൾ, വോളിബാൾ, ക്രിക്കറ്റ് മത്സരങ്ങൾ ഷാർജ സ്റ്റേഡിയത്തിൽ നിന്ന് അദ്ദേഹം പകർത്തി. യു.എ.ഇയിലെ ആദ്യത്തെ പത്രമായിരുന്നു അൽ ഇത്തിഹാദ്. പിന്നീട് ഇത്തിഹാദിൽ നിന്ന് പടി ഇറങ്ങിയെങ്കിലും ഒരു കുടുംബം പോലെയാണ് ഇത്തിഹാദ് പത്രം തനിക്കെന്ന് അദ്ദേഹം പറയുന്നു.
മൂന്ന് പെൺമക്കളാണ് ഹനീഫക്ക്. രണ്ട് പേർ വിവാഹിതരാണ്. അവർ പഠിച്ചതും വളർന്നതുമെല്ലാം യു.എ.ഇയിലാണ്. 30 വർഷം മുൻപ് ഖലീജ് ടൈംസിൽ തന്റെ മകളുടെ ചിത്രം അച്ചടിച്ചുവന്നതും അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. യു.എ.ഇയുടെ ഓരോ സുപ്രധാന സംഭവങ്ങളും തന്റെ ക്യാമറ കണ്ണുകളിൽ പകർത്താൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായാണ് മുഹമ്മദ് ഹനീഫ കാണുന്നത്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഫോട്ടോകൾ എടുത്തയുടൻ കാണാൻ കഴിയുമ്പോൾ, ഫിലിം ഡെവലപ്പ് ചെയ്ത് ചിത്രങ്ങൾ പ്രിന്റ് ചെയ്തിരുന്ന പഴയ കാലത്തിന്റെ ഓർമ്മകൾക്ക് അദ്ദേഹത്തിന്റെ മനസ്സിൽ ഇന്നും വലിയ സ്ഥാനമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.