നാലുപതിറ്റാണ്ടത്തെ ദൃഢബന്ധം; പവിഴദ്വീപിനോട് യാത്ര പറയാനൊരുങ്ങി ഇസ്മാഈൽ
text_fieldsഇസ്മാഈൽ ഖാന്റെ രണ്ട് കാലഘട്ടങ്ങളിലെ ഫോട്ടോ
വർഷങ്ങൾ നീണ്ട പ്രാവസം അവസാനിപ്പിക്കുന്ന മനുഷ്യർക്ക് ഈ നാട് വിട്ടുപോകുന്നത് ഒരൽപം സങ്കടമാകും. ഇത്രയും കാലത്തിനിടയിൽ നാട്ടിലുള്ളതിനെക്കാളേറെ ബന്ധങ്ങൾ ഇവിടെ സൃഷ്ടിച്ചവരാകും പലരും. അവരെയെല്ലാം പിരിയുക എന്നത് തന്നെയാണ് അതിന് പ്രധാന കാരണവും. മനസ്സില്ലാമനസ്സോടെ അത്തരത്തിലൊരു യാത്ര പറച്ചിലിനൊരുങ്ങുകയാണ് വടകര വള്ളിക്കുളങ്ങര സ്വദേശി കെ.പി. ഇസ്മാഈൽ. സുഹൃത്തുക്കളുടെ പ്രിയപ്പെട്ട ഇസ്മാഈൽ ഖാൻ. 1983ൽ തന്റെ 21ാം വയസ്സിലാണ് ഇസ്മാഈൽ പവിഴദ്വീപിലെത്തുന്നത്. ബോംബെ വഴിയാണ് അക്കാലത്ത് ഗൾഫിലേക്ക് എത്താനുള്ള ഒരു മാർഗം. ഈസ്മാഈലും ആ വഴി തന്നെ തെരഞ്ഞെടുത്തു.
അക്കാലത്ത് രാജ്യം ഇന്നത്തെ നാലിലൊന്ന് നിലയിൽ വികസിച്ചിട്ടില്ല. കൊടും ചൂടിലും എ.സിയില്ലാത്ത മുറിയിൽ താമസിച്ചുതുടങ്ങിയ പ്രവാസ ജീവിതം ഇസ്മാഈൽ സഹനത്തിലൂടെ കെട്ടിപ്പടുക്കുകയായിരുന്നു. ഒരു സ്നേഹിതന്റെ സഹായത്തോടെയാണ് വിസയെടുത്തത്. ഹോട്ടലിലെ ജോലിയിലാണ് പ്രവാസം തുടങ്ങിയത്. പിന്നീട് കുറച്ച് കാലം കൺസ്ട്രക്ഷൻ ജോലി ചെയ്തു. ശേഷം 20 വർഷത്തോളം ഒരു റെഡിമെയ്ഡ് ഷോപ്പിലെ ജോലിക്കാരനായി തുടരുകയായിരുന്നു. പിന്നീടാണ് സ്വന്തമായി ഒരു മുറി കട വാടകക്കെടുക്കുന്നത്. 60 ദീനാർ ശമ്പളത്തിൽ തുടങ്ങിയ ഇസ്മാഈലിന്റെ പ്രവാസകാലം ഇന്ന് സ്വന്തമായൊരു ചെറു റെഡിമെയ്ഡ് ഷോപ്പിലെത്തി നിൽക്കുകയാണ്.
ജോലിത്തിരക്കിനിടയിലും സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇസ്മാഈൽ. പരിചയമുള്ളവരിൽനിന്നും അടുത്തുള്ള കടകളിൽ നിന്നുമെല്ലാമായി ചെറിയ രീതിയിലുള്ള സഹായങ്ങൾ സ്വീകരിച്ച് അർഹതപ്പെട്ട പലർക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആശ്വാസമേകിയിട്ടുണ്ട്. കെ.എം.സി.സിയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം.
42 വർഷത്തിന്റെ പ്രവാസജീവിതം കേൾക്കുന്ന പലർക്കും അത്ഭുതമാവും. ജീവിതത്തിന്റെ നല്ലൊരു കാലം മറ്റൊരു രാജ്യത്ത് സ്വന്തബന്ധങ്ങളില്ലാതെ കഴിച്ചുകൂട്ടുക എന്നത് തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ സഹനമാണ്. സാമ്പത്തിക സാഹചര്യം മൂലം കുടുംബത്തെ കൂടെ കൂട്ടാൻ ഇസ്മാഈലിനായിരുന്നില്ല. ആദ്യ വരവിൽ ആറ് വർഷത്തിന് ശേഷമാണ് നാട്ടിലേക്ക് പോയിരുന്നത്. തിരിച്ചുപോകുമ്പോഴും ഒന്നും ബാക്കിയായിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.
നാട്ടിലെത്തിയാലും ജോലിക്ക് പോകണമെന്നാണ് ആഗ്രഹം. ഭാര്യ സാജിദയും നാല് മക്കളുമാണുള്ളത്. മൂത്ത മകൻ റഷീദ് ഖത്തറിൽ പ്രവാസിയാണ്. രണ്ടാമത്തെ മകൻ റഈസ് ബഹ്റൈനിൽ തന്നെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. മൂന്നാമത്തെ മകൻ റംനാസ് നാട്ടിൽ തന്നെ പ്രവർത്തിക്കുന്നു. ഇളയ മകൾ ഫാത്തിമ ബിരുദവിദ്യാർഥിനിയാണ്. ജീവിക്കാൻ മറക്കുന്നവരാണ് പ്രവാസികളെന്ന പറച്ചിൽ ഏറക്കുറെ ശരിയാണെന്ന് നമുക്ക് പറയേണ്ടിയും വരും. വീടിനും നാടിനും വെളിച്ചമേകി സ്വയം ഉരുകിത്തുരുകയാണവർ. കാലമെത്ര കഴിഞ്ഞാലും പ്രായം തളർത്തുന്നതുവരെ അധ്വാനിക്കാൻ തുനിഞ്ഞിറങ്ങുന്നവർ തന്നെയാണ് അധികംപേരും. എത്ര നയിച്ചായും ബാക്കിയാക്കാൻ അവർക്കൊന്നും ഇതുവരെ സാധിച്ചിട്ടുമുണ്ടാകില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.