പാർട്ടികളല്ല, പ്രമാണിമാർ വിജയപരാജയം നിർണയിച്ച കാലം
text_fieldsകുന്നുംപുറത്ത് മൊയ്തു
വെള്ളമുണ്ട: രാഷ്ട്രീയ പാർട്ടികൾക്ക് റോളില്ലാതിരുന്ന ഒരു തെരഞ്ഞെടുപ്പുകാലമുണ്ടായിരുന്നു. അന്ന് നാട്ടിലെ പ്രമാണിമാരായിരുന്നു ആര് ജയിക്കണം എന്ന് തീരുമാനിച്ചിരുന്നത്. ആ കാലത്തെ തെരഞ്ഞെടുപ്പു ഓർമകൾ 91ന്റെ നിറവിലും ഓർക്കുകയാണ് തരുവണ കുന്നുംപുറത്ത് തുന്നൻ മൊയ്തു. പേര് ജനാധിപത്യമെന്നാണെങ്കിലും പണാധിപത്യമാണ് അന്ന് ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരുന്നത്. വെള്ളമുണ്ടയിൽ ആ കാലത്ത് മുസ്‍ലിം ലീഗിന് ഓഫിസോ പരസ്യമായി പ്രവർത്തിക്കുന്ന പ്രവർത്തകരോ ഉണ്ടായിരുന്നില്ല. നാട്ടിലെ പ്രമാണിമാരെല്ലാം കോൺഗ്രസുകാരായിരുന്നു.
അന്ന് വെള്ളമുണ്ടയിൽ വിവിധഭാഗങ്ങൾ അടക്കിവാണിരുന്ന പ്രമാണിമാരിൽ പ്രമുഖരായിരുന്നു പള്ളിയാൽ ആലിഹാജി, വട്ടത്തോട് മൂപ്പിൽ നമ്പ്യാർ, മണിമ അമ്മദാജി എന്നിവർ. ഇവരുടെ അടുത്താണ് കോഴിക്കോട് നിന്നെത്തുന്ന സ്ഥാനാർഥികളും നേതാക്കളും എത്തുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാൽ കോൺഗ്രസിന്റെ നേതാക്കൾ കോഴിക്കോട് നിന്ന് ചുരം കയറി വരും. പ്രമാണിമാരെ സന്ദർശിച്ച് വോട്ടഭ്യർഥിക്കും. അവരെ സന്തോഷിപ്പിച്ച് മടങ്ങുന്ന സംഘം പിന്നീട് ആ പ്രദേശങ്ങൾ നോക്കേണ്ടതില്ല, ജയം ഉറപ്പ്.
ഓരോ പ്രദേശവും അടക്കി വാഴുന്ന പ്രമാണിമാർ തങ്ങളുടെ കീഴിലുള്ളവരോട് ഉത്തരവിടും ഇന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന്. എതിരാരും പറയില്ല, പറഞ്ഞ ചിഹ്നത്തിൽ എല്ലാവരും വോട്ട് ചെയ്യും. തുടക്കകാലത്ത് നികുതി അടക്കുന്നവർക്ക് മാത്രമായിരുന്നു വോട്ടുണ്ടായിരുന്നത്. വോട്ടറെ തിരിച്ചറിയുന്നതിനുള്ള തിരിച്ചറിയൽ രേഖയും നികുതി അടച്ച കടലാസായിരുന്നു. മുതലാളിമാരുടെ ആശ്രിതരായി കഴിഞ്ഞിരുന്ന ബഹുദൂരിപക്ഷത്തിനും തെഞ്ഞെടുപ്പുകളിൽ ഒരു പങ്കാളിത്തവും ഇല്ലായിരുന്നു. ലീഗ് ശക്തിപ്പെട്ടതിനു ശേഷമാണ് ആ രീതിക്ക് മാറ്റം വന്നതെന്ന് മെയ്തു പറയുന്നു.
ബാഫഖി തങ്ങൾ തരുവണയിൽ വന്നപ്പോൾ ഇരിക്കാൻ പോലും സ്ഥലം കൊടുക്കാതെ വട്ടം കറക്കി. വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് അന്ന് വെള്ളമുണ്ടയിൽ മുസ്‍ലിം ലീഗിന് ഉണ്ടായിരുന്നത്. പകൽ പരസ്യപ്രചാരണം നടത്താനുള്ള ഭയം കാരണം രാത്രിയിലാണ് സംഘടന പ്രവർത്തനത്തിന് ഇറങ്ങുക. രാത്രി കുന്നിൻ മുകളിലാണ് പ്രകടനം നടത്തിയിരുന്നത്. വലിയ മുളവെട്ടി ഒരാൾ ഇടവെട്ട ദൂരത്തിൽ പന്തങ്ങൾ കൂട്ടികെട്ടി അത് ചുമലിൽ വെച്ചാണ് പ്രകടനം നടത്തുക. ഒരാളുടെ ചുമലിലുള്ള നീളൻ മുളയിൽനിരവധി പന്തങ്ങളുണ്ടാവും.
രാത്രിയായതിനാൽ ദൂരെ നിന്ന് കാണുന്നവർ കുറേ പന്തങ്ങൾ മാത്രമാണ് കാണുക. ഓരോ പന്തവും ഓരോരുത്തരാണെന്ന് വരുത്തി തീർത്ത് പാർട്ടിയിൽ ആളുണ്ടെന്ന് കാണിക്കലാണ് ഈ പ്രകടനങ്ങളുടെ ലക്ഷ്യം. കൊടക്കാട് കുന്ന്, ഏഴേ രണ്ട്കുന്ന്, വേളേരി കുന്ന് എന്നീ കുന്നുകളിലാണ് പ്രകടനം നടന്നിരുന്നത്. മെക്ക് ഫോണിലാണ് മുദ്രാവാക്യം വിളിക്കുക. ടിന്ന് കൊണ്ട് കോണുപോലെ ഉണ്ടാക്കി എടുക്കുന്ന സ്പീക്കറാണ് മെക്ക് ഫോൺ. പിറ്റേന്ന് രാവിലെ ആളുകൾ അമ്പരപ്പോടെ ചോദിക്കും. ലീഗിൽ ഇത്രക്ക് ആളുണ്ടോ.
പ്രമാണിമാർ ആളെ തപ്പി ഇറങ്ങും. ബാഫഖി തങ്ങൾ വന്നപ്പം തരുവണ ടൗണിൽ വെച്ച് തക്ബീർ ചൊല്ലിയതിന് കണിയാങ്കണ്ടി അമ്മദാജിയെ ചിലർ അടിച്ച് താഴെയിട്ടത് ഇന്നും ഓർക്കുന്നുണ്ട് തുന്നൻ മൊയ്തു. മുസ്‍ലിം ലീഗ് പ്രവർത്തകനായ ചക്കര സൂപ്പിക്ക എന്നയാൾ തരുവണ പള്ളിലേക്ക് വയലിലൂടെയാണ് വരിക. പ്രമാണിമാർ കാണുന്നത് പേടിച്ചിട്ടായിരുന്നു ആ ഒളിച്ചു പോക്ക്. പ്രതിസന്ധിയുടെയും പട്ടിണിയുടെയും കാലത്ത് ത്യാഗങ്ങൾ സഹിച്ച സംഘടനാ പ്രവർത്തനവും അതിന്റെ ഫലം നാട്ടിലുടനീളം ഉണ്ടായതും ഒളിമങ്ങാതെ സൂക്ഷിക്കുകയാണ് മൊയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

