അഡ്വ. പരമേശ്വരന്റെ നിയമ ജീവിതത്തിന് അഞ്ചര പതിറ്റാണ്ടിന്റെ തിളക്കം
text_fieldsഅഡ്വ പി. പരമേശ്വരൻ
പെരുമ്പിലാവ്: അഞ്ചര പതിറ്റാണ്ട് നീണ്ട നിയമ ജീവിതം, നാല് പ്രധാനമന്ത്രിമാരുടെ കാലത്ത് സർക്കാറിന്റെ നിയമമുഖം, ഗുജറാത്ത് മുൻ ഗവർണറുടെ പേഴ്സനൽ സെക്രട്ടറി, 35,000ലധികം കേസുകൾ... അഡ്വ. പി. പരമേശ്വരൻ ഇന്ത്യൻ നിയമവഴിയിൽ ഇപ്പോഴും സജീവമാണ്. 78ാം വയസ്സിലും പരമോന്നത കോടതിയിൽ ഹാജരാകുന്നു. തൃശൂർ ചാലിശ്ശേരി സ്വദേശിയായ പരമേശ്വരൻ 1970ൽ 23ാം വയസ്സിലാണ് നിയമ കുപ്പായം അണിയുന്നത്.
ഹൈകോടതിയിലായിരുന്നു പ്രാക്ടീസ്. മൂന്ന് വർഷത്തിനുള്ളിൽ ഗുജറാത്ത് ഗവർണർ കെ.കെ. വിശ്വനാഥന്റെ പേഴ്സനൽ സെക്രട്ടറിയായി. ആറ് വർഷത്തോളം അഹ്മദാബാദ് ആയിരുന്നു തട്ടകം. ഇതിന് ശേഷം 1978ലാണ് സുപ്രീംകോടതിയിൽ പ്രാക്ടീസ് തുടങ്ങുന്നത്.
1985 മുതൽ മൂന്ന് പതിറ്റാണ്ട് നിരവധി സർക്കാർ സ്ഥാപനങ്ങളുടെയും കേന്ദ്ര സർക്കാറിന്റെയും നിയമപ്രതിനിധിയായി. പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, നരസിംഹറാവു, വാജ്പേയി, മൻമോഹൻ സിങ് എന്നിവരുടെ കാലത്ത് സർക്കാറിന്റെ നിയമമുഖമായി പരമേശ്വരൻ നിലകൊണ്ടു. പതിറ്റാണ്ടുകളുടെ നിയമ വഴിയിൽ 35,000ലധികം കേസുകളിലും സ്വരമുയർത്തി. ഇന്ദിരഗാന്ധിയെ വെടിവെച്ചുകൊന്ന കേസിൽ കേന്ദ്ര സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറലിനൊപ്പം ഹാജരായത് ഇദ്ദേഹമായിരുന്നു.
മൻമോഹൻസിങ് പ്രധാനമന്ത്രിയായ ശേഷം സുപ്രീംകോടതിയിലെ ഒരു കേസ് സംബന്ധമായി പ്രധാനമന്ത്രിയുടെ ഓഫിസിൽ എത്തിയ പരമേശ്വരനെ കണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് കൈകൾ കൂപ്പി സ്വീകരിച്ചതും ഏറെനേരം സംഭാഷണത്തിൽ ഏർപ്പെട്ടതും മറക്കാൻ കഴിയാത്ത അനുഭവമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ രാഷ്ട്രപതി കെ.ആർ. നാരായണനുമായി ഡൽഹിയിലെ ശ്രീനാരായണ കേന്ദ്രത്തിലും ഒരുമിച്ച് പ്രവർത്തിച്ചു.
ചാലിശേരി പട്ടിശേരി പാഴൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി-നങ്ങേലി അന്തർജനം ദമ്പതികളുടെ മകനാണ്. തണ്ണീർക്കോട് എൽ.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വേദപാഠശാലയിൽ ചേർന്ന് ഋഗ്വേദം ഹൃദ്യസ്ഥമാക്കി. തൃശൂർ സി.എം.എസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാലയളവിൽ തൃശൂർ തിരുവമ്പാടി യോഗക്ഷേമ ലൈബ്രറിയിൽ ആറ് വർഷം ലൈബ്രേറിയനുമായി പ്രവർത്തിച്ചു.
തൃശൂർ സെന്റ തോമസ്, കേരളവർമ കോളജ് എന്നിവയിൽനിന്ന് ബിരുദവും എറണാകുളം ലോ കോളജിൽനിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. തൃശൂരിൽ താമസമാക്കിയ ഇദ്ദേഹം പത്ത് വർഷമായി ബ്രഹ്മസ്വം മഠത്തിന്റെ പ്രസിഡൻറ് പദവിയിലാണ്. സ്വാതന്ത്ര്യസമര സേനാനി ഐ.സി.പി നമ്പൂതിരിയുടെ മകൾ ഡോ. ഐ.എം. ശാന്തയാണ് സഹധർമിണി. വിവാഹശേഷം ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് നാഷനൽ ഫെല്ലോയായി. സീനിയർ ശാസ്ത്രജ്ഞയായി വിരമിച്ചു. കോലഴി പാഴൂർ മനയിലാണ് താമസം. എൻജിനീയറായ മകൻ പി. വാസു, മരുമകൾ ലിപി എന്നിവർ ദുബൈയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.