37 വര്‍ഷത്തെ ഗള്‍ഫ് പ്രവാസത്തിനൊടുവിൽ മുക്താർ നാട്ടിലേക്ക്
text_fields
റാസല്‍ഖൈമ: 37 വര്‍ഷം നീണ്ട ഗള്‍ഫ് പ്രവാസത്തിന് വിരാമമിട്ട് ആലപ്പുഴ പുന്നപ്ര സ്വദേശിയും സഖര്‍ പോര്‍ട്ടിലെ ഇലക്ട്രിക്കല്‍ ഫോര്‍മാനുമായ മുക്താര്‍ നാട്ടിലേക്ക് മടങ്ങുന്നു. 1988ലാണ് താന്‍ യു.എ.ഇയിലെത്തിയതെന്ന് മുക്താര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. റാസല്‍ഖൈമ ഗലീലയിലെ അല്‍ അംറി കണ്‍സ്ട്രകഷ്ന്‍ കമ്പനിയിലായിരുന്നു ആദ്യ ജോലി. 1993ല്‍ സഖര്‍ പോര്‍ട്ടില്‍ നിയമനം ലഭിച്ചു.
സന്തോഷകരമായ ജീവിതമാണ് റാസല്‍ഖൈമ തനിക്കും കുടുംബത്തിനും സമ്മാനിച്ചത്. സ്ഥാപന മാനേജ്മെന്‍റിനോടും രാജ്യത്തെ ഭരണാധികാരികളോടും കടപ്പാടും സഹപ്രവര്‍ത്തകരോട് പ്രത്യേകം നന്ദിയുമുണ്ട്. സഖര്‍ തുറമുഖത്തിന്‍റെ വികസന ചുവടുകള്‍ നേരില്‍ കാണാനായത് അതിശയിപ്പിക്കുന്ന പ്രവാസ ഓര്‍മയാണ്.
1988ല്‍ കേവലം രണ്ട് മൊബൈല്‍ ക്രെയിനുകള്‍ മാത്രമുണ്ടായിരുന്ന സഖര്‍ പോര്‍ട്ട് നിലവില്‍ പ്രവര്‍ത്തിക്കുന്നത് 40 ക്രെയിനുകളോടെയാണ്. സമാനമായി സര്‍വ മേഖലകളിലും നൂതന സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ടതും റാസല്‍ഖൈമയുടെ വികസനത്തിന് വേഗം കൂട്ടിയെന്നും മുക്താര്‍ പറയുന്നു. ആലപ്പുഴ പുന്നപ്ര മിര്‍സ മന്‍സിലില്‍ കോയക്കുഞ്ഞ് - സുലേഖാ ബീവി ദമ്പതികളുടെ മകനാണ് മുക്താര്‍.
ഭാര്യ: ബീന മുക്താര്‍. മക്കള്‍: മുഹമ്മദ് മിര്‍സ, ഉമര്‍ മുക്താര്‍ (സഖര്‍ പോര്‍ട്ട്), ഹാജിറ മുക്താര്‍. മരുമകള്‍: ഷാദില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.