അൽഫാന് നാലാം തവണയും മൈക്രോസോഫ്റ്റ് അവാർഡ്
text_fieldsകോഴിക്കോട്: മൈക്രോ സോഫ്റ്റ് മോസ്റ്റ് വാല്യൂബൾ പ്രഫഷനൽ (എം.വി.പി) അവാർഡ് നാലാം തവണയും സ്വന്തമാക്കി മലയാളി. ഡേറ്റാ അനലറ്റിക്സ് ട്രെയിനറും കൺസൾട്ടന്റുമായ അൽഫാൻ ഈ വർഷം മൈക്രോസോഫ്റ്റ് എക്സൽ, പവർ ബി.ഐ ഒരുമിച്ചുള്ള ഡേറ്റ പ്ലാറ്റ്ഫോം എന്ന വിഭാഗത്തിലാണ് അവാർഡ് കരസ്ഥമാക്കിയത്.
കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഈ രണ്ട് അപ്ലിക്കേഷൻ വിഭാഗങ്ങൾക്കുള്ള അവാർഡ് ഒരുമിച്ചു ഒരാൾ സ്വന്തമാക്കുന്നത്. വാഷിങ്ടണിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് ഈ വിഷയത്തിൽ പ്രഭാഷണത്തിന് അവസരമുണ്ട്. കഴിഞ്ഞ മൂന്ന് വർഷവും മൈക്രോസോഫ്റ്റ് എക്സൽ വിഭാഗത്തിൽ അൽഫാൻ പുരസ്കാരം നേടിയിരുന്നു.
വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ അൽഫാൻ ഡേറ്റ അനലറ്റിക്സിനെ കുറിച്ച് അറിവ് പകരുന്നു. വിദ്യാർഥികൾ തൊട്ട് പ്രഫഷനലുകൾ വരെ നാലുലക്ഷത്തിലധികം പേർ അൽഫാനെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യയിലും വിദേശത്തും മൈക്രോ സോഫ്റ്റ് സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്നുണ്ട്.
2007ൽ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി കരിയര്‍ തുടങ്ങിയ അല്ഫാന് ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വിസ്, ഐ.ബി.എം, അസെഞ്ച്വര്‍, കാര്‍ഗില്‍ തുടങ്ങിയ വൻകിട ഐ.ടി കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് അധ്യാപനത്തോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിച്ച് സ്വന്തമായി റോസ് ആൻഡ് കോളംസ് എന്ന ബ്രാൻഡിന് രൂപം നൽകി. ‘ഗൾഫ് മാധ്യമ’ത്തിൽ ടെക്കി കോർണർ എന്ന പേരിൽ പ്രത്യേക കോളം കൈകാര്യം ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.