കാഞ്ഞിരപ്പള്ളിക്കാരുടെ ‘പാട്ടപ്പറമ്പിൽ വർക്കിച്ചൻ’ ഇനി ഓർമ...
text_fieldsവർക്കിച്ചൻ
കാഞ്ഞിരപ്പള്ളി: ‘കേരളത്തിന്റെ തിരുനെറ്റിയിലേ തിലകക്കുറിയായ തിരുനക്കരയുടെ തിരുമുറ്റത്ത് ഞാനും നിങ്ങളും ആരാധിക്കുന്ന എന്റെയും നിങ്ങളുടെയും സമാദരണീയനായ മൺമറഞ്ഞ മന്നത്ത് പത്മനാഭൻ നിറപറയേയും പതിനായിരങ്ങളെയും സാക്ഷി നിർത്തി നിലവിളക്ക് കൊളുത്തി നാമകരണം ചെയ്ത കേരള കോൺഗ്രസ് പ്രസ്ഥാനം’ - ഘനഗാംഭീര്യമുള്ള ആ അനൗൺസ്മെന്റ് കാഞ്ഞിരപ്പള്ളിക്കാർക്ക് ഇനി ഓർമ്മ.
നാട്ടുകാർ സ്നേഹപൂർവം ‘പാട്ട’ യെന്ന് വിളിച്ചിരുന്ന പാട്ടപ്പറമ്പിൽ വർക്കിച്ചൻ (കെ.എഫ്. ജോർജ്) ഓർമ്മയാകുമ്പോൾ നഷ്ടമായത് മാതൃകാ പൊതുപ്രവർത്തകനെയാണ്. നൂറിലധികം പേർക്ക് രക്തദാനം നടത്തിയ ഇദ്ദേഹം നാടിന് മാതൃകയായിരുന്നു. 1980- ല്‍ സെന്റ് ഡോമെനിക്സ് കോളേജിൽ നോൺ ടീച്ചിംഗ് സ്റ്റാഫ് ആയ വര്ക്കിച്ചന് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സഹായിയായിരുന്നു. 1980 കളുടെ അവസാനത്തിലും 90 കളുടെ ആദ്യത്തിലും കാഞ്ഞിരപ്പള്ളിയിൽ കേരള കോൺഗ്രസിന്റെ ശബ്ദമായിരുന്നു പാട്ടപ്പറമ്പൻ.
നിയോജക മണ്ഡലത്തിൽ എവിടെ പാർട്ടി പരിപാടി നടന്നാലും അവിടെ പാട്ട ഉണ്ടാകുമായിരുന്നെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവുമായ ജോളി മടുക്കകുഴി പറഞ്ഞു. രോഗ ബാധിതനായതിനെ തുടർന്ന് കുറച്ചു നാളുകളായി വിശ്രമ ജീവിതത്തിലായിരുന്നു ഈ എഴുപതുകാരൻ. തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പളളി കത്തീഡ്രല്‍ പളളിയില്‍ സംസ്കാരം നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.