സി.എ. ശുക്കൂർ: ഓർമയായത് ലോകജാലകത്തിലേക്ക് പരപ്പനങ്ങാടിക്കാരുടെ ഗൂഗിൾ മാപ്പ്
text_fieldsഎൻജിനീയർ സി.എ ശുക്കൂർ
പരപ്പനങ്ങാടി: വിദേശ രാജ്യങ്ങളുടെ സ്പന്ദനങ്ങളറിയുന്ന പരപ്പനങ്ങാടിക്കാരൻ -അതാണ് സി.എ. ശുക്കൂർ. ഗൂഗിൾ മാപ്പില്ലാത്ത ഒരു കാലത്ത് നാട്ടുകാർക്ക് ലോകരാജ്യങ്ങളിലേക്കുള്ള കാൽപനികയാത്രയൊരുക്കിയിരുന്നത് ശുക്കൂറിന്റെ അനുഭവകഥകളാണ്. ഔദ്യോഗിക കാലം മുഴുവൻ വിവിധ വിദേശ കപ്പലുകളിൽ എൻജിനീയറായി ജോലി ചെയ്ത ശുക്കൂർ നാട്ടുകാർക്ക് സ്നേഹസമ്പന്നനായ ബാബുവായിരുന്നു.
കപ്പലുകൾ വിദേശ തുറമുഖങ്ങളിൽ തീരമടുക്കുമ്പോൾ ശുക്കൂറിന്റെ മനസിൽ ആ രാജ്യത്തിന്റെ ഉൾനാടൻ വഴികളും റോഡുകളും പതിയും. പോകാൻ അനുമതിയുള്ളയിടങ്ങളിൽ മസ്ജിദുകൾ അന്വേഷിച്ചുള്ള യാത്രകളിലാണ് രാജ്യങ്ങളെ അടുത്തറിയുന്നത്. ഏത് രാജ്യത്ത് ഏത് സിറ്റിയിലെ ഏത് ഊടുവഴി വഴി പോയാൽ ഇത്ര നൂറ്റാണ്ട് പഴക്കമുള്ള പള്ളികളുണ്ടെന്ന് പറയാൻ കഴിയുമായിരുന്നു. വിദേശ യാത്രാസംഘങ്ങളും ടൂർ പാക്കേജുകാരും ശുക്കൂറിൽനിന്ന് ഉപദേശങ്ങൾ തേടുന്നത് പതിവാണ്.
ശുക്കൂറിനോടൊപ്പം വിദേശ പര്യടനത്തിന് പോയ അനുഭവം മറക്കാനാവില്ലെന്നും ചരിത്രവും വർത്തമാനവും വിവിധ ജനവിഭാഗങ്ങളുടെ സാംസ്കാരിക തനിമയും പകർന്നുതന്ന എൻസൈക്ലോപീഡിയയായിരുന്നെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ അനുസ്മരിച്ചു.
എം. എസ് എസ് നേതാവ് അബ്ദുൽ നാസർ വേളക്കാട് , മുസ്‌ലിം ലീഗ് നേതാവ് സി. പി. അബ്ദുറിമാൻ, കെ. എൻ. എം നേതാവ് മാനുഹാജി, വെൽഫെയർ പാർട്ടി നെടുവ ലോക്കൽ കമ്മറ്റി അധ്യക്ഷൻ ഇ കെ മുഹമ്മദ് ബഷീർ എന്നിവരുൾപ്പടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറു കണക്കിന് പൊതുപ്രവർത്തകർ ചാലിലകത്ത് വീട്ടിൽ അന്ത്യദർശനത്തിനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

