ഗൃഹാതുരത്വത്തിന്റെ ഫ്രെയിമുകളുമായി സി.ജെ. വാഹിദ്
text_fieldsസി.ജെ. വാഹിദ്
കായംകുളം: നാടിന്റെ സ്പന്ദനങ്ങളും കൗതുകക്കാഴ്ചകളും സി.ജെ. വാഹിദിന്റെ ഫ്രെയിമിൽ നിറയുന്നു. മൂന്നര പതിറ്റാണ്ട് ദൂരദർശൻ ന്യൂസിന്റെ ഭാഗമായിരുന്ന കറ്റാനം ഇലിപ്പക്കുളം ചെങ്ങാപ്പള്ളിൽ സി.ജെ. വാഹിദ് നാടിന്റെ വ്യത്യസ്തതയാർന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനാകുന്നു. കുറഞ്ഞ കാലങ്ങൾക്കുള്ളിൽ പകർത്തിയ അപൂർവ കാഴ്ചകളുടെ 5000ത്തോളം ചിത്രങ്ങളാണ് ഇതിനകം സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്.
കാഴ്ച (3039), എന്റെ ഗ്രാമം (977), എന്റെ കേരളം (852), മുഖങ്ങൾ (123), മഴ (76), പൈതൃകം (74) തുടങ്ങിയ തലക്കെട്ടുകളിലൂടെയാണ് ചിത്രങ്ങളുടെ വിന്യാസം. ഓണാട്ടുകരയാണ് പ്രധാന ഇതിവൃത്തമായി ഇടംപിടിച്ചത്. യാത്രകൾക്കിടെ പകർത്തിയ ദേശീയ അന്തർ ദേശീയ ചിത്രങ്ങളുമുണ്ട്.
ഇതോടൊപ്പം ഓണാട്ടുകരപ്പെരുമ വിഡിയോ ആവിഷ്കാരങ്ങളിലൂടെയും ജനഹൃദയങ്ങളിലേക്ക് കൈമാറുന്നു. ഫോട്ടോഗ്രഫിയോടുള്ള കമ്പമാണ് ഇത് പാഷനായി ഉൾക്കൊള്ളാൻ കാരണമായത്. മാഞ്ഞുപോകുന്ന ഗ്രാമീണ കാഴ്ചകൾ മാത്രമല്ല ഗ്രാമത്തിലെ വേറിട്ട മുഖങ്ങളും പകർത്തിയിട്ടുണ്ട്. ഇവയെല്ലാം ഗൃഹാതുരത പകരുന്നവയാണ്. എല്ലാവരും കാണാറുള്ള കാഴ്ചയെ മറ്റൊരു വീക്ഷണകോണിലൂടെ കാമറയിൽ പകർത്തുമ്പോൾ അതിനു വ്യത്യസ്തമായൊരു സൗന്ദര്യമാകും ഉണ്ടാകുകയെന്ന് വാഹിദ് പറയുന്നു.
ഇലിപ്പക്കുളം ബി.ഐ യു.പി സ്കൂൾ സ്ഥാപക മാനേജറായിരുന്ന പരേതനായ ചെങ്ങാപ്പള്ളിൽ കെ. ജലാലുദ്ദീൻ കുഞ്ഞിന്റെയും പരേതയായ ഫാത്തിമ ക്കുഞ്ഞിന്റെയും ഇളയ മകനാണ് സി.ജെ. വാഹിദ്. മാസിനയാണ് ഭാര്യ. സ്ട്രക്ചറൽ എൻജിനീയറായ ഇജാസ് വാഹിദ് (ബംഗലൂരു), ഫാത്തിമ എ. വാഹിദ് ട്രാൻസ്പോർട്ടേഷൻ എൻജിനീയർ എന്നിവരാണ് മക്കൾ. 1986ൽ പത്ര പ്രവർത്തകനായിട്ടാണ് തുടക്കം. പിന്നീട് ദൂരദർശൻ വാർത്താഅവതാരകനായി.
യൂട്യൂബർ, മിമിക്രി കലാകാരൻ, എഴുത്തുകാരൻ, ജീവകാരുണ്യ പ്രവർത്തകൻ തുടങ്ങിയ നിലകളിലും സജീവമാണ്. കറ്റാനം നന്മ അസോസിയേഷൻ പ്രസിസന്റ്, ഓണാട്ടുകര ടൈംസ് രക്ഷാധികാരി, സിജി ഇലിപ്പക്കുളം ചാപ്റ്റർ പ്രസിഡന്റ് എന്നീ നിലകളിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. മികച്ച വാർത്ത അവതാരകൻ, റിപ്പോർട്ടർ, കമന്റേറ്റർ, ജീവ കാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ പുരസ്കാരങ്ങൾ നേടിയിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

