പ്രജോഷിന്റെ ആകസ്മിക നിര്യാണം നാടിനെ ദുഃഖത്തിലാഴ്ത്തി
text_fieldsപ്രജോഷ് കുമാർ
എകരൂൽ: ബാലുശ്ശേരി വട്ടോളി ബസാർ കപ്പുറം പുതിയേടത്ത് പി. പ്രജോഷ് കുമാറിന്റെ (45) ആകസ്മിക വേർപാട് നാടിനെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ബൈക്കിൽ വട്ടോളി ബസാറിൽ പോയ ശേഷം വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ പൊടുന്നനെ മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൃദയ സംബന്ധമായ ചികിത്സയുടെ ഭാഗമായി ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ ചെയ്തിരുന്നു.
മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോയിൽ സീനിയർ കാമറമാനായിരുന്നു. സൗമ്യമായ പെരുമാറ്റവും ഹൃദയ ബന്ധവും കാത്തുസൂക്ഷിച്ച പ്രജോഷ് തൊഴിലിടത്തിലെന്ന പോലെ നാട്ടിലും വിപുലമായ സൗഹൃദങ്ങളാണ് കാത്തുസൂക്ഷിച്ചത്. പ്രാദേശിക ചാനലുകളായ ഐ.ബി.സി, ഡിവൈൻ ടി.വി എന്നിവിടങ്ങളിൽ പ്രവർത്തിച്ചതിന് ശേഷം 2013 ൽ മാതൃഭൂമി ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ കാമറാമാനായി പ്രവർത്തനം തുടങ്ങി.
മലപ്പുറം, കോഴിക്കോട് ബ്യൂറോകളിലും ജോലി ചെയ്തു. വയനാട് ബ്യൂറോയിൽ സീനിയർ കാമറമാനായി പ്രവർത്തിച്ചു വരികയായിരുന്നു. കവളപ്പാറ, ചൂരൽമല, പുത്തുമല, കട്ടിപ്പാറ എന്നീ പ്രകൃതി ദുരന്തങ്ങളുടെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് വേണ്ടി പകർത്തിയത് പ്രജോഷാണ്. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ, എം.എൽ.എ മാരായ കെ.എം. സച്ചിൻ ദേവ്, ടി. സിദ്ദീഖ്, മാതൃഭൂമി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.