വാഴൂർ: തോട്ടം തൊഴിലാളികളുടെ ശബ്ദം
text_fieldsഅന്തരിച്ച വാഴൂർ സോമൻ എം.എൽ.എയുടെ ഭൗതികശരീരം തിരുവനന്തപുരത്തെ എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നുപിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു
പീരുമേട്: പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുന്നിൽനിന്ന് നയിച്ച നേതാവായിരുന്നു പീരുമേടിന്റെ ജനനായകൻ വാഴൂർ സോമൻ എം.എൽ.എ. ട്രേഡ് യൂനിയനിലെ പ്രവർത്തനമികവ് കണ്ട് പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ വാഴൂരിൽ 1952 സെപ്റ്റംബര്‍ 14ന് കുഞ്ഞുപാപ്പന്റെയും പാര്‍വതിയമ്മയുടെയും മകനായിട്ടായിരുന്നു ജനനം. വാഴൂര്‍ എൻ.എസ്.എസ് സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം എൻ.എസ്.എസ് കോളജില്‍നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കി.
കോട്ടയം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് കോളജില്‍നിന്ന് ഡിപ്ലോമയും മോസ്കോ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍നിന്ന് സോഷ്യല്‍ സൈക്കോളജി ഡിപ്ലോമയും നേടി. വിദ്യാര്‍ഥി ഫെഡറേഷനിലൂടെ വളര്‍ന്ന വാഴൂര്‍ 1977ല്‍ എ.ഐ.ടി.യു.സിയുടെ കീഴിലുള്ള ഹൈറേഞ്ച് എസ്റ്റേറ്റ് ലേബര്‍ യൂനിയന്റെ സെക്രട്ടറിയായാണ് പീരുമേട്ടിലേക്ക് എത്തുന്നത്. പിന്നീട് തന്റെ മണ്ണ് പീരുമേടാണെന്ന് വാഴൂർ തിരിച്ചറിഞ്ഞു.
തോട്ടം തൊഴിലാളികളുടെ വേതന പ്രശ്നങ്ങൾ, ലയങ്ങളിലെ ശോച്യാവസ്ഥ തുടങ്ങി എണ്ണമറ്റ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങള്‍ക്കുവേണ്ടി എന്നും മുന്നിലുണ്ടായിരുന്നു. ഇതിനിടെ പൊലീസ് മര്‍ദനത്തില്‍ നട്ടെല്ല് തകര്‍ന്നെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം വര്‍ധിതവീര്യത്തോടെ തുടര്‍ന്നു.
2005ല്‍ വണ്ടിപ്പെരിയാര്‍ ഡിവിഷനില്‍നിന്ന് ജില്ല പഞ്ചായത്ത് അംഗമായി. നിയമസഭ തെരഞ്ഞെടുപ്പുകള്‍ വന്നപ്പോള്‍ പീരുമേട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പലവട്ടം വാഴൂരിന്റെ പേര് ഉയർന്നെങ്കിലും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായിക്കൊണ്ടിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ നിർദേശിച്ചത് വാഴൂര്‍ സോമനെയാണ്. കോണ്‍ഗ്രസിലെ അഡ്വ. സിറിയക് തോമസിനെ 1835 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
വെയര്‍ ഹൗസിങ് കോര്പറേഷന് ചെയര്മാന്, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ 62ാം മൈലില്‍ ദേശീയപാതയുടെ സമീപമാണ് താമസം. ഭാര്യ: ബിന്ദു സോമന്. മക്കള്‍: അഡ്വ. സോബിന്‍ സോമന്, സോബിത് സോമന് (മാതൃഭൂമി, കോഴിക്കോട്).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.